Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ എന്തിന് ട്രോളണം? മായക്കൊട്ടാരം ഒരു ചിരി ചിത്രമാണെന്ന് സംവിധായകൻ കെ എൻ ബൈജു

പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ എന്തിന് ട്രോളണം? മായക്കൊട്ടാരം ഒരു ചിരി ചിത്രമാണെന്ന് സംവിധായകൻ കെ എൻ ബൈജു

മറുനാടൻ ഡെസ്‌ക്‌

മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെയും ചേർത്ത് വച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിന് മറുപടിയുമായി ഫിറോസും എത്തിയിരുന്നു. ഇതോടെ സിനിമയെ വിമർശിച്ച് ഫിറോസും രം​ഗ​ത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഫിറോസ് കുന്നംപറമ്പിൽ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ കെ എൻ ബൈജു. ഇത് ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യനെ പറ്റിയുള്ള സിനിമയല്ല എന്ന് അ​ദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഇത് ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യനെ പറ്റിയുള്ള സിനിമയല്ല. പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ എന്തിന് ട്രോളണം?. അതിന്റെ ആവശ്യമില്ല. ഈ സിനിമ എന്നു പറയുന്നത് ചാരിറ്റിപ്രവർത്തനങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന വിഭാഗത്തെ ഉന്നമിട്ടാണ്. അവരെയാണ് ട്രോളുന്നത്. അല്ലാതെ ശരിയായ ചാരിറ്റി പ്രവർത്തനം ചെയ്യുന്നവരെ അല്ല. ഫിറോസ് പറയുന്നത് അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു വലിയ സംഘമാണ് ഇതിന്റെ പിന്നിൽ എന്നാണ്. അതു ശരിയല്ല.’ ‘ആരിൽ നിന്നും പണം പിരിച്ചല്ല ഈ സിനിമ ചെയ്യുന്നത്. ഇതിന് ഒരു നിർമ്മാതാവുണ്ട്. മികച്ച ഒരു ബാനറുണ്ട്. അവർക്ക് കോടികൾ പിരിവെടുത്ത് ഫിറോസിനെതിരെ സിനിമ ചെയ്യേണ്ട ആവശ്യമില്ല. സുരേഷ് കോടാലിപ്പറമ്പൻ എന്ന പേരാണ് പ്രശ്നമെങ്കിൽ അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമുള്ള നാടല്ലേ. ഇങ്ങനെയാക്കെ തുടങ്ങിയാൽ ഇവിടെ ഏതേലും സിനിമ ചെയ്യാൻ പറ്റുമോ?. അതുകൊണ്ട് ദയവായി മനസിലാക്കണം. ഇതൊരു ചിരി ചിത്രമാണ്. ചാരിറ്റിയിലൂടെ പ്രശസ്തനാവാൻ നടക്കുന്ന, എന്തിനും ഏതിനും വിഡിയോ ചെയ്യുന്ന സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രത്തിന്റെ കഥയാണ്. നന്മചെയ്യുന്ന ആരെയും ട്രോളാനോ പരിഹസിക്കാനോ ആരും കൂട്ടം ചേർന്ന് പണം പിരിച്ച് തന്ന് ആരംഭിക്കുന്ന സിനിമയല്ല. ദയവായി മനസിലാക്കണം. സിനിമ കാണണം, അനുഗ്രഹിക്കണം.’ –ബൈജു അഭ്യർഥിക്കുന്നു.

റിയാസ് ഖാൻ നായകനാവുന്ന 'മായക്കൊട്ടാരം' എന്ന സിനിമക്കെതിരെ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നവരാണ് ഈ ചിത്രത്തിനു പിന്നിലെന്ന് ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിച്ചു. നിങ്ങൾ വിമർശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നതെന്ന് ഫിറോസ് പറയുന്നു. നിങ്ങൾക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്. അഭിനയിക്കുന്നവർക്കും സംവിധായകനും നിർമ്മാതാവിനും പൈസ കിട്ടും. രോഗികൾക്കുവേണ്ടി വീഡിയോ ചെയ്യുമ്പോൾ എനിക്കും പൈസ കിട്ടും. ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്- ഫിറോസ് തന്റെ ലൈവിൽ പ്രതികരിച്ചു.

ഫിറോസിന്റെ വാക്കുകൾ:

"നിങ്ങൾ വിമർശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങൾ എന്ന് വിമർശിച്ചോ അന്ന് ഞാൻ ചെയ്യുന്ന വീഡിയോകൾക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമർശനത്തിന് ഒട്ടും കുറവ് വരുത്തണ്ട. ഇപ്പൊ നിങ്ങൾ വലിയൊരു ഗ്രൂപ്പുണ്ട്. നിങ്ങളിൽ ഒരുപാട് ആളുകളുണ്ട്. ഇപ്പോൾ സിനിമയടക്കം ഇറക്കാൻ പോവുകയാണ് ആ സംഘം. പിരിവിട്ട് ലക്ഷങ്ങളും കോടികളും സ്വരൂപിച്ച് ആ പണമുപയോഗിച്ച് സിനിമയെടുക്കാനും അതിലൂടെ തേജോവധം ചെയ്യാനുമൊക്കെ ഇറങ്ങിയിരിക്കുന്ന ആളുകളോട്.. നിങ്ങൾക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്. അഭിനയിക്കുന്നവർക്കും സംവിധായകനും നിർമ്മാതാവിനും പൈസ കിട്ടും. രോഗികൾക്കുവേണ്ടി വീഡിയോ ചെയ്യുമ്പോൾ എനിക്കും പൈസ കിട്ടും. ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. രോഗികൾ സുഖപ്പെടുന്നതും വീടില്ലാത്തവർക്ക് വീട് ലഭിക്കുന്നതും ആ പണം കൊണ്ടാണ്. നിങ്ങൾ അടിച്ച് താഴെയിടുന്നതുവരെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും", ഫിറോസ് കുന്നംപറമ്പിൽ പറയുന്നു.

മായക്കൊട്ടാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരുന്നു. 'നന്മമരം സുരേഷ് കോടാലിപ്പറമ്പൻ' എന്ന കഥാപാത്രമായാണ് റിയാസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചാരിറ്റി പ്രവർത്തകരെ അടച്ചാക്ഷേപിക്കുന്നതെന്ന് ഒരു വിഭാഗം പോസ്റ്ററിനെതിരെ വിമർശനവുമായി എത്തിയപ്പോൾ ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിൽ വിമർശിക്കപ്പെടേണ്ടതാണെന്നായിരുന്നു മറുഭാഗത്തിന്റെ വാദം. എന്നാൽ 'മായക്കൊട്ടാരം' ഒരു സ്പൂഫ് സിനിമയാണെന്നും ചാരിറ്റി പ്രവർത്തകരിൽ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചായിരുന്നില്ല പോസ്റ്റർ എന്നും റിയാസ് ഖാൻ പറഞ്ഞിരുന്നു.

സംവിധായകൻ കെ.എൻ ബൈജു തന്നെയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. കന്നഡ താരം ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയൻ ചേർത്തല, സാജു കൊടിയൻ, കേശവദേവ്, കുളപ്പുള്ളി ലീല, നാരായണൻകുട്ടി, തമിഴ് നടൻ സമ്പത്ത് രാമൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവഗ്രഹ സിനി ആർട്‌സ്, ദേവ ക്രിയേഷൻസ് എന്നിവയുടെ ബാനറുകളിൽ എ.പി കേശവദേവ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാർ എന്നിവരാണ് ഗായകർ. പെരുമ്പാവൂരും പാലക്കാടുമാണ് ലൊക്കേഷനുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP