Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം

സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം

എം മനോജ് കുമാർ

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് വിട്ട രീതിയിൽ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പും സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി പോപ്പുലർ ഫിനാൻസ് ഉടമകൾ ഇപ്പോൾ പൊലീസ് പിടിയിലാണ്. അന്വേഷണം സർക്കാർ സിബിഐക്ക് വിടുകയും ചെയ്തു. പോപ്പുലർ ഫിനാൻസിന് സമാനമായ നിക്ഷേപ തട്ടിപ്പിന്റെ കഥയാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പും. കേരള സർക്കാരിന്റെ സ്വന്തം സ്ഥാപനം എന്ന രീതിയിൽ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ച് ഈ തട്ടിപ്പ് കമ്പനി കേരളത്തിൽ നിന്നും കവർന്നത് അഞ്ഞൂറ് കോടിയോളം രൂപയാണ്. പോപ്പുലർ തട്ടിപ്പിൽ നിന്നും വിഭിന്നമായി കെഎച്ച്എഫ്‌സി തട്ടിപ്പിൽ കുടുങ്ങിയത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാരാണ്.

വിരമിച്ച ജീവനക്കാർക്ക് ലഭിച്ച പെൻഷൻ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റി-പിഎഫ് തുകകളുമാണ് കേരളത്തിൽ നിന്നും തട്ടിപ്പ് കമ്പനി ഊറ്റിക്കൊണ്ട് പോയിരിക്കുന്നത്. മുപ്പത് ലക്ഷം മുതൽ ഒരു കോടിക്ക് അടുത്ത തുകയാണ് നിക്ഷേപകരിൽ പലർക്കും നഷ്ടമായത്. കമ്പനി ഉടമകളും മാനേജർമാരും സ്വത്തുക്കൾ വാരിക്കൂട്ടി അപ്രത്യക്ഷരായപ്പോൾ തട്ടിപ്പിന്നിരയായി ആളുകൾക്ക് മുഴുവൻ സമ്പാദ്യവും ജീവിതമാർഗവും നഷ്ടമായ അവസ്ഥയുമായി. ആദ്യമാദ്യം കൃത്യമായി മാസം അവസാനിക്കുന്നതിനു മുൻപ് തന്നെ പലിശ നൽകിയിരുന്ന കമ്പനി 2018 മുതൽ പലിശ നൽകുന്നതിൽ വീഴ്ച വരുത്തി. ഇതോടെ പലിശ കിട്ടാതായതോടെ നിക്ഷേപം തിരികെ ചോദിച്ചപ്പോൾ അതും നല്കിയതില്ല. തുടർന്ന് പല ബ്രാഞ്ചുകളും അടച്ചു പൂട്ടിയ തട്ടിപ്പിന്റെ കഥയാണ് പിന്നീട് വെളിയിൽ വന്നത്. തിരുവനന്തപുരം ഹെഡ് ഓഫീസ് ആയി പ്രവർത്തിച്ചു വന്ന കമ്പനിയാണ് നിക്ഷേപകരെ പറ്റിച്ച് മുങ്ങിയിരിക്കുന്നത്.

തട്ടിപ്പിന്റെ വ്യാപ്തി സൂചിപ്പിച്ചുകൊണ്ട് ഏഴു കോടതികളിൽ കമ്പനിക്ക് എതിരെ 20 കേസുകൾ ഉണ്ട്. 17 പൊലീസ് സ്റ്റെഷനുകളിൽ ആയി 75 ഓളം എഫ്‌ഐആർ ഉണ്ട്. 250 ഓളം പരാതികളുമുണ്ട്. കേരള ഹൈക്കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ട്. നിക്ഷേപകരിൽ നിന്നും തട്ടിയ പണത്തിൽ വലിയ പങ്കു ഇവർ തന്നെ തമിഴ്‌നാട് ആസ്ഥാനമായി തുടങ്ങിയ ഗൃഹചന്ദ് നിധിയിൽ നിക്ഷേപിച്ചതായാണ് വിവരം. ബാങ്കുകൾ നൽകുന്ന പലിശയിൽ നിന്നും വ്യത്യസ്തമായി അതിന്റെ ഇരട്ടിയായ പതിനാലു ശതമാനം പലിശയോളമാണ് കെഎച്ച്എഫ്‌സി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനത്തിൽ കുരുങ്ങിയാണ് മിക്കവർക്കും ജീവിത സമ്പാദ്യം നഷ്ടമായത്.

കമ്പനി എംഡി ജി.ഉണ്ണികൃഷ്ണൻ നായർ അറസ്റ്റിലാണ്. പക്ഷെ നിക്ഷേപകർക്ക് തുക തിരികെ ലഭിക്കുന്ന രീതിയിൽ ഉള്ള ഒരന്വേഷണവും നടക്കുന്നില്ല. പൊലീസ് അന്വേഷണം പേരിനു മാത്രം എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിക്ഷേപം ആകർഷിച്ച മാനേജർമാരെയും എടുത്ത് അകത്തിട്ടുള്ള അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നത്. അഞ്ഞൂറുകോടിക്ക് മുകളിൽ തുക കമ്പനി തട്ടിയെടുത്തതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.ഇതിനായി നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേരള സർക്കാർ സ്ഥാപനങ്ങളുമായി ഈ കമ്പനിക്കുള്ള പേരിലെ സാമ്യമാണ് തട്ടിപ്പിന് ആധാരമാക്കിയത്. അതിനുവേണ്ടി തന്നെയാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേരും തിരഞ്ഞെടുത്തത് എന്നാണ് സൂചന. പരിചയ സമ്പന്നരായ സർക്കാർ-ഇതര സ്ഥാപനങ്ങളിലെ മുതിർന്ന ആളുകളിൽ മിക്കവരും തങ്ങൾ നിക്ഷേപിക്കുന്നത് കേരള സർക്കാരിനു കീഴിലുള്ള കേരള ഹൗസിങ് ഫിനാൻസിലാണ് എന്നാണ് ധരിച്ചത്. കേരള സ്റ്റേറ്റ് ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ നിലവിലുണ്ട്. ഇത് പൂർണമായും സർക്കാർ കമ്പനിയാണ്. ഈ കമ്പനി എന്ന വ്യാജേനയാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പിന് മുതിർന്നത്. പലരും ഉറ്റ ബന്ധുക്കളും അടുപ്പക്കാരും നിർദ്ദേശിച്ചത് അനുസരിച്ചാണ് വിരമിച്ച ജീവനക്കാരിൽ മിക്കവരും പണം നിക്ഷേപിച്ചത്. വലിയ പലിശയും ഇവർ ഓഫർ ചെയ്തിരുന്നു. ഇതും കൂടുതൽ നിക്ഷേപകർ വലയിൽ കുരുങ്ങാൻ കാരണമായി.

കെഎച്ച്എഫ്എല്ലിൽ പണം നിക്ഷേപിച്ചവർ തങ്ങൾക്ക് പരിചയമുള്ളവരെക്കൂടി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ കമ്പനിയുടെ നിക്ഷേപം കൂടുകയും തട്ടിപ്പിന്റെ വ്യാപ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു. . പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പോലെ ഈ നിക്ഷേപതട്ടിപ്പിൽ കുടുങ്ങിയവർക്ക് രംഗത്ത് വരാൻ പ്രയാസമാണ്. അറുപതിനും എഴുപതിനും ഇടയിൽ പ്രായമുള്ള ആളുകളെയാണ് കമ്പനി കുരുക്കിയിരിക്കുന്നത്. റിട്ടയർ ചെയ്യുന്ന സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ-ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരാണ് കമ്പനിയുടെ ഇരകൾ. വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റുവിറ്റിയും പിഎഫ് പണവുമാണ് ഇവർ ഈ കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്നത്. പ്രായാധിക്യവും കോവിഡ് കാരണമുള്ള നിയന്ത്രണങ്ങളും കാരണം ഇവരെല്ലാം നിയമനടപടികൾ ഉറ്റുനോക്കുകയാണ്. വൈകുന്തോറും പണം നഷ്ടമായേക്കും എന്ന ആധിയാണ് നിക്ഷേപകരെ പിടികൂടുന്നത്. അതിനാലാണ് ഇഡി തലത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നത്.

വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അപ്പോൾ തന്നെ കമ്പനി ജീവനക്കാർ ഊറ്റിയെടുത്തിരുന്നു.ഇതിനായി കമ്പനിക്ക് വേണ്ടി ഒരു ലോബി തന്നെ പ്രവർത്തിച്ചിരുന്നു എന്ന സൂചനയാണ് ലഭിച്ചത്. വിരമിക്കുന്ന ജീവനക്കാരുടെ ഫോണുകളിൽ ഇവർ ബന്ധപ്പെടും. സർക്കാർ കമ്പനി എന്ന വ്യാജേനയാണ് സംസാരം. ആറുമാസത്തേക്ക് മതി. പലിശ കൃത്യമായി ലഭിക്കും എന്നൊക്കെ പറഞ്ഞു വലയിൽ വീഴ്‌ത്തും. വിരമിക്കുന്ന വേളയിൽ തന്നെ ഇവർ ഇരകളെ ചൂണ്ടയിൽ കൊരുക്കും. . തങ്ങൾക്ക് ടാർജറ്റ് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ല. ഒരാറ് മാസത്തേക്ക് പെൻഷൻ ആനുകൂല്യങ്ങൾ മുഴുവൻ നിക്ഷേപിക്കണം. നല്ല പലിശയും ഓഫർ ചെയ്യും. ഇവരുടെ ബന്ധുക്കളെ നോട്ടമിട്ടശേഷം അവരുമായി പരിചയമുള്ള ആളുകളെ ബന്ധപ്പെട്ടു അവരെക്കൊണ്ടും കെഎച്ച്എഫ്‌സിൽ നിക്ഷേപം നടത്താൻ സമ്മർദ്ദം ചെലുത്തി. ഇതോടെയാണ് കേരള സർക്കാർ സ്ഥാപനമല്ലേ എന്ന രീതിയിൽ പലരും നിക്ഷേപത്തിന് തയ്യാറായത്. എഴുപത് ലക്ഷം നഷ്ടമായ രാമചന്ദ്രകമ്മത്ത് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

കെഎച്ച്എഫ്ഡിയിൽ നിന്നും ലഭിക്കാൻ ഉള്ളത് 90 ലക്ഷം രൂപ:

ഞാൻ എൻടിപിസിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു. 2015-ലാണ് എജിഎം ആയിരിക്കുമ്പോൾ വിആർഎസ് എടുക്കുന്നത്. എഴുപത് ലക്ഷത്തോളം രൂപയാണു ഞാൻ നിക്ഷേപിച്ചത്. . അവർ പറഞ്ഞ പലിശപ്രകാരം തൊണ്ണൂറു ലക്ഷത്തോളം രൂപ എനിക്ക് തിരികെ നൽകാനുണ്ട്. എനിക്ക് ആകെ ലഭിച്ചത് അഞ്ച് ലക്ഷം രൂപയാണ്. 2015-ൽ നിക്ഷേപം നടത്തിയപ്പോൾ 2018 വരെ പലിശ ലഭിച്ചിരുന്നു. പിന്നീട് പലിശ ലഭിച്ചില്ല. എന്റെ ബന്ധു കെഎച്ച്എഫ്എൽ ഡെവലപ്‌മെന്റ് ഓഫീസർ ആയിരുന്നു. ബന്ധുവും ബ്രാഞ്ച് മാനേജറും കൂടിയാണ് എന്നെ കാണാൻ വന്നത്. ഇരുപതിലേറെ വർഷം പഴക്കമുള്ള കമ്പനിയാണ് എന്ന് പറഞ്ഞു. മകളുടെ വിവാഹമായിരുന്നു 2018-ൽ. അപ്പോൾ പണം വേണമായിരുന്നു. പല തവണകൾ ആയി അഞ്ച് ലക്ഷം രൂപയാണ് തന്നത്. ചേർത്തല പൊലീസ് സ്റ്റെഷനിലാണ് ഞാൻ പരാതി നൽകിയത്. വിവിധ പരാതികൾ ഞാൻ നൽകിയിട്ടുണ്ട്. ഇതിൽ എഫ്‌ഐആർ വന്നിട്ടുണ്ട്.

പ്രമുഖ സ്ഥാപനത്തിൽ നിന്നും വിരമിച്ച വനിതാ പറഞ്ഞത്:

കൊച്ചിയിലെ ക്ഷേത്രത്തിൽ ഞാൻ പതിവായി പോകുമായിരുന്നു. അവിടെ നിന്നാണ് കെഎച്ച്എഫ്‌സി മാനേജരെ പരിചയപ്പെടുന്നത്. ഞാൻ സർവീസിൽ നിന്നും വിരമിക്കുകയാണ് എന്ന് മനസിലാക്കിയാണ് ഇയാൾ എന്നെ സമീപിച്ചത്. സാത്വികനായ ഒരു മനുഷ്യനായി തോന്നി. വളരെ നല്ല രീതിയിൽ ഉള്ള സംസാരവുമായിരുന്നു. എനിക്ക് ടാർജറ്റ് തികയ്ക്കാൻ കഴിഞ്ഞില്ല. പിഎഫ്, ഗ്രാറ്റിവിറ്റി തുക ആറു മാസത്തേക്ക് വേണം. പലിശ കൃത്യമായി നൽകും എന്നാണ് പറഞ്ഞത്. കേരള സർക്കാരിന്റെ സ്വന്തം സ്ഥാപനം എന്ന രീതിയിലാണ് എന്നോടു പറഞ്ഞത്. ഇത് പ്രകാരമാണ് മുപ്പത് ലക്ഷം ഞാൻ നിക്ഷേപം നടത്തിയത്. ഒരു രൂപ പോലും പലിശ ലഭിച്ചില്ല. മുതൽ എനിക്ക് തിരികെ ലഭിച്ചതുമില്ല. ഞാൻ സർവീസിൽ നിന്നും വിരമിച്ചിരിക്കുന്നു. എന്റെ ജീവിത സമ്പാദ്യം വാർധക്യ കാലത്ത് പൂർണമായും നഷ്ടമായിരിക്കുന്നു-ഉദ്യോഗസ്ഥ പറയുന്നു.

ഇങ്ങനെ അസംഖ്യം ആളുകളുടെ കണ്ണീരാണ് കെഎച്ച്എഫ്‌സി നിക്ഷേപത്തിന്റെ പേരിൽ ഒഴുകുന്നത്. നിക്ഷേപകർക്ക് കാശ് തിരികെ ലഭിക്കണം. അതിനു സിബിഐ അന്വേഷണമോ ഇഡി അന്വേഷണമോ വരണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP