Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനും കുരുക്കിലേക്ക്; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ്; നടപടി ശിവശങ്കറിന്റേയും സ്വപ്‌നാ സുരേഷിന്റേയും മൊഴികളുടെ അടിസ്ഥാനത്തിൽ; ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ രവീന്ദ്രനേയും അറസ്റ്റ് ചെയ്‌തേയ്ക്കും; സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിസന്ധിയിലേക്ക്

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനും കുരുക്കിലേക്ക്; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ്; നടപടി ശിവശങ്കറിന്റേയും സ്വപ്‌നാ സുരേഷിന്റേയും മൊഴികളുടെ അടിസ്ഥാനത്തിൽ; ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ രവീന്ദ്രനേയും അറസ്റ്റ് ചെയ്‌തേയ്ക്കും; സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ തന്നെ അന്വേഷണം സിഎം രവീന്ദ്രനിലേക്ക് കടക്കുന്നുവെന്ന സൂചനയുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ നീക്കം. സ്വപ്‌നാ സുരേഷിന്റെ മൊഴിയും രവീന്ദ്രന് എതിരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിപിഎം നോമിനിയാണ് കണ്ണൂരുകാരനായ രവീന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലാണ്. അതുകൊണ്ട് തന്നെ രവീന്ദ്രന്റെ ചോദ്യം ചെയ്യലും അതിനിർണ്ണായകമാണ്.

അധികാരത്തിൽ വന്നതുമുതൽ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനായി തുടരുകയാണ് രവീന്ദ്രൻ. എം.ശിവശങ്കർ-രവീന്ദ്രൻ കോക്കസാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചത് എന്നാണ് ആരോപണം. ഈ കൊക്കസിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷും പ്രവർത്തിച്ചത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോൾ സർവ അധികാരങ്ങളും ഇവരിൽ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തെങ്കിലും നടക്കണമെങ്കിൽ രവീന്ദ്രൻ വിചാരിക്കണം. രവീന്ദ്രൻ വിളിച്ചു പറഞ്ഞാൽ അത് നടക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വ്യക്തിയെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട എല്ലാ കാര്യങ്ങൾ ചെയ്യാനും സർവസഹായങ്ങളും ചെയ്യുന്നത് രവീന്ദ്രനാണെന്ന വാദം ശക്തമാണ്.

മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിനെ നിയന്ത്രിക്കുമ്പോൾ പാർട്ടി ഏർപ്പെടുത്തിയ എല്ലാ നിർദ്ദേശങ്ങളിലും ഇളവ് ലഭിച്ച ഒരാൾ രവീന്ദ്രനായിരുന്നു. ഇത് രവീന്ദ്രന് പാർട്ടി കേന്ദ്രങ്ങളുമായുള്ള അടുപ്പത്തിനു തെളിവുമായിരുന്നു. ശിവശങ്കറിന് പുറമേ മറ്റൊരാൾകൂടി തന്നെ വിളിച്ചിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി കൂടുതൽ വിശദമായി ചോദിച്ചപ്പോഴാണ് 'വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റുമായി വിളിക്കാറുണ്ടായിരുന്നു' എന്ന മൊഴി നൽകിയത്. സ്വപ്നയുടെ ഫോൺ പരിശോധിച്ചതിൽ ഈ നമ്പറിൽനിന്ന് വിളികൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിസ സ്റ്റാമ്പിങ്ങിനായി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് വിളിക്കുന്നതിലെ അനൗചിത്യമാണ് ഇ.ഡി. പരിശോധിക്കുന്നത്. കേസിൽ രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും ഈ സാഹചര്യത്തിലാണ്. രവീന്ദ്രൻ കൂടി കേസുകളിൽ പ്രതിയായാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടും ഉയരും.

ശിവശങ്കർ ഐഎഎസുകാരനാണെങ്കിൽ രവീന്ദ്രൻ പാർട്ടിയുടെ നോമിനിയാണ്. ഊരാളുങ്കൽ സൊസൈറ്റിയുമായും അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഈ സൊസൈറ്റിയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും കേന്ദ്ര ഏജൻസികൾക്കുണ്ട്. സർക്കാരിന്റെ പദ്ധതികൾ മിക്കതും സഹകരണ സ്ഥാപനമെന്ന നിലയിൽ ഊരാളുങ്കലിന് കൊടുക്കുന്നതും ഇഡി പരിശോധിക്കും. വൈദ്യുത ബോർഡ് കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ ഫോണിന്റെ രേഖകൾ എല്ലാം വൈദ്യുത ബോർഡിൽ നിന്ന് ഇഡി ശേഖരിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം വൈദ്യുത ഭവനിൽ ഇഡിക്കാർ എത്തി.

വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് കോൺസുലേറ്റുമായി കരാർ ഉണ്ടായിരുന്ന യു.എ.എഫ്.എക്‌സ്. സ്ഥാപന ഉടമ അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ മകന്റെ ബിനാമിയാണെന്നും ഇ.ഡി. സംശയിക്കുന്നുണ്ട്. ഫോൺ വിളികൾക്ക് പിന്നിൽ ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടോ എന്നാണ് അന്വേഷണം. അബ്ദുൾ ലത്തീഫിന്റെ കമ്പനിക്ക് വിസ സ്റ്റാമ്പിങ്ങിന്റെ കരാർ നൽകിയപ്പോൾ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്ക് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചു. ഇതേ അബ്ദുൾ ലത്തീഫിന്റെ കമ്പനിയായ കാർപാലസിനാണ് പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണക്കരാർ യു.എ.ഇ. കോൺസുലേറ്റിൽനിന്ന് ലഭിച്ചത്. ഈ കരാറിൽ യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് 1.50 കോടി രൂപയും സ്വപ്നാ സുരേഷിന് 52 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചെന്നും ഇ.ഡി. പറയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം ശിവശങ്കർ. സ്വർണ്ണ കടത്തിന് അപ്പുറം ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ ഊഴം കാക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചനയുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രവീന്ദ്രന് നിർണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനൻ പ്രതിപക്ഷ നേതാവായപ്പോൾ പാർട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു.

പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാർട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോൾ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രൻ എന്ന് കരുതുന്ന പലരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP