Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപിന്റെ പരാതിയിൽ ഫിലാഡെൽഫിയയിലും പിറ്റ്സ് ബർഗിലും വോട്ടെണ്ണൽ താൽക്കാലികമായി നിർത്തി; പെൻസിൽവാനിയയിൽ ഫലത്തെ ചൊല്ലി സസ്പെൻസ്; ബൈഡൻ ജയിച്ച ഓരോ സംസ്ഥാനത്തെയും ഫലം ചോദ്യം ചെയ്യുമെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടുതൽ നിയമക്കുരുക്കിലേക്ക്

ട്രംപിന്റെ പരാതിയിൽ ഫിലാഡെൽഫിയയിലും പിറ്റ്സ് ബർഗിലും വോട്ടെണ്ണൽ താൽക്കാലികമായി നിർത്തി; പെൻസിൽവാനിയയിൽ ഫലത്തെ ചൊല്ലി സസ്പെൻസ്; ബൈഡൻ ജയിച്ച ഓരോ സംസ്ഥാനത്തെയും ഫലം ചോദ്യം ചെയ്യുമെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടുതൽ നിയമക്കുരുക്കിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ കൂടുതൽ സങ്കീർണ്ണമാക്കി കോടതി നടപടികളും. ട്രംപിന്റെ പരാതിയെ തുടർന്ന് ഫിലാഡെൽഫിയയിലെയും പിറ്റ്സ് ബർഗിലെയും വോട്ടെണ്ണൽ കോടതി നിർത്തിവെച്ചു. പക്ഷേ പിന്നീട് ഫിലാഡെൽഫിയിൽ വോട്ടെണ്ണൽ തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പിറ്റ്സ് ബർഗിലെ മുപ്പതിനായിരത്തോളം വരുന്ന വോട്ടുകൾ അടുത്ത ദിവസം മാത്രമേ എണ്ണൂ എന്നാണ് അറിയിച്ചത്. അതിനിടെ 'സ്റ്റോപ്പ് ദ കൗണ്ട്' എന്ന ട്വിറ്റിൽ ട്രംപ് വീണ്ടും അവർത്തിക്കയാണ്. ബൈഡൻ ജയിച്ച ഒരോ സ്വിങ്ങ് സ്റ്റേറ്റുകളിലെയും ഫലം പ്രത്യേകമായി ചോദ്യം ചെയ്യുമെന്നാണ് ട്രംപ് പറയുന്നത്.

നൊവാഡയിലെ ഫലം ചോദ്യം ചെയ്ത് ട്രംപ് നേരത്തെ ഹരജി നൽകിയിട്ടുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ടിടത്ത് നിർത്താൻ പറഞ്ഞതെന്നും, നാളെ വോട്ടെണ്ണൽ തുടരുമെന്നാണ് ബൈഡൻ ക്യാമ്പ് പറയുന്നത്. നിർണ്ണായകമായ അഞ്ചു സംസ്ഥാനങ്ങളിൽ ലീഡ് കുറയുന്നതാണ് ട്രംപിനെ ആശങ്കയിൽ ആക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫിലാഡൽഫിയിലെ വിധി ചൂണ്ടിക്കാട്ടി പെൻസിൽവേനിയയിൽ വലിയ നിയമ വിജയമുണ്ടായതായി ട്രംപ് ട്വീറ്റിൽ അവകാശപ്പെട്ടു. ട്രംപിന്റെ പല ട്വീറ്റകളും തെറ്റിദ്ധാരണ പരത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ മറച്ചുവച്ചു. 'തിരഞ്ഞെടുപ്പ് തട്ടിപ്പിന് നിരവധി തെളിവുകളുണ്ട്. നമ്മൾ ജയിക്കും. അമേരിക്കയാണ് ആദ്യം - ട്രംപ് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ മറച്ചുവച്ചിട്ടുണ്ട്.

അതിനിടെ അമേരിക്കയിൽ പലയിടത്തും ട്രംപ്- ബൈഡൻ അനകൂലികൾ ഏറ്റുമുട്ടിയതായും റിപ്പോർട്ടുണ്ട്.അരിസോണയിലെ മാരികോപ്പ കൗണ്ടിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ സായുധ ട്രംപ് അനുകൂലികൾ പ്രതിഷേധിച്ചതിനാൽ വോട്ടെണ്ണെൽ കേന്ദ്രം അടച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് തോക്കുധാരികളായ ട്രംപ് അനുകൂലികൾ വോട്ടെണ്ണൽ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തതി. തെരഞ്ഞെടുപ്പ് കൃത്രിമത്തിൽ വിധി വരുന്നതുവരെ ഫലം തടയണമെന്നാണ് ട്രംപ് അനുകൂലികളുടെ ആവശ്യം. പലയിടത്തും ട്രപ് റീകൗണ്ടിങ്ങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും തോക്ക്ധാരികൾ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കയാണ്. പോളിങ് സമയത്തിനു ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അനുകൂലികൾ തെരുവിലിറങ്ങിയതോടെ, അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായാണ് ബൈഡൻ അനുകൂലികൾ പ്രകടനങ്ങൾ നടത്തിയത്. ബോസ്റ്റണിലും മിനിയാപൊളിസിലും ഡെമോക്രാറ്റുകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഡെട്രോയിറ്റിൽ റിപ്പബ്ലിക്കൻ അനുകൂലികളാണ് പ്രതിഷേധിച്ചത്. ലാസ്വേഗസിൽ ട്രംപ് -ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി.

ഇതിനിടെ അരിസോണയിൽ ബൈഡന്റെ ലീഡ് കുത്തനെ കുറയുന്നതും നെഞ്ചിടിപ്പ് വർധിപ്പിക്കയാണ്. മുമ്പ് 200,000 വോട്ടിന്റെ ലീഡ് ഇപ്പോൾ വെറും 68,000 ആയി കുറഞ്ഞിരുന്നു. അതേസമയം പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിന്റെ ലീഡ് കുറഞ്ഞു. 90 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ലീഡ് മാത്രമാണ് ട്രംപിനുള്ളത്. 379,639 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്ന ട്രംപിന് ഒടുവിൽ വിവരം കിട്ടുമ്പോൾ 164,414 വോട്ടുകളുടെ ലീഡ് മാത്രമാണുള്ളത്. റിപ്പബ്ലിക്കൻ കേന്ദ്രമായ അരിസോണയിൽ ബൈഡൻ വിജയിച്ചുവെന്നത് ട്രംപ് അനുകൂലികൾക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇവിടെ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബൈഡൻ ഇവിടെ ജയിച്ചതായാണ് കണക്കു കൂട്ടിയിരുന്നത്. ഇവിടുത്തെ 11 ഇലക്ടറൽ വോട്ടുകൾ ഉൾപ്പെടെ 264 വോട്ടുകൾ ബൈഡൻ നേടിയതായും ആറ് വോട്ടുകൾ കൂടി ലഭിച്ചാൽ വിജയിയാകുമെന്നുമായിരുന്നു ഇതുവരെ പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ. എന്നാൽ അരിസോണയിലെ മരികോപ കൗണ്ടിയിൽ ഇപ്പോഴും വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനത്ത് ബൈഡന്റെ ലീഡ് 79,000 ആയി കുറഞ്ഞു. നേരത്തെ വ്യക്തമായ ലീഡ് നില ബൈഡൻ നേടിയിരുന്നിടത്തു നിന്നാണ് ട്രംപ് ലീഡ് നില കുറച്ചു കൊണ്ടുവരുന്നത്. അരിസോണയിൽ ട്രംപ് വിജയിച്ചാലും അത്ഭുതപ്പെടാനില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവിടെയാണ് കോപാകുലരായ ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

അരിസോണ ഒഴിച്ചു നിർത്തിയാൽ 253 വോട്ടുകളാണ് ബൈഡനുള്ളത്. ഇവിടെ വിജയിക്കുകയും നെവാഡയിലെ ആറ് വോട്ടുകൾ കൂടി നേടുകയും ചെയ്താൽ ബൈഡൻ പ്രസിഡന്റ് പദവിയിലെത്തും. എന്നാൽ 214 വോട്ടുകൾ മാത്രമുള്ള ട്രംപിന് പെൻസിൽവാനിയ (20 വോട്ടുകൾ), ജോർജിയ (16), നോർത്ത് കരോലിന (15), അലാസ്‌ക (3) എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകൾ കൂടി ലഭിച്ചാൽ സാധ്യത ഏറും. എന്നാൽ ഇപ്പോൾ നാടകീയ സംഭവങ്ങൾ അരങ്ങേറുന്ന അരിസോണയിൽ ട്രംപ് വിജയിച്ചാൽ അവടുത്തെ 11 വോട്ടുകൾ കൂടി അദ്ദേഹത്തിന് ലഭിക്കും. അതേ സമയം, പെൻസിൽവാനിയയിൽ വൻ ലീഡുണ്ടായിരുന്ന ട്രംപിന് ഇപ്പോൾ 1,64,000 വോട്ടുകളുടെ ലീഡ് മാത്രമേയുള്ളൂ. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ ഫിലാഡൽഫിയ ഉൾപ്പെടെയുള്ള സംസ്ഥാനമായതിനാൽ ഈ വോട്ടുകൾ കൂടി എണ്ണിക്കഴിയുന്നതു വരെ ഫലം അനിശ്ചിതത്വത്തിൽ തന്നെയാവും. ട്രംപ് നേരത്തെ ലീഡ് നേടിയിരുന്ന ജോർജിയയിലും ലീഡ് നില കുറഞ്ഞു വരികയാണ്. ഇവിടെ 28,000 വോട്ടുകളുടെ ലീഡ് മാത്രമാണ് ട്രംപിനിപ്പോഴുള്ളത്. നോർത്ത് കരോലിനയിലും ട്രംപിന്റെ ലീഡ് നില കുറഞ്ഞു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP