Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെക്നോപാർക്കിൽ നടക്കുന്നത് 1500 കോടിയുടെ ഐടി വികസനം; നിർമ്മാണ നിയന്ത്രണം അതിവിശ്വസ്തനായ ചീഫ് എഞ്ചിനിയർക്ക്; കഴക്കൂട്ടത്തെ പദ്ധതിയിലേക്ക് കേന്ദ്ര ഏജൻസികളുടെ സംശയം നീളാൻ കാരണം ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ് ഇന്ത്യയിലെ കൂട്ടുകാരന്റെ ഉന്നത പദവി; 'ഡൗൺടൗൺ ട്രിവാൻഡ്രം' ശിവശങ്കർ ഹൈജാക്ക് ചെയ്തുവോ?

ടെക്നോപാർക്കിൽ നടക്കുന്നത് 1500 കോടിയുടെ ഐടി വികസനം; നിർമ്മാണ നിയന്ത്രണം അതിവിശ്വസ്തനായ ചീഫ് എഞ്ചിനിയർക്ക്; കഴക്കൂട്ടത്തെ പദ്ധതിയിലേക്ക് കേന്ദ്ര ഏജൻസികളുടെ സംശയം നീളാൻ കാരണം ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ് ഇന്ത്യയിലെ കൂട്ടുകാരന്റെ ഉന്നത പദവി; 'ഡൗൺടൗൺ ട്രിവാൻഡ്രം' ശിവശങ്കർ ഹൈജാക്ക് ചെയ്തുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഡൗൺ ടൗൺ പദ്ധതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഴിമതി സംശയിക്കാൻ കാരണം സ്ഥാപന തലപ്പത്തെ ശിവശങ്കര ബന്ധം കാരണം. അമേരിക്കയിലെ ബോസ്റ്റൺ ആസ്ഥാനമായ ടോറസ് ഇൻവെസ്റ്റ്മെന്റാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഇന്ത്യൻ ഘടകത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായുള്ളത് ശിവശങ്കറിന്റെ അതിവിശ്വസ്തനായ അനിൽകുമാറാണ്.

ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സീനിയർ വൈസ് പ്രസിഡന്റുമാണ് അനിൽകുമാർ. കെഎസ്ഇബിയിലെ മുൻ ചീഫ് എഞ്ചിനിയർ. ശിവശങ്കറിന്റെ ആത്മമിത്രമായ അനിൽ കുമാർ മുൻ കായികതാരവുമാണ്. ദേശീയ ഗെയിംസിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ശിവശങ്കർ കായിക സെക്രട്ടറിയായതു മുതൽ ശിവശങ്കറും അനിൽകുമാറും നല്ല അടുപ്പത്തിലായിരുന്നു. ദേശീയ ഗെയിംസ് നടത്തിപ്പിന് ശേഷം കെ എസ് ഇ ബിയിൽ തിരിച്ചെത്തി. ചീഫ് എഞ്ചിനിയറായി ചുമതലയേറ്റ അനിൽകുമാർ പിന്നീട് ആ ജോലി രാജിവച്ചു. ടോറസിൽ എത്തുകയും ചെയ്തു. ഈ കമ്പനിക്കാണ് ഡൗൺ ടൗൺ ഇടപാട് നൽകിയത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.

ശിവശങ്കറിന്റെ ഇടപെടലിൽ നടക്കുന്ന ലൈഫ് മിഷൻ, ഇ മൊബിലിറ്റി, കെ ഫോൺ, ഡൗൺ ടൗൺ പദ്ധതികളാണ് ഇഡി പരിശോധിക്കുന്നത്. ഇതിൽ ഡൗൺ ടൗണിനെ സംശയത്തിലാക്കുന്നത് അനിൽകുമാറിന്റെ അതിവിശ്വസ്തന്റെ ഉന്നത പദവിയാണ്. കെ എസ് ഇ ബിയിലെ പഴയ ചീഫ് എഞ്ചിനിയർക്ക് എങ്ങനെ ഈ പദവിയിൽ എത്താനായി എന്നതും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. ലൈഫ് മിഷനിൽ അടക്കം വലിയ അഴിമതികൾ സിബിഐ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ അന്വേഷണം. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ശേഖരിക്കുന്നുണ്ട്.

ശിവശങ്കർ അറസ്റ്റിലായ ശേഷം ഐഎഎസ് ഉദ്യോഗസ്ഥനെ അനുകൂലിച്ച് അനിൽ കുമാർ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതും ഇവർ തമ്മിലെ ബന്ധത്തിന് തെളിവാണ്. ഈ പോസ്റ്റിലൂടെ ശിവശങ്കറിനെ ന്യായീകരിക്കാനും കേന്ദ്ര ഏജൻസികളെ കളങ്കപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനിൽ കുമാറും ശിവശങ്കറും തമ്മിലെ ആത്മബന്ധം വ്യക്തമായി കഴിഞ്ഞതായി കേന്ദ്ര ഏജൻസികൾ പറയുന്നു. അതുകൊണ്ട് തന്നെ കരുതലോടെ കാര്യങ്ങൾ കണ്ടെത്താനാണ് നീക്കം.

അമേരിക്കയിലെ ബോസ്റ്റൺ ആസ്ഥാനമായ ടോറസ് ഇൻവെസ്റ്റ്മെന്റിന്റെ 1,500 കോടി രൂപയുടെ ഐടി അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ടെക്നോപാർക്കിലെ ഡൗൺടൗൺ ട്രിവാൻഡ്രംപദ്ധതി. ഐടി മേഖലയിൽ അടിസ്ഥാനസൗകര്യവും സാമൂഹിക അന്തരീക്ഷവും വർദ്ധിപ്പിച്ച് വിജ്ഞാന അധിഷ്ഠിത മേഖലകൾക്കും സോഫ്റ്റ് വെയർ കയറ്റുമതിക്കും നിക്ഷേപകരെ ആകർഷിക്കുന്നതിനുമാണ് ഡൗൺ ടൗൺ പദ്ധതി. 2020 ഓടെ ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ നിയമ പ്രശ്‌നങ്ങൾ കാരണം ഇത് നീളുകയാണ്.

ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ പ്രോപ്പർട്ടി ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെക്നോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ പ്രത്യേക മേഖലയടക്കം 20 ഏക്കറാണ് പദ്ധതിക്കായി നൽകിയിട്ടുള്ളത്. 57 ലക്ഷം ചതുരശ്ര അടിയാണ് മൊത്തം നിർമ്മാണ മേഖല. എംബസി ടോറസ് ടെക്സോൺ എന്ന പേരിൽ ഐടി മേഖലയ്ക്കായി 33 ലക്ഷം ചതുരശ്ര അടിയും ടോറസ് സെൻട്രം എന്ന പേരിൽ വിനോദ വ്യവസായ മേഖലയ്ക്കായി 12 ലക്ഷം ചതുരശ്ര അടിയും മാറ്റിവച്ചിട്ടുണ്ട്. ടോറസ് സെൻട്രം മാൾ, 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടൽ, 315 മുറികളുള്ള സർവീസ്ഡ് അപാർട്ട്മെന്റ്സ് (അസറ്റ് ടോറസ് ഐഡന്റിറ്റി) എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.

കൊച്ചിയിലെ സ്മാർട് സിറ്റി പദ്ധതിക്കുശേഷം ഐടി വ്യവസായ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. പദ്ധതിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന ടോറസ് സെൻട്രം മാളിൽ സംസ്ഥാനത്തെ ആദ്യ ഐ-മാക്സ് തിയറ്ററും പ്രവർത്തനം തുടങ്ങും. ടെക്നോപാർക്കിൽ ലോകോത്തര നിലവാരത്തിലുള്ള സാമൂഹിക വികസന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു പുറമെ ഒരു റീട്ടെയ്ൽ എന്റർടെയ്ന്മെന്റ് കേന്ദ്രമായും സെൻട്രം പ്രവർത്തിക്കും. മെക്സിക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിപോളിസ് പതിനഞ്ച് സ്‌ക്രീനുകളിലായി കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് തിയറ്ററാണ് ഇവിടെ ഒരുക്കുന്നത്.

1500 കോടിയുടെ നിക്ഷേപ പദ്ധതിയാണ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയിലൂടെ നടപ്പാകുന്നത്. ഇതുവഴി 30,000 ൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ടെക്നോപാർക്കിൽ ലോകോത്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ കൂടുതൽ കമ്പനികൾ എത്തുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ ഓഫീസ് സ്പേസ് അടക്കമുള്ളവ നൽകാൻ പുതിയ പദ്ധതിക്കാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത്തരമൊരു വലിയ പദ്ധതിയിലേക്കാണ് ശിവശങ്കറിന്റെ അതിവിശ്വസ്തനായ മലയാളി മേൽനോട്ടത്തിന് എത്തിയത്. ഇതിന് പിന്നിൽ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടെന്നാണ് സംശയം. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പദ്ധതിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ടെക്‌നോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെ ഐടി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടോറസ് ഡൗൺടൗൺ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. അത് മാറുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP