Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാപ്പരായ കുടുംബത്തിൽ ജനിച്ച വിക്കൻ! സെൽഫ് മെയ്ഡ്മാൻ സെനറ്ററായി വളർന്നത് കഠിനാദ്ധ്വാനത്തിലൂടെ; അഴിമതിരഹിതനും മൃദുഭാഷിയും; അടുത്ത സുഹൃത്ത് ഒബാമ; യുഎസ് വൈസ് പ്രസിഡന്റായിട്ടും മകന്റെ ചികിൽസയ്ക്കായി വീട് വിൽക്കാൻ ശ്രമിച്ച നിർധനൻ; ഭാര്യയുടെയും മകന്റെയും മരണം അടക്കം വ്യക്തിജീവിതത്തിൽ അടിക്കടി ദുരന്തങ്ങൾ; ഫീനിക്സ് പക്ഷിയെപ്പോലെ ജോ ബൈഡന്റെ ജീവിതം

പാപ്പരായ കുടുംബത്തിൽ ജനിച്ച വിക്കൻ! സെൽഫ് മെയ്ഡ്മാൻ സെനറ്ററായി വളർന്നത് കഠിനാദ്ധ്വാനത്തിലൂടെ; അഴിമതിരഹിതനും മൃദുഭാഷിയും; അടുത്ത സുഹൃത്ത് ഒബാമ; യുഎസ് വൈസ് പ്രസിഡന്റായിട്ടും മകന്റെ ചികിൽസയ്ക്കായി വീട് വിൽക്കാൻ ശ്രമിച്ച നിർധനൻ; ഭാര്യയുടെയും മകന്റെയും മരണം അടക്കം വ്യക്തിജീവിതത്തിൽ അടിക്കടി ദുരന്തങ്ങൾ; ഫീനിക്സ് പക്ഷിയെപ്പോലെ ജോ ബൈഡന്റെ ജീവിതം

എം മാധവദാസ്

കന്റെ ചികിൽസയ്ക്ക് പണമില്ലാത്തതിനാൽ അമേരിക്കൻ വൈസ് പ്രസിഡന്റ് വീട് വിൽക്കാൻ ഒരുങ്ങി എന്ന് കേട്ടാൽ എത്രപേർ വിശ്വസിക്കും. ഇമേജ് ബിൽഡിങ്ങിനായി ഉണ്ടാക്കിയ നുണക്കഥയെന്നേ ഒറ്റയടിക്ക് ആർക്കും തോന്നുകയുള്ളൂ. എന്നാൽ അങ്ങനെയല്ല. ജോ ബൈഡൻ എന്ന ഇന്ന് അമേരിക്കൻ പ്രസിഡന്റ് ആവുമെന്ന്  കരുതുന്ന 
വ്യക്തി തന്നെ 2016ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണിത്. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇക്കാര്യമൊന്നും ചർച്ചയാക്കിയില്ല. പക്ഷേ സഹപ്രവർത്തകർക്ക് അറിയാം, അഴിമതിരഹിതനും, മൃദുഭാഷിയും, പരിസ്ഥിതി സ്നേഹിയുമാണ്, ജോസഫ് റോബിനെറ്റ ജോ ബൈഡെൻ എന്ന ഈ 77കാരൻ.

ഇപ്പോഴാത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും ബൈഡനേയും താരതമ്യം ചെയ്താൽ
രാവും പകലും പോലുള്ള വ്യത്യാസമുണ്ട്. ട്രംപ് എന്താണോ അതിന്റെ നേർ വിപരീതമാണ് ബൈഡൻ. ട്രംപ് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചപ്പോൾ ജോ ബൈഡൻ ദീപാളിയായ ഒരു കുടംബത്തിൽനിന്ന് സ്വയം വളർന്ന് ഉയർന്നു വന്നതാണ്. ട്രംപ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായി നടക്കുന്ന സമയത്ത് ബൈഡൻ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ എന്ന പദവിയിൽ ആയിരുന്നു. ഇന്ന് ട്രംപ് ഉറക്കം തുങ്ങിയെന്ന് പരിഹസിക്കുന്ന ബൈഡന്റെ ഭൂതകാലം രാഷ്ട്രീയ സംവാദങ്ങൾ കൊണ്ട് സമ്പന്നമാണ്. നികുതിവെട്ടിച്ച് ബിസിനസ് വളർത്തുകയായിരുന്നില്ല, ഈ രാജ്യത്തിന്റെ പുരോഗതിക്കായുള്ള നിയമ നിർമ്മാണ പ്രവർത്തനത്തിലായിരുന്നു എന്റെ യൗവനം എന്നാണ് ബൈഡൻ ഒരിക്കൽ ട്രംപിന് തിരിച്ചടിച്ചത്.

 വ്യക്തി ജീവിതത്തിൽ അദ്ദേഹത്തിന് ദുരന്തങ്ങൾ ശീലമായിരുന്നു. 1972ൽ ആദ്യമായി സെനറ്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകൾക്കുള്ളിൽ ആദ്യ ഭാര്യയും ഒരു വയസുള്ള മകനും കാറപകടത്തിൽ മരിച്ചത് ബൈഡനെ നടുക്കി. 2016 ഒക്ടോബറിലാണ് മകൻ ബ്യൂ ബൈഡൻ (46) തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് മരിച്ചത്. ഇതേക്കുറിച്ച് ബൈഡൻ പറയുന്നത് ഇങ്ങനെ 'ഡലാവറിലെ അറ്റോർണി ജനറലായിരുന്ന ബ്യൂ രാഷ്ട്രീയത്തിലും സജീവമായിരുന്നു. രോഗത്തെ തുടർന്ന് അറ്റോർണി ജനറൽ പദവി ബ്യൂ രാജിവച്ചു. ശമ്പളം ഇല്ലാതായതോടെ ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് ഞാനും ഭാര്യയും ആലോചിച്ചു. അങ്ങനെ വീടു വിൽക്കാമെന്നു തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ ഒബാമ പറഞ്ഞു .ആവശ്യമുള്ള പണം ഞാൻ തരാമെന്നു വാക്കുനൽകുന്നു. വീടു വിൽക്കരുത്.' . ബാറാക്ക് ഒബാമ എന്നും ബെഡന്റെ അടുത്ത സുഹൃത്താണ്. ഈ തെരഞ്ഞെടുപ്പിൽ വരെ ഒബാമ അദ്ദേഹത്തെ കൈപടിച്ച് ഉയർത്തി. നോക്കണം, ലോകത്തെ നിയന്ത്രിക്കുന്ന അമേരിക്കയുടെ വൈസ് പ്രസിഡന്റിന് സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ എന്തെല്ലാം വഴികൾ ഉണ്ടാകുമായിരുന്നു. പക്ഷേ അദ്ദേഹം അതിലേക്കൊന്നും പോവില്ല. അതാണ് ബൈഡന്റെ വ്യക്തിത്വം.

ദുരന്തങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ്, അമേരിക്കൻ പ്രസിഡന്റ് ആവുമെന്ന് എല്ലാവരും കരുതുന്ന ജോ ബൈഡന്റ ജീവിതം. ചാരത്തിൽ നിന്ന് ഉയിർത്തെഴുനേൽക്കുന്ന ഫീനിക്സ് പക്ഷി.

ദീപാളി കുളിച്ച കുടുംബത്തിൽ ജനിച്ച വിക്കൻ

ജോസഫ് റോബിനെറ്റ് ബിഡൻ ജൂനിയർ എന്നാണ് ജോ ബൈഡന്റെ പൂർണ്ണമായ പേര്. 1942 നവംബർ 20ന് കാതറിൻ, ജോസഫ് റോബിനെറ്റ് ബിഡൻ എന്നിവരുടെ മകനായി പെൻസിൽവാനിയയിലെ സ്‌ക്രാന്റണിലാണ് ജനനം. ഒരു കത്തോലിക്കാ കുടുംബത്തിലെ ഏറ്റവും മൂത്ത കുട്ടിയായ അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. മാതാവ് കാതറിൻ ഒരു ഐറിഷ് വംശജയായിരുന്നു. ജോസഫ് സീനിയറിന്റെ മാതാപിതാക്കളായ മേരി എലിസബത്തും, മേരിലാൻഡിലെ ബാൾട്ടിമോറിൽ നിന്നുള്ള എണ്ണ വ്യവസായിയായിരുന്ന ജോസഫ് എച്ച്. ബൈഡനും ഇംഗ്ലീഷ്, ഫ്രഞ്ച്, ഐറിഷ് വംശ പാരമ്പര്യമുള്ളവരായിരുന്നു. പ്രതാപശാലികളായ സമ്പന്ന കുടുബം ആയിരുന്നു ഇവർ. പക്ഷേ ബൈഡൻ ജനിച്ചപ്പോഴേക്കും, നിരവധി സാമ്പത്തിക തിരിച്ചടികൾ നേരിട്ട് പിതാവ് പാപ്പരായി. ശരിക്കും ദീപാളി കുളിക്കുന്ന എന്ന് മലയാളത്തിൽ പറയുന്ന അവസ്ഥ. ബൈഡന്റെ പിതാവിനെതിരെ നിരവധി കേസുകളും ഉണ്ടായി.

അതിനാൽ കൊച്ചു ജോയും കുടുംബവും വർഷങ്ങളോളം ബൈഡന്റെ അമ്മയുടെ കുടംബത്തിലായിരുന്നു താമസിച്ചിരുന്നത്. 1950 കളിൽ സ്‌ക്രാന്റൺ നഗരം സാമ്പത്തിക തകർച്ചയിൽ അകപ്പെട്ടതോടെ ബൈഡന്റെ പിതാവിന് സ്ഥിരമായി ഒരു ജോലി കണ്ടെത്താൻപോലും സാധിച്ചില്ല. 1953 മുതൽ ഡെലവെയറിലെ ക്ലേമോണ്ടിലെ ഒരു അപ്പാർട്ട്മെന്റിൽ വർഷങ്ങളോളം താമസിച്ചിരുന്ന ഈ കുടുംബം തുടർന്ന് ഡെലവെയറിലെ വിൽമിങ്ടണിലുള്ള ഒരു വീട്ടിലേക്ക് താമസം മാറി. ജോ ബൈഡൻ സീനിയർ പിന്നീട് ഒരു പഴകിയ കാർ വിൽപ്പനക്കാരനായി വിജയിച്ചതോടെ കുടുംബം മധ്യവർഗ ജീവിതശൈലിയിലേക്ക് മാറി. ജോ ബൈഡനാകട്ടെ അൽപ്പം അന്തർ മുഖനും ആയിരുന്നു. ജന്മനാ ഉള്ള വിക്ക് ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ അപകർഷത വർധിപ്പിച്ചു. പക്ഷേ പിന്നീട് നിരന്തരമായ പരിശീലനത്തിലുടെ അദ്ദേഹം അത് മറികടക്കുകയും പ്രാസംഗികൻ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

ക്ലേമോണ്ടിലെ ആർച്ച്മിയർ അക്കാദമിയിൽ, ഹൈസ്‌കൂൾ ഫുട്ബോൾ ടീമിലെ അംഗമായിരുന്ന ബൈഡൻ അക്കാലത്ത് ബേസ്ബോളും കളിച്ചിരുന്നു. തന്റെ ജൂനിയർ, സീനിയർ വർഷങ്ങളിൽ ക്ലാസ് ലീഡർ ആയിരുന്നു. 1961 ൽ അദ്ദേഹം ബിരുദം നേടി. ഒരു വിക്കനായിരുന്ന ബൈഡൻ തന്റെ ഇരുപതുകളുടെ ആരംഭം മുതൽ ഈ വൈകല്യം കുറച്ചുകൊണ്ടുവന്നു. ഒരു കണ്ണാടിക്ക് മുന്നിൽ കവിത ചൊല്ലിക്കൊണ്ട് താൻ ഇത് ലഘൂകരിച്ചതായി അദ്ദേഹം പറയുന്നുണ്ട്. പക്ഷേ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ പ്രകടമാണ്. 2020 ലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ചർച്ചകളിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ഇത് ബാധിച്ചുവെന്ന് അഭിപ്രായമുണ്ട്. ഇതൊരു ജന്മസിദ്ധമായ തകരാർ ആണെന്ന് പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ബൈഡൻ എവിടെയും ശ്രമിച്ചില്ല. അതിനെ പുറമെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായ വ്യകതിയാണ് അദ്ദേഹം. ഇതെല്ലാം ചേർന്നാണ് 'ഉറക്കം തൂങ്ങി' എന്ന പ്രതിഛായ ബൈഡനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടത്. അദ്ദേഹം അത് തിരുത്താനും പോയില്ല.

സെൽഫ് മേഡ് മാൻ എന്നാണ് ബൈഡൻ തന്നെക്കുറിച്ച് പറയുന്നത്. രാഷ്ട്രീയം അദ്ദേഹം സ്വയം തെരഞെ്ടുത്തതായിരുന്നു. ട്രംപ് നികുതിവെട്ടിച്ച ബിസിനസ് വളർത്തുന്ന കാലത്ത് 1969ൽ ബൈഡൻ അറ്റോർണിയായി. 1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

എന്നും ദുരന്തങ്ങളുടെ സഹയാത്രികൻ കൂടിയായിരുന്നു ബൈഡൻ. 1972 ലുണ്ടായ ഒരു കാറപകടത്തിൽ ഭാര്യയും ഒരു മകനും മരിച്ചു. ബൈഡനെ തകർത്ത സംഭവമായിരുന്നു അത്.

തുടർന്ന് 1977 ൽ അദ്ദേഹം ജിൽ ട്രേസയെ വിവാഹം കഴിച്ചു.അദ്ദേഹത്തിന്റെ ആദ്യഭാര്യയിലുള്ള രണ്ടു കുട്ടികളായ ബ്യൂ, ഹണ്ടർ എന്നിവർക്കു പോറ്റമ്മയായിത്തീരുകയും ചെയ്തു. ഇവർക്ക് ആഷ്ലി എന്നപേരിൽ 1981 ൽ ജനിച്ച ഒരു കുട്ടികൂടിയുണ്ട്.

ആഗോളസാമ്പത്തിക മാന്ദ്യത്തെ പിടിച്ചു നിർത്തി

1972ൽ ആദ്യ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ബൈഡന്റെ കൈയിൽ ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല. ജനങ്ങൾ ഏറ്റെടുത്ത തെരഞ്ഞെടുപ്പ് എന്നാണ് അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത്. ബൈഡൻ ജയിക്കുമെന്നുപോലും ആർക്കും ഉറപ്പില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രചാരണത്തിന് പണമില്ലായിരുന്നു. പരമാവധി ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചും കൈകൊണ്ട് എഴുതിയ പോസ്റുകൾ പ്രചരിപ്പിച്ചുമൊക്കെയായിരുന്നു കാര്യങ്ങൾ പുരോഗമിച്ചത്. ' വിയറ്റ്നാമിൽ നിന്ന് പിന്മാറുക, പരിസ്ഥിതി, പൗരാവകാശം, ബഹുജന ഗതാഗതം, കൂടുതൽ തുല്യമായ നികുതി, ആരോഗ്യ പരിരക്ഷ' തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ആദ്യ തെരഞ്ഞെടുപ്പ് തൊട്ടുതന്നെ എന്നും അടിസ്ഥാന വർഗത്തോട് ഒപ്പമായിരുന്നു ബൈഡന്റെ നിലപാടുകൾ. ബൈഡന്റെ കുടുംബവും അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിന് എത്തി. ഒടുവിൽ 50.5 ശതമാനം നേടി അദ്ദേഹം വിജയിച്ചു. പിന്നീട് അങ്ങോട്ട് സെനറ്റിൽ ബൈഡൻ തിരിഞ്ഞു നോക്കിയിട്ടില്ല.

സെനറ്റർ എന്ന നിലയിൽ പ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവാണ് മറ്റുള്ളവരിൽനിന്ന് ബൈഡനെ വേർതിരിച്ച് നിർത്തിത്. എപ്പോഴും ഒരു ട്രബിൾ ഷൂട്ടർ കൂടിയായിരുന്നു അദ്ദേഹം. ഈ കഴിവാണ് തന്നെ ഏറ്റവും ആകർഷിച്ചത് എന്നാണ് ഒബാമ ഒരിക്കൽ പറഞ്ഞത്. കറുത്തവരും വെളത്തവർക്കുമായി ഒന്നിച്ചുള്ള സ്‌കുളുകളെ ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചപ്പോൾ, ശക്തമായ കാമ്പയിൽ ഉയർന്നത് ബൈഡന്റെ നേതൃത്വത്തിലാണ്. വൈകായെ തന്നെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രധാന വ്യകതിയായി അദ്ദേഹം ഉയർന്നു. ഒബാമയുമായുള്ള സൗഹൃദവും ബൈഡന് ഗുണം ചെയ്തു. ഒബാമക്ക് കൈയടി കിട്ടിയ എല്ലാ പ്രവർത്തനങ്ങളുടെയും ബുദ്ധികേന്ദ്രം ഫലത്തിൽ ബൈഡൻ ആയിരുന്നു. ഒബാമ കെയർ തൊട്ട് ബിൻലാദൻ വേട്ടവരെയുള്ള വിഷയങ്ങളിൽ ബൈഡന്റെയും സംഭാവന ഏറെയാണ്. പക്ഷേ 2008 മുതൽ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ അമേരിക്ക അതിജീവിച്ചിടത്താണ് ശരിക്കും ബൈഡൻ ടീമിന്റെ മിടുക്ക് കിടക്കുന്നത്. ഇതിന് അമേരിക്ക ബൈഡനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഒബാമ ഒരിക്കൽ പറഞ്ഞത്.

.

ഈ പ്രത്യേകതകൾ എല്ലാം തന്നെയാണ് രണ്ടു മസ്തിഷ്‌ക്ക ശസ്ത്രക്രിയകൾ കഴിഞ്ഞ വ്യക്തിയാണെന്ന അനാരോഗ്യകാര്യങ്ങൾ കൂടി കണക്കിലെടുക്കാതെ അദ്ദേഹം തന്നെ മൽസരിക്കണമെന്ന് ഡെമോക്രാറ്റിക്ക് പാർട്ടിയിൽ ആവശ്യം ഉയർന്നത്. മാത്രമല്ല ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ കരിസ്മാറ്റിക്ക് നേതാവുമായ കമലാ ഹാരീസിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിന് ഉണ്ട്.

എന്നും ഇന്ത്യൻ സമൂഹത്തിന് ഒപ്പം

ഒരിക്കലും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താവ് ആയിരുന്നില്ല ബൈഡൻ. എന്നാൽ   ഇസ്‌ലാമിക തീവ്രാവാദം അടക്കമുള്ള കാര്യങ്ങളിൽ ഒബാമയെപ്പോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എടുക്ാറുള്ളതും. എന്നും കറുത്തവർഗക്കാരുടെയും മതന്യൂനപക്ഷങ്ങൾക്കും ഒപ്പമായിരുന്നു ബൈഡൻ. അതുകൊണ്ടുതന്നെ ഇന്ത്യൻ സമൂഹം വോട്ട് ചെയ്തതും ഇദ്ദേഹത്തിന് വേണ്ടി തന്നെയാണ്.
ഏറ്റവുമധികം ഇന്ത്യക്കാരുള്ള അഞ്ച് യുഎസ് സംസ്ഥാനങ്ങളിൽ നാലിലും ജയിച്ചത് ജോ ബൈഡനാണ്. യുഎസ്സിൽ ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോർണിയയിലാണ് ഏറ്റവുമധികം ഇലക്ടറൽ വോട്ടുകളുള്ളത്. 55 വോട്ടാണ് ഇവിടെയുള്ളത്. യുഎസ്സിൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള സംസ്ഥാനവും ഐടി കേന്ദ്രമായ സിലിക്കൺ വാലി ഉൾപ്പെടുന്ന കാലിഫോർണിയ തന്നെ. ലോസ് ഏഞ്ചലസ് അടക്കമുള്ള നഗരങ്ങൾ കാലിഫോർണിയയിലാണുള്ളത്. 5,28,120 ഇന്ത്യക്കാരാണ് കാലിഫോർണിയയിലുള്ളത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 1.42 ശതമാനം ഇന്ത്യക്കാരാണ്. കാലിഫോർണിയയിൽ വലിയ വ്യത്യാസത്തിനാണ് ബൈഡൻ ട്രംപിനെ തോൽപ്പിച്ചത്. 65.4 ശതമാനം വോട്ട് ബൈഡനും 32.7 ശതമാനം വോട്ട് ട്രംപിനും.

കാലിഫോർണിയ കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യൻ ജനസംഖ്യയുള്ള യുഎസ് സംസ്ഥാനങ്ങൾ ന്യൂയോർക്ക് (3,13,620), ന്യൂജഴ്‌സി (2,92,256) എന്നിവയാണ്. ന്യൂയോർക്കിൽ ആകെ ജനസംഖ്യയുടെ 1.62 ശതമാനവും ന്യൂജഴ്‌സിയിൽ ആകെ ജനസംഖ്യയുടെ 3.32 ശതമാനവും ഇന്ത്യക്കാരാണ്. ഇല്ലിനോയ്‌സിൽ 1,88,328 ഇന്ത്യക്കാരുണ്ട്. ആകെ ജനസംഖ്യയുടെ 1.47 ശതമാനം. ഇവിടെയെല്ലാം ജോ ബൈഡൻ വിജയിച്ചു. തീവ്ര കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ട്രംപിനെതിരായ ഇന്ത്യക്കാരുടെ പൊതുവികാരം എന്നതാണ് ഇത് വ്യക്തമാക്കുന്നത്.പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണക്കുന്നവരാണ് യുഎസ്സിലെ ഇന്ത്യൻ സമൂഹമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന നിലയെങ്കിലും യുഎസ്സിൽ ഈ അവസ്ഥയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ മാറ്റങ്ങൾ വരുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോളും ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം ഡെമോക്രാറ്റുകളെ പിന്തുണക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ വൃത്തികെട്ട സ്ഥലമെന്ന് ട്രംപ് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇന്ത്യൻ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന എച്ച് 1 ബി വിസ നിരോധനമടക്കമുള്ള ട്രംപ് ഗവൺമെന്റിന്റെ തീരുമാനങ്ങൾക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.

കാലിഫോർണിയ കഴിഞ്ഞാൽ ഏറ്റവുമധികം ഇലക്ടറൽ വോട്ടുള്ളത് ഇന്ത്യൻ ജനസംഖ്യ നിർണായകമായ ടെക്‌സാസിലാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ അമേരിക്കക്കാരുള്ള അഞ്ചാമത്തെ യുഎസ് സംസ്ഥാനമാണ് ടെക്‌സാസ്. 38 ഇലക്ടറൽ വോട്ടാണ് ഇവിടെയുള്ളത്. 2,45,981 ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 0.98 ശതമാനം. കഴിഞ്ഞ വർഷം ടെക്‌സാസിലെ ഹൂസ്റ്റണിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുത്ത ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യാൻ മോദി ഇന്ത്യക്കാരെ ആഹ്വാനം ചെയ്തിരുന്നു. ഇവിടെ മാത്രമാണ് ട്രംപിന് ജയിക്കാൻ കഴിഞ്ഞത്. ഇന്ത്യക്ക് നല്ലത് ട്രംപ് ആണ് എന്ന വാദത്തെ തള്ളുകയാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം ചെയ്തത്.

ബൈഡനുനേരെയും ലൈംഗിക ആരോപണം

അമേരിക്കൻ പ്രസിഡന്റ് ആരായാലും അവർ ലൈംഗിക വിവാദത്തിൽപെടുക എന്നത് പതിവായിട്ടുണ്ട്. ജോ ബൈഡനും നേരെയും അത്തരത്തിൽ ആരോപണം ഉണ്ടായിട്ടുണ്ട്. 1993ൽ ബൈഡൻ തന്നെ പീഡിപ്പിച്ചെന്നാണ് താരാ റീഡെ (56) എന്ന സ്ത്രീയുടെ പരാതി. പ്രസിഡന്റാകാനുള്ള മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു വിഡിയോ അഭിമുഖത്തിൽ ഇവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.എൻബിസി, ഫോക്സ് ന്യൂസ് എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകൻ ആയിരുന്ന മെഗൻ കെല്ലിയുമായുള്ള ഒരു അഭിമുഖത്തിലാണ് താരാ റീഡെ ബൈഡനെതിരെ ആരോപണം ഉന്നയിച്ചത്. നേരത്തെ ഈ ആരോപണം ഉയർന്നപ്പോൾ 'ഒരിക്കലും സംഭവിച്ചിട്ടില്ല' എന്ന് ബൈഡൻ ആദ്യ പൊതു പ്രസ്താവന നടത്തിയിരുന്നു. ഇതിന് ആറു ദിവസം കഴിഞ്ഞശേഷമാണ് താരയുടെ അഭിമുഖം വന്നത്. 'നിങ്ങളും ഞാനും അവിടെ ഉണ്ടായിരുന്നു, ജോ ബൈഡൻ. ദയവായി മുന്നോട്ട് പോവുക, ഉത്തരവാദിത്തമുള്ള ആളാവുക'. ട്വിറ്ററിൽ ചെയ്ത അഭിമുഖത്തിന്റെ ഒരു ഭാഗത്ത് താരയുടെ പ്രതികരണം ഇതായിരുന്നു.

പോസ്റ്റ് 

1992 ഡിസംബർ മുതൽ 1993 ഓഗസ്റ്റ് വരെ ബൈഡന്റെ യുഎസ് സെനറ്റ് ഓഫിസിൽ സ്റ്റാഫ് അസിസ്റ്റന്റായി താര ജോലി ചെയ്തിരുന്നു. 1993 ൽ ഒരു ദിവസം ബൈഡൻ തന്നെ ചുമരിനോടു ചേർത്തുനിർത്തി പാവാടയ്ക്കുള്ളിലൂടെ കൈകടത്തി ഉപദ്രവിച്ചെന്നാണ് താര അഭിമുഖങ്ങളിൽ ആരോപിക്കുന്നത്. എന്നാൽ ബൈഡൻ പറയുന്നത് ഇങ്ങനെയാണ് . 'ഞാൻ സ്പഷ്ടമായി പറയുന്നു, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല' എന്നായിരുന്നു. ബൈഡൻ സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ മോശമായി സ്പർശിക്കുകയോ ചെയ്തുവെന്നു ഇതുവരെ എട്ട് സ്ത്രീകളാണ് ആരോപണം ഉന്നയിച്ചത്. ഇവരിൽ താര ഒഴികെ ആരും ബൈഡനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടില്ല.

എന്നാൽ ഇവിടെയും ബൈഡൻ വ്യത്യസ്തനാവുന്നത്. താൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഏത് അന്വേഷണവും നേരിടാം എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ ട്രംപിന്റെ പേരിൽ സ്വന്തം മരുമകൾ അടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ചതിനാൽ റിപ്പബ്ലിക്കന്മാർക്ക് ഇത് പ്രചാരണ ആയുധമാക്കാൻ കഴിഞ്ഞില്ല. അമേരിക്കൻ ജനതയാവട്ടെ വ്യകതിപരമായ കാര്യങ്ങൾ പ്രചാരണ വിഷയം ആക്കുന്നതിൽ ഒട്ടും താൽപ്പര്യം കാണിക്കാറുമില്ല.

ആദ്യ തീരുമാനം പരിസ്ഥിതിക്കായി

ഒബാമയും ജോ ബൈഡനും കൊണ്ടുവന്നതെല്ലാം പൊളിച്ചെഴുതുയാണ് ട്രംപ് ചെയ്തത്. അതുപോലെ ട്രംപ് ചെയ്ത് പൊളിച്ച് എഴുതുമെന്നാണ് ഇപ്പോൾ ബൈഡനും പറയുന്നത്. ഒബാമ കെയർ പോളിസിയെ ബൈഡൻ പോളിസി ആക്കി പുനരവതരിപ്പിക്കും എന്നാണ് ജോബൈഡൻ പൊതുജന സമ്പർക്ക പരിപാടികളിൽ അറിയിച്ചത്. ചെറുകിട ബിസിനസുകളെ സഹായിക്കുവാൻ തൊഴിലാളികളുടെ വേതന നിരക്ക് ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും, ട്രംപിന്റെ ഫെഡറൽ ഗവണ്മെന്റ് അതിനുവേണ്ട തീരുമാനങ്ങൾ എടുക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ജോബൈഡൻ ആരോപിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നും ഇറാൻ ആണവ കരാറിൽ നിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റങ്ങൾ. ഇതും പുനഃസ്ഥാപിക്കുമെന്നാണ് ബൈഡൻ പറയുന്നത്.

'ആഗോള സമൂഹത്തിനിടയിൽ അമേരിക്കയുടെ പദവി ഇടിഞ്ഞിരിക്കുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും സഖ്യരാജ്യങ്ങൾക്കിടയിൽ അമേരിക്കയ്ക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു. എല്ലാം തിരിച്ചുപിടിക്കുണം.സൈനികമായും സാമ്പത്തികമായും മാത്രമല്ല, എല്ലാ തലത്തിലും അമേരിക്കയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഓട്ടോ ഇൻഡസ്ട്രി പുരോഗതിയിലേക്ക് നീങ്ങാനുള്ള നടപടികളുണ്ടാകും. മധ്യവർഗത്തെ സുസ്ഥിരമാക്കും'- ബൈഡൻ പറയുന്നത് ഇങ്ങനെയാണ്. 2015ലാണ് ലോകത്തെ ആറ് വൻ ശക്തി രാജ്യങ്ങൾ ഇറാനുമായി കരാർ ഒപ്പുവച്ചത്. യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള രാജ്യങ്ങൾക്ക് പുറമെ ജർമനിയും ഉൾപ്പെടുന്നതായിരുന്നു കരാർ. എന്നാൽ 2018ൽ അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറിയത് യൂറോപ്യൻ രാജ്യങ്ങളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതും ബൈഡൻ പുനഃസ്ഥാപിക്കുമെന്നാണ് അറിയുന്നത്.

പരിസ്ഥിതിവാദികളുടെ പിന്തുണയും കിട്ടിയത് ബൈഡനായിരുന്നു. ജോ ബൈഡന് വോട്ടുചെയ്യാൻ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് അടക്മുള്ളവർ രംഗത്ത് എത്തിയിരുന്നു. കാലവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് ഗ്രേറ്റ വ്യക്തമാക്കി. ''ഞാൻ ഒരിക്കലും പാർട്ടി രാഷ്ട്രീയത്തിൽ ഇടപെടില്ല. പക്ഷെ വരുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് അതിനും മുകളിലും എല്ലാത്തിനുമപ്പുറവുമാണ്'' ഗ്രേറ്റ ട്വിറ്ററിൽ കുറിച്ചു. കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകളെ അവഗണിച്ച ട്രംപ് ദേഷ്യം നിയന്ത്രിക്കനാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് പ്രവർത്തിക്കേണ്ടതെന്നായിരുന്നു ട്രംപ് ഒരിക്കൽ പ്രതികരിച്ചത്.

കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടതിന് ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയറായി ഗ്രെറ്റയെ തെരഞ്ഞെടുത്തിരുന്നു. ഇതിനോട് പ്രതികരിച്ച് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഗ്രെറ്റയെ വിമർശിച്ചത്. 'ഇത് വളരെയധികം ചിരിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനാണ് ഗ്രെറ്റ പ്രവർത്തിക്കേണ്ടത്. അതിന് ശേഷം സുഹൃത്തുമായി ഒരു നല്ല സിനിമയ്ക്ക് പോകണം. ചിൽ ഗ്രെറ്റ, ചിൽ'- ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. യുഎന്നിന്റെ കാലാവസ്ഥ ഉച്ചകോടിയിൽ 16കാരിയായ ഗ്രേറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ഓഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂൾ ഒഴിവാക്കി സ്വീഡിഷ് പാർലമെന്റിന് മുന്നിൽ ആഗോള താപനത്തിനെതിരെ ഗ്രെറ്റസമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടർന്നു. ലോക നേതാക്കൾ ഗ്രെറ്റയുടെപോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗ്രെറ്റ അടക്കമുള്ള ലോകത്തിലെ മിക്ക പരിസ്ഥിതി സംഘടനകളും ബൈഡനാണ് പിന്തുണ കൊടുത്തത്.

വിജയം ഉറപ്പിച്ചതോടെ ബൈഡന്റെ ആദ്യ തീരുമാനം വന്നതും പരിസ്ഥിതിക്ക് വേണ്ടിയാണ്. ജയസൂചന കിട്ടയതോടെ ട്രാൻസിഷൻ സംഘത്തെ ബൈഡൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥിയെ ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിനെ സഹായിക്കുന്നതിനാണ് ഈ സംഘം. ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ ട്രാൻസിഷൻ വെബ്‌സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ ആദ്യ ഭരണതീരുമാനം ബൈഡൻ പ്രഖ്യാപിച്ചിരിക്കയാണ്. പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി റദ്ദാക്കുമെന്ന് ആദ്യ പ്രഖ്യാപനം ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികൾക്ക് ആവേശം ആവുകയാണ്.

 വിക്കനും അപകർഷതാ ബോധമുള്ള കുട്ടിയിൽനിന്ന് 'ലോകത്തിന്റെ അധിപൻ' എന്ന പദവിയിലേക്കുള്ള ജോ ബൈഡന്റെ പ്രയാണം ആർക്കും മാതൃകയാണു താനും. കഠിനാധ്വാനവും അർപ്പണ മനോഭാവവവും ഉണ്ടെങ്കിൽ നിങ്ങളുടെ വളർന്ന ആർക്കും തടയാൻ കഴിയില്ല എന്ന പോസറ്റീവായ സന്ദേശമാണ് ആ ജീവിതം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP