Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസിനെ കണ്ടതോടെ തിരിഞ്ഞോടിയ വേൽമുരുകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വെടി വച്ചതോ? ഇടത് ചെവിയുടെ പിറകിലായി തലക്കും ഇടത് കൈക്കും പുറത്തും വെടിയേറ്റത് ചർച്ചയാക്കുന്നത് ദുരൂഹത; ആദ്യ വെടിവച്ചത് മാവോയിസ്റ്റുകൾ എന്ന വാദത്തിൽ ഉറച്ച് തണ്ടർബോൾട്ടും; ബാണാസുര വനത്തിൽ നിരീക്ഷണം അതിശക്തം

പൊലീസിനെ കണ്ടതോടെ തിരിഞ്ഞോടിയ വേൽമുരുകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വെടി വച്ചതോ? ഇടത് ചെവിയുടെ പിറകിലായി തലക്കും ഇടത് കൈക്കും പുറത്തും വെടിയേറ്റത് ചർച്ചയാക്കുന്നത് ദുരൂഹത; ആദ്യ വെടിവച്ചത് മാവോയിസ്റ്റുകൾ എന്ന വാദത്തിൽ ഉറച്ച് തണ്ടർബോൾട്ടും; ബാണാസുര വനത്തിൽ നിരീക്ഷണം അതിശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : വയനാട്ടിലെ ബാണാസുര വനത്തിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. വേൽമുരുകന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സ്വദേശമായ മധുരയിലേക്കു ബന്ധുക്കൾ രാത്രി ഒൻപതു മണിയോടെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങി. ഏറ്റുമുട്ടലിലാണ് മാവോവാദിക്ക് വെടിയേറ്റതെന്ന പൊലീസിന്റെയും സർക്കാറിന്റെയും വാദം പൊളിയുന്നുവെന്നും റിപ്പോർട്ടുണ്ട്. വേൽമുരുകന് വെടിയേറ്റത് പിന്നിൽനിന്നാണെന്ന് വിവരം ലഭിച്ചു. ഇടത് ചെവിയുടെ പിറകിലായി തലക്കും ഇടത് കൈക്കും പുറത്തും വെടിയേറ്റിട്ടുണ്ട്.

വേൽമുരുകൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരൻ അഡ്വ. മുരുകൻ ആരോപിച്ചിട്ടുണ്ട്. ഏറെ അടുത്ത് നിന്ന് വെടിയുതിർത്തതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂർണമായി കാണിക്കാൻ തയാറായില്ലെന്നും മുരുകൻ ആരോപിച്ചു. അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഏകപക്ഷീയമായിരുന്നില്ലെന്ന് ആവർത്തിച്ച് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി രംഗത്തെത്തി. തുടർച്ചയായ വെടിവയ്‌പ്പുണ്ടായെന്നും എസ്‌പി വിശദീകരിച്ചു. അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബെന്നിക്കാണ് അന്വേഷണ ചുമതല.

പൊലീസിനെ കണ്ടതോടെ തിരിഞ്ഞോടിയ വേൽമുരുകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വെടിയുതിർത്തതായി ആരോപണം ഉയർന്നുകഴിഞ്ഞു. ദേഹത്തെ പരിക്കുകളും സംശയം ഉയർത്തുന്നു. മൃതദേഹം കിടന്ന സ്ഥലത്തെ കുറിച്ചും സംശയങ്ങളുണ്ട്. മേഖലയിൽ തണ്ടർബോൾട്ടിെന്റ പതിവ് പട്രോളിങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ്. സ്വയം രക്ഷാർഥമാണ് പൊലീസ് തിരിച്ചുവെടിവെച്ചതെന്നും പൊലീസ് പറയുന്നു.

18 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘമാണ് പട്രോളിങ് നടത്തിയത്. സംഭവ സ്ഥലത്തുനിന്ന് തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുനിന്ന് രക്തക്കറകളും കണ്ടെത്തി. ഇത് രക്ഷപ്പെട്ട ആരുടെയെങ്കിലും ആണോയെന്നത് വിദഗ്ധ പരിശോധനക്കുശേഷം മാത്രമേ പറയാനാകൂ. വേൽമുരുകനെതിരെ വയനാട്ടിലെ വിവിധ സ്‌റ്റേഷനുകളിൽ ഏഴു യു.എ.പി.എ കേസുകളുണ്ട്. തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളിലും കേസുകളുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് രണ്ടു ലക്ഷം തമിഴ്‌നാട് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, രക്ഷപ്പെട്ടവർക്കായി ബുധനാഴ്ചയും മേഖലയിൽ നക്‌സൽ വിരുദ്ധ സേന തിരച്ചിൽ നടത്തി. ഏറ്റുമുട്ടൽ നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തെ മരങ്ങളിൽ വെടിയേറ്റ പാടുകൾ ഉണ്ട്. മരം ചിതറിയ നിലയിലാണ്. സംഭവദിവസം മാധ്യമപ്രവർത്തകരെ മണിക്കൂറുകൾ തടഞ്ഞുവെച്ച പൊലീസ് ബുധനാഴ്ച ഏഴ് ഫോട്ടോഗ്രാഫർമാർക്ക് സ്ഥലത്തേക്ക് പോകാൻ അനുമതി നൽകി. വേൽ മുരുകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനെത്തിച്ച മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘർഷം ഉണ്ടായിരുന്നു. വേൽമുരുകന്റെ കുടുംബവുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറുടെ അനുമതിയോടെ എത്തിയ നാല് കോൺഗ്രസ് നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു പുറത്താക്കി. തുടർന്നു കോൺഗ്രസ് നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തി.

കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺ കുമാർ, ഡിസിസി പ്രസിഡന്റ് യു. രാജീവൻ എന്നിവരെയാണു നോർത്ത് അസി.കമ്മിഷണർ കെ.അഷറഫിന്റെ നേതൃത്വത്തിൽ തടഞ്ഞത്. മോർച്ചറിയിലേക്കുള്ള വഴിയുടെ ഇരുവശത്തും കനത്ത പൊലീസ് കാവൽ ഒരുക്കിയിരുന്നു. പിന്നീടു മോർച്ചറി സന്ദർശിക്കാനെത്തിയ എം.കെ.രാഘവൻ എംപിയെയും പൊലീസ് തടഞ്ഞു.ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണു വേൽമുരുകന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെതുടർന്ന് ഇന്നലെ രാവിലെ പൊലീസ് ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയാക്കി. ശരീരത്തിൽ തറച്ച വെടിയുണ്ടകൾ കണ്ടെത്താൻ എക്‌സറേ പരിശോധന നടത്തി.

അമ്മ കണ്ണമ്മാൾ, വേൽമുരുകന്റെ സഹോദരനും മധുര കോടതിയിലെ അഭിഭാഷകനുമായ മുരുകൻ എന്നിവരും സുഹൃത്തുക്കളും മൂന്നരയോടെ ആശുപത്രിയിൽ എത്തി. ബന്ധുക്കൾ കണ്ട ശേഷമേ പോസ്റ്റ്‌മോർട്ടം നടത്താവൂ എന്നു വേൽമുരുകന്റെ സഹോദരൻ വയനാട് കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. അവരെ മൃതദേഹം കാണിച്ച ശേഷം ഫൊറൻസിക് മേധാവി ഡോ. കെ.പ്രസന്നന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ മൂന്നംഗ സംഘം രണ്ടുമണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP