Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് സമ്പൂർണ തകർച്ചയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരുമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണസജ്ജമെന്നും പുതുക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്നും മുല്ലപ്പള്ളി; യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാകുമെന്നും എൽഡിഎഫ് വൻ വിജയം നേടുമെന്നും എ.വിജയരാഘവൻ; എൻഡിഎ വലിയ നേട്ടമുണ്ടാക്കുമെന്ന് കെ.സുരേന്ദ്രനും; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

എൽഡിഎഫ് സമ്പൂർണ തകർച്ചയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരുമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണസജ്ജമെന്നും പുതുക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്നും മുല്ലപ്പള്ളി; യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാകുമെന്നും എൽഡിഎഫ് വൻ വിജയം നേടുമെന്നും എ.വിജയരാഘവൻ; എൻഡിഎ വലിയ നേട്ടമുണ്ടാക്കുമെന്ന് കെ.സുരേന്ദ്രനും; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജയാവകാശവാദവുമായി മുന്നണികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എൽഡിഎഫ് സമ്പൂർണ തകർച്ചയിലാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന സർക്കാരാണ് കേരളത്തിലേത്. തെരഞ്ഞെടുപ്പ് വിജയത്തിനും അഴിമതിക്കും എൽഡിഎഫ് ആരോടും കൂട്ടുചേരുമെന്നും ചെന്നിത്തല പരിഹസിച്ചു.

വോട്ടർപട്ടിക കുറ്റമറ്റതല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുതുക്കിയ വോട്ടർപട്ടികയിൽ നിരവധി ക്രമക്കേടുകളുണ്ട്. കോൺഗ്രസ് ജനശക്തി പ്രോഗ്രാമിലൂടെ നിലവിലെ വോട്ടർപട്ടികയിൽ 55000 ഇരട്ടവോട്ടുകൾ കണ്ടെത്തി. തുസംബന്ധിച്ച വ്യക്തമായ രേഖകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണ്.ഒരു തരത്തിലുള്ള അച്ചടക്ക ലംഘനങ്ങളും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എൽഡിഎഫ് വൻ വിജയം നേടും: എ.വിജയരാഘവൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയ പധതികളും വലിയ മാറ്റങ്ങളാണ് നാട്ടിലുണ്ടാക്കിയത്. തുകൊണ്ടു തന്നെഎൽഡിഎഫിന് വലിയ വിജയം ഉണ്ടാകും.എൽഡിഎഫ് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാർത്ഥികൾ ആയി കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് വിശുദ്ധ കൂട്ടുകെട്ടിനെ ജനം തിരസ്‌കരിക്കും. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും വിജയ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു

എൻഡിഎ വന്മുന്നേറ്റം നടത്തും: ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി സംസ്ഥാനത്ത് വന്മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികൾ ജനങ്ങൾക്കിടയിൽ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വർണ്ണക്കടത്ത് എൽഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂർണ്ണമായും തകർന്നു കഴിഞ്ഞു. ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും പൂർത്തിയാക്കി കഴിഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എൻ.ഡി.എ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി

കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബർ എട്ട്, 10, 14 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കും. 16-നാണ് വോട്ടെണ്ണൽ.ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പോളിങ് നടക്കും.രാവിലെ എഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നും കമ്മീഷൻ അറിയിച്ചു.

ഡിസംബർ 25ന് മുൻപായി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കണം. നവംബർ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാം. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് തയാറാണെന്ന് ഡിജിപി ഉറപ്പ് നൽകിയെന്നും കമ്മീഷൻ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തിയിരുന്നു.

തെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2.72 കോടി വോട്ടർമാരുണ്ട്. ഇതിൽ 1.29 കോടി പുരുഷന്മാരും 1.41 സ്ത്രീകളുമാണുള്ളത്. 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്.പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം കൂടി അവസരം നൽകിയിരുന്നു. ഇവരെക്കൂടി ഉൾപ്പെടുത്തി നവംബർ 10ന് പുതുക്കിയ വോട്ടർ പട്ടി പ്രഖ്യാപിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

കോവിഡ് പോസിറ്റിവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കും. പോളിങ് സ്റ്റേഷനുകളിൽ ബ്രേക്ക് ദ ചെയിൻ പോളിസി നടപ്പിലാക്കും.941 ഗ്രാമപഞ്ചായത്തുകൾ, 151 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP