Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹസർ തയ്യാറാക്കിയത് പത്ത് മണിക്കൂർ നീണ്ട റെയ്ഡിനുള്ളിൽ; അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡിൽ തർക്കം തുടരുമ്പോൾ വീട്ടിൽ രാത്രിയിലും തുടർന്ന് ഇഡി; കണ്ടെടുത്തതെല്ലാം വീട്ടിൽ കൊണ്ടു വച്ചതെന്ന നിലപാടിൽ സിപിഎമ്മും; ബിനീഷിനെ രക്ഷിക്കാൻ എല്ലാ വഴിയും തേടി കുടുംബം; സ്വത്തെല്ലാം മരവിപ്പിക്കാൻ കേന്ദ്രഏജൻസിയും; കാർ പാലസ് മുതലാളി അബ്ദുൾ ലത്തീഫിനും എല്ലാം നഷ്ടമാകും

മഹസർ തയ്യാറാക്കിയത് പത്ത് മണിക്കൂർ നീണ്ട റെയ്ഡിനുള്ളിൽ; അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡിൽ തർക്കം തുടരുമ്പോൾ വീട്ടിൽ രാത്രിയിലും തുടർന്ന് ഇഡി; കണ്ടെടുത്തതെല്ലാം വീട്ടിൽ കൊണ്ടു വച്ചതെന്ന നിലപാടിൽ സിപിഎമ്മും; ബിനീഷിനെ രക്ഷിക്കാൻ എല്ലാ വഴിയും തേടി കുടുംബം; സ്വത്തെല്ലാം മരവിപ്പിക്കാൻ കേന്ദ്രഏജൻസിയും; കാർ പാലസ് മുതലാളി അബ്ദുൾ ലത്തീഫിനും എല്ലാം നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് പൂർത്തിയായിട്ടും വീട്ടിൽ നിന്ന് മടങ്ങാനാവാതെ ഇഡി ഉദ്യോഗസ്ഥർ. മഹസറിൽ ബിനീഷിന്റെ കുടുംബം ഒപ്പിട്ടു നൽകാത്തതു കൊണ്ടാണ് ഇത്. നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ക്രെഡിറ്റ് കാർഡ് കണ്ടെത്തിയെന്ന ഇഡിയുടെ കണ്ടെത്തലാണ് ഇതിന് കാരണം. ബിനീഷിന്റേയും സുഹൃത്ത് കാർപാലസ് ഉടമ മുഹമ്മദ് ലത്തീഫിന്റെയും സ്വത്ത് എല്ലാം കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം.

ബനീഷിന്റെ വീട്ടിലെ റെയ്ഡ് പത്തുമണിക്കൂർ നീണ്ടു നിന്നു. രേഖകൾ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. രേഖകളിൽ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്ഡിൽ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതുകൊണ്ട് ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇതിനെ തുടർന്ന് ബിനീഷ് കോടിയേരിയുടെ വീട്ടിൽ അഭിഭാഷകനെത്തി ഒപ്പിടുന്ന രേഖകൾ പരിശോധിച്ചു. രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകൻ നിലപാടെടത്തു. രേഖകൾ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് റെയ്ഡ് പൂർത്തിയായിട്ടും ഉദ്യോഗസ്ഥർക്ക് മടങ്ങാനായില്ല. രേഖകൾ പുറത്തുനിന്നും കൊണ്ടുവന്നതാണന്ന് സിപിഎം ആരോപിക്കുന്നുണ്ട്.

ബംഗളൂർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് നിസ്സഹരിക്കുന്നുവെന്ന് ഇഡി കോടതിയിൽ പറഞ്ഞെങ്കിലും ബിനീഷിൽ നിന്നും നിർണ്ണായകമായ പല വിവരങ്ങളും ഇഡിക്ക് ലഭിച്ചതായി സൂചന. ബിനീഷ് അവിഹിതമായി സമ്പാദിച്ചതായി കരുതുന്ന സ്വത്തുവകകൾ ഇഡി അറ്റാച്ച് ചെയ്യാനുള്ള സാധ്യതകൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് മഹസർ അടക്കമുള്ളവയിൽ ഒപ്പിടാതെ ബിനീഷിന്റെ കുടുംബം നിസ്സഹകരണം തുടരുന്നത് എന്നാണഅ വിലയിരുത്തൽ. ബിനീഷിന്റെ അവിഹിത സ്വത്തുക്കൾ കണ്ടുപിടിക്കുകയും അത് അറ്റാച്ച് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത് എന്ന സൂചനകൾ വെളിയിൽ വന്നിട്ടുണ്ട്.

അവിഹിത സ്വത്ത് വകകൾ പിടിച്ചെടുക്കാനുള്ള ജുഡീഷ്യൽ പവർ കൂടി ഇഡിക്ക് ഉള്ളതിനാൽ ബിനീഷിനു നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും ഇന്നു ഇഡി പരിശോധന നടത്തിയ മരുതംകുഴിയിലെ വീടുൾപ്പെടെ ഇഡി അറ്റാച്ച്ചെയ്തേക്കും എന്ന സൂചനയാണ് ശക്തമാകുന്നത്.

കാർ പാലസിന് കുരുക്ക് മുറുകുന്നു

ബിനീഷ് വൻ തോതിൽ ലഹരി ഇടപാടിനും പണം മുടക്കിയിരുന്നെന്ന് ഇഡിയുടെ നിലപാട്. അതുകൊണ്ട് തന്നെ കണ്ടെടുക്കുന്ന വിവരങ്ങൾ അതിനിർണായകമാണ്. അതിനാലാണ് തിരുവനന്തപുരത്തിനപ്പുറം കണ്ണൂരിലേക്കും പരിശോധന നടത്തിയത്. ബിസിനസ് പങ്കാളിയായ അനസ് വലിയപറമ്പത്തിന്റെ ധർമടത്തെ വീട്ടിലാണ് പരിശോധന നടത്തിയത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂർ സെക്രട്ടറിയാണ് അനസ്. വീട്ടിനകത്തും പരിസരത്തും പരിശോധിച്ച സംഘം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള രേഖകൾ കണ്ടെടുത്തു. ഇവ ഭാഗീകമായി കത്തിച്ചതായും സൂചനയുണ്ട്.

ബിനീഷിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിർണ്ണായക റെയ്ഡാണ് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇനിയും ബിനീഷിനെ ചോദ്യം ചെയ്യൽ. ബിനീഷിന്റെ പങ്കാളി അബ്ദുൾ ലത്തീഫിനേയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ലത്തീഫിനോട് ഉടൻ ബംഗളൂരുവിൽ എത്താൻ ഇഡി ആവശ്യപ്പെടും. കാർപാലസ് മുതലാളിയും കേസിൽ അറസ്റ്റിലാകുമെന്നാണ് സൂചന. സ്വർണ്ണ കടത്തിന് ഈ സംഘത്തിനുള്ള ബന്ധവും പരിശോധിക്കും. ഇതിന് വേണ്ടിയാണ് തിരുവനന്തപുരത്തും കണ്ണൂരിലുമുള്ള ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

ബുധനാഴ്ച, ഇഡി സംഘം ആദ്യം എത്തിയത് ഇടക്കിടെ കോടിയേരി ബാലകൃഷ്ണനും കുടുംബവും താമസിക്കാറുള്ള ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീട്ടിലേക്കാണ്. ആറ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കാനായി കേന്ദ്ര സേനയും കർണാടക പൊലീസും തോക്കേന്തി വീടിന് മുന്നിൽ നിരന്നു. കേരള പൊലീസ് എത്തിയെങ്കിലും ഗേറ്റിനുള്ളിലേക്ക് കയറ്റിയില്ല. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അരമണിക്കൂറോളം കാത്ത് നിന്ന സംഘം ബിനീഷിന്റെ ഭാര്യയേയും ബന്ധുക്കളെയും വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധന തുടങ്ങിയത്.

ഇതേസമയം സ്റ്റാച്യുവിലെ റിയൽ എസ്റ്റേറ്റ്, ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് സ്ഥാപനമായ ടോറസ് റെമഡീസിലും കേശവദാസപുരത്തെ കാർ അക്‌സസറീസ് സ്ഥാപനമായ കാർ പാലസിലും പട്ടത്തെ കെ.കെ.ഗ്രാനൈറ്റ്‌സിലും ഇഡി കയറി. ഇവയെല്ലാം ബിനീഷിന്റെ ബെനാമി സ്ഥാപനമെന്നാണ് ഇഡിയുെട സംശയം. കാർ പാലസിന്റെ ഉടമയായ അബ്ദുൾ ലത്തീഫിന്റെ വീട്ടിലും ബിനീഷിന്റെ സുഹൃത്തിന്റെ അരുവിക്കരയിലെ വീട്ടിലും പരിശോധന നടത്തി.

വസ്തുക്കൾ എല്ലാം കണ്ടുകെട്ടും

അവിഹിത സമ്പാദ്യം പിടിച്ചെടുക്കാൻ ഇഡിക്ക് അധികാരമുണ്ടെങ്കിലും കോടതി വഴിയാകും ഇഡിയുടെ നീക്കങ്ങൾ. കരുതിയതിലും വിപുലമായ അവിഹിത സമ്പാദ്യങ്ങളും മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യമാണ് ബിനീഷിന്റെതാണ് ഇഡിയുടെ വിലയിരുത്തൽ. ബിനീഷിന്റെ അവിഹിത സമ്പാദ്യങ്ങൾ കണ്ടെത്തി അവ അറ്റാച്ച് ചെയ്യാനാണ് ബംഗളൂരുവിലെ ഇഡി സംഘം കേരളത്തിൽ എത്തിയത് എന്ന സൂചനയാണ് ശക്തമാകുന്നത്.

തിരുവനന്തപുരത്ത് ഇഡി നേരിട്ട് വന്നുള്ള അന്വേഷണവും ഇതിന്റെ ഭാഗമാണ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഒപ്പം വന്നത് ബിനീഷുമായി ബന്ധപ്പെട്ട എല്ലാ ആദായനികുതി രേഖകളും പരിശോധിക്കാൻ വേണ്ടിയാണ്. ഇൻകംടാക്സുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അവർ പരിശോധിക്കുന്നുണ്ട്. കാർ പാലസ്, യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവ തുടങ്ങിയ സ്ഥാപനങ്ങളുമായി ലത്തീഫിന് ബന്ധമുണ്ട്. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് മുൻപിൽ ബിനീഷ് നൽകിയിട്ടുണ്ട്. ശംഖുമുഖം കോഫീ ഹൗസ് നടത്തിപ്പും ലത്തീഫ് തന്നെയാണ്. ശംഖുമുഖം കോഫീ ഹൗസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. ഇഡിയുടെ ഈ അന്വേഷണം ശംഖുമുഖം റെസ്റ്റോറന്റിനു ലോൺ നൽകിയ പഞ്ചാബ് നാഷണൽ ബാങ്കിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

ശംഖുമുഖം കോഫീ ഹൗസിന് ഇഡി അറ്റാച്ച്മെന്റ് നോട്ടീസ് നൽകിയേക്കും എന്ന വിവരമാണ് ബാങ്ക് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. അതിനാൽ ലോൺ അടവിന്റെ തെറ്റിയതിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ആദ്യമേ അറ്റാച്ച്മെന്റ് നോട്ടീസ് പതിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഒരുങ്ങുന്നുണ്ട് എന്ന സൂചനയുണ്ട്.ബിനാമി ഇടപാടിന്റെ പേരിൽ ഇഡി അറ്റാച്ച്മെന്റ് നോട്ടീസ് പതിച്ചാൽ ബാങ്കിന് ലോൺ തിരികെ ഈടാക്കാൻ കഴിയാത്ത അവസ്ഥ വന്നേക്കും. ഇഡി റെയിഡുമായി ബന്ധപ്പെട്ടു ഇന്നു അറിയാൻ കഴിയുന്ന കാര്യം ശംഖുമുഖം റെസ്റ്റോറന്റ് അവർ ഗൗരവമായി പരിഗണിക്കുന്നു എന്നാണ്.

7 വർഷത്തിനിടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1,22,12,233 കോടി രൂപയാണ്. അക്കൗണ്ടിൽ എത്തിയത് 5,17,36,600 രൂപയും ഇതിനൊന്നും ബിനീഷ് മറുപടി നൽകിയിട്ടില്ല. ഇതുകൊണ്ടാണ് ബിനീഷിന്റെ കസ്റ്റഡി വീണ്ടും പ്രത്യേക കോടതി നീട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP