Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവ്; ഫാഷൻ ജൂവലറി അവതരിപ്പിച്ചത് ഹലാൽ ബിസിനസായി; സംരംഭത്തിൽ നിക്ഷേപിച്ച് മാസാമാസം പണം കിട്ടിയാൽ അത് പലിശയാവില്ലെന്ന് മൗലവിമാരും; തട്ടിപ്പിന് ഇരയാവർ ഏറെയും പാവങ്ങൾ; എം സി ഖമറുദ്ദീനും കൂട്ടരും നടത്തിയത് 'ഒരു ഹലാൽ തട്ടിപ്പ്'

ഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവ്; ഫാഷൻ ജൂവലറി അവതരിപ്പിച്ചത് ഹലാൽ ബിസിനസായി; സംരംഭത്തിൽ നിക്ഷേപിച്ച് മാസാമാസം പണം കിട്ടിയാൽ അത് പലിശയാവില്ലെന്ന് മൗലവിമാരും; തട്ടിപ്പിന് ഇരയാവർ ഏറെയും പാവങ്ങൾ; എം സി ഖമറുദ്ദീനും കൂട്ടരും നടത്തിയത് 'ഒരു ഹലാൽ തട്ടിപ്പ്'

എം മാധവദാസ്

കോഴിക്കോട്: ഒരു ഹലാൽ ലൗ സ്റ്റോറിയെന്ന സിനിമയെന്നപോലെ 'ഒരു ഹലാൽ ബിസിനസ് തട്ടിപ്പ്' എന്ന പേരിൽ ഒരു ചലച്ചിത്രമെടുക്കാൻ പറ്റിയ സംഭവ ബഹുലമായ കഥയാണ് മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ അറസ്റ്റിലേക്ക് വഴിവെച്ച 150 കോടിയുടെ ഫാഷൻ ഗോൾഡ് തട്ടിപ്പ്. മലബാറിൽ ആവർത്തിക്കുന്ന ഹലാൽ ബിസിനസ് തട്ടിപ്പിന്റെ ഒടുവിലത്തേതാണ് ഇത്. മതപരമായ വിലക്കുകൾ ഉള്ളതുകൊണ്ട് മലബാറിലെ മുസ്ലീങ്ങളിലെ നല്ലൊരു ശതമാനവും നിക്ഷേപം ബാങ്കിലിട്ട് പലിശവാങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അല്ല. അതിന് പകരം ഒരു ബിസിനിസ് സംരഭത്തിൽ നിക്ഷേപിക്കുകയും, അതിന്റെ ലാഭമായി പ്രതിമാസം ഒരു തുക കൊടുക്കുകയും ചെയ്താൽ മതവിധി പ്രകാരം അത് ഹലാലാണ്. പലരും ബാങ്കിന്റെയും സ്വകാര്യ പലിശക്കാരുടെയും അതേ രീതിയാണ് സ്വീകരിക്കുന്നതെങ്കിലും നിഷ്‌ക്കളങ്കരായ വിശ്വാസികളോട് അവർ പറയുന്നത് ഇത് പലിശ രഹിതമായ പക്കാ ബിസിനസ് ആണെന്നാണ്. നിരവധി മൗലവിമാരും മത പ്രഭാഷകരും ഈ രീതിയിൽ പ്രസംഗിച്ച് ഈ രീതിക്ക് വളം വെക്കുകയും ചെയ്യുന്നു.

മതമേലധ്യക്ഷന്മാരെയും രാഷ്ട്രീയക്കാരെയും കൂട്ടുപിടിച്ചാണ് സാധാരണ ഇത്തരം തട്ടിപ്പുകൾ നടക്കാറുള്ളത്. ഫാഷൻ ഗോൾഡിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. കേസിൽ ഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് ഇരയായവരിൽ മഹാഭൂരിഭാഗവും പ്രവാസികളും സാധാരണക്കാരായ വീട്ടമ്മമാരുമാണ്. എല്ലാവരും പണം നിക്ഷേപിച്ചതാകട്ടെ എംഎൽഎയും പൂക്കോയ തങ്ങളുമാണ് കമ്പനിയുടെ നേതാക്കൾ എന്ന് വിശ്വസിച്ചാണ്. ഹലാലയ മാർഗ്ഗത്തിലൂടെയുള്ള വരുമാനമാണ് ലഭിക്കുന്നത് എന്ന് പറഞ്ഞാണ് മദ്രസ അദ്ധ്യാപകരായ നിക്ഷേപകരെ പോലും ഇവർ വലവീശിപ്പിടിച്ചത്. വിവാഹമോചന സമയത്ത് ജീവനാംശം ലഭിച്ച തുകയും മകന്റെ മരണശേഷം ലഭിച്ച ഇൻഷൂറൻസ് തുകയും നിക്ഷേപിച്ചവരുമുണ്ട്.

നീലേശ്വരം കരുവാച്ചേരി സ്വദേശിനി എൻപി നസീമ ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ എന്ന എംസി ഖമറുദ്ദീൻ എംഎൽഎ ചെയർമാനായ കമ്പനിയിൽ നിക്ഷേപിച്ചത് 8 ലക്ഷം രൂപയാണ്. വിവാഹമോചന സമയത്ത് ഭർത്താവിൽ നിന്ന് ജീവനാംശമായി കോടതി വാങ്ങി നൽകിയ തുകയാണ് ഇവർ നിക്ഷേപം നടത്തിയത്. വർഷങ്ങളായി വാടക വീട്ടിൽ രണ്ട് മക്കളുമായി ജീവിക്കുന്ന ഇവർ ഒരു സ്ഥിരം വരുമാനമാകുമല്ലോ എന്ന് കരുതിയാണ് ഈ പണം നിക്ഷേപിച്ചത്. വരുമാനം നിലച്ചതോടെ മക്കളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. വാടക കുടിശ്ശികയായതിനാൽ വീടൊഴിഞ്ഞുകൊടുക്കാൻ കെട്ടിടം ഉടമ നിർബന്ധിക്കുന്നുണ്ട്. പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ പലപ്പോഴും കൊണ്ടുവരുന്ന പലചരക്ക് സാധനങ്ങൾ മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്രയം. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് പെൺമക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഖമറുദ്ദീൻ എംഎൽഎയെയും പൂക്കോയ തങ്ങളെയും പല തവണ പണത്തിന് വേണ്ടി സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിനും മുന്നോട്ടുള്ള ജീവിതത്തിനും സഹായകമാകുമെന്ന് കരുതിയാണ് ആകെയുണ്ടായിരുന്ന പണം നിക്ഷേപം നടത്തിയത്. അത് നഷ്ടമായതോടെ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നുള്ള സംശയത്തിലാണ് പടന്ന വടക്കേപ്പുറത്ത് വാടക വീട്ടിൽ താമസിക്കുന്ന എൻപി നസീമ.

2015ലാണ് കാഞ്ഞങ്ങാട് ഇട്ടമ്മലിൽ ഫിറോസ്ഖാന്റെ മകൻ മുഹമ്മദ് ഫമീസ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. മകന്റെ മരണത്തിന് ശേഷം ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച തുകയുമാണ് ഫിറോസ്ഖാൻ എംസി ഖമറുദ്ദീന്റെ വാക്ക് വിശ്വസിച്ച് ഫാഷൻഗോൾഡ് ഇന്റർ നാഷണിൽ നിക്ഷേപിച്ചത്. മകന്റെ പേരിൽ ലഭിച്ച പണം അന്യാധീനപ്പെട്ടു പോകരുതല്ലോ എന്ന് കരുതിയാണ് നിക്ഷേപിച്ചത്. മാത്രവുമല്ല വാർധക്യത്തിൽ മകന്റെ പേരിൽ ചെറിയ വരുമാനവും ലഭിക്കുമല്ലോ എന്ന് ഫിറോസ് ഖാൻ ആശിച്ചു. പൂക്കോയ തങ്ങളും എംസി ഖമറുദ്ദീനുമാണ് നിക്ഷേപത്തിനായി ഫിറോസ്ഖാനെ സമീപിച്ചിരുന്നത്. മകന്റെ പരിൽ ഒരു മാസവരുമാനം നല്ലതല്ലേ എന്ന് അവർ പറഞ്ഞതുകൊണ്ടാണ് നിക്ഷേപം നടത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് ഫിറോസ്ഖാൻ. ജോലിക്കിടയിൽ സംഭവിച്ച വിഴ്ച കാരണം ഇപ്പോൾ നടുവേദനയുണ്ട്. അതു കൊണ്ട് തന്നെ പഴയപോലെ പണിയെടുക്കാൻ ഫിറോസ്ഖാന്റെ ആരോഗ്യം അനുവദിക്കുന്നില്ല. ഇതെല്ലാം മുന്നിൽ കണ്ടാണ് മകന്റെ പേരിൽ ലഭിച്ച പണം നിക്ഷേപിച്ചത്. മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത്തരം ഘട്ടങ്ങളിൽ അവൻ തങ്ങൾക്ക് ആശ്രയമാകുമായിരുന്നെന്നും ഫിറോസ് ഖാൻ കണ്ണീരോടെ പറയുന്നു. പണത്തിന് വേണ്ടി പല തവണ എംസി ഖമഖറുദ്ദീൻ എംഎൽഎയെയും പൂക്കോയ തങ്ങളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഫിറോസ്ഖാൻ പറയുന്നു.

പൂക്കോയ തങ്ങളുടെ നിർബന്ധപ്രകാരമാണ് പ്രവാസിയായ ജമാൽ എന്ന മുസ്ലിംലീഗ് പ്രവർത്തകൻ 2008ൽ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. അബൂദാബിയിൽ ജോലി ചെയ്യുന്ന ജമാൽ നാല് ലക്ഷം രൂപ സുഹൃത്തിൽ നിന്ന് കടം വാങ്ങിയാണ് നിക്ഷേപം നടത്തിയത്. പൂക്കോയ തങ്ങൾ നേരിട്ട് വീട്ടിൽ വന്നാണ് നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടത്. നാട്ടിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവായ പൂക്കോയ തങ്ങൾ നേരിട്ട് വന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് തള്ളിക്കളയുക എന്ന് കരുതിയാണ് ജമാൽ നിക്ഷേപം നടത്തിയത്. എല്ലാവർക്കും സ്വീകാര്യനായിരുന്ന പൂക്കോയ തങ്ങളുടെ വാക്ക് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ജൂവലറികൾ പൂട്ടിയ സമയത്ത് പണം തിരികെ ചോദിച്ചപ്പോൾ പൂക്കോയതങ്ങളുടെ അനുയായികൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മാത്രവുമല്ല കേസിന് പോയാൽ പണം ലഭിക്കാൻ കുടുതൽ സമയമെടുക്കുമെന്നും പണം തങ്ങൾ തിരികെ വാങ്ങി നൽകാമെന്നും അവർ വാഗ്ദാനം നൽകി. അതു കൊണ്ടാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും ജമാൽ പറയുന്നു.

മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ 35 ലക്ഷം രൂപയാണ് ഫാഷൻഗോൾഡ് ഇന്റർനാഷണിൽ നിക്ഷേപിച്ചത്. ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനം വാഗ്ദാനം ചെയ്താണ് മദ്രസ അദ്ധ്യാപകനായ ഇദ്ദേഹത്തിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. മദ്രസയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവിലാണ് ആകെയുണ്ടായിരുന്ന പണവും മറ്റുപലയിടത്തു നിന്നെല്ലാം സമാഹരിച്ചതുമെല്ലാമായി ഇത്രയും തുക നിക്ഷേപിച്ചത്. ദൈവത്തിന് നിരക്കാത്ത രീതിയിൽ ഒന്നും സമ്പാദിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതു കൊണ്ടാണ് തുച്ഛമായ വരുമാനത്തിലും മദ്രസയിൽ തന്നെ ജോലി തുടർന്നത്. അതിനിടയിലാണ് പൂക്കോയ തങ്ങളും എംസി ഖമറുദ്ദീനും ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനം വാഗ്ദാനം ചെയ്തത്. നാട്ടിലെ മതപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നവരും മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കളുമായതിനാൽ തന്നെ ദൈവത്തിന് നിരക്കാത്തതായിട്ടൊന്നും അവർ ചെയ്യുകയില്ലെന്ന് വിശ്വസിച്ചുപോയി. വരുമാനം പൂർണ്ണമായും ഹലാലായിരിക്കുമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് നിക്ഷേപം നടത്തിയതെന്നും മദ്രസ അദ്ധ്യാപകനായ ജമാലുദ്ദീൻ പറയുന്നു.

ഇത്തരത്തിൽ എംസി ഖമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടെയും വാക്കുകൾ കേട്ട് നിക്ഷേപം നടത്തിയവരിൽ മഹാഭൂരിഭാഗവും ജീവിതത്തിൽ ആദ്യമായി ഒരു സംരഭത്തിൽ നിക്ഷേപം നടത്തിയവരാണ്. നേരത്തെ ഏതെങ്കിലും ബിസിനസ് ചെയ്‌തോ ഇത്തരം സംരഭങ്ങളിൽ പരിചയമുള്ളവരോ ആയിരുന്നില്ല. പലരെയും ഇവർ നിക്ഷേപത്തിനായി സമീപിച്ചത് മതപരമായ ചില വാഗ്ദാനങ്ങൾ നൽകിയാണ്. വരുമാനം പൂർണ്ണമായും ഹലാൽ മാർഗത്തിലായിരിക്കുമെന്നും പലിശയുടെ ഒരംശം പോലും ഉണ്ടായിരിക്കില്ലെന്നും എംസി ഖമറുദ്ദീനും പൂക്കോയ തങ്ങളും വാഗ്ദാനം നൽകി. നിക്ഷേപം നടത്തിയ വലിയ പണക്കാർക്ക് മറ്റിടങ്ങളിൽ നിന്ന് വരുമാനം ലഭിക്കുമ്പോഴും ആകെയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച് വെട്ടിലായിരിക്കുന്നത് ഇത്തരം സാധാരണക്കാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP