Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബസിന് ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ ശ്രമിച്ചത് സമീപത്തെ മരത്തിൽ ഇടിച്ചു നിർത്താൻ; ഒരു സൈക്കിളുകാരൻ മരത്തിന് സമീപം നിന്നതോടെ റെയിൽവേ ഗേറ്റിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചു; ബസ് ഇടിച്ച ശേഷം പാളത്തിൽ കുടുങ്ങി; യാത്രക്കാർ പുറത്തിറങ്ങും മുമ്പ് പാഞ്ഞെത്തിയ ട്രെയിൻ ബസിനെ ഇടിച്ചു തെറിപ്പിച്ചു; വവ്വാക്കാവ് ട്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമ്മ പങ്കുവെച്ച് കണ്ടക്ടർ തുളസീധരൻ

ബസിന് ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ ശ്രമിച്ചത് സമീപത്തെ മരത്തിൽ ഇടിച്ചു നിർത്താൻ; ഒരു സൈക്കിളുകാരൻ മരത്തിന് സമീപം നിന്നതോടെ റെയിൽവേ ഗേറ്റിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചു; ബസ് ഇടിച്ച ശേഷം പാളത്തിൽ കുടുങ്ങി; യാത്രക്കാർ പുറത്തിറങ്ങും മുമ്പ് പാഞ്ഞെത്തിയ ട്രെയിൻ ബസിനെ ഇടിച്ചു തെറിപ്പിച്ചു; വവ്വാക്കാവ് ട്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമ്മ പങ്കുവെച്ച് കണ്ടക്ടർ തുളസീധരൻ

ആർ പീയൂഷ്

കൊല്ലം: നാടിനെ നടുക്കിയ വവ്വാക്കാവ് ട്രെയിൻ അപകടത്തിന് ഇന്ന് 33 വയസ്സ്. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി ട്രെയിൻ ഇടിച്ചായിരുന്നു ദുരന്തം. 8 പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ട്പ്പെട്ടതായിരുന്നു അപകട കാരണം. അപകടത്തിൽ നിന്നും തലനാരിഴയ്ക്ക രക്ഷപെട്ട അന്ന് കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടറായിരുന്ന പടനായർ കുളങ്ങര തെക്ക് തെക്കേ അറ്റത്ത് വീട്ടിൽ തുളസീധരൻ ആ നടുക്കുന്ന ഓർമ്മ മറുനാടനോട് പങ്കു വയ്ക്കുന്നു.

1987 നവംബർ 8. കരുനാഗപ്പള്ളി - കൊല്ലം - കരുനാഗപ്പള്ളി - മണപ്പള്ളി സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി എ-131 ബസിലായിരുന്നു അന്ന് ഡ്യൂട്ടി. എന്റെ ഒപ്പം ഡ്രൈവറായി ഉണ്ടായിരുന്നത് വിമുക്ത ഭടനായിരുന്ന മണപ്പള്ളി മല്ലൻ കുളത്ത് രാഘവൻ പിള്ളയായിരുന്നു. കൊല്ലത്തു നിന്നും കുറച്ച് താമസിച്ചായിരുന്നു മണപ്പള്ളിയിൽ ട്രിപ്പ് അവസാനിച്ചത്. അതിനാൽ വേഗം തന്നെ ഡ്രൈവർ ബസ് തിരിച്ചിടുകയും അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു സോഡ വാങ്ങി കുടിച്ചതിന് ശേഷം കൊല്ലത്തേക്ക് യാത്ര തിരിക്കുകയുമായിരുന്നു. ബസിൽ 21 യാത്രക്കാരോളം ഉണ്ടായിരുന്നു.

വവ്വാക്കാവിന് സമീപം കുറുങ്ങപ്പള്ളി എന്ന സ്ഥലത്ത് വച്ചാണ് ബസിന് ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ രാഘവൻ പിള്ള പറയുന്നത്. എല്ലാവരും പരിഭ്രാന്തരായെങ്കിലും റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന മരത്തിൽ ഇടിപ്പിച്ച് നിർത്താം എന്ന് രാഘവൻപിള്ള പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുകയും ഒരു സൈക്കിളുകാരൻ മരത്തിന് സമീപം നിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ ഗേറ്റിൽ ഇടിച്ചു നിർത്താം എന്ന് കരുതി. ബസ് പാഞ്ഞെത്തി ഗേറ്റിലിടിച്ചെങ്കിലും കിഴക്കു ഭാഗത്ത് ഗേറ്റ് തകർത്ത് പടിഞ്ഞാറു ഭാഗത്തെ ഗേറ്റിൽ ഇടിച്ച് ബസ് പാളത്തിന് കുറുകെ നിന്നു.

ഈ സമയം ഗേറ്റ് കീപ്പർ ട്രെയിൻ വരുന്നുണ്ട് വേഗം ബസ് പാളത്തിൽ നിന്നും മാറ്റാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ബസ് മുന്നോട്ട് പോകാത്ത അവസ്ഥയിലായിരുന്നു. ബസിലുണ്ടായിരുന്നവരോട് പുറത്തേക്കിറങ്ങാൻ ആവിശ്യപ്പെട്ടെങ്കിലും പേടിച്ച് അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു. അപ്പോഴേക്കും കായംകുളം ഭാഗത്ത് നിന്നും ജയന്തി ജനതാ എക്സ്പ്രസ് അലറിപ്പാഞ്ഞെത്തുന്നുണ്ടായിരുന്നു. ഗേറ്റ് കീപ്പർ അഗസ്റ്റിൻ ചുവന്നകൊടിയും പടക്കവുമായി പാളത്തിലെത്തി അപായ സൂചന നൽകിയെങ്കിലും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ല. ഈ സമയം ബസിലുണ്ടാരുന്ന സ്ത്രീകളെ തള്ളി പുറത്തേക്കിട്ടു.

അവസാനം രണ്ടു കുട്ടികളെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് ചാടി. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കുറുകെ കിടന്ന ബസിനെയും ഉള്ളിലുള്ള യാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ച് നൂറുമീറ്റർ അകലെയുള്ള കുളത്തിലേക്കിട്ടു. അവസാന ബോഗിയും ഗേറ്റ് കഴിഞ്ഞാണ് ട്രെയിൻ നിന്നത്. ചിതറിതെറിച്ച രക്തതുള്ളകൽക്കു മുന്നിൽ പതറി നിൽക്കാതെ വേഗം തന്നെ ബസ് തെറിച്ചു വീണിടത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 7 പേർ സംഭവ സംഥലത്തും ഒരാൾ ആശുപത്രിയിലും മരിക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെ നെഞ്ചു വേദന വന്ന് ബോധ രഹിതനായി വീഴുകയായിരുന്നു. തുളസീധരൻ പറഞ്ഞു നിർത്തിയപ്പോൾ ്ന്നത്തെ ആ ഭീകര ദൃശ്യങ്ങളുടെ നടുക്കം കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു.

തുളസീധരനാണ് ബസിൽ നിന്നും പരിക്കേറ്റവരെ രക്ഷപെടുത്തിയത്. അപ്പോഴേക്കും ഗേറ്റ് കീപ്പർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒരാളുടെ മൃതദേഹം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി കിടക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും എത്തിയാണ് താഴെയിറക്കിയത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. അപടകടത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ നായനാർ, ഗതാഗത മന്ത്രി കെ ശങ്കരനാരായണപിള്ള, മന്ത്രിമാരായ പി.എസ് ശ്രീനിവാസൻ, ബേബിജോൺ, കെപിസിസി ജനറൽ സെക്രട്ടറി ജി. കാർത്തികേയൻ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേയും ട്രാൻസ്പോർട്ട് കോർപ്പറേഷനും 1000 രൂപ വീതവും ജില്ലാകളക്ടർ 500 രൂപയും നൽകി. കൂടാതെ അപകടത്തെകുറിച്ച് റവന്യൂ ബോർഡ് മെംബർ അന്വേഷിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം എങ്ങും എത്തിയില്ല എന്ന് തുളസീധരൻ പറയുന്നു.

അപകടമുണ്ടാക്കിയ ബസ് സംസഥാനത്തെ വിവിധ ഡിപ്പോകളിൽ സമാനമായ രീതിയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് അപകടമണ്ടാക്കിയിട്ടുള്ളതായിരുനായും തുളസീധരൻ പറഞ്ഞു. ബസ് ആദ്യം കൊണ്ടു വന്നത് കോഴിക്കോട് ഡിപ്പോയിലായിരുന്നു. തമിഴ്‌നാട്ടിലേക്കുള്ള സർവ്വീസായിരുന്നു നടത്തിയിരുന്നത്. ഗുണ്ടൽപ്പേട്ടിൽ വച്ച് ബ്രേക്ക് തകരാറിലായി അപകടമുണ്ടായതിനെ തുടർന്ന് ബസ് പിന്നീട് കോട്ടയത്തേക്ക് എത്തിച്ചു. അവിടെ സർവ്വീസ് നടത്തുന്നതിനിടയിൽ ബ്രേക്ക് തകരാറിലായി കൈനകരിയിൽ അപകടം നടന്നു. അവിടെ നിന്നും ബസ് കായംകുളത്തെത്തിയപ്പോൾ ബ്രേക്ക് പോയി മതിൽ തകർത്തു. അവസാനം എത്തിപ്പെട്ടത് കരുനാഗപ്പള്ളി ഡിപ്പോയിലായിരുന്നു. ബസിന് ബ്രേക്ക് കുറവാണെന്നും എയർ വേഗം പുറത്തു പോകുന്നെന്നുമുള്ള പരാതി ഡ്രാവർ എന്നോട് പറഞ്ഞിരുന്നു. അപകടം നടന്നതിന് തലേന്ന് ഇക്കാര്യം ഡിപ്പോ ലോഗ് ഷീറ്റിൽ റേഖപ്പെടുത്തിയിരുന്നു. എന്നാൽ അപകടത്തിന് ശേഷം ഈ ഷീറ്റ് കാണാതാകുകയും ചെയ്തു. അന്വേഷമം നടത്തുമ്പോൾ ബ്രേക്ക് കുറവാണ് എന്ന് രേഖപ്പെടുത്തിയിട്ടും ശരിയാക്കാതെ ബസ് ട്രിപ്പിനയച്ച യൂണിറ്റ് ഓഫീസർക്ക് നേരെ നടപടി ഉണ്ടാകുമെന്ന് ഭയന്ന് മാറ്റിയതാവും എന്ന് തുളസീധരൻ പറയുന്നു.

സാഹസികമായി അപകടത്തിൽപെട്ട പലരെയും രക്ഷിച്ചിട്ടും കെ.എസ്.ആർ.ടി.സി യാതൊന്നും തുളസീധരന് നൽകിയില്ല. അപകടം നടന്ന് 13 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ ഗുഡ്സർവ്വീസ് സർട്ടിഫിക്കറ്റ് നൽകി. ഇപ്പോൾ 71 വയസ്സ് പിന്നിട്ടെങ്കിലും തുളസീധരൻ കരുനാഗപ്പള്ളിക്ക് സമീപം ആയൂർവ്വേദമരുന്നുകളും പൂജാ സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ്. തുളസീധരന്റെ മകൻ സുമൻജിത്ത് മിഷ കേരളാ യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാനാണ്. അന്ന് നടന്ന അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങളാണെന്നാണ് തുളസീധരൻ ഇപ്പോഴും വിശ്വസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP