Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാളയാർ കേസിലെ ആറാമൻ ശക്തനും അദൃശ്യനും; അവശേഷിക്കുന്ന നാല് പ്രതികളും കൊല്ലപ്പെട്ടേക്കാം എന്ന് വാളയാർ നീതി സമര സമിതി കൺവീനർ; ശേഷിക്കുന്ന പ്രതികളുടെ ജീവൻ രക്ഷിക്കാനായി അവരെ ജയിലിൽ അടയ്ക്കുകയോ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്നും വി എം.മാർസൻ

വാളയാർ കേസിലെ ആറാമൻ ശക്തനും അദൃശ്യനും; അവശേഷിക്കുന്ന നാല് പ്രതികളും കൊല്ലപ്പെട്ടേക്കാം എന്ന് വാളയാർ നീതി സമര സമിതി കൺവീനർ; ശേഷിക്കുന്ന പ്രതികളുടെ ജീവൻ രക്ഷിക്കാനായി അവരെ ജയിലിൽ അടയ്ക്കുകയോ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്നും വി എം.മാർസൻ

മറുനാടൻ ഡെസ്‌ക്‌

വാളയാർ കേസിലെ ശേഷിക്കുന്ന പ്രതികളുടെ ജീവൻ രക്ഷിക്കാനായി അവരെ ജയിലിൽ അടയ്ക്കുകയോ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്ന് വാളയാർ നീതി സമര സമിതി കൺവീനർ വി എം.മാർസൻ. കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് ആത്മഹത്യ ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. വാളയാർ കേസിൽ മൊത്തം അഞ്ച് പ്രതികളാണ് ഉള്ളത്. ദരിദ്രരായ ഇവരെ രക്ഷപ്പെടുത്താൻ ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനും, അധികാരികളും ശ്രമിക്കില്ല എന്നും അതുകൊണ്ടു തന്നെ ശക്തനും, ഉന്നതനുമായ ഒരു ആറാമൻ അദൃശ്യനായി ഇവരോടൊപ്പം ഉണ്ടെന്നും ഉള്ള ആക്ഷേപം ശക്തവുമാണ് എന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

2017 ജനുവരി13ന് മൂത്ത കുട്ടിയുടെ കൊലപാതകികൾ തുണികൊണ്ട് മുഖം മറച്ച് ഷെഡിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതു കാരണമാണ് ഇളയ കുട്ടി കൊല്ലപ്പെടുന്നത്. ഇളയ കുട്ടിയെ കൊന്നത് ഈ പ്രദീപ് ഒറ്റക്കാണ് എന്നും വി എം മാർസൻ പറയുന്നു. മുഖം മറച്ചതു കാരണം ആളുകളെ മനസിലായില്ല എന്ന് ഇളയ കുട്ടി മൊഴി കൊടുത്ത സാഹചര്യത്തിൽ പ്രദീപിന് ഇളയ കുട്ടിയോട് വൈരാഗ്യം തോന്നേണ്ട കാരണവുമില്ല. മാത്രമല്ല സാധാരണക്കാരനും, കൂലിപ്പണിക്കാരനും , ഉന്നത ബന്ധങ്ങൾ ഇല്ലാത്തവനുമായ പ്രദീപിനെ സംബന്ധിച്ചിടത്തോളം ഒറ്റക്ക് അത്തരമൊരു തീരുമാനം എടുക്കാനുള്ള കരുത്തോ , ശേഷിയോ ഇല്ല താനും. അങ്ങിനെയെങ്കിൽ ഏതോ ഒരു ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് പ്രദീപ് അത് ചെയ്തത് എന്നത് വ്യക്തമാണ്. ആ ഉന്നത അദൃശ്യ സാന്നിദ്ധ്യമാണ് ആറാമൻ- മാർസൻ ചൂണ്ടിക്കാട്ടുന്നു.

2019 ഒക്ടോബർ 25 ന് സ്വതന്ത്രനാക്കപ്പെട്ട ശേഷം 2020 ഒക്ടോബർ 25 വരെയുള്ള 365 ദിവസങ്ങളിൽ ഒരിക്കൽ പോലും കുറ്റബോധം കൊണ്ട് എന്ന കാരണത്താൽ പ്രദീപിന് തൂങ്ങി മരിക്കാൻ തോന്നിയില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനിടയിൽ ജസ്റ്റീസ് ഫോർ വാളയാർ കിഡ്സ് ഫോറം 18 ദിവസത്തെ നീതി യാത്ര അടക്കം 80 ദിവസത്തെ തുടർ സമരങ്ങൾ നടത്തിയപ്പോഴും പ്രദീപ് ഭയപ്പെട്ടില്ല. എന്നാൽ വാളയാർ അമ്മയും, അച്ഛനും അവരുടെ വീട്ടിൽ വിധി ദിനം മുതൽ ചതി ദിനം വരെ ( 2020 ഒക്ടോബർ 25 - 31 ) 7 ദിവസത്തെ തുടർ സത്യാഗ്രഹം നടത്തിയതിന് ശേഷമാണ് പ്രദീപിന്റെ തൂങ്ങിമരണം എന്നതും ശ്രദ്ധേയമാണ്. കാരണം ഈ സമരം ആരംഭിച്ചതിന് ശേഷമാണ് 2019 ഒക്ടോബർ 31 ന് കാല് പിടിപ്പിച്ചതിന് ശേഷം വാളയാർ വിഷയത്തിൽ മുഖ്യമന്ത്രി , പട്ടികജാതി വികസന വകുപ്പ് മന്ത്രി , സിപിഎം എന്നിവർ ആദ്യമായി പ്രതികരിക്കുന്നത് . മാത്രമല്ല ആറാമൻ ഉണ്ട് എന്ന വാദം ശക്തമായി സമൂഹമദ്ധ്യത്തിൽ ഉയരുന്നതും ഈ സമരത്തിനിടയിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആരുടേയോ നിർദ്ദേശ പ്രകാരമാണ് പ്രദീപ് ഇളയ കുട്ടിയെ കൊലപ്പെടുത്തുന്നത് എന്ന സംശയം നിലനിൽക്കുമ്പോൾ പ്രദീപിന്റെ തൂങ്ങി മരണത്തിൽ ഏറ്റവും അധികം ആശ്വസിക്കുന്നവർ ആരാണ്. വാളയാർ കുട്ടികളുടെ മാതാപിതാക്കളോ അതോ അദൃശ്യനും , ഉന്നതനുമായ ആറാമനോ എന്നും വി എം.മാർസൻ ചോ​ദിക്കുന്നു.

വാളയാർ മക്കൾക്ക് നീതി കിട്ടി എന്ന് ധരിക്കണമെങ്കിൽ പൊലീസ് പ്രതികളായി അവതരിപ്പിച്ച അഞ്ച് ദരിദ്രർ ആത്മഹത്യ ചെയ്താൽ മതിയാകില്ല . അവരോടൊപ്പം പങ്കുചേർന്ന് , അവരെ കൊണ്ട് ഈ ക്രൂര കൊലപാതകം ചെയ്യിപ്പിച്ചവനും കൂടി ശിക്ഷിക്കപ്പെടേണ്ടതുണ്ട് . ആ ഉന്നതനായ അദൃശ്യന് രക്ഷപ്പെടാനും , എക്കാലവും മാന്യതയുടെ മുഖം മൂടി അണിഞ്ഞ് സ്വതന്ത്രനായി വിഹരിക്കുവാനുമുള്ള എളുപ്പ വഴി എന്നത് ഇനി അവശേഷിക്കുന്ന ദരിദ്രരായ നാല് പ്രതികളെ കൂടി ആത്മഹത്യ ചെയ്യിപ്പിക്കുക എന്നതാണ് . അതു കൊണ്ട് അവശേഷിക്കുന്ന നാല് പ്രതികളുടെ ജീവൽ സുരക്ഷ പരിഗണിച്ച് ഒന്നുകിൽ അവരെ ജയിലിൽ അടക്കാനോ , അല്ലെങ്കിൽ അവർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനോ സർക്കാർ തയ്യാറാകണം എന്ന് വി എം.മാർസൻ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP