Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഷം കഴിച്ച് അവശനിലയിലായ ഭാര്യയെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ കറക്കം; ഗുരുതരാവസ്ഥയിൽ ആയിട്ടും വിഷമവുമില്ല കൂസലുമില്ല; ജിനോ മരണമടഞ്ഞത് 'ചേട്ടായി.. എനിക്ക് കുറെ പറയാനുണ്ട് എന്ന സംസാരത്തിന് ശേഷം; കാസർകോട്ടെ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ജോസഫ് പാറത്തട്ടേലിലും അമ്മയും റിമാൻഡിൽ

വിഷം കഴിച്ച് അവശനിലയിലായ ഭാര്യയെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ കറക്കം; ഗുരുതരാവസ്ഥയിൽ ആയിട്ടും വിഷമവുമില്ല കൂസലുമില്ല; ജിനോ മരണമടഞ്ഞത് 'ചേട്ടായി.. എനിക്ക് കുറെ പറയാനുണ്ട് എന്ന സംസാരത്തിന് ശേഷം; കാസർകോട്ടെ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ജോസഫ് പാറത്തട്ടേലിലും അമ്മയും റിമാൻഡിൽ

ആർ പീയൂഷ്

കാസർകോട്: ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ്സ് നേതാവിനെ കോടതി റിമാൻഡ് ചെയ്തു. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ജോസഫ് പാറത്തട്ടേലിനെയാണ് കാസർകോട് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാളുടെ മാതാവ് മേരിയേയും റിമാൻഡ് ചെയ്തിരിക്കുകയാണ്. ജോസഫിന്റെ ഭാര്യ ജിനോ ജോസ്(35) ആത്മഹത്യ ചെയ്തതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം 20 നാണ് ജിനോ കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടിലുണ്ടായിരുന്ന എലിവിഷമാണ് കഴിച്ചത്. വിഷം കഴിച്ച് അവശ നിലയിലായ ജിനോയെ ഭർത്താവ് ജോസ് തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല. തൊട്ടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ജിനോയെ ജോസ് വാഹനത്തിൽ കയറ്റി ജിനോയുടെ വീടായ കുടുംമ്പൂരിലേക്ക് എത്തിക്കുകയും അവിടെ നിന്നും പിതാവിനെയും കയറ്റി കാഞ്ഞങ്ങാട് താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. എത്രത്തോളം വൈകിപ്പിക്കാമോ അത്രത്തോളം വൈകിപ്പിച്ചാണ് ഇയാൾ ജിനോയെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകി അവിടെ നിന്നും എത്രയും വേഗം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു.

പരിയാരത്തെത്തി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ജോസ് തിരികെ വീട്ടിലേക്ക് പോയി. ഭാര്യ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിട്ടും അതിന്റെ യാതൊരു വിഷമവും ജോസിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. ആശുപത്രി കിടക്കയിൽ വച്ച് ഫോണിൽ സഹോദരനുമായി സംസാരിച്ചപ്പോൾ ചേട്ടായി ഇങ്ങോട്ട് കയറിവാ.. എനിക്ക് കുറേ പറയാനുണ്ട്... എന്ന് പറഞ്ഞിരുന്നു. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ വിഷം.. വിഷം.. എന്ന് പറയുന്നുണ്ടായിരുന്നു. പിന്നീട് ഒന്നും സംസാരിച്ചില്ല. അതിന് ശേഷമാണ് 25 ന് ജിനോ മരണത്തിന് കീഴടങ്ങിയത്.

രണ്ടര വയസ്സുള്ള കുഞ്ഞുൾപ്പെടെ നാലു മക്കളാണ് ജിനോക്ക് ഉണ്ടായിരുന്നത്. ഇവരെ വലിയ ജീവനായിരുന്നു. ജോസിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിച്ചും അവിടെ തുടർന്നത് മക്കളെ ഓർത്തു മാത്രമാണ്. അതിനാൽ ഒരിക്കലും ജിനോ ആത്മഹത്യ ചെയ്യില്ല എന്ന് ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. അങ്ങനെയാണ് ബേടകം പൊലീസിൽ പരാതി നൽകുന്നത്. ആത്മഹത്യക്ക് ശ്രമിച്ച ദിവസം ഭർതൃമാതാവ് മേരി ജിനോയുമായി വഴക്കിടുകയും കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയിടുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് അതുകൊണ്ട് ആഹാരം കൊടുക്കാൻ കഴിഞ്ഞില്ല എന്നും അന്നേ ദിവസം തന്നെ ജിനോ മാതാവിനെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ചു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്.

13 വർഷമായി ജോസും ജിനോയും വിവാഹം കഴിച്ചിട്ട്. മദ്യപിച്ചെത്തുന്ന ജോസ് സ്ഥിരം ജിനോയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. പലവട്ടം മക്കളുമായി സ്വന്തം വീട്ടിൽ പോയി നിന്നിട്ടുണ്ട്. എന്നാൽ ജോസ് മാരകായുധങ്ങളുമായി അവിടെയെത്തി ഭീഷണിപ്പെടുത്തി വീണ്ടും തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ ദിവസവും ഇക്കാര്യങ്ങൾ മാതാവിനെയും സഹോദരങ്ങളെയും വിളിച്ചു പറയുമായിരുന്നു. വിവാഹ ബന്ധം വേർപെടുത്താം എന്ന രീതിയിലേക്ക് വീട്ടുകാർ പോയെങ്കിലും സ്ഥലത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് രമ്യതയിലെത്തുകയായിരുന്നു. എന്നാൽ ജോസിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ല.

ജോസിന്റെ അറസ്റ്റ് ഒഴിവാക്കാനായി വലിയ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിരുന്നു. എന്നാൽ സിപിഎം കടുത്ത നിലപാടെടുത്തതോടെ പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ജോസഫ് പാറത്തട്ടേലിനെ റിമാൻഡ് ചെയ്ത സാഹചര്യത്തിൽ മണ്ഡലം പ്രസിഡന്റിന്റെ താൽകാലിക ചുമതല വൈസ് പ്രസിഡന്റ് സാബു ഏബ്രഹാമിന് നൽകിയതായി ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP