Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംസി ഖമറുദ്ദീൻ രാജി വെക്കേണ്ടതില്ലെന്ന മുസ്ലിം ലീഗ് തീരുമാനം ഹൈദരലി തങ്ങളുടെ നിലപാടിനെ മറികടന്ന്; തുടക്കം മുതൽ ഖമറുദ്ദീൻ മാറിനിന്ന് അന്വേഷണം നേരിടണമെന്ന പാണക്കാട് തങ്ങളുടെ തീരുമാനത്തെ അട്ടിമറിച്ചത് കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചേർന്ന്; കേസ് നേരിടുന്നതിന് രാജി വെക്കുകയാണെങ്കിൽ പാർട്ടിയിൽ എംഎൽഎമാർ ബാക്കിയുണ്ടാകില്ലെന്നും നേതാക്കൾ

എംസി ഖമറുദ്ദീൻ രാജി വെക്കേണ്ടതില്ലെന്ന മുസ്ലിം ലീഗ് തീരുമാനം ഹൈദരലി തങ്ങളുടെ നിലപാടിനെ മറികടന്ന്; തുടക്കം മുതൽ ഖമറുദ്ദീൻ മാറിനിന്ന് അന്വേഷണം നേരിടണമെന്ന പാണക്കാട് തങ്ങളുടെ തീരുമാനത്തെ അട്ടിമറിച്ചത് കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചേർന്ന്; കേസ് നേരിടുന്നതിന് രാജി വെക്കുകയാണെങ്കിൽ പാർട്ടിയിൽ എംഎൽഎമാർ ബാക്കിയുണ്ടാകില്ലെന്നും നേതാക്കൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: ജുവല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം പാണക്കാട് ഹൈദരലി തങ്ങളുടെ നിലപാടിനെ മറികടന്നുകൊണ്ട് എടുത്തത്. തുടക്കം മുതൽ എംസി ഖമറുദ്ദീൻ എംഎൽഎ സ്ഥാനത്തു നിന്നും മാറി നിന്നു കൊണ്ട് അന്വേഷണം നേരിടണമെന്ന അഭിപ്രായമായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളുടേത്. എന്നാൽ പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചേർന്ന് ഇന്ന് ചേർന്ന യോഗത്തിൽ ഈ തീരുമാനം അട്ടിമറിക്കുകയായിരുന്നു.

അന്വേഷണം നേരിടുന്നതിന് രാജിവെക്കേണ്ടി വരികയാണെങ്കിൽ പാർട്ടിയിൽ എംഎൽഎമാർ ബാക്കിയുണ്ടാകില്ലെന്നാണ് യോഗത്തിൽ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. കോഴിക്കോട് നടന്ന പ്രവർത്തക സമിതി യോഗത്തിലും കാസർകോഡ് നടന്ന യുഡിഎഫ് ജില്ല യോഗത്തിലും പാണക്കാട് തങ്ങളുടെ നിലപാട് അറിയിച്ചിരുന്നെങ്കിലും അതെല്ലാം അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ കാസർകോഡ് ജില്ല നേതൃത്വവുമായും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും തീരുമാനം കുഞ്ഞാലിക്കുട്ടിക്ക് വിടുകയായിരുന്നു.

മുൻകാലങ്ങളിലെല്ലാം പാണക്കാട് തങ്ങളെ തീരുമാനമെടുക്കാൻ ഏൽപ്പിച്ചിരുന്ന പാർട്ടിയിപ്പോൾ തങ്ങളുടെ തീരുമാനത്തെ പോലും അട്ടിമറിക്കുന്ന സ്ഥിതിയിലേക്ക് എത്തിയോ എന്നും ഇന്ന് ചേർന്ന യോഗത്തിൽ ചിലർ ചോദിച്ചതായാണ് വിവരം. ജുവല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് ഇന്ന് ചേർന്ന മുസ്ലിം ലീഗ യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി അറിയച്ചത്. ഇന്ന് കോഴിക്കോട് ചേർന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് എംസി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.

പാണക്കാട് ഹൈദരലി തങ്ങളുടെ നിലപാടിനെ അട്ടിമറിച്ചാണ് കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും എംകെ മുനീറുമടങ്ങുന്ന സംഘം ഈ തീരുമാനമെടുത്തത്. നേരത്തെ പാണക്കാട് തങ്ങളാണ് യോഗ തീരുമാനങ്ങൾ അറിയിച്ചിരുന്നതെങ്കിൽ ഇന്ന് യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടിയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഖമറുദ്ദീൻ ആരെയും പറ്റിച്ചിട്ടില്ല. ബിസിനസ് പൊളിഞ്ഞുപോയതാണ്. അതിന് ഖമറുദ്ദീൻ വ്യക്തിപരമായി ഉത്തരവാദിയല്ല. നിക്ഷേപകർക്ക് പണം തിരിച്ചു നൽകണം എന്നു തന്നെയാണ് ലീഗിന്റെ നിലപാട്. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് അന്യായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കിൽ നിരവധി സിറ്റിങ് എംഎൽഎമാരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പോലും പൂർത്തിയാകുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തത് അസാധാരണ നടപടിയാണ്. ഇപ്പോൾ ചർച്ചയായിരിക്കുന്ന മറ്റ് കേസുകളിൽ നിന്നും സർക്കാറിന് രക്ഷപ്പെടാനുള്ള മാർഗ്ഗം മാത്രമാണ് ഈ അറസ്റ്റ്. രാഷ്ട്രീയമായി വാർത്ത സൃഷ്ടിക്കുക എന്നതിനപ്പുറത്ത് നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം സർ്കാറിനില്ല. എന്നാൽ ലീഗിന്റെ നിലപാട് നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണമെന്നാണ്.

ഈ കേസിന്റെ തുടക്കം മുതൽ പാർട്ടി ആ നിലപാടാണ് എടുത്തത്. ഫോഷൻ ഗോൾഡ് നഷ്ടത്തിലായതും പൂട്ടിപ്പോയതും പാർട്ടി അറിഞ്ഞിരുന്നില്ല. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണമെന്ന് തന്നെയാണ് ഇന്ന് ചേർന്ന യോഗത്തിലും തീരുമാനമെടുത്ത്. ഏത് ബിസിനസ് തകർന്നാലും ന്യായമായും അക്കാര്യത്തിൽ എടുക്കേണ്ട നിലപാട് നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകണമെന്നാണ്. അത് ഇക്കാര്യത്തിലും സ്വീകരിച്ചിട്ടുണ്ട്.എന്നാൽ അതിന് കാത്തുനിൽക്കാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഖമറുദ്ദീന്റെ രാഷ്ട്രീയ പാരമ്പര്യവും ചരിത്രവും വിലയിരുത്തിയാണ് അദ്ദേഹത്തിന് മഞ്ചേശ്വരത്ത് മത്സരിക്കാൻ സീറ്റു നൽകിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി കോഴിക്കോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP