Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംസി ഖമറുദ്ദീൻ എംഎൽഎയുടെ ജുവല്ലറി നിക്ഷേപ തട്ടിപ്പ്; കാസർകോട്ടെ ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു; എംഎൽഎ സ്ഥാനം രാജിവെക്കുന്നതടക്കം നാളെ ചർച്ച ചെയ്യുമെന്ന് സൂചന

എംസി ഖമറുദ്ദീൻ എംഎൽഎയുടെ ജുവല്ലറി നിക്ഷേപ തട്ടിപ്പ്; കാസർകോട്ടെ ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു; എംഎൽഎ സ്ഥാനം രാജിവെക്കുന്നതടക്കം നാളെ ചർച്ച ചെയ്യുമെന്ന് സൂചന

ജാസിം മൊയ്തീൻ

കാസർകോട്: ഫാഷൻഗോൾഡ് ജുവല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി ഖമറുദ്ദീനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞ ഘട്ടത്തിൽ നാളെ പാണക്കാട് അടിയന്തിര യോഗം ചേരും. കാസർകോട്ടെ മുസ്ലിം ലീഗ് നേതാക്കളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ പാണക്കാടെത്താനാണ് നിർദ്ദേശം. മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറി എ അബ്ദുൾറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവരോടാണ് നാളെ പാണക്കാടെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

ജില്ല നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ എംസി ഖമറുദ്ദീൻ രാജിവെക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. നേരത്തെ കോഴിക്കോട് നടന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലും കാസർകോട് ഡിസിസി ഓഫീസിൽ നടന്ന ജില്ല യുഡിഎഫ് നേതൃയോഗത്തിലും ഖമറുദ്ദീന്റെ രാജ്യ ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് നാളെ യോഗം ചേരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഇനിയും ഖമറുദ്ദീനെ സംരക്ഷിച്ച് പാർട്ടി പ്രതിരോധത്തിലാകേണ്ടതില്ല എന്നാണ് മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലും യുഡിഎഫ് ജില്ല യോഗത്തിലും ഉയർന്നിട്ടുള്ള അഭിപ്രായം.

അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നതിന് മുമ്പ് തന്നെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പാർട്ടിയിലെയും മു്ന്നണിയിലെയും ഭൂരിപക്ഷം അഭിപ്രായം. കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ലീഗ് അണികളാണെന്നത് നേതൃത്വത്തെ അലട്ടുന്നുണ്ട്. എന്നാൽ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ലെന്നും ഖമറുദ്ദീനും പൂക്കോയ തങ്ങളും വ്യക്തിപരമായി ഏറ്റെടുക്കണമെന്നുമാണ് തീരുമാനം. ഇക്കാര്യം മുസ്ലിം ലഗ് സംസ്ഥാന ജനറൽസെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഫാഷൻഗോൾഡിന്റെയും ഖമറുദ്ദീന്റെയും ആസ്തികൾ വിറ്റാൽപോലും ബാധ്യതകൾ തീർക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പാർട്ടി ബാധ്യതകൽ ഏറ്റെടുക്കില്ലെന്ന നിലപാടിലേക്ക് എത്തിയത്.

അതേ സമയം തട്ടിപ്പിന് ഇരയായ മൂന്ന് പേർകൂടി ഇന്ന് ചന്ദേര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്. ഇതോടെ ഈ സംഭവത്തിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 113 ആയി. ചന്ദേര സ്‌റ്റേഷനു പുറമെ പയ്യന്നൂർ, കാസർകോട്, തൃശൂർ എന്നിവിടങ്ങളിലും ഈ സംഭവത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 80 പേരിൽ നിന്നും ഇതിനോടകം ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിട്ടുണ്ട്. പൂക്കോയ തങ്ങളെയും മുസ്ലിം ലീഗ് കാസർകോഡ് ജില്ല ട്രഷറർ മാഹിൻ ഹാജിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

മാഹിൻഹാജിയെയാണ് മുസ്ലിം ലീഗ് ഈ കേസിൽ മദ്ധ്യസ്ഥനായി നിയോഗിച്ചിരുന്നത്. മാഹിൻഹാജി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്ന് മുസ്ലിം ലീഗ് തീരുമാനമെടുത്തത്. ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ഇതിനോടകം ക്രൈംബ്രാഞ്ച് സംഘം പരിശോധനകൾ പൂർത്തിയാക്കി. തെളിവുകൾ ശേഖരിച്ചു കഴിഞ്ഞാൽ അറസ്റ്റ് ഉണ്ടാകുമെന്ന മുൻകൂട്ടലിലാണ് നാളെ പാണക്കാട് അടിയന്തിര പ്രാധാന്യമുള്ള യോഗംചേരുന്നത്. അറസ്റ്റിന് മുമ്പ് ഖമറുദ്ദീനെ കൊണ്ട് രാജിവെപ്പിച്ച് പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP