Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാനൽ ചർച്ചകളിലെ സൗമ്യമായി സിപിഎം മുഖം; ശാരീരിക അവശതകൾ മറന്ന് സമരമുഖത്ത് പോരാടിയ നേതാവ്; നിർമ്മൽ മാധവ് വിഷയത്തിൽ സമരം നയിച്ചപ്പോൽ ക്രൂരമർദ്ദനങ്ങൾക്കിരയായി; കോവിഡ് പ്രതിരോധത്തിന് യുവജന ക്ഷേമബോർഡിന് കീഴിൽ യൂത്ത് ഡിഫന്റ് ഫോഴ്സുകൾ രൂപീകരിച്ച വ്യക്തി; പി ബിജു ഭിന്നശേഷിക്കാരനെന്ന് സർട്ടിഫിക്കറ്റിലെഴുതിയ സമരപോരാളി

ചാനൽ ചർച്ചകളിലെ സൗമ്യമായി സിപിഎം മുഖം; ശാരീരിക അവശതകൾ മറന്ന് സമരമുഖത്ത് പോരാടിയ നേതാവ്; നിർമ്മൽ മാധവ് വിഷയത്തിൽ സമരം നയിച്ചപ്പോൽ ക്രൂരമർദ്ദനങ്ങൾക്കിരയായി; കോവിഡ് പ്രതിരോധത്തിന് യുവജന ക്ഷേമബോർഡിന് കീഴിൽ യൂത്ത് ഡിഫന്റ് ഫോഴ്സുകൾ രൂപീകരിച്ച വ്യക്തി; പി ബിജു ഭിന്നശേഷിക്കാരനെന്ന് സർട്ടിഫിക്കറ്റിലെഴുതിയ സമരപോരാളി

ജാസിം മൊയ്തീൻ

കോഴിക്കോട്: ഇന്ന് രാവിലെ അന്തരിച്ച യുവജനക്ഷേമബോർഡിന്റെ വൈസ്ചെയർമാനും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി ബിജു സമരപോരാട്ടങ്ങളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ സൗമ്യ മുഖമായിരുന്നു അദ്ദേഹം. വിഷയങ്ങൾ പഠിച്ച് അവതരിപ്പിന്നവരിൽ മുന്നിലായിരുന്നു അദ്ദേഹം. ഒരു കാലിന് ചെറിയ മുടന്തുണ്ടായിരുന്നെങ്കിലും ആ പരിമിതികളെയെല്ലാം മാറ്റി നിർത്തി എല്ലാ സമരങ്ങൾക്കും ബിജു മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. തിരുവനന്തപുരത്തുകാരനായ ബിജുവിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ മർദ്ദനം നേരിടേണ്ടി വന്നത് കോഴിക്കോട് വച്ചായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് നിർമ്മൽ മാധവ് എന്ന വിദ്യാർത്ഥിക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റ് എഞ്ചിനീയറിങ് കോളേജിൽ സർക്കാർ സീറ്റ് നൽകിയപ്പോൾ അതിനെതിരെ കോഴിക്കോട് നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയത് അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി ബിജുവായിരുന്നു. ഈ സമരത്തിനിടയിലായിരുന്നു ഡിവൈഎസ്‌പിയായിരുന്ന രാധാകൃഷ്ണൻ തോക്ക് ഉപയോഗിച്ച് വിദ്യാർത്ഥികളെ നേരിട്ടത്. ക്രൂരമായ മർദ്ദനമാണ് അന്ന് ബിജുവിന് ഏൽക്കേണ്ടി വന്നത്. സമരമുഖത്ത് നിന്നും ചോരയൊലിക്കുന്ന തലയുമായി ബിജുവിനെ എടുത്തുകൊണ്ടുപോകുമ്പോഴും അദ്ദേഹം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ആ ചിത്രം അന്നത്തെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. സമരത്തെ നേരിട്ട പൊലീസ് രീതിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു. സമരത്തിനൊടുവിൽ സർക്കാർ എഞ്ചിനീയറിങ് കോളേജിൽ നിന്നും നിർമ്മൽ മാധവിനെ പുറത്താക്കേണ്ടി വന്നു. പിന്നീട് പട്ടിക്കാടുള്ള മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലാണ് നിർമ്മൽ മാധവിന് പഠിക്കാൻ അവസരം ലഭിച്ചത്. അക്കാദമിക് രംഗത്ത് നുഴഞ്ഞുകയറ്റത്തിന് സർക്കാർ സഹായത്തോടെ ശ്രമിച്ച നിർമ്മൽ മാധവിന്റെ സ്വാധീനത്തെ മറികടന്ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഒടുവിൽ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിറകോട്ട് പോകേണ്ടി വന്നത് അന്ന് ബിജു നയിച്ച സമരങ്ങൾ കൊണ്ടായിരുന്നു.

എസ്എഫ്ഐ എന്ന സംഘടനയുടെ ഏറ്റവും സമരോത്സുക കാലങ്ങളിൽ ആ സംഘടനയെ നയിച്ചത് പി ബിജുവായിരുന്നു. ഇടുക്കിയിൽ അനീഷ് രാജനെന്ന എസ്എഫ്ഐ നേതാവ് കുത്തേറ്റ് മരിച്ച സമയത്ത് ആ കേസ് അട്ടിമറിക്കാനുള്ള അന്നത്തെ ആഭ്യന്തര വകുപ്പിന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായ സമരങ്ങളാണ് ബിജു നയിച്ചത്. എല്ലാ സമരങ്ങൾക്ക് മുമ്പിലും അൽപം സ്വാധീനം കുറഞ്ഞ കാലുമായി ബിജു ഉണ്ടായിരുന്നു. ലാത്തിച്ചാർജുകൾക്കിടയിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കാതെ, അല്ലെങ്കിൽ അതിന് സാധിക്കാത്ത വിധം അക്കാലങ്ങളിൽ ബിജുവിനെ പൊലീസ് നേരിട്ടു.

പീന്നീട് കുറെ കാലം മരണം വരെയും ആ പൊലീസ് ക്രൂരതകൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. സഖാക്കളുടെ ശരീര ഭാഷ അൽപം കാർക്കശ്യമാകണമെന്ന ധാരണ ബിജുവിന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ കേരളത്തിലെ പല സിപിഐഎം, എസ്എഫ്ഐ നേതാക്കളിൽ നിന്നും വ്യത്യസ്തനായിരുന്നു ബിജു. ഒരു ചെറുപുഞ്ചിരിയോടെ എല്ലാവരെയും കൈപിടിച്ച് അഭിവാദ്യം ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ആ ചിരി ഒരിക്കലും അഭിനയമായിരുന്നില്ല. സമ്മേളനങ്ങളിൽ സെക്രട്ടറിയായിരിക്കുമ്പോൾ കീഴ്ഘടകങ്ങളിലെ ഭാരവാഹികളെ അൽപം കർശനമായി വിമർശിക്കുമെങ്കിലും സമ്മേളന ഹാളിന് പുറത്തിറങ്ങി വിരോധം തോന്നരുത് അങ്ങനെ പറഞ്ഞതിൽ എന്ന് പറയാൻ ബിജു മടികാണിച്ചിരുന്നില്ല.

ഈ കോവിഡ് കാലത്ത് കോവിഡ് പ്രതിരോധത്തിന് യുവജനകമ്മീഷൻ നടപ്പിലാക്കിയ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് പി ബിജു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ വീടുകൾ അണുനശീകരണം നടത്താനും, രോഗികളെ ആശുപത്രികളിലെത്തിക്കാനും തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ യുവജനപ്രതിരോധ സേനയുടെ രപീകരണം മുതൽ ബിജുവിന്റെ മേൽനോട്ടമുണ്ടായിരുന്നു.

സംസ്ഥാനത്തെ ബ്ലഡ്ബാങ്കുകളിൽ രക്തത്തിന് ക്ഷാമം വന്നപ്പോൾ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രത്യേക രക്തദാന ക്യാമ്പുകൾ നടത്തിയതും ബിജുവിന്റെ നേതൃത്വത്തിലായിരുന്നു. കോവിഡ് പ്രതിരോധത്തിന് വേണ്ടി ഒരു സേനയെ തന്നെ സജ്ജമാക്കിയ ബിജുവിന്റെ അന്ത്യം കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഏറെ സങ്കടം ഉണ്ടാക്കിയിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP