Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാവങ്ങൾക്കായി പിരിക്കുന്ന കോടികൾ വെട്ടിക്കാൻ ചെലവുകൾ ബലൂൺ പോലെ വീർപ്പിക്കും; പെരുപ്പിച്ച് കാട്ടുന്ന തുക ആഭ്യന്തര ഹവാലയായി വിശ്വസ്തരുടെ കീശയിലേക്ക്; റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചത് ആറായിരം കോടിയോളം; കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ മോഡസ് ഓപ്പറാന്റി ഇങ്ങനെ

പാവങ്ങൾക്കായി പിരിക്കുന്ന കോടികൾ വെട്ടിക്കാൻ ചെലവുകൾ ബലൂൺ പോലെ വീർപ്പിക്കും; പെരുപ്പിച്ച് കാട്ടുന്ന തുക ആഭ്യന്തര ഹവാലയായി വിശ്വസ്തരുടെ കീശയിലേക്ക്; റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചത് ആറായിരം കോടിയോളം;  കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ മോഡസ് ഓപ്പറാന്റി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ജീവകാരുണ്യപ്രവർത്തനത്തിനും സുവിശേഷ പ്രചാരണത്തിനും എന്ന വ്യാജേന വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചിട്ട് റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിൽ അടക്കം വകമാറ്റി ചെലവഴിക്കുക. ഇതാണ് തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പരിപാടി. ഇത് വെറും ആരോപണമല്ല. രാജ്യത്തെ ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പിൽ അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയ കാര്യം. കറൻസി ഇടപാടിൽ മാത്രം നൂറുകണക്കിന് കോടി ഇതുപോലെ വെട്ടിച്ചെന്നതിന് തെളിവുകളും കിട്ടി.

കഴിഞ്ഞ രണ്ടു ദിവസമായി കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തി എന്നാണ് സൂചന. ബിലീവേഴ്സ് ചർച്ച് ചാരിറ്റിക്കായി ലഭിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലെ അനധികൃത ഇടപാടുകൾക്കും വ്യക്തിപരമായ ഇടപാടുകൾക്കും വകമാറ്റി ചെലവഴിച്ചതായി ആദായ നികുതി വകുപ്പ് പറയുന്നു. ആറായിരം കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്‌സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു. ചാരിറ്റിക്കായി വിദേശത്ത് നിന്ന് കിട്ടുന്ന പണം അതിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്നാണ് നിയമം. കണക്കുകൾ സർക്കാരിൽ സമർപ്പിച്ചതിലും പൊരുത്തക്കേടുണ്ട്. വിദേശ സഹായം സ്വീകരിക്കാനുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യയുണ്ട്.

ഇളവുകൾ മുതലാക്കി തട്ടിപ്പ്

ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾ-റിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഗ്രൂപ്പിന് രാജ്യമെമ്പാടും ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയുണ്ട്. കേരളം, തമിഴ്‌നാട്്,പശ്ചിമ ബംഗാൾ, കർണാടക, ഛണ്ഡീഗഡ്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് കിട്ടുന്ന പണം വകമാറ്റി വെട്ടിപ്പ് നടത്തുന്നുവെന്ന വിശ്വനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 30 ഓളം ട്രസ്റ്റുകളുണ്ട് ഗ്രൂപ്പിന്. എന്നാൽ, ഇതിൽ മിക്കതും വെറും കടലാസിൽ മാത്രമാണുള്ളത്. കണക്കിൽ പെടാത്ത ഫണ്ടുകളും ഇടപാടുകളും വെളുപ്പിക്കാനുള്ള ഉപായം മാത്രമാണ് ഈ കടലാസ് ട്രസ്റ്റുകൾ.

ചെലവ് പെരുപ്പിച്ച് കാട്ടി തട്ടിപ്പ്

എന്തായിരുന്നു ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ മോഡസ് ഓപ്പറാൻഡി എന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഇടപാടുകാരുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ചെലവുകൾ ചിട്ടയോടെ പെരുപ്പിച്ച് കാട്ടുക. ഈ പെരുപ്പിച്ച് കാട്ടുന്ന തുക ആഭ്യന്തര ഹവാല ചാനലുകൾ വഴി ഗ്രൂപ്പിലെ ആളുകളിലേക്ക് പണമായി എത്തിക്കും. ഇത്തരത്തിൽ ഹവാല ഇടപാടുകൾക്ക് സഹായിച്ചവരുടെ വസതികളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തിരുന്നു. ഉപഭോഗ വസ്തുക്കളുടെ വാങ്ങൽ, നിർമ്മാണ ചെലവ്, റിയൽ എസ്റ്റേറ്റ് വികസന ചെലവുകൾ, ജീവനക്കാരുടെ ശമ്പളം എന്നിവയിലെല്ലാമാണ് ആസൂത്രിതമായി ചെലവുകൾ പെരുപ്പിച്ച് കാട്ടിയത്.

കണക്കിൽ പെടാത്ത പണം ഉപയോഗിച്ചുള്ള നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളും റെയ്ഡിനിടെ കണ്ടെത്തി. ഇടപാടുകളുമായി ബന്ധപ്പെട്ട വിൽപ്പന കരാറുകൾ പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തുകയും ഗ്രൂപ്പ് പെരുപ്പിച്ച് കാട്ടി. വിദേശത്ത് നിന്ന് സംഭാവനയായി കിട്ടിയ തുക ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഈ പെരുപ്പിക്കലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഇതുവരെ കണ്ടെത്തിയ തെളിവുകൾ പ്രകാരം പണമായി മാത്രം നൂറുകണക്കിന് കോടി വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

വ്യാഴാഴ്ച അഞ്ച് കോടിയോളം രൂപയും വെള്ളിയാഴ്ച ഏഴര കോടിയോളം രൂപയുമാണ് കണ്ടെത്തിയത്.ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ മെഡിക്കൽ കോളജ് കോംപൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്നാണ് പണം പിടികൂടിയത്. മെഡിക്കൽ കോളജ് അക്കൗണ്ടന്റിന്റേതാണ് കാർ. സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ച രീതിയിൽ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡൽഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. രണ്ട് ദിവസം നടന്ന റെയ്ഡിൽ ആകെ 14.5 കോടിയോളം രൂപയാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളത്തിന്റെ പക്കൽ നിന്ന് സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ്, വിവിധയിടങ്ങളിലായി വാങ്ങിയിട്ടുള്ള കെട്ടിടങ്ങൾ, ഭൂസ്വത്തുക്കൾ എന്നിവയുടെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചു വരികയാണ്.

എഫ്‌സിആർഐ ലൈസൻസ് റദ്ദാക്കിയേക്കും

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്‌സിഐർഐ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. എഫ്‌സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതേസമയം സഭയെ അപകീർത്തിപ്പെടുത്തിയ സംഭവങ്ങൾക്ക് പിന്നിൽ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്‌സ് സേവ് ഫോറവും രംഗത്തെത്തി.

വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ 30 ഓളം കടലാസ് ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്‌സിആർഐ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക.

അതേസമയം വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും തെളിയുകയാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും.

ബിലീവേഴ്‌സ് സഭ തലവൻ ബിഷപ്പ് കെ പി യോഹന്നാൻ അമേരിക്കയിലാണ്. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകാരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് തുടങ്ങിയ പരിശോധന ഇപ്പോഴും വിവിധ ഇടങ്ങളിൽ തുടരുകയാണ്.

പൊടി തട്ടിയെടുത്തത് പഴയ അന്വേഷണം

കെ പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. 2012ൽ കെ പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആദായ നികുതി വകുപ്പും അന്വേഷണം നടത്തി. ഇതാണ് വീണ്ടും പൊടിതട്ടിയെടുത്ത് അന്വേഷിച്ചത്.

സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ച് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.

ബിലീവേഴ്സ് ചർച്ചിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000 ഏക്കർ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പൽ ഫോർ ഏഷ്യക്ക് 7000 ഏക്കർ ഭൂമിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പുറമേ യോഹന്നാൻ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷൻ ചാനലും നടത്തിവരുന്നു

എൻഫോഴ്‌സ്‌മെന്റും പിന്നാലെ

രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ ബിലിവേഴ്‌സ് ചർച്ചിന്റെ അനധികൃത പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും. ആദായ നികുതി വകുപ്പിൽ നിന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.

മോദിയെ പാട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടു

പ്രധാനമന്ത്രി മോദിയുടെ ഗംഗാശുചീകരണത്തിന് നൽകിയ ഒരു കോടിക്ക് പിന്നാലെ ജന്മഭൂമിക്കും ജനം ടിവിക്കും സ്‌പോൺസർഷിപ്പും മറ്റും ബിലീവേഴ്സ് ചർച്ച് നൽകിയിരുന്നു. കോടികളുടെ വിദേശ ഫണ്ട് എത്തിച്ചതിന്റെ പേരിലുള്ള അന്വേഷണം തടയാൻ കെപി യോഹന്നാൻ ഏതറ്റം വരേയും പോകുമെന്നും വിലയിരുത്തൽ എത്തി. ആർഎസ്എസ് മുഖപത്രവും ഹിന്ദുസ്ഥാൻ ടൈംസും എഴുതിയിട്ടും അന്നൊന്നും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. മോദിയെ നേരിട്ട് കാണുകയും ചെയ്തു. പ്രധാനമന്ത്രി കസേരയിൽ മോദി എത്തിയതോടെയായായിരുന്നു യോഹന്നാന്റെ ഈ ഇടപെടലുകൾ. സംഘപരിവാറുമായി അടുക്കാനും ശ്രമിച്ചു. ഇതൊന്നും ഫലം കണ്ടില്ലെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ നടപടികളും. പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പിജെ കുര്യനൊപ്പമായിരുന്നു ഈ സന്ദർശനം.

2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. എന്നാൽ പ്രധാനമന്ത്രിയായതോടെ ഒരു കോടിയുടെ സംഭാവനയുമായി മോദി കണ്ടു. അമേരിക്കയിലെ കേസ് ഒഴിവാക്കാനുള്ള അവസാന തന്ത്രമെന്ന നിലയിൽ മോദിയെ പാട്ടിലാക്കാനാണ് യോഹന്നാൻ ശ്രമിച്ചതെന്ന വിലയിരുത്തലാണ് ഹിന്ദുസ്ഥാൻ ടൈംസ് അന്ന് നടത്തിയത്. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്.

ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. പിന്നേയും പിരിവ് തുടർന്നു. ഇതാണ് ഇപ്പോൾ അന്വേഷണത്തിന് കാരണമാകുന്നത്.ബിലീവേഴ്സ് ചർച്ചിലേത് വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്നെത്തിച്ച കാശു ധൂർത്തടിച്ചതിന്റെ പേരിൽ അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ നൂലാമാലകൾ ബിലീവേഴ്‌സ് ചർച്ചും മെത്രോപൊലീത്ത കെപി യോഹന്നാനും ഒഴിവാക്കിയിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചാണ് കേസ് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോർട്ട്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകിയാണ് കേസും മറ്റും ഒഴിവാക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഈ കേസാണ് നിർണ്ണായക തുമ്പായി വന്നത്. അമേരിക്കയിൽ കണ്ടെത്തിയ കണക്കും ഇന്ത്യയിലെ കണക്കും പരസ്പര വിരുദ്ധമായി. ഇതോടെയാണ് റെയ്ഡിന് കേന്ദ്ര ഏജൻസി തീരുമാനം എടുത്തത്.

2016ൽ 1,889 കോടി രൂപയാണ് ബിലീവേഴ്സ് ചർച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഫണ്ടെന്ന പേരിൽ ഇന്ത്യയിൽ സ്വീകരിച്ചത്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിച്ചിരുന്നു. വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമല്ലായിരുന്നു. അമേരിക്കയിലെ കണക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റിയെന്നും തെളിഞ്ഞു.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനം ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP