Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ കണ്ടിരുന്ന പാർട്ടിയുടെ അതിവിശ്വസ്തൻ; കോൺസുലേറ്റ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയെന്നും സംശയം; കുരുക്കായത് വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും വിളിച്ചുവെന്ന മൊഴി; ഇഡി നോട്ടീസ് നൽകിയത് സെക്രട്ടറിയേറ്റിലെ 'മിനി മുഖ്യനെ'; സിഎം രവീന്ദ്രനെ പിണറായി കൈവിടുമോ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ കണ്ടിരുന്ന പാർട്ടിയുടെ അതിവിശ്വസ്തൻ; കോൺസുലേറ്റ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയെന്നും സംശയം; കുരുക്കായത് വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും വിളിച്ചുവെന്ന മൊഴി; ഇഡി നോട്ടീസ് നൽകിയത് സെക്രട്ടറിയേറ്റിലെ 'മിനി മുഖ്യനെ'; സിഎം രവീന്ദ്രനെ പിണറായി കൈവിടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകുമ്പോൾ ഏവരും ഇനി ഉറ്റു നോക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നിരവധി ആക്ഷേപങ്ങൾ രവീന്ദ്രനെതിരെ ഉയരുന്നുണ്ട്. സി.എം. രവീന്ദ്രനും എം.ശിവശങ്കറും തമ്മിലുള്ള ചില ഇടപാടകൾ നേരത്തെ സംശയമുണർത്തിയിരുന്നു. ഇതിനേത്തുടർന്നാണ് ശിവശങ്കറിന് പിന്നാലെ സി.എം.രവീന്ദ്രനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് എന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരാളെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിച്ചിവരുത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ശിവശങ്കർ സംശയത്തിന്റെ നിഴലിൽ വന്നപ്പോ്ൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മാറ്റി നിർത്തി. പിന്നീട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. രവീന്ദ്രൻ പാർട്ടി നോമിനിയാണ്. അതുകൊണ്ട് തന്നെ എന്ത് നടപടി എടുക്കുമെന്നതാണ് പ്രധാനം. രവീന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും പിന്നീട് കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്താൽ അത് പലവിധ ചർച്ചകൾക്കും കാരണമാകും. കസ്റ്റംസും എൻഐഎയും എല്ലാം രവീന്ദ്രനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

സിപിഎമ്മിലെ ഒരു വിഭാഗം രവീന്ദ്രനെ പുറത്താക്കണമെന്ന നിലപാടിലാണ്. ഇത് പിണറായി ഉടൻ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുടി കളർ ചെയ്ത് ആകർഷകമായ വസ്ത്രങ്ങളും ധരിച്ച് കോർപ്പറെറ്റ് ഇംഗ്ലീഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ എന്തുകൊണ്ട് രവീന്ദ്രൻ തടഞ്ഞില്ലെന്ന ചോദ്യം നേരത്തെ തന്നെ പാർട്ടി കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. സ്വപ്ന വിഎസിന്റെ ഓഫീസിൽ ഈ രീതിയിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ രണ്ടാം ദിവസം തന്നെ സ്വപ്നയെക്കുറിച്ചുള്ള സകല റിപ്പോർട്ടും വിഎസിന്റെ മുന്നിൽ എത്തുമായിരുന്നു. ഇതിൽ വിഎസിന്റെ ഇടപെടലും വരുമായിരുന്നു. ഇതോടെ സന്ദർശനത്തിനും നീക്കങ്ങൾക്കും കൂച്ച് വിലങ്ങു വീഴും. ഇതാണ് ഇടത് ഭരണത്തിന്റെ രീതി. ഈ രീതി അറിയാവുന്ന രവീന്ദ്രൻ എന്തുകൊണ്ട് സ്വപ്നയുടെ നീക്കങ്ങൾ തടഞ്ഞില്ലെന്ന ചോദ്യം സജീവ ചർച്ചാ വിഷയമായിരുന്നു.

സ്വപ്നക്കെതിരായി നിരന്തരം വന്ന ഇന്റലിൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താതെ പൂഴ്‌ത്തിയതിന് പിന്നിലും വിശ്വസ്തനായ ഈ അഡീഷണൽ പിഎസിന്റെ കരങ്ങൾ തന്നെയാണെന്ന ആക്ഷേപം ശക്തമാണ്. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോൾ സർവ അധികാരങ്ങളും ഇവരിൽ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തെങ്കിലും നടക്കണമെങ്കിൽ രവീന്ദ്രൻ വിചാരിക്കണം. രവീന്ദ്രൻ വിളിച്ചു പറഞ്ഞാൽ അത് നടക്കുകയും ചെയ്യും. ഇത്രമാത്രം അധികാര ശക്തിയുണ്ടായിരുന്ന രവീന്ദ്രന് സ്വപ്ന-ശിവശങ്കർ ബന്ധം അറിയാൻ കഴിഞ്ഞില്ലെന്നും സ്വർണ്ണക്കടത്ത് അറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞാൽ അത് വിശ്വാസത്തിൽ എടുക്കാൻ പാർട്ടി കേന്ദ്രങ്ങൾ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇഡി രവീന്ദ്രനേയും ചോദ്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ രവീന്ദ്രനെതിരെ എന്ത് തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നതാണ് ഇനി ശ്രദ്ധേയം.

മുഖ്യമന്ത്രിയുടെ സന്തത സഹചാരിയാണ് രവീന്ദ്രൻ. ഇടത് ഭരണം വന്നപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും സർക്കാർ പദവികൾ ഒരു മുടക്കവും കൂടാതെ ലഭിച്ച വ്യക്തിയാണ് രവീന്ദ്രൻ. പിണറായിയോടും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് പദവികൾ രവീന്ദ്രനെ തേടി വരാൻ കാരണമായത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പല തീരുമാനങ്ങൾക്കും പ്രേരകശക്തികൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും രവീന്ദ്രനുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇവർ ഇരുവരും അറിയാതെ ഒരു നീക്കവും വന്നിട്ടില്ലെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും വീടുമായും ഒരേ പോലെ ബന്ധമുള്ളയാളാണ് രവീന്ദ്രൻ. ലാവ്ലിൻ കാലം മുതൽ രവീന്ദ്രന് പിണറായി വിജയനുമായി അടുപ്പമുണ്ട്. വിഎസിന്റെ പേഴ്സണൽ സ്റ്റാഫിലും കോടിയേരിയുടെ പെഴ്സണൽ സ്റ്റാഫിലും മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിലും അനായാസം കടന്നുകയറാൻ രവീന്ദ്രന് കഴിഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിനെ നിയന്ത്രിക്കുമ്പോൾ പാർട്ടി ഏർപ്പെടുത്തിയ എല്ലാ നിർദ്ദേശങ്ങളിലും ഇളവ് ലഭിച്ച ഒരാൾ രവീന്ദ്രനായിരുന്നു. ഇത് രവീന്ദ്രന് പാർട്ടി കേന്ദ്രങ്ങളുമായുള്ള അടുപ്പത്തിനു തെളിവുമായിരുന്നു. ശിവശങ്കറിന് പുറമേ മറ്റൊരാൾകൂടി തന്നെ വിളിച്ചിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി കൂടുതൽ വിശദമായി ചോദിച്ചപ്പോഴാണ് 'വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റുമായി വിളിക്കാറുണ്ടായിരുന്നു' എന്ന മൊഴി നൽകിയത്. സിഎം രവീന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിശക്തനെ കുറിച്ചാണ് സംശയം ഉയരുന്നത്. സ്വപ്നയുടെ ഫോൺ പരിശോധിച്ചതിൽ ഈ നമ്പറിൽനിന്ന് വിളികൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ശിവശങ്കർ ഐഎഎസുകാരനാണെങ്കിൽ രവീന്ദ്രൻ പാർട്ടിയുടെ നോമിനിയാണ്. ഊരാളുങ്കൽ സൊസൈറ്റിയുമായും അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഈ സൊസൈറ്റിയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും കേന്ദ്ര ഏജൻസികൾക്കുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തുകയാണ്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രവീന്ദ്രന് നിർണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനൻ പ്രതിപക്ഷ നേതാവായപ്പോൾ പാർട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാർട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോൾ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രൻ എന്ന് കരുതുന്ന പലരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP