Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏതുവിശേഷാവസരം ഉണ്ടെങ്കിലും ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കണമെന്ന് ഫോണിൽ വിളിച്ചുപറയുന്ന ആളാണ് കമലയെന്ന്‌ അമ്മായി ഡോ.സരള ഗോപാലന്റെ ഓർമക്കുറിപ്പ്; അമ്മ ശ്യാമള ഗോപാലൻ ജീവിച്ചിരുന്നെങ്കിൽ അവർക്ക് വളരെ അഭിമാനം തോന്നിയേനെ എന്ന് അമ്മാവൻ ഗോപാലൻ ബാലചന്ദ്രൻ; ഇന്ത്യയിലെ കുടുംബം മുഴുവൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

ഏതുവിശേഷാവസരം ഉണ്ടെങ്കിലും ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കണമെന്ന് ഫോണിൽ വിളിച്ചുപറയുന്ന ആളാണ് കമലയെന്ന്‌ അമ്മായി ഡോ.സരള ഗോപാലന്റെ ഓർമക്കുറിപ്പ്; അമ്മ ശ്യാമള ഗോപാലൻ ജീവിച്ചിരുന്നെങ്കിൽ അവർക്ക് വളരെ അഭിമാനം തോന്നിയേനെ എന്ന് അമ്മാവൻ ഗോപാലൻ ബാലചന്ദ്രൻ;  ഇന്ത്യയിലെ കുടുംബം മുഴുവൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആകെ സന്തോഷത്തിലാണ് ഗോപാലൻ ബാലചന്ദ്രൻ എന്ന് പറയേണ്ടതില്ലല്ലോ. ജനുവരി 20 ന് കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കാൻ ഈ അമ്മാവനും ഉണ്ടാകും അവിടെ. 'ഞാൻ കഴിഞ്ഞ ദിവസം കമലയെ വിളിച്ചിരുന്നു. കുടുംബകാര്യങ്ങളാണ് സംസാരിച്ചത്. രാഷ്ട്രീയ സംഭാഷണമൊന്നും ഫോണിലൂടെ ഉണ്ടായില്ല. ജനുവരി 20 ന് ഞാൻ അവിടെയുണ്ടാകും, ഇന്ത്യ-യുഎസ് ബന്ധങ്ങളി്ൽ വിദഗ്ധനായ ഗോപാലൻ ബാലചന്ദ്രൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

'ഏതുരക്ഷിതാക്കളും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ താനും കമലയോട് അവളുടെ മികച്ച പ്രവർത്തനം തുടരാൻ ആവശ്യപ്പെടും. ഇതുവരെ അവൾ ചെയ്തതെല്ലാം നന്ന്. ഇനി തെറ്റായി എന്തെങ്കിലും ചെയ്താൽ അത് തിരുത്താൻ ആവശ്യപ്പെടും. എന്നാൽ, എനിക്ക് അവളോട് വിയോജിപ്പുകളില്ല. ഈ മികച്ച പ്രവർത്തനം തുടരാനാവും എന്റെ ആശംസ'- അദ്ദേഹം പറഞ്ഞു.

' ഞാൻ യുഎസ് തിരഞ്ഞെടുപ്പ് വോട്ടിങ് ഡാറ്റാ പഠിക്കുകയായിരുന്നു. അവൾ ജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, ടെൻഷൻ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അന്തിമഫലം വരും വരെ ഒരു ആകാംക്ഷ. സമാധാനമായി ഉറങ്ങാമല്ലോ'- ഗോപാലൻ ബാലചന്ദ്രൻ പറഞ്ഞു. ഏതായായും യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഹാരിസ് ചുമതലയേൽക്കുമ്പോൾ കുടുംബത്തിനും അത് പറഞ്ഞറിയിക്കാനാവാത്ത അഭിമാനവും ആഹ്ലാദവും തന്നെ.

'ഈ ടീമിൽ വലിയ പ്രതീക്ഷയുണ്ട്. ബൈഡനിലും ഹാരിസിലും വലിയ പ്രതീക്ഷയുണ്ട്. നിങ്ങൾക്ക് ടെലിവിഷനിൽ കാണാമല്ലോ..ആളുകൾ അർദ്ധരാത്രി വരെ പാർട്ടി നടത്തുകയായിരുന്നു.' ട്രംപ് സർക്കാരിന്റെ കാലത്ത് മുറിച്ചുകളഞ്ഞ പല അന്താരാഷ്ട്ര ബന്ധങ്ങളും ബൈഡന്റെ വരവോട് കൂട്ടിയിണക്കപ്പെടുമെന്നാണ് ബാലചന്ദ്രന്റെ വിശ്വാസം. ഇറാനുമായുള്ള കരാറിലേക്ക് മടങ്ങിയേക്കും. ഡബ്ല്യുടിഒ, ഡബ്ല്യുഎച്ച്ഒ, പാരിസ് കൺവൻഷൻ എല്ലാറ്റിലും അന്താരാഷ്ട്ര തലത്തിൽ മാറ്റം വരും.

ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം വളരെ ശക്തമാണ്. അതിന് അതിന്റേതായ കരുത്തും വേഗതയുമുണ്ട്. അത് ആ ദിശയിൽ തന്നെ മുന്നോട്ട് പോകും. ചെറിയ കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടി വന്നേക്കാം. അതിന് നിങ്ങൾക്ക് ഒരു പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിന്റെയോ ഇടപെടൽ ആവശ്യമില്ല, ഗോപാലൻ ബാലചന്ദ്രൻ പറഞ്ഞു.

നിലയ്ക്കാതെ ഫോൺ കോളുകൾ

കമലയെ കുറിച്ച് എനിക്ക് അഭിമാനമാണ്. അവളെ നേരിട്ട് വിളിച്ച് ഞാൻ അഭിനന്ദിക്കുന്നുണ്ട്. വാർത്ത വന്ന ശേഷം ഫോൺ കോളുകളുടെ നിലയ്ക്കാത്ത പ്രവാഹം, 80 കാരനായ ഗോപാലൻ ബാലചന്ദ്രൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. താൻ മാത്രമല്ല, ഇന്ത്യയിലെ ഹാരിസ് കുടുംബാംഗങ്ങൾ എല്ലാം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ജനുവരിയിൽ യുഎസിലേക്ക് പറക്കും. 'എന്റെ മകൾ ശാരദ നേരത്തെ അവിടെ എത്തിക്കഴിഞ്ഞു. കമലയെ പ്രചാരണത്തിൽ സഹായിക്കുകയായിരുന്നു അവൾ. എന്തായാലും ഞങ്ങളെല്ലാം അവിടെ ഉണ്ടാകും'.

കമലയുടെ അമ്മ ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിൽ അവർക്ക് വളരെ അഭിമാനം തോന്നിയേനെ എന്നും ബാലചന്ദ്രൻ പറഞ്ഞു. 2009 ലാണ് കാൻസർ ബാധിച്ച് കമലയുടെ അമ്മ മരിച്ചത്. കമലയുടെ അമ്മ അവളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എല്ലാവർക്കും തുല്യനീതി ലഭിക്കണമെന്ന് അവൾ വിശ്വസിച്ചിരുന്നു. ഈ അവകാശങ്ങൾക്കായി അവളുടെ രാജ്യത്തും കമല പ്രവർത്തിക്കുമെന്ന് തനിക്കറിയാമെന്നും ഗോപാലൻ ബാലചന്ദ്രൻ പറഞ്ഞു.

വാഷിങ്ടണിൽ വച്ച് 2019 ലാണ് ബാലചന്ദ്രൻ അവസാനമായി കമലയെ കണ്ടത്. കമലയുടെ കുട്ടിക്കാലത്ത് ബാലചന്ദ്രന്റെ പിതാവും കമലയുടെ മുത്തച്ഛനുമായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പി.വി.ഗോപാലൻ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. എല്ലാ കാര്യങ്ങളും അറിയാൻ വലിയ താൽപര്യമുള്ള ആളാണ് കമല. എല്ലാ സംശയങ്ങൾക്കും അവൾ ഉത്തരം തേടിയിരുന്നു. എങ്ങനെ ? എന്തുകൊണ്ട് ? തുടങ്ങിയ കാര്യങ്ങളെല്ലാം അവൾക്ക് അറിയണം. അതിനായി അവൾ പരിശ്രമിക്കും,'' ഇന്ത്യയിൽ ഉണ്ടായിരുന്ന സമയത്ത് മുത്തച്ഛനുമൊത്ത് അവൾ ദീർഘദൂരം നടക്കാൻ പോകുമായിരുന്നു. ഈ നടത്തത്തിൽ ചോദിക്കാത്ത കാര്യങ്ങളില്ല. തന്റെ മുത്തച്ഛനെ കുറിച്ച് കമല പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവളുടെ പ്രചോദനമായിരുന്നു പി.വി.ഗോപാലൻ. എല്ലാവർക്കും തുല്യനീതി ലഭിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. അവൾ അവളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും ബാലചന്ദ്രൻ പറഞ്ഞു.

ഡൽഹി മാളവ്യ നഗറിലാണ് ഗോപാലൻ ബാലചന്ദ്രൻ താമസിക്കുന്നത്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ സഹോദരൻ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിലിയാരുന്നു നേരത്തെ ജോലി. കുറെ ദിവസമായി ടിവിക്ക് മുമ്പിലായിരുന്നു. യുഎസ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെതായ ഗവേഷണവുമായി.

മുത്തച്ഛനും അമ്മയും കമലയുടെ സ്വാധീനം

കമലയുടെ മുത്തച്ഛൻ പി.വി.ഗോപാലൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അഭയാർഥികളുടെ പുനരധിവാസത്തിൽ പ്രവർത്തിച്ച നയതന്ത്ര പ്രതിനിധി. പരിചയസമ്പത്തുകൊണ്ട് സാമ്പിയൻ സർക്കാരിന്റെ ഉപദേഷ്ടാവ്. ഭാര്യ രാജം സാമൂഹിക പ്രവർത്തകയായിരുന്നു. മകൾ ശ്യാമള ഗോപാലൻ ഡൽഹി സർവകലാശാലയിൽ ഹോം സയൻസ് ബിരുദമെടുത്ത ശേഷം 19 ാം വയസിൽ അമേരിക്കയിലേക്ക് ചേക്കേറി. ന്യൂട്രീഷൻ-എൻഡ്രോക്രൈനോളജി വിഷയമാക്കി പഠിച്ചത് ബെർക്കലിയിലെ കാലിഫോർണിയ സർവകലാശാലയിൽ. 25 ാം വയസിൽ പിഎച്ച്ഡി.

പഠനകാലത്താണ് ജമൈക്കൻ കുടിയേറ്റക്കാരനായ ഡൊണൾഡ് ഹാരിസിനെ പരിചയപ്പെടുന്നത്. അതേ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നും ഡൊണൾഡ്. രണ്ടുകുടിയേറ്റക്കാർ വിവാഹിതരാകാൻ തീരുമാനിച്ചു. വിശേഷിച്ച് വെള്ളക്കാരുടെ ആധിപത്യം ഉണ്ടായിരുന്ന 60 കളിൽ. അന്ന് അവിടെ അധികം ഇന്ത്യൻ വനിതകളോ കറുത്തവർഗ്ഗക്കാരായ പുരുഷന്മാരോ ഉണ്ടായിരുന്നില്ല. കമല 1964 ഒക്ടോബറിൽ ജനിച്ചു. സഹോദരി മായ രണ്ടുവർഷത്തിന് ശേഷവും. എന്നാൽ, ശ്യാമള ഗോപാലന്റെയും ഡൊണൾഡിന്റെയും ദാമ്പത്യജീവിതം ഹ്രസ്വമായിരുന്നു.

2019 ൽ പുറത്തിറങ്ങിയ ദി ട്രൂത്ത് വി ഹോൾഡ് എന്ന ഓർമക്കുറിപ്പുകളിൽ കമല എഴുതി. തങ്ങൾ കുടിയേറിയനാട് മായയെും എന്നെയും കറുത്ത പെൺകുട്ടികളായേ കാണു എന്ന്. ഞങ്ങൾ ആത്മവിശ്വാസമുള്ള അഭിമാനികളായ കറുത്ത പെൺകുട്ടികളായി വളണമെന്ന് അമ്മ ഉറച്ച തീരുമാനമെടുത്തിരുന്നു. തമിഴ് ബ്രാഹ്മണ കുടുംബത്തിന്റെ പാരമ്പര്യത്തിൽ വളർന്ന കമല തന്റെ ഹിന്ദു വേരുകളെ മാനിക്കുന്ന വ്യക്തിയാണ്. ഏതവിശേഷ അവസരം ഉണ്ടെങ്കിലും ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കണമെന്ന് വിളിച്ചുപറയുന്ന കമലയെ ഓർക്കുന്നു ചെന്നൈയിലുള്ള അമ്മായി ഡോ.സരള ഗോപാലൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP