Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലു ലക്ഷം വാങ്ങി സ്ഥിര നിക്ഷേപത്തിന് സ്വന്തമായി സർട്ടിഫിക്കേറ്റ് നൽകി; അഞ്ചു ലക്ഷത്തിന്റെ ബോണ്ട് വച്ച് 20 ലക്ഷം ലോണെടുത്തു; മുക്കുപണ്ടം പണയം വച്ച് 10 ലക്ഷം വായ്പയെടുത്തു; തട്ടിപ്പ് പുറത്തറിഞ്ഞ് നിക്ഷേപകർ ചെന്നപ്പോൾ പണം തിരികെ നൽകാൻ മടി; സിപിഎം ഭരിക്കുന്ന പഴകുളം സഹകരണ ബാങ്കിൽ തൊട്ടതെല്ലാം തട്ടിപ്പ്

നാലു ലക്ഷം വാങ്ങി സ്ഥിര നിക്ഷേപത്തിന് സ്വന്തമായി സർട്ടിഫിക്കേറ്റ് നൽകി; അഞ്ചു ലക്ഷത്തിന്റെ ബോണ്ട് വച്ച് 20 ലക്ഷം ലോണെടുത്തു; മുക്കുപണ്ടം പണയം വച്ച് 10 ലക്ഷം വായ്പയെടുത്തു; തട്ടിപ്പ് പുറത്തറിഞ്ഞ് നിക്ഷേപകർ ചെന്നപ്പോൾ പണം തിരികെ നൽകാൻ മടി; സിപിഎം ഭരിക്കുന്ന പഴകുളം സഹകരണ ബാങ്കിൽ തൊട്ടതെല്ലാം തട്ടിപ്പ്

ശ്രീലാൽ വാസുദേവൻ

അടൂർ: തട്ടിപ്പിന്റെ അയ്യരുകളി എന്ന് പറഞ്ഞാൽ ഇതാണ്. ഭരണസമിതിയും ജീവനക്കാരുമെല്ലാം ചേർന്ന് പാവപ്പെട്ട നാട്ടുകാരുടെ നിക്ഷേപത്തിൽ നിന്ന് മുഴുവൻ കൈയിട്ടു വാരി തട്ടിപ്പ് നടത്തിയിരിക്കുന്നത് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിലാണ്. യുഡിഎഫ് നേതൃത്വത്തിലായിരുന്ന ഡയറക്ടർ ബോർഡ് സർക്കാർ സഹായത്തോടെ പിരിച്ചു വിട്ട് സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി നിലവിൽ വന്നതിന് ശേഷം ഒന്നരക്കോടിയോളം രുപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇനിയും പുറത്തു വരാനുള്ള തട്ടിപ്പ് കൂടി കണക്കിലെടുത്താൻ തുക ഇതിന്റെ ഇരട്ടിയാകും. തൊടുന്നവരെല്ലാം തട്ടിപ്പ് നടത്തുന്നതാണ് ഇവിടൂത്തെ രീതി.

ബാങ്കിന്റെ അടൂർ ഹൈസ്‌കൂൾ ജങ്ഷനിലുള്ള ശാഖയിൽ നിന്ന് പ്യൂൺ മുകേഷ് ഗോപിനാഥ് 45 ലക്ഷം തട്ടിയതാണ് ഏറ്റവുമൊടുവിൽ പുറത്തു വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിലുമുണ്ട് തട്ടിപ്പ്. 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് മാനേജർ ഷീല ജയകുമാർ, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയത്. എന്നാൽ യഥാർഥത്തിൽ തട്ടിപ്പ് നടത്തിയ തുക ഇതിന്റെ ഇരട്ടിയോളം വരും.

നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്ന് മൈനസ് ചെയ്ത് പിൻവലിച്ച തുക മാത്രമാണിത്. കോടികൾ സ്ഥിര നിക്ഷേപമായി നൽകിയവരുടെ അക്കൗണ്ടിൽ നിന്നായി 23 ലക്ഷത്തോളം രൂപ വായ്പയായി എടുത്തിട്ടുണ്ട്. പ്യൂൺ മുകേഷിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഈ വിവരം ബ്രാഞ്ച് മാനേജർ അന്വേഷണത്തിന് വന്ന സഹകരണ സംഘം അസി. രജിസ്ട്രാർക്ക് മൊഴിയായി നൽകിയിരുന്നു. ഇതോടെ എല്ലാവരുടെയും തട്ടിപ്പ് പുറത്താകുമെന്ന് ഭയന്ന് സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ മാനേജർ ഷീലയെ ശാസിക്കുകയും ചെയ്തു. ഇനി ഈ തുകയ്ക്കുള്ള കണക്ക് രജിസ്ട്രാർ ഓഫീസിൽ സ്വാധീനം ചെലുത്തി പൂഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നത്.

തട്ടിപ്പിൽ തനിക്ക് മാത്രമല്ല പങ്കാളിത്തമെന്ന് പ്യൂൺ മുകേഷ് ഇതിനോടകം തുറന്നു പറഞ്ഞു കഴിഞ്ഞു. താൻ കുറച്ച് പണം മാത്രമാണ് എടുത്തിട്ടുള്ളതെന്നും ശേഷിച്ചതുകൊണ്ടു പോയവർ അത് തിരികെ അടച്ചാൽ തന്റെ പങ്കും തിരികെ നൽകാമെന്നുമാണ് മുകേഷിന്റെ നിലപാട്. മുഖ്യസൂത്രധാരൻ മുകേഷ് ഗോപിനാഥ് പല വഴികളാണ് തട്ടിപ്പിനായി തെരഞ്ഞെടുത്തത്. പരിചയത്തിലുള്ള ഒരു സ്ത്രീയുടെ കൈയിൽ നിന്ന് നാലു ലക്ഷം രൂപ സ്ഥിര നിക്ഷേപത്തിനായി മുകേഷ് വാങ്ങിയിരുന്നു. ഇത് ബാങ്കിന്റെ രേഖകളിൽ വന്നില്ല.

എന്നാൽ പ്രിന്റ് ചെയ്തു വച്ചിരുന്ന സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റിൽ തുകയെഴുതി ബ്രാഞ്ച് മാനേജരുടെ ഒപ്പുമിട്ടു നൽകുകയായിരുന്നു. പിന്നീട് ഇതേ സ്ത്രീ നിക്ഷേപത്തിന് പലിശയെടുക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിന്റെ സൽപ്പേരിന് കളങ്കം വരാതിരിക്കാൻ പലിശ നൽകി അവരെ പറഞ്ഞു വിടുകയാണ് ചെയ്തത്. മുക്കുപണ്ടം പണയം വച്ച് 10 ലക്ഷം തട്ടിയ സംഭവവും ഒതുക്കി വച്ചിരിക്കുകയാണ്. മാനേജരുടെ കള്ളയൊപ്പിട്ടാണ് തട്ടിപ്പ് നടത്തിയത്. ഇക്കാര്യം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബാങ്കിന്റെ സെക്രട്ടറി ഇൻ ചാർജ് നടത്തിയ നിയമവിരുദ്ധ നീക്കം ഇതു വരെ പുറത്തു വന്നിട്ടില്ല. അഞ്ചു ലക്ഷത്തിന്റെ ബോണ്ട് വച്ച് 20 ലക്ഷം രൂപയാണ് ഇയാൾ വായ്പയെടുത്തത്. അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ അറിവോടെയായിരുന്നു ഈ തിരിമറി. ഹെഡ്ഓഫീസിൽ നിന്ന് 10 ലക്ഷവും മിത്രപുരം ശാഖയിൽ നിന്ന് 10 ലക്ഷവുമാണ് വായ്പയെടുത്തത്. അഞ്ചു ലക്ഷത്തിന്റെ ബോണ്ടിൽ 15 ലക്ഷമാണ് അധികമായി എടുത്തത്. ഇത് പിടിക്കപ്പെടുമെന്ന് വന്നതോടെ ബോണ്ട് 20 ലക്ഷത്തിന്റേതാക്കി അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി തലയൂരി. സെക്രട്ടറി ഇൻ ചാർജ് അന്വേഷണം വന്നാൽ കുടുങ്ങും. ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. പക്ഷേ, നടപടിയൊന്നും വന്നിട്ടില്ല.

ജീവനക്കാരും ഭരണസമിതിയും ചേർന്ന് നടത്തിയ തട്ടിപ്പിന്റെ ബലിയാടാകുന്നത് ബാങ്കിൽ പണം നിക്ഷേപിച്ചവരാണ്. സ്ഥിരനിക്ഷേപമിട്ടവർ പണം പിൻവലിക്കാൻ എത്തുമ്പോൾ അധികൃതർ കൈമലർത്തുകയാണ്. ഒരു ലക്ഷം രൂപ പോലും തിരികെ നൽകാൻ ബുദ്ധിമുട്ടുകയാണ്. നാലു ലക്ഷം പിൻവലിക്കാൻ കഴിഞ്ഞ ദിവസം ചെന്ന വീട്ടമ്മയെ പിന്നീട് വരാൻ പറഞ്ഞു വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP