Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരുതംകുഴിയിലെ വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡു കണ്ടെത്തിയെന്ന് ഇഡി; കേന്ദ്ര ഏജൻസി കൊണ്ടു വച്ചെടുത്തതെന്ന് ബിനീഷിന്റെ ഭാര്യ; മഹസറിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ഓടിയെത്തിയത് സിപിഎം ബന്ധമുള്ള അഭിഭാഷകൻ; കണ്ണൂരിലെ അനസിന്റെ വീട്ടിൽ ചാക്കിൽ കെട്ടി കത്തിച്ച രേഖകൾ; കാർപാലസ് ഉടമയ്ക്ക് കുരുക്ക് മുറുകും

മരുതംകുഴിയിലെ വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡു കണ്ടെത്തിയെന്ന് ഇഡി; കേന്ദ്ര ഏജൻസി കൊണ്ടു വച്ചെടുത്തതെന്ന് ബിനീഷിന്റെ ഭാര്യ; മഹസറിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ഓടിയെത്തിയത് സിപിഎം ബന്ധമുള്ള അഭിഭാഷകൻ; കണ്ണൂരിലെ അനസിന്റെ വീട്ടിൽ ചാക്കിൽ കെട്ടി കത്തിച്ച രേഖകൾ; കാർപാലസ് ഉടമയ്ക്ക് കുരുക്ക് മുറുകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ബിനീഷിന്റെ കുടുംബവും തമ്മിൽ തർക്കം. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എടിഎം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു. എന്നാൽ കാർഡ് എൻഫോഴ്‌സ്‌മെന്റ് കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബവും.

ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇഡിയുടെ രേഖകളിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു. തർക്കം രൂക്ഷമായതോടെ തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ മുരുക്കുമ്പുഴ വിജയകുമാർ ബിനീഷിന്റെ വീട്ടിലെത്തി. സി പി എം പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ബിനീഷിന്റെ വീടുകളിലും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങളിലുമടക്കം എട്ടിടങ്ങളിലായിരുന്നു പരിശോധന. ബിനീഷിനെ ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ തന്നെ ഇവിടെ താമസിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിന് സമീപത്തെ ഫ്‌ളാറ്റിലേക്ക് മാറിയിരുന്നു.

അറസ്റ്റിന് പിന്നാലെ ബിനീഷിെന്റ കുടുംബവും മാറി. ഉദ്യോഗസ്ഥരെത്തി മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും മരുതൻകുഴിയിലെ വീട്ടിലെത്തിയത്. അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാറും എത്തി. രാത്രി ഏഴോടെയാണ് പരിശോധന പൂർത്തിയായത്. കണ്ടെത്തിയെന്ന നിലയിൽ ഉദ്യോഗസ്ഥർ കാണിച്ച പല രേഖകളും അവർ കൊണ്ടുവന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, സാക്ഷികളുണ്ടെന്ന് ഉദ്യോഗസ്ഥർ വാദിച്ചതോടെയാണ് തർക്കമായത്.

ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനസിന്റെ കണ്ണൂരിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയും കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയിൽ നിരവധി രേഖകൾ ഇഡിക്ക് ലഭിച്ചെന്നാണ് വിവരം. കത്തിച്ച നിലയിൽ ചാക്കിൽ രേഖകൾ ഇഡി കണ്ടെത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ആരോപണമുയർന്ന കാർപാലസ് ഉടമ അബ്ദുൽ ലത്തീഫിനെതിരെ കൂടുതൽ കുരുക്കുമുറുക്കി ഇ.ഡി. മുന്നോട്ടു പോകുകയാണ്. ലത്തീഫിന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു.

ബിനീഷ് കോടിയേരിയുടെ പല ഇടപാടുകൾക്കും നേതൃത്വം വഹിച്ചത് അബ്ദുൽ ലത്തീഫാണെന്ന നിഗമനത്തിലാണ് നീക്കം. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് കവടിയാർ ഗോൾഫ് ലിങ്‌സിലുള്ള ലത്തീഫിന്റെ വീട്ടിൽ അഞ്ച് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയത്. സിആർപിഎഫ് സുരക്ഷയും ഒരുക്കിയിരുന്നു. പത്തോടെ ലത്തീഫിന്റെ കാർ പാലസിലും പരിശോധന നടന്നു. വീട്ടിലുണ്ടായിരുന്ന ലത്തീഫിന്റെയും ഭാര്യയുടെയും മൊഴികൾ രേഖപ്പെടുത്തിയ ഇ.ഡി സംഘം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു.

കൂടുതൽ ചോദ്യംചെയ്യലിന് വിളിക്കുമെന്നും ഹാജരാകണമെന്നുമുള്ള നിർദ്ദേശം നൽകിയാണ് മടങ്ങിയത്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അബ്്ദുൽ ലത്തീഫുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസ് പ്രതിയല്ലെന്ന് ലത്തീഫ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. അബ്ദുൽ ലത്തീഫിന് പുറമെ മറ്റ് മൂന്ന് പേർക്കുകൂടി ബിനാമി ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം. ബിനീഷിനെതിരെ ആദായ നികുതി വകുപ്പും കേസെടുക്കുമെന്ന സൂചനയും അന്വേഷണ ഏജൻസി വൃത്തങ്ങൾ നൽകുന്നു.

അതേസമയം ബിനീഷ് നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ബംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയ അറിയിച്ചു .കഴിഞ്ഞ ദിവസം ബംഗളൂരു സെഷൻസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ബിനീഷിനെ ബംഗളൂരു ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ബിനീഷ് കോടിയേരിക്കെതിരായ കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്റെ ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങൾ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP