Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക നഷ്ടത്തിൽ പ്രതീക്ഷ നഷ്ടമായപ്പോൾ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ചോറ്റാനിക്കര അമ്മ; ക്ഷേത്രത്തിന് 500 കോടി നൽകുന്നതിന്റെ ​കാരണം വ്യക്തമാക്കി ഗണ ശ്രാവൺ

സാമ്പത്തിക നഷ്ടത്തിൽ പ്രതീക്ഷ നഷ്ടമായപ്പോൾ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ചോറ്റാനിക്കര അമ്മ; ക്ഷേത്രത്തിന് 500 കോടി നൽകുന്നതിന്റെ ​കാരണം വ്യക്തമാക്കി ഗണ ശ്രാവൺ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര വികസനത്തിന് 500 കോടിയിലേറെ രൂപ സംഭാവന നൽകാൻ തീരുമാനിച്ചതോടെയാണ് ബെംഗളൂരു സ്വദേശിയായ വ്യവസായി ഗണ ശ്രാവൺ വാർത്തകളിൽ നിറയുന്നത്. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമായ ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഗണശ്രാവൺ. സാമ്പത്തികമായും മാനസികമായും തകർന്ന തന്നെ ജീവിതത്തിലേക്ക് പിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയാണെന്ന് ​ഗണശ്രാവൺ പറയുന്നു. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം സംബന്ധിച്ച് ഗണ സ്രാവൺ പറയുന്നത് ഇങ്ങനെ-

പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്. അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്' 46കാരനായ ഗണശ്രാവൺ പറഞ്ഞു.

സാമ്പത്തിക നഷ്ടത്തിൽ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാൻ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കിൽ അങ്ങനെയെന്നു തീരുമാനിച്ചാണ് ആദ്യമായി ബെംഗളൂരുവിൽ നിന്ന് ഗണശ്രാവൺ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടത്. ചോറ്റാനിക്കരയിലെത്തി ആദ്യ ദേവീദർശനത്തിൽ തന്നെ ജീവിതത്തിന്റെ പ്രകാശം മുന്നിൽ തെളിഞ്ഞു. പിന്നെ എല്ലാ പൗർണമിയിലും അമ്മയെ തേടിയെത്തി. ‌‌മരണം മാത്രമാണ് ഇനി മുന്നിലെന്ന് തീരുമാനിച്ച് വിഷമിച്ചു നടക്കുമ്പോഴാണ് തന്റെ ഗുരുവിനോട് കാര്യങ്ങൾ തുറന്നു പറയുന്നത്. അദ്ദേഹമാണ് ചോറ്റാനിക്കരയിൽ പോയി അമ്മയെ തൊഴുത് ഒന്നു പ്രാർത്ഥിച്ചു വരൂ എന്ന് ഉപദേശിച്ചത്. അത് ജീവിതത്തിൽ വഴിത്തിരിവായെന്നു മാത്രമല്ല, ഉയർച്ചയുടെ പടവുകൾ മുന്നിൽ തെളിഞ്ഞു വന്നു. ബിസിനസ് കോടികളിൽ നിന്നു ശതകോടികളിലേയ്ക്കും അതിനു മുകളിലേയ്ക്കും ഉയർന്നു. ഇപ്പോൾ ഇന്ത്യയിലെ ഒരു മുൻനിര വജ്രാഭരണ കയറ്റുമതി കമ്പനി ഉടമയാണ് ഗണശ്രാവൺ. ആ അനുഗ്രഹത്തിൽ ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി 300 കോടി നൽകാൻ തീരുമാനിക്കുന്നത്. പിന്നീട് ക്ഷേത്രത്തിനു നൽകാമെന്നറിയിച്ച തുക അഞ്ഞൂറു കോടിയിലേറെയാക്കി (526 കോടി രൂപ) ഉയർത്താൻ തീരുമാനിച്ചു.

ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണമെന്നാൽ ആ നാടിന്റെ കൂടി ഉയർച്ചയാണ്. അതുകൊണ്ടു തന്നെ അവിടേയ്ക്കുള്ള വഴിയും പരിസര പ്രദേശവും ഉയർത്തപ്പെടേണ്ടതുണ്ട് എന്ന് നിർദ്ദേശിച്ചത് എട്ടു വർഷമായി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന ആർക്കിടെക്ട് ബി.ആർ. അജിത്താണ്. കൊടുക്കാൻ ഉദ്ദേശിച്ച 300 കോടിക്കൊപ്പം ഒരു 200 കോടി കൂടെ ചെലവഴിച്ചാൽ ചോറ്റാനിക്കര ക്ഷേത്രനഗരം പദ്ധതി കൂടി നടപ്പാക്കാമെന്നായിരുന്നു നിർദ്ദേശം. ജാതിമത വ്യത്യാസമില്ലാതെ അതിന്റെ നേട്ടം നാടിനു ലഭിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത് ഗണശ്രാവൺ കേട്ടയുടനെ അംഗീകരിച്ചതായി അജിത് മനോരമ ഓൺലൈനോടു പറഞ്ഞു. അങ്ങനെയാണ് ക്ഷേത്രനഗരം പദ്ധതിക്കായി 526 കോടി രൂപ ചെലവഴിക്കാൻ ഗണശ്രാവൺ തീരുമാനിച്ചത്. അമ്മയുടെ സന്നിധിയിലേയ്ക്ക് ലോകത്ത് എല്ലായിടത്തു നിന്നും ആളുകളെത്തി അനുഗ്രഹം പ്രാപിക്കണമെന്നാണ് ഈ ഭക്തന്റെ ആഗ്രഹം.

ഒരു വർഷത്തോളമായി ക്ഷേത്ര വികസന പദ്ധതി ദേവസ്വം അധികൃതർക്കു മുന്നിൽ ഗണശ്രാവൺ അവതരിപ്പിച്ചിട്ട്. എല്ലാ മാസവും പൗർണമി നാളിൽ ദർശനത്തിനെത്തുന്ന ഗണ ശ്രാവൺ കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ സന്നദ്ധതയുമായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. ക്ഷേത്ര ഭാരവാഹികൾ കൊച്ചിൻ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു. ‌ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലു​ള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിർമ്മാണം തുടങ്ങാനാണു ബോർഡ് തീരുമാനം. 5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കും. 18 പ്രോജക്ടായി തിരിച്ചാണു നിർമ്മാണം നടത്തുക. ഒന്നാം ഘട്ടത്തിൽ ശിൽപചാരുതയോടെ 2 ഗോപുരങ്ങളുടെ നിർമ്മാണം ഉൾപ്പെടെ 8 പദ്ധതികൾക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 10 പദ്ധതികൾക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.

ഘട്ടങ്ങളായി പണം അക്കൗണ്ടിലേയ്ക്ക് കൈമാറിക്കൊണ്ടായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. കമ്പനി നേരിട്ട് നിർമ്മാണം നടത്തി ക്ഷേത്ര സമിതിക്ക് കൈമാറുന്നതിനാണ് തീരുമാനമെന്ന് ആർകിടെക്ട് ബി.ആർ. അജിത് പറഞ്ഞു. ഒരു വർഷമായി പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. പിതാവ് രോഗക്കിടക്കയിൽ ആയതിനാൽ അതിന്റെ തിരക്കിലാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു സാധിക്കില്ലെന്ന നിലപാടിലാണ് ഗണശ്രാവൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP