Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതമൗലിക വാ​ദികളുടെ ഭീഷണിയെ വകവെക്കാതെ മുന്നോട്ട് പോയത് വെറുതെയായില്ല; എസ് ഹരീഷിന്റെ 'മീശ' നോവലിന്റെ ഇം​ഗ്ലീഷ് പരിഭാഷക്ക് ജെസിബി സാഹിത്യ പുരസ്കാരം; രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാര തുകയിൽ 10 ലക്ഷം രൂപ ലഭിക്കുക പരിഭാഷകയായ ജയശ്രീ കളത്തിലിനും

മതമൗലിക വാ​ദികളുടെ ഭീഷണിയെ വകവെക്കാതെ മുന്നോട്ട് പോയത് വെറുതെയായില്ല; എസ് ഹരീഷിന്റെ 'മീശ' നോവലിന്റെ ഇം​ഗ്ലീഷ് പരിഭാഷക്ക് ജെസിബി സാഹിത്യ പുരസ്കാരം; രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാര തുകയിൽ 10 ലക്ഷം രൂപ ലഭിക്കുക പരിഭാഷകയായ ജയശ്രീ കളത്തിലിനും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എസ് ഹരീഷിന്റെ 'മീശ' എന്ന നോവൽ ജെസിബി സാഹിത്യ പുരസ്കാരത്തിന് അർഹമായത് മതമൗലിക വാ​ദികളുടെ എല്ലാ എതിർപ്പുകളെയും മറികടന്ന്. രാജ്യത്തെ ഏറ്റവും വലിയ പുരസ്കാര തുകയാണ് മീശ നോവലിലൂടെ എസ് ഹരീഷിനെ തേടിയെത്തുന്നത്. 25 ലക്ഷം രൂപയുടെ പുരസ്കാരത്തിനാണ് എസ് ഹരീഷ് അർ​​ഹനായത്. ഹാർപർ കോളിൻസ് പുറത്തിറക്കിയ മീശയുടെ ഇം​ഗ്ലീഷ് പരിഭാഷയായ 'മ്സ്റ്റാഷ്' ‌എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ജയശ്രീ കളത്തിലാണ് ഇതിന്റെ ഇം​ഗ്ലീഷ് പരിഭാഷ നിർവഹിച്ചത്. അസമീസ്, ബംഗാളി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ നിന്നുള്ള നോവലുകളോടാണ് മീശ മത്സരിച്ചത്.

ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. നിലവിൽ ലണ്ടനിൽ സ്ഥിരതാമസമാണ് പരിഭാഷകയായ കോട്ടക്കൽ സ്വദേശി ജയശ്രീ. വിവർത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കിൽ വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപ ലഭിക്കും. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ഗ്രന്ഥകർത്താക്കൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവർത്തനം ചെയ്ത കൃതിയുടെ കാര്യത്തിൽ, വിവർത്തനം ചെയ്തയാൾക്ക് 50,000 രൂപയും ലഭിക്കും.

പ്രൊഫസറും കൾച്ചറൽ തിയറിസ്റ്റുമായ തേജസ്വിനി നിരഞ്ജന, ടാറ്റ ട്രസ്റ്റിലെ ആർട്സ് ആൻഡ് കൾച്ചർ വിഭാഗം മേധാവി ദീപിക സൊറാബ്ജി, എഴുത്തുകാരനും പരിഭാഷകനുമായ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

മലയാളത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നോവലാണ് മീശ. വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് നോവലിന്റെ ഖണ്ഡശ്ശ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടർന്ന് മാതൃഭൂമി വാരികയിൽനിന്ന് പിൻവലിക്കപ്പെട്ട നോവൽ പിന്നീട് ഡി സി ബുക്സാണ് 2018-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചർച്ചകൾക്ക് വഴിതെളിച്ച 'മീശ'മലയാള നോവൽ സാഹിത്യചരിത്രത്തിൽ നാഴികക്കല്ലായി മാറി.

രണ്ടാം തവണയാണ് മലയാളത്തിൽ നിന്ന് മൊഴിമാറ്റം നടത്തുന്ന നോവലിന് ജെസിബി സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത്. ബെന്യാമിന്റെ ജാസ്മിൻ ഡേയ്‌സ് ആണ് ആദ്യത്തേത്. 2018 ലായിരുന്നു ഇത്. ഷഹ്നാസ് ഹബീബ് ആണ് പരിഭാഷ നിർവഹിച്ചത്. അവസാന റൗണ്ടിൽ അഞ്ച് നോവലുകളാണെത്തിയത്. ദീപ ആനപ്പാറയുടെ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ, ആനീ സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയട്, മഞ്ജുൾ ബജാജിന്റെ ഇൻ സെർച്ച് ഫോർ ഹീർ, ജാനവി ബറുവയുടെ അണ്ടർടൗ എന്നിവയാണ് അവസാന പട്ടികയിലുണ്ടായിരുന്ന മറ്റ് കൃതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP