Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മക്കൾക്കും ചെറുമക്കൾക്കുമൊപ്പം വിജയം ആഘോഷിച്ച് ബൈഡൻ; കാറിന്റെ ഹോണുകൾ മുഴക്കിയും ആർത്തു വിളിച്ച് തെരുവിലിറങ്ങി ബൈഡന്റെ വിജയം ആഘോഷിച്ച് ജനങ്ങൾ; കനത്ത തോൽവിയിലും ട്വിറ്ററിലൂടെ വിജയ പ്രഖ്യാപനം നടത്തി ട്രംപ്; മാധ്യമങ്ങളല്ല നിയമപരമായ വോട്ടുകളാണ് പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്ന് പറഞ്ഞ് ഗോൾഫ് കളിയിൽ മുഴുകി ട്രംപ്

മക്കൾക്കും ചെറുമക്കൾക്കുമൊപ്പം വിജയം ആഘോഷിച്ച് ബൈഡൻ; കാറിന്റെ ഹോണുകൾ മുഴക്കിയും ആർത്തു വിളിച്ച് തെരുവിലിറങ്ങി ബൈഡന്റെ വിജയം ആഘോഷിച്ച് ജനങ്ങൾ; കനത്ത തോൽവിയിലും ട്വിറ്ററിലൂടെ വിജയ പ്രഖ്യാപനം നടത്തി ട്രംപ്; മാധ്യമങ്ങളല്ല നിയമപരമായ വോട്ടുകളാണ് പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്ന് പറഞ്ഞ് ഗോൾഫ് കളിയിൽ മുഴുകി ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: മാധ്യമങ്ങളിലൂടെ ഫലപ്രഖ്യാപനം വന്നപ്പോൾ മക്കൾക്കും ചെറുമക്കൾക്കും ഒപ്പം വിജയം ആഘോഷിക്കുക ആയിരുന്നു ജോ ബൈഡൻ. ഈ സമയം എന്തു വന്നാലും താൻ തന്നെ വിജയി എന്ന ഭാവത്തിൽ ഗോഫ് കളിയുടെ തിരക്കിലായിരുന്നു ട്രംപ്. വൈകാതെ ട്വിറ്ററിലൂടെ ട്രംപിന്റെ പ്രഖ്യാപനവും വന്നു, ' ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നു'. മാധ്യമങ്ങളല്ല മറിച്ച് നിയമപരമായ വോട്ടുകളാണ് പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.

ഈ സമയം വൈറ്റ് ഹൗസിന് പുറത്ത് ബൈഡൻ പ്രസിഡന്റായതിന്റെ ആഘോഷങ്ങൾ നടക്കുക ആയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സുരക്ഷാ മതിൽ ചാടിക്കടന്നും വൈറ്റ് ഹൗസിന് മുന്നിൽ ബൈഡന്റെ വിജയം ആഘോഷിക്കാൻ എത്തിയത്. എന്നാൽ മോശം കാര്യങ്ങളാണ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്ന് പറഞ്ഞ് ഇതൊന്നും കൂസാതെ മനസ്സുകൊണ്ട് പ്രസിഡന്റായി തന്നെ തുടരുകയാണ് ട്രംപ്.

രാവിലെ 11.25ന് തന്നെ മാധ്യമങ്ങളിലൂടെ ബൈഡന്റെ വിജയ പ്രഖ്യാപനം വന്നു. ആദ്യം പെൻസിൽവാനിയയിൽ 30,000 വോട്ടിന്റെ ലീഡ് ബൈഡൻ നേടി എന്നായിരുന്നു വാർത്ത. പിന്നാലെ സിഎൻഎൻ, എൻബിസി, എബിസി, സിബിഎസ് തുടങ്ങി എല്ലാ മാധ്യമങ്ങളിലും ബൈഡന്റെ ലീഡ് നില ഉയർന്നതായി വാർത്ത. അൽപ്പ സമയത്തിനകം തന്നെ ബൈഡൻ പെൻസിൽവാനിയയിലെ 20 ഇലക്ടൊറൽ വോട്ടുകളും നേടിയത് മാധ്യമങ്ങൾ ആഘോഷമാക്കി. താമസിയാതെ തന്നെ നെവദയിലെ വിജയ വാർത്തയും വന്നു.

538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 290 വോട്ടുകളെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമയം ഉച്ചയ്ക്ക് 11.30ഓടെയാണ് പെൻസിൽവേനിയ ബൈഡനൊപ്പമെന്ന നിർണായക റിപ്പോർട്ട് പുറത്തുവന്നത്. അതോടെ ബൈഡന്റെ ഇലക്ടറൽ വോട്ടുനില 284. ഉച്ചയ്ക്ക് 12.45ഓടെ നെവാഡയിലും ബൈഡൻ വിജയിച്ചതായി വാർത്താ ഏജൻസി എപി പ്രഖ്യാപിച്ചുവോട്ടുനില 290ലേക്ക് ഉയർന്നു. സ്വിങ് സ്റ്റേറ്റായ ജോർജിയയിലും നിലവിൽ ബൈഡനാണ് മുന്നിൽ. ഇതോടെ കഷ്ടിച്ചല്ലാതെ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ച് ബൈഡൻ ഇനിയുള്ള നാലു വർഷക്കാലം യുഎസിന്റെ നായകത്വം വഹിക്കുമെന്ന് ഉറപ്പായി.

214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് ഇതുവരെ ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്‌ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനും പ്രചാരണത്തിനും ഒരുങ്ങുകയാണ് ട്രംപ്.

ഇനിയും ഫലം വരാനുള്ള നാലിൽ മൂന്നിടത്തതും ലീഡ് ഡെമോക്രാറ്റുകൾക്കാണ്. ട്രംപിന്റെ ലീഡ് നോർത്ത് കരോലീനയിൽ ഒതുങ്ങുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ ബൈഡന് 300 ഇലക്ട്രൽ വോട്ടുകൾവരെ കിട്ടുമെന്ന് ഉറപ്പാണ്. എന്നാൽ നാണംകെട്ട തോൽവിയുണ്ടായിട്ടും അംഗീകരിക്കാതെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് കൃത്രിമത്തിൽകടിച്ചു തൂങ്ങുകയാണ് ഡൊണാൾഡ് ട്രംപ്.

അതിനിടെ, തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെതി. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്കു ശേഷം ആയിരക്കണക്കിനു വോട്ടുകളാണ് അനധികൃതമായി സ്വീകരിക്കപ്പെട്ടത്. ഇതാണു പെൻസിൽവേനിയയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഫലത്തെ ബാധിച്ചതെന്നും തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടന്ന അന്നു രാത്രി തന്നെ വിജയിക്കുമെന്ന് ഏവരും കണക്കുകൂട്ടിയ പെൻസിൽവേനിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ച വലിയ ഭൂരിപക്ഷം മാഞ്ഞുപോയി.

ഏറെ സമയമായി ഇവിടങ്ങളിൽ ആരെയും നിരീക്ഷണത്തിന് അനുവദിക്കുന്നില്ല. ഏറെ മണിക്കൂറുകളായി മോശം കാര്യങ്ങളാണ് സംഭവിക്കുന്നത്. നിയമപരമായ സുതാര്യത ക്രൂരമായി ഹനിക്കപ്പെട്ടിരിക്കുന്നു. വാതിലുകളും ജനലുകളും കട്ടി കാർഡ് ബോർഡ് കൊണ്ട് അടച്ചതിനാൽ നിരീക്ഷകർക്കു വോട്ടെണ്ണൽ മുറിയിൽ നടക്കുന്നതൊന്നും കാണാനാകുന്നില്ല. മോശം കാര്യങ്ങളാണ് അകത്തു നടക്കുന്നത്. വലിയ മാറ്റം സംഭവിക്കും! ട്രംപ് പറഞ്ഞു.

എന്നാൽ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ജോ ബൈഡൻ നേരത്തെ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ്ര7.40 കോടി വോട്ടുകളാണ് അനുകൂലമായി പോൾ ചെയ്യപ്പെട്ടത്. യുഎസിന്റെ ചരിത്രത്തിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടാണിത്. ലഭിച്ച ആകെ വോട്ടുകൾ വർധിക്കുകയാണ്. 40 ലക്ഷം വോട്ടുകൾക്ക് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. 24 വർഷത്തിനിടെ അരിസോണയിൽ ആദ്യ ഡമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കാൻ പോകുന്നു.

ജോർജിയയിൽ 28 വർഷത്തിനിടെ ആദ്യ ഡമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിച്ചു. കോവിഡ്, സാമ്പത്തികരംഗം, കാലാവസ്ഥ വ്യതിയാനം, വംശീയത എന്നീ വിഷയങ്ങളിൽ മാറ്റത്തിനു വേണ്ടിയാണ് എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത്. വിഭജിക്കപ്പെടാനല്ല, ഒറ്റക്കെട്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത് ബൈഡൻ പറഞ്ഞു.

1992നു ശേഷം ആദ്യമായാണ് ജോർജിയ ഡെമോക്രാറ്റ് പക്ഷത്തേക്കു മാറുന്നത്. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച ഡോണൾഡ് ട്രംപ് പല സ്റ്റേറ്റുകളിലെയും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

നവംബർ 7 വരെയുള്ള കണക്ക് പ്രകാരം 7.48 കോടി വോട്ടുകളാണ് ബൈഡനു ലഭിച്ചത്. ട്രംപിനാകട്ടെ 7.05 കോടി വോട്ടുകളും. നവംബർ മൂന്നിനു നടന്ന പ്രധാന തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടെണ്ണിയപ്പോൾ യുഎസിലെ ആകെയുള്ള 50 സ്റ്റേറ്റുകളിൽ ഭൂരിപക്ഷവും വിജയികളെപ്പറ്റി വ്യക്തമായ സൂചന നൽകിയിരുന്നു. 29 വോട്ടുകളുള്ള ഫ്‌ളോറിഡയിൽ വിജയിച്ചതോടെ ട്രംപ് ക്യാംപുകളിൽ ആഹ്ലാദാരവവും ഉയർന്നു.

എന്നാൽ ഫ്‌ളോറിഡ പിടിക്കുന്നവർ പ്രസിഡന്റാകുമെന്ന 'പരമ്പരാഗത വിശ്വാസത്തിനാണ്' ബൈഡന്റെ വിജയത്തോടെ താൽക്കാലിക വിരാമമായിരിക്കുന്നത്. ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫ്‌ളോറിഡയിൽനിന്നു ജയിച്ചവരെല്ലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്1992ൽ ഒഴികെ. അന്ന് ഡമോക്രാറ്റിക് സ്ഥാനാർത്ഥി ബിൽ ക്ലിന്റൻ ഫ്‌ളോറിഡയിൽ ജോർജ് ഡബ്ല്യു. ബുഷിനോടു തോറ്റെങ്കിലും പ്രസിഡന്റ് സ്ഥാനത്തെത്തി. ഇത്തവണയും ചരിത്രം ബൈഡനിലൂടെ ആവർത്തിക്കുകയാണ്.

നവംബർ നാലിലെ വോട്ടെണ്ണലിനൊടുവിൽ 22 സ്റ്റേറ്റുകളിലും തലസ്ഥാന പ്രദേശമായ വാഷിങ്ടൻ ഡിസി ഉൾപ്പെട്ട ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ബൈഡൻ വിജയം ഉറപ്പിച്ചിരുന്നു ആകെ ലഭിച്ചത് 264 വോട്ടുകളും. 23 സ്റ്റേറ്റുകളിൽ മുന്നിലെത്തിയ ട്രംപിനു ലഭിച്ചതാകട്ടെ 214 വോട്ടുകളും. അന്തിമവിധി പറയാൻ അവശേഷിച്ചിരുന്നത് അഞ്ച് സ്റ്റേറ്റുകൾജോർജിയ, നെവാഡ, പെൻസിൽവേനിയ, നോർത്ത് കാരലൈന, അലാസ്‌ക. ഇവിടങ്ങളിലാകെ ഉണ്ടായിരുന്നത് 60 ഇലക്ടറൽ വോട്ടുകളും.

 

അലാസ്‌കയിൽ 50% വോട്ടെണ്ണിത്തീർന്നപ്പോൾത്തന്നെ ട്രംപ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ അഞ്ചിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ അതുവരെ മുന്നിട്ടു നിന്നിരുന്ന പെൻസിൽവേനിയയിലും ജോർജിയയിലും ട്രംപിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

ജോർജിയയിൽ അഞ്ചിനു രാവിലെ 18,148 ആയിരുന്നു ട്രംപിന്റെ ഭൂരിപക്ഷം. പക്ഷേ അന്നു വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഭൂരിപക്ഷം 1775ലേക്കു താഴ്ന്നു. പെൻസിൽവേനിയയിൽ അഞ്ചിനു രാവിലെ ട്രംപിന്റെ ഭൂരിപക്ഷം 1.35 ലക്ഷത്തിലേറെയായിരുന്നു. വൈകാതെ അത് 18,000ത്തിലേക്കു താഴ്ന്നു. ആരായിരിക്കും യുഎസ് പ്രസിഡന്റ് എന്നതിന്റെ അന്തിമവിധി ഈ രണ്ടു സ്റ്റേറ്റുകളിലൊന്നിനെ കേന്ദ്രീകരിച്ചാകുമെന്നത് ഉറപ്പായിരുന്നു. അതുപോലെത്തന്നെ സംഭവിച്ചു.

നവംബർ ആറിനു രാവിലെ വോട്ടെണ്ണിത്തുടങ്ങിയതിനു പിന്നാലെ ജോർജിയയും പെൻസിൽവേനിയയും ട്രംപിനെ കൈവിട്ടു. ജോർജിയയിൽ 1000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ബൈഡൻ ട്രംപിനെ ആദ്യഘട്ടത്തിൽ മറികടന്നത്. തൊട്ടുപിന്നാലെ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ പെൻസിൽവേനിയയിലും ബൈഡൻ ട്രംപിനെ മറികടന്നു. ജോർജിയയിൽ 16ഉം പെൻസിൽവേനിയയിൽ 20 ഇലക്ടറൽ വോട്ടുകളാണുള്ളത്. യുഎസ് സമയം നവംബർ 7 രാവിലെ 11.30ഓടെ പെൻസിൽവേനിയയിലെ വിജയത്തോടെ ആരായിരിക്കും പ്രസിഡന്റെന്ന കാര്യത്തിൽ ഏകദേശ തീരുമാനമായി ബൈഡന്റെ ഇലക്ടറൽ വോട്ടുനിലയ്‌ക്കൊപ്പം 270+ എന്ന മാന്ത്രികസംഖ്യ ലോകമാധ്യമങ്ങൾ എഴുതിച്ചേർത്തു. ഡമോക്രാറ്റിക് ക്യാപുകളിൽ സന്തോഷാരാവം മുഴങ്ങി. നെവാഡയിലെ ആറ് വോട്ടുകൾ കൂടി എത്തിയതോടെ 290 ഇലക്ടറൽ വോട്ടുമായി ബഹുദൂരം മുന്നിലെത്തി ബൈഡൻ.

നവംബർ അഞ്ചു മുതൽ എണ്ണാൻ ശേഷിച്ചിരുന്ന ഏകദേശം 18.21 ലക്ഷം വോട്ടുകളിൽ ഭൂരിഭാഗവും പോസ്റ്റൽ വോട്ടുകളായിരുന്നു. കോവിഡിനെ ഭയക്കാതെ പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാനായിരുന്നു ട്രംപിന്റെ ആഹ്വാനം. എന്നാൽ ജനത്തിന്റെ ആരോഗ്യഭീഷണി കണക്കിലെടുത്ത് പരമാവധി പോസ്റ്റൽ വോട്ടുകൾക്കായിരുന്നു ബൈഡന്റെ നിർദ്ദേശം. അങ്ങനെ, മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഏകദേശം 10 കോടി പോസ്റ്റൽ വോട്ടുകളാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP