Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ പലയിടങ്ങളിലും കൊച്ചുപെൺകുട്ടികൾ വരെ മൂടുപടമണിഞ്ഞു നടക്കുന്നു; ഫ്രഞ്ച് മൂല്യങ്ങളെ വെറുക്കുവാൻ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു; നൂറുകണക്കിന് മതമൗലികവാദികൾ തീവ്രവാദികളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിൽ; ഇതു കൊണ്ടൊന്നും ഫ്രാൻസിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ഇസ്ലാമിക തീവ്രവാദികൾക്കെതിരെ നിലപാട് കടുപ്പിച്ച് മാക്രോൺ

രാജ്യത്തെ പലയിടങ്ങളിലും കൊച്ചുപെൺകുട്ടികൾ വരെ മൂടുപടമണിഞ്ഞു നടക്കുന്നു; ഫ്രഞ്ച് മൂല്യങ്ങളെ വെറുക്കുവാൻ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു; നൂറുകണക്കിന് മതമൗലികവാദികൾ തീവ്രവാദികളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിൽ; ഇതു കൊണ്ടൊന്നും ഫ്രാൻസിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ഇസ്ലാമിക തീവ്രവാദികൾക്കെതിരെ നിലപാട് കടുപ്പിച്ച് മാക്രോൺ

മറുനാടൻ മലയാളി ബ്യൂറോ

ഫ്രാൻസിലെ ചില ജില്ലകൾ തീവ്രവാദികളെ ഉദ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ മുന്നറിയിപ്പ് നൽകി. പെൺകുട്ടികളെ അടിമുടി പുതപ്പിച്ച് നടത്തുന്ന ഇവർ ഫ്രഞ്ച് മൂല്യങ്ങളെ വെറുക്കുവാനും പഠിപ്പിക്കുകയാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുകയും ലിംഗവിവേചനത്തോടെ വളർത്തുകയും ചെയ്യുന്ന നിയമരാഹിത്യം നടമാടുകയാണ് ഇത്തരംകേന്ദ്രങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തിനെതിരായ തന്റെ നിലപാട് വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് മാക്രോൺ രംഗത്തെത്തിയിരിക്കുന്നത്.

ചെറിയൊരു കത്തിയുമായി ഇനിയും ഭീകരത വിതയ്ക്കാൻ തയ്യാറായ നൂറുകണക്കിന് മതമൗലിക വാദികൾ ഇപ്പോഴും ഫ്രാൻസിലുണ്ട്. ഒരു സാമുവൽ പാറ്റിയിലോ, നൈസിൽ മരണമടഞ്ഞ മൂന്ന് പേരിലോ ഇരകൾ ഒതുങ്ങില്ല, അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 2015 മുതൽ ഇത് വ്യക്തമാകാൻ തുടങ്ങിയതാണ്. മാത്രമല്ല, ഫ്രാൻസ് ഭീകരരുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുന്ന കാര്യം പ്രസിഡണ്ട് ആകുന്നതിനും മുൻപ് താൻ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. പാറ്റിയുടെ മരണത്തിനിടയാക്കിയ, മനോരോഗികളായ മതവാദികളുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇതിന് നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരങ്ങളിൽ നിന്നും അകന്നുള്ള മേഖലകളിൽ മൂന്നു നാലും വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടികളെ ശരീരമാസകലം മൂടിയാണ് വളർത്തുന്നത്. ആൺകുട്ടികളിൽ നിന്നും ചുറ്റുമുള്ള സമൂഹത്തിൽ നിന്നും അകറ്റി നിർത്തി വളർത്തുന്ന ഇവരെ ഫ്രഞ്ച് മൂല്യങ്ങളെ വെറുക്കുവാനും പഠിപ്പിക്കുന്നു, അദ്ദേഹം തുടർന്നു. 2011 മുതൽ ശരീരമാസകലം മൂടിയുള്ള വസ്ത്രധാരനം ഫ്രാൻസിൽ നിരോധിച്ചിരിക്കുകയാണ്. ബുർക്കാ ബാൻ എന്നറിയപ്പെടുന്ന ഈ നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

ഒരു മുസ്ലിം പത്രപ്രവർത്തകൻ, മാക്രോൺ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിന് മറുപടിയായി ഇക്കാര്യം അതേ പത്രത്തിൽ എഴുതുകയാണ് മാക്രോൺ. വെറുപ്പിന്റെയും വിവേചനത്തിന്റെയും പ്രത്യയ ശാസ്ത്രത്തെ മാത്രമാണ് ഫ്രാൻസ് എതിർക്കുന്നത്, ഇസ്ലാമിനെയല്ല. മുസ്ലീങ്ങൾക്കെതിരെ ഫ്രാൻസോ, ഫ്രഞ്ച് ഭരണകൂടമോ വിവേചനം കാണിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് സമ്മതിക്കുകയുമില്ല, അദ്ദേഹം തുടർന്നു.

ഒരു സർവ്വാധികാര രാഷ്ട്രം എന്ന നിലയിൽ, മതഭ്രാന്ത്, രാജ്യദ്രോഹം, ഭീകരവാദം എന്നിവയെ ചെറുക്കാൻ ഫ്രാൻസിന് എല്ലാ അവകാശങ്ങളും ഉണ്ട്. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമ യൂറോപ്പിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാഷ്ട്രമാണ് ഫ്രാൻസ്. ഏകദേശം അഞ്ച് ദശലക്ഷത്തോളം മുസ്ലീങ്ങളാണ് രാജ്യത്തുള്ളത്. അവരിൽ ഏറിയപങ്കും പഴയ ഫ്രഞ്ച് കോളനിയായ അൾജീരിയയിൽ നിന്നുള്ളവരും.

ഇസ്ലാമിക വിഘടന വാദത്തെ ചെറുക്കുവാൻ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മാക്രോൺ. ഇതിന്റെ ഭാഗമായി, മുസ്ലീങ്ങൾക്കായി സേവനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും സർക്കാർ നിയന്ത്രണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ഇസ്ലാം ആശയ പ്രതിസന്ധി നേരിടുകയാണെന്ന് പ്രസ്താവിച്ച മാക്രോൺ ഷാർലി ഹെബ്ഡോ കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിക്കുമെന്നും പ്രസ്താവിച്ചിരുന്നു.

ഇതിനെതിരെ അറബ് രാജ്യങ്ങളിലും മറ്റ് മുസ്ലിം രാഷ്ട്രങ്ങളിലും കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഫ്രഞ്ച് ഉദ്പന്നങ്ങൾ ബഹിഷ്‌കരിക്കാനും ആഹ്വാനം ഉയർന്നു. അതിനിടെ, തീവ്രവാദികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട അദ്ധ്യാപകനെ അനുസ്മരിക്കുന്ന ചടങ്ങിൽ, ആ കൊലപാതകത്തെ അനുകൂലിച്ച 14 കാരനായ ഒരു അഫ്ഗാൻ വിദ്യാർത്ഥിക്കെതിരെ കേസ് ചാർജ്ജ് ചെയ്തു.താനായിരുന്നെങ്കിലും അതുതന്നെ ചെയ്യുമായിരുന്നു എന്നാണ് ഈ വിദ്യാർത്ഥി പറഞ്ഞത്.

വിശദമായി ചോദ്യം ചെയ്തതിനു ശേഷം വിദ്യാർത്ഥിയെ വിട്ടയച്ചെങ്കിലും ഇനിമുതൽ കർശന നിരീക്ഷണത്തിലായിരിക്കും അവൻ. ഇതുപോലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഏഴോളം തീവ്രവാദാനുകൂല സംഭവങ്ങളാണ് കഴിഞ്ഞയാഴ്‌ച്ച പുറത്തുവന്നത്. ഇതുപോലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഏഴോളം തീവ്രവാദാനുകൂല സംഭവങ്ങളാണ് കഴിഞ്ഞയാഴ്‌ച്ച പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP