Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനം രാജേന്ദ്രനെ വെല്ലുവിളിച്ച് കൊല്ലത്തെ സിപിഐ; പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് മണിക്കൂറുകൾക്കകം പി എസ് സുപാലിനെ ഉദ്ഘാടകനാക്കി ശൂരനാട് മണ്ഡലം കമ്മിറ്റി; സിപിഐയിലെ ​ഗ്രൂപ്പ് പോര് നീങ്ങുന്നത് സമാന്തര പ്രവർത്തനത്തിലേക്ക്

കാനം രാജേന്ദ്രനെ വെല്ലുവിളിച്ച് കൊല്ലത്തെ സിപിഐ; പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് മണിക്കൂറുകൾക്കകം പി എസ് സുപാലിനെ ഉദ്ഘാടകനാക്കി ശൂരനാട് മണ്ഡലം കമ്മിറ്റി; സിപിഐയിലെ ​ഗ്രൂപ്പ് പോര് നീങ്ങുന്നത് സമാന്തര പ്രവർത്തനത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പി എസ് സുപാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് കൊല്ലം ജില്ലയിലെ സിപിഐ ഘടകങ്ങൾ. മുൻ പുനലൂർ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അം​ഗവുമായിരുന്ന പി എസ് സുപാലിനെ പുറത്താക്കി മണിക്കൂറുകൾ തികയും മുമ്പ് ശൂരനാട്ട് സിപിഐ കർഷക സംഘടനയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാൻ പി എസ് സുപാൽ എത്തി. സിപിഐയുടെ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

അഖിലേന്ത്യാ കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പുനർജനി 2020 ന്റ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. പി എസ് സുപാൽ എക്സ് എം എൽ എ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് മനു പോരുവഴി അധ്യക്ഷനായിരുന്നു. കരനെൽ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച നെൽകർഷകരെ ജില്ലാ സെക്രട്ടറി എസ് അജയഘോഷ് ആദരിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ എസ് അനിൽ, ടി അനിൽ, കൃഷി ഓഫീസർ റീനാ രവീന്ദ്രൻ, ഉമ്മന്റയ്യത്ത് ഗോപിനാഥൻപിള്ള, ജിഷാകുമാരി, രാജ് മോഹൻ, എന്നിവർ സംസാരിച്ചു. എം ദർശനൻ സ്വാഗതവും എസ് അനിൽ നന്ദിയും രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടിയുടെ ഭാ​ഗമായി പി എസ് സുപാലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. കൊല്ലം ജില്ല നിർവാഹക സമിതിയിലെ വാക്കേറ്റത്തെ തുടർന്നാണ് സിപിഐയിൽ അച്ചടക്ക നടപടി. സംസ്ഥാന കൗൺസിൽ അംഗം പി എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻറ് ചെയ്തതോടൊപ്പം സംസ്ഥാന കൗൺസിൽ അംഗം ആർ രാജേന്ദ്രനെ താക്കീത് ചെയ്തിട്ടുമുണ്ട്. കമ്മിറ്റിയിൽ ഇരുനേതാക്കളും പോർവിളി നടത്തിയതിനെ തുടർന്നാണ് നടപടി.

ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ നിശ്ചയിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സുപാലും രാജേന്ദ്രനും നേർക്കുനേർ വെല്ലുവിളിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ സിപിഐ പ്രതിനിധികളെ നിശ്ചയിക്കാനാണ് കൊട്ടാരക്കരയിൽ ജില്ലാ എക്സിക്യുട്ടീവ് ചേർന്നത്. പാർട്ടിയുടെ ലൈബ്രറി കൗൺസിൽ ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ നിർദ്ദേശം മുല്ലക്കര രത്നാകരൻ അവതരിപ്പിച്ചു. 20 വർഷമായി സെക്രട്ടറിയായി തുടരുന്ന സുകേശനെ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തുന്നതിനെതിരെ പി.എസ്. സുപാൽ രംഗത്തെത്തി. ഇതേ യോഗത്തിൽ തന്നെ ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ മറുപക്ഷം രംഗത്തെത്തി. പിന്നീട് തർക്കം സുപാലും ആർ. രാജേന്ദ്രനും തമ്മിലായി. ഒടുവിൽ അടിപിടിയുടെ വക്കിലെത്തിയപ്പോൾ ജില്ലാ സെക്രട്ടറി മുല്ലക്കര യോഗം പിരിച്ചുവിടുകയായിരുന്നു. ഇതിന് ശേഷം ജില്ലാ എക്സിക്യുട്ടീവ് ഇതുവരെ ചേർന്നിട്ടില്ല.

സംഭവത്തിൽ ഇരുവരോടും പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ കെ ഇ ഇസ്മായിൽ പക്ഷക്കാരനും കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ സുപാൽ നൽകിയ വിശദീകരണം തള്ളിയ സംസ്ഥാന കൗൺസിൽ, സംസ്ഥാന കാനം രാജേന്ദ്രന്റെ പക്ഷത്തിനൊപ്പം നിൽക്കുന്ന രാജേന്ദ്രന്റെ വിശദീകരണം സ്വീകരിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിമാർ എന്നിവരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതായതോടെയാണ് സിപിഐയിൽ വിഭാഗീയത രൂക്ഷമായത്. എൻ അനിരുദ്ധനെ മാറ്റി സിഎംപി മുൻ ജില്ലാ സെക്രട്ടറി കൂടിയായ ആർ. രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തെയാണ് ചോദ്യം ചെയ്തതെന്നും നേതൃത്വത്തെയല്ലെന്നുമാണു മറുചേരിയുടെ വാദം. സമവായമില്ലാതായപ്പോൾ മുല്ലക്കര രത്‌നാകരൻ എംഎൽഎയ്ക്കു സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി വോട്ടെടുപ്പ് ഉണ്ടായി. രണ്ടിടത്തും കാനം പക്ഷത്തിനായി തിരിച്ചടി.

കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം കൊല്ലം ജില്ലയിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന അധികാര വടംവലിയുടെ തുടർച്ചയാണ് സുപാലിനെതിരായ നടപടി. സിപിഐക്ക് രാജ്യത്ത് തന്നെ ഏറ്റവുമധികം പാർട്ടി അം​ഗങ്ങളുള്ള ജില്ലയാണ് കൊല്ലം. എന്നാൽ ജില്ലയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വലിയ സ്വാധീനമില്ല. പാർട്ടി ജില്ലാ സെക്രട്ടറി ആകേണ്ടിയിരുന്ന പി എസ് സുപാലിനെ തഴഞ്ഞ് മറ്റ് പലരേയും കാനം ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നു എങ്കിലും ജില്ലാ കമ്മിറ്റി കൂടാൻ പോലും കഴിയാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP