Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളം ചാനലിന്റെ തീരുവനന്തപുരത്തെ ഓഫീസിലും ചാനൽ മേധാവി അജിത് കുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; അപ്രതീക്ഷിത നീക്കം നടത്തിയത് ചാനലിൽ ബിലീവേഴ്സ് ചർച്ചിന് കള്ളപ്പണ നിക്ഷേപം ഉണ്ടോ എന്ന് കണ്ടെത്താൻ; മംഗളം അജിത്തിന്റെ സ്വത്തിലും അന്വേഷണം

മംഗളം ചാനലിന്റെ തീരുവനന്തപുരത്തെ ഓഫീസിലും ചാനൽ മേധാവി അജിത് കുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; അപ്രതീക്ഷിത നീക്കം നടത്തിയത് ചാനലിൽ ബിലീവേഴ്സ് ചർച്ചിന് കള്ളപ്പണ നിക്ഷേപം ഉണ്ടോ എന്ന് കണ്ടെത്താൻ; മംഗളം അജിത്തിന്റെ സ്വത്തിലും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപമുണ്ടോ എന്ന സംശയത്തിന്റെ പേരിൽ മംഗളം ചാനലിന്റെ ഓഫീസിലും സിഇഒ അജന്താലയം അജിത് കുമാറിന്റെ വീട്ടിലും ഒരേ സമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. മംഗളം ചാനലിൽ ബിലീവേഴ്‌സ് ചർച്ചിന്റെ നിക്ഷേപമുണ്ടോ എന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരിൽ ബിലീവേഴ്‌സ് ചർച്ച് ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളിയായി തുടരുകയായിരുന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടു ബിലീവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് മംഗളം ചാനലിലും അജിത്ത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്. മംഗളം പത്രത്തിന്റെ ഓഫീസിലാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും പത്രവുമായി ചാനലിന് ബന്ധമില്ലെന്നാണ് മംഗളം പത്ര മാനേജ്‌മെന്റിന്റെ നിലപാട്. അജിത് കുമാറിന് മാത്രമേ ഇതിൽ പങ്കുള്ളൂവന്നും അറിയിച്ചു.

തിരുവനന്തപുരത്ത് മംഗളം പത്രത്തിനോട് ചേർന്നാണ് ചാനലും പ്രവർത്തിക്കുന്നത്. മുമ്പ് പത്രത്തിന്റെ സിഇഒയായിരുന്നു അജിത് കുമാർ. പിന്നീട് ചുമതലകളിൽ നിന്ന് മാറ്റി. അപ്പോഴും ചാനലിന്റെ ചുമതലയിൽ തുടർന്നു. അജിത് കുമാറുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന സൂചനയാണ് ആദായ നികുതി വകുപ്പും നൽകുന്നത്. വീട്ടിലും ചാനൽ ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തുകയായിരുന്നു. ബിലീവേഴ്‌സ് ചർച്ചിലും മംഗളം ചാനലിലും തമ്മിലുള്ള അടുപ്പം കണ്ടെത്താനായിരുന്നു പരിശോധന.

ബിലീവേഴ്സ് ചർച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നു രാവിലെ ആരംഭിച്ചിട്ടുണ്ട്. കെ.പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.

2012ൽ കെ.പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബിലീവേഴ്സ് ചർച്ചിന് കേരളത്തിൽ 10,000 ഏക്കർ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പൽ ഫോർ ഏഷ്യക്ക് 7000 ഏക്കർ ഭൂമിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. യോഹന്നാൻ സുവിശേഷ റേഡിയോയും ടെലിവിഷൻ ചാനലും നടത്തിവരുന്നുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുരുക്കിയതോടെയാണ് മംഗളം ചാനലിന്റ ദുർദശ തുടങ്ങുന്നത്. ഇതിന്റെ പേരിൽ മംഗളം ചാനൽ സിഇഒ അജിത് കുമാർ അറസ്റ്റിലായിരുന്നു. തുടർന്ന് വന്ന കേസും പ്രശ്‌നങ്ങളും അഭിമുഖീകരിക്കാൻ ചാനലിനു കഴിഞ്ഞതുമില്ല.

സാമ്പത്തിക പ്രശ്‌നങ്ങളിൽ കുരുങ്ങിയതോടെ മുന്നോട്ടുള്ള പോക്ക് അസാധ്യവുമായ അവസ്ഥയിലായി. പരിതാപകരമായ അവസ്ഥയിലാണ് ചാനൽ മുന്നോട്ടു നീങ്ങുന്നത്. മിക്ക ജീവനക്കാരും ജോലി ഒഴിവാക്കി പോവുകയും ചെയ്തിരുന്നു. വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ചാനലിൽ ഇപ്പോൾ എത്തുന്നത് .ചാനൽ മറ്റു ഗ്രൂപ്പുകൾ ഏറ്റെടുത്ത് നടത്തും എന്ന് വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധമായ വിവരങ്ങൾ ലഭ്യമായില്ല. ചാനൽ ഗതികെട്ട അവസ്ഥയിൽ മുന്നോട്ടു പോകുമ്പോൾ തന്നെയാണ് ആദായവകുപ്പിന്റെ റെയ്ഡും വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP