Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല, കാമുകിക്ക് അങ്ങനെയൊരു ഡിമാന്റേയില്ല; വ്ലാഡിമിർ പുതിൻ ഇപ്പോഴും പൂർണ്ണ ആരോ​ഗ്യവാൻ; അടുത്ത വർഷം ആദ്യം റഷ്യൻ പ്രസിഡന്റ് സ്ഥാനമൊഴിയും എന്ന വാർത്തകൾ തള്ളി ക്രെംലിൻ; പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമെന്നും ഔദ്യോ​ഗിക വക്താവ്

പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല, കാമുകിക്ക് അങ്ങനെയൊരു ഡിമാന്റേയില്ല; വ്ലാഡിമിർ പുതിൻ ഇപ്പോഴും പൂർണ്ണ ആരോ​ഗ്യവാൻ; അടുത്ത വർഷം ആദ്യം റഷ്യൻ പ്രസിഡന്റ് സ്ഥാനമൊഴിയും എന്ന വാർത്തകൾ തള്ളി ക്രെംലിൻ; പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമെന്നും ഔദ്യോ​ഗിക വക്താവ്

മറുനാടൻ ഡെസ്‌ക്‌

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും എന്ന വാർത്തകളെ തള്ളി ക്രെംലിൻ. പാർക്കിൻസൻസ് രോ​ഗബാധിതനായ പുതിനോട് കാമുകിയും ബന്ധുക്കളും ആവശ്യപ്പെട്ടെന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ് ഔദ്യോ​ഗിക വിശദീകരണം. ‘‘ഇത് ശുദ്ധ അസംബന്ധമാണ്, പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല.’’ – ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സമീപകാലത്ത് പുതിൻ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഉത്തരം. ബ്രിട്ടിഷ് ടാബ്ലോയിഡ് പത്രമായ ‘ദ് സൺ’ പുറത്തുവിട്ട റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

പാർക്കിൻസൺസ് രോഗബാധയെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാലാണ് അധികാരമൊഴിയുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. 37-കാരിയായ കാമുകി അലീന കബേവയും രണ്ടു പെൺമക്കളും പുതിനെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരിയോടെ അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ പുതിൻ പരസ്യപ്പെടുത്തുമെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ് എന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കുന്നത്.

ഇടത്തരം കുടുംബത്തിൽ ജനിച്ച് സ്വയം ലോകം വെട്ടിപ്പിടിച്ച കഥയാണ് വ്ളാദിമർ പുടിന്റെത്. 1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ളാമിദർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച ഇദ്ദേഹം ജൂഡോയിൽ വൈദഗ്ധ്യം നേടിയിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഉന്മേഷവാനായ സംഗീതപ്രേമിയായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നുണ്ട്. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുട്ടിൻ 1975 ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടി. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു.

1975 ൽ ബിരുദപഠനത്തിനുശേഷം റഷ്യൻ ചാരസംഘടനയായ കെ.ജി.ബി യിൽ ചേർന്നു. പരിശീലനത്തിനുശേഷം ലെനിൻ ഗ്രാഡിൽ വിദേശിക ളെയും, നയതന്ത്രപ്രതിനിധികളെയും നിരീക്ഷിക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്. 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുട്ടിനെ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുവിളിച്ചു. രഹസ്യാന്വേഷണ രംഗത്തും ഗൂഢാലോചനകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലും പുടിനുള്ള വൈഭവം പേരുകേട്ടതാണ്. ഇതാണ് ബോറിസ് യെൽസിന്റെ ശ്രദ്ധ പിടിച്ചു പറിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പ്രസിഡന്റ് ബോറിസ് യെൽസിന്റെ ഭരണത്തിൽ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു 1999ൽ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്റെ രംഗപ്രവേശം.

യെൽസിന് പറ്റിയ ഒരു അബദ്ധമാണ് പുടിന്റെ വരവ് എന്ന് പലരും പിന്നീട് വിലയിരുത്തിയിട്ടുണ്ട്. യെൽസിനു കീഴിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുട്ടിന്റെ കടന്നുവരവ് നേതൃത്വത്തിലെ പലരെയും കടപുഴക്കിക്കൊണ്ടായിരുന്നു. മോസ്‌കോയിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിൽ ചെചൻ തീവ്രവാദികളാണെന്ന് പുടിൻ പറയുന്നുണ്ടെങ്കിലും, അധികാരത്തിലേക്ക് വരാൻ അദ്ദേഹം തന്നെ സ്വീകരിച്ച കുതന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കുന്നവരും ഏറെയാണ്. ചെചൻവാസികൾക്കുനേരെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് പുടിൻ വളർന്നുവന്നത്. ചെച്‌നിയയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് റഷ്യക്കാരുടെ മനസ്സിൽ ദേശീയതയെന്ന വികാരം കുത്തിവെക്കാനും പുടിനായി. ഈ ദേശീയ വികാരമാണ് ഇപ്പോഴും പുടിൻ തിരഞ്ഞെടുപ്പ് വേളകളിൽ ആളിക്കത്തിക്കുന്നത്. റഷ്യയില്ലെങ്കിൽ ലോകമുണ്ടാവില്ലെന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ അദ്ദേഹം വിജയിച്ചത് ഈ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

യെൽസിൻ വിരമിച്ചതോടെ അടുത്ത വർഷം പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം ആ സ്ഥാനത്തിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റാകുന്നതിനു ഭരണഘടന തടസ്സമായപ്പോഴാണ് 2008ൽ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയായത്. തന്റെ കീഴിൽ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാൺ അപ്പോഴും പുടിന്റെ കൈകളിൽ തന്നെയായിരുന്നു. ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ൽ മൂന്നാം തവണയും പ്രസിഡന്റായി. മെദ്വദേവിനെ പ്രധാനമന്ത്രിയാക്കി. പക്ഷേ, ജനങ്ങൾ പ്രതിഷേധിച്ചു. തലേവർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പേരിൽ മോസ്‌ക്കോയിലെ തെരുവുകൾ ഇളകി മറിയുകയായിരുന്നു അപ്പോൾ. പുടിൻ മൂന്നാമതും പ്രസിഡന്റാകുന്നതിനെതിരായ സമരവുമായി അതു മാറി. പുടിൻ ഗൗനിച്ചില്ല. അതിനുശേഷമാണ് പ്രസിഡന്റിന്റെ സേവന കാലാവധി നാലു വർഷത്തിൽനിന്ന് ആറു വർഷമാക്കി വർധിപ്പിക്കാൻ പാർലമെന്റ് തീരുമാനിച്ചത്. 2016ൽ നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അതിലും മൽസരിച്ചു ജയിച്ചാണ് 2024 മാർച്ചുവരെ അധികാരത്തിലിരിക്കാൻ പുടിൻ അർഹത നേടിയത്. രണ്ടു തവണയും തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി.

തികഞ്ഞ സ്ത്രീലമ്പടനായിട്ടാണ് പുതിൻ അറിയപ്പെടുന്നത്. വിവാഹമോചനം നടന്നതിനുശേഷമുള്ള പുട്ടിന്റെ കാമുകിമാരെക്കുറിച്ച് റഷ്യൻ കുട്ടിപ്പത്രങ്ങൾ എഴുതി നിറക്കുകയാണ്. റുപർട്ട് മർഡോക്കിന്റെ മുൻ ഭാര്യയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുൻ കാമുകിയുമായ വെൻഡി ഡെൻഗ്, പുതിന്റെ കാമുകിയാണെന്നാണ് പത്തുവർഷങ്ങൾക്കുമുമ്പേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലെയറിന് മുമ്പെ ഇത്തരത്തിൽ നിരവധി പ്രഗത്ഭരെ വീഴ്‌ത്തി അതിൽ തന്റെ കഴിവ് തെളിയിച്ച സ്ത്രീയാണ് വെൻഡി. ബ്ലെയറുമായുള്ള വെൻഡിയുടെ ബന്ധം പുറത്ത് വന്നതിനെ തുടർന്നാണ് മർഡോക്ക് ഇവരെ ഉപേക്ഷിച്ചതെന്നും തെളിഞ്ഞിരുന്നു.രണ്ട് മക്കളുടെ അമ്മയായ ഈ ചൈനീസുകാരിക്ക് 47 വയസുണ്ട്. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളാണ് ഇവർക്കുള്ളത്. 2013ൽ ചോർന്ന ഇവരുടെ ഡയറിയിലെ വിവരങ്ങളിലൂടെയാണ് ടോണി ബ്ലെയറുമായുള്ള വെൻഡിയുടെ രഹസ്യബന്ധം ലോകമറിഞ്ഞിരുന്നത്. ബ്ലെയർ സ്മാർട്ടാണെന്നും അദ്ദേഹത്തിന്റെ ശരീരത്തെയും വസ്ത്രങ്ങളും മറ്റും താൻ ഇഷ്ടപ്പെടുന്നുവെന്നും വെൻഡി ഇതിൽ കുറിച്ചിട്ടിരുന്നു. യുഎസ് വീക്കിലിയാണ് ഇത്തരത്തിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ല്യൂഡ്മില പുതിനുമായി വിവാഹമോചനം നേടിയശേഷം വൽദിമിർ പുതിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകൾ കേട്ടിട്ടില്ല. . തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയുമായി പുട്ടിൻ പ്രണയത്തിലാണെന്ന വാർത്തകളാണ് പിന്നീട് പ്രചരിച്ചത്. മുൻ ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ അലീന കബയേവവും അറിയപ്പെട്ടത് പുട്ടിന്റെ കാമുകിയെന്ന നിലയ്ക്കാണ്. അലീന മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നതാണ് അഞ്ചുവർഷംമുമ്പ് കേട്ട വാർത്ത. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാൻ റഷ്യൻ മാധ്യമങ്ങളും തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP