Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഗവ് സർവേയിൽ ബൈഡൻ 53%, ട്രംപ് 43%; റിസർച് കോ സർവേയിൽ ബൈഡൻ 50%, ട്രംപ് 42 %; എല്ലാ സർവേകളിലും ബൈഡന് 50 ശതമാനത്തിലേറെ വോട്ട്; പക്ഷേ പ്രവചനങ്ങളെ അസാധ്യമാക്കുന്നത് ട്രംപിന്റെ പ്രകടനം തന്നെ; അവസാന നിമിഷം റിപ്പബ്ലിക്കൻ നേതാവ് കയറി വരികയാണെന്ന് റിപ്പോർട്ടുകൾ; അമേരിക്കയുടെ അധിപൻ ആരാണെന്ന് അറിയാൻ നെഞ്ചടിപ്പോടെ ലോകം

യുഗവ് സർവേയിൽ ബൈഡൻ 53%, ട്രംപ് 43%; റിസർച് കോ സർവേയിൽ ബൈഡൻ 50%, ട്രംപ് 42 %;  എല്ലാ സർവേകളിലും ബൈഡന് 50 ശതമാനത്തിലേറെ വോട്ട്; പക്ഷേ പ്രവചനങ്ങളെ അസാധ്യമാക്കുന്നത് ട്രംപിന്റെ പ്രകടനം തന്നെ; അവസാന നിമിഷം റിപ്പബ്ലിക്കൻ നേതാവ് കയറി വരികയാണെന്ന് റിപ്പോർട്ടുകൾ; അമേരിക്കയുടെ അധിപൻ ആരാണെന്ന് അറിയാൻ നെഞ്ചടിപ്പോടെ ലോകം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: എല്ലാ സർവേകളിലും 50 ശതമാനത്തിലേറെ വോട്ടുനേടി ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മൂന്നിലാണ്. ട്രംപിനാകട്ടെ കോവിഡ് പ്രതിരോധവും ഭരണവിരുദ്ധ വികാരവും അടക്കമുള്ള ഒരുപാട് മൈനസ് പോയിന്റുകളും. എന്നിട്ടും ഒരു ഏജൻസിക്കും ബൈഡൻ ജയിക്കുമെന്ന് ഉറപ്പിച്ച് പറയാനും കഴിയുന്നില്ല. അതാണ് അവസാനം വരെ അനിശ്ചിത്വം ഒളിപ്പിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പുകളുടെ സസ്പെൻസ്. ട്രംപ് വന്നതോടെ അമേരിക്കയിൽ പ്രവചന ശാസ്ത്രം തന്നെ തകർന്നുപോയി എന്നത് മറ്റൊരു തമാശ.

സർവേകളിൽ ബൈഡൻ

വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ യുഎസ് കടക്കുമ്പോൾ പ്രവചനങ്ങളിൽ മുന്നിൽ ബൈഡൻ. ഇതുവരെ പുറത്തിറങ്ങിയ സർവേ ഫലങ്ങൾ പരിശോധിച്ചു വിശലകലനം ചെയ്യുമ്പോൾ ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകുമെന്നാണ് ശാസ്ത്രീയമായ ഉത്തരം.

ഏറ്റവും പുതിയ സർവേകൾ പറയുന്നതിങ്ങനെ

ബൈഡൻ 53%, ട്രംപ് 43% യുഗവ് (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 50%, ട്രംപ് 42 % റിസർച് കോ. (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 52%, ട്രംപ് 45% ഇപ്‌സോസ് (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 52%, ട്രംപ് 46% സ്വേയബിൾ (നവംബർ1)
ബൈഡൻ 52%, ട്രംപ് 45% ജോൺ സൊഗ്‌ബി സ്ട്രാറ്റജീസ് - ഇഎംഐ റിസർച് സൊല്യൂഷൻസ്

എന്നാൽ, ഈ സർവകളിലെല്ലാം, ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്ത, വളരെ സൂക്ഷ്മമായ വിവരശേഖരണ, വിശകലന പിഴവുകളുണ്ടെന്നിരിക്കട്ടെ. ബൈഡൻ ജയിക്കാനാണു സാധ്യതയെന്നു കണക്കുകളും അക്കങ്ങളും നോക്കി വിധിയെഴുതുന്നത് അപ്പോൾ അബദ്ധമാകും. ഇത്തവണയും ട്രംപ് ജയിച്ചാൽ, അഭിപ്രായ സർവേകൾ പാടേ പാളിയെന്നു തിരഞ്ഞെടുപ്പു വിദഗ്ദ്ധർക്കു സമ്മതിക്കേണ്ടി വരും. 2016ലെ തിരഞ്ഞെടുപ്പു പോലെ.

എന്തായാലും, ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. പ്രസിഡന്റ് തലം മാത്രമല്ല, സെനറ്റ്, ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റ് തരംഗം പ്രവചിക്കുകയാണു മിക്ക സർവേകളും. ഇലക്ടറൽ വോട്ടുകളുടെ സങ്കീർണ വിന്യാസങ്ങൾ സൂക്ഷ്മമായി പഠിച്ചു നിഗമനങ്ങൾ അവതരിപ്പിക്കുന്ന പേരെടുത്ത ഗവേഷകസംഘങ്ങളാണ് ഫൈവ് തേർട്ടി എയ്റ്റ് , ടു സെവന്റി ടു വിൻ എന്നിവർ. ആകെയുള്ള ഇലക്ടറൽ വോട്ടായ 538 എന്ന സംഖ്യയുടെ പേരാണ് ആദ്യ സംഘത്തിന്റേത്. രണ്ടാമത്തെ ടീം ഇലക്ടറൽ വോട്ടിലെ കേവലഭൂരിപക്ഷ സംഖ്യയായ 270 നോക്കിയുള്ള പേരാണു സ്വീകരിച്ചിരിക്കുന്നത്.ഇന്ററാക്ടീവ് ഫോർകാസ്റ്റ് സൗകര്യം വരെയാണ് ഇത്തരം വെബ്‌സൈറ്റുകൾ ഒരുക്കിയിരിക്കുന്നത്. അതായത്, നമുക്കു തന്നെ വിജയസാധ്യതകൾ സങ്കൽപിച്ചുനൽകി, സംസ്ഥാനങ്ങൾ തിരഞ്ഞെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും എത്ര ഇലക്ടറൽ വോട്ട് കിട്ടുമെന്നു കണ്ടുപിടിക്കാം).

ഫൈവ് തേർട്ടി എയ്റ്റ് പറയുന്നത് - ബൈഡൻ ജയിക്കും, സെനറ്റിൽ ഡമോക്രാറ്റ് ഭൂരിപക്ഷം നേടും, ജനപ്രതിനിധി സഭയിൽ (ഹൗസ്) ഡമോക്രാറ്റ്് മേൽക്കൈ നിലനിർത്തും.
ബൈഡന് പ്രസിഡന്റാകാൻ 100ൽ 89 സാധ്യതയാണു ഫൈവ് തേർട്ടി എയ്റ്റ് കൊടുക്കുന്നത്. ട്രംപിന് വീണ്ടും പ്രസിഡന്റാകാൻ 10ൽ 1 സാധ്യതയാണു ഫൈവ് തേർട്ടി എയ്റ്റ് കൽപിക്കുന്നത്. അതായത്, ഒരു സാധ്യതയും ഇല്ലെന്നല്ല, ഒരു ചെറിയ സാധ്യത ഉണ്ടെന്നാണെന്നതു ശ്രദ്ധിക്കണം. സെനറ്റ് തിരിച്ചു പിടിക്കുന്നതിൽ 4ൽ 3 സാധ്യതയാണ് ഡമോക്രാറ്റുകൾക്ക്. ഹൗസ് നിലനിർത്താനും ഒരു പക്ഷേ മേൽക്കൈ വർധിപ്പിക്കാനും ഡമോക്രാറ്റ് പാർട്ടിക്ക് കഴിയും.

അവസാന ദിനങ്ങളിൽ ട്രംപിന്റെ ഗ്രാഫ് ഉയരുന്നു

അവസാനം നിമിഷം വരെ അനിശ്ചിത്വം ഒളിപ്പിക്കുന്ന ജനത'- അമേരിക്കൻ പ്രസിഡന്റ് തരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവെ അങ്ങനെയാണ് പറയാറ്. നമ്മുടെ നാട്ടിലെപ്പോലെയല്ല, അവസാന നിമിഷം നടക്കുന്ന ഒരു പ്രസംഗംപോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2012ൽ ബറാക്ക് ഒബാമയും മിറ്റ് റോംനിയും തമ്മിലെ മൽസരം നോക്കുക. അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പലയിടത്തും ഒബാമ വീഴുമെന്നും അഭിപ്രായം ഉയർന്നകാലം.ഒക്ടോബറിൽ അമേരിക്കയിൽ ''സാൻഡി'' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സ്ഥാനാർത്ഥികൾ അവരുടെ പ്രചാരണ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചു. വൻ നാശനഷ്ടങ്ങൾ ഇല്ലാതെ ചുഴലിക്കാറ്റിനെ നേരിട്ടതിൽ ഒബാമ മിടുക്ക് കാണിച്ചു എന്ന് പൊതുജനാഭിപ്രായം ഉയർന്നു. ജനവിധി ഒബാമക്കൊപ്പമായി. 2016ലെ ഹിലരി ക്ലിന്റൻ ,ഡോണൾഡ് ട്രംപ് മൽസരം നോക്കുക. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, ഒക്ടോബർ 7-നു കുപ്രസിദ്ധമായ ''ഹോളിവുഡ് ആക്സസ്'' സംഭാഷണ ശകലം പുറത്തായി. ഇതോടെ ഹിലരി ക്ലിന്റൺ തീർച്ചയായും അമേരിക്കയുടെ ആദ്യ വനിതാ രാഷ്ട്രപതി ആകുമെന്ന് പലരും കരുതി. എന്നാൽ, ഒക്ടോബർ 27-നു സ്വകാര്യ ഇമെയിൽ കേസിൽ തുടരന്വേഷണ പ്രഖ്യാപനം വന്നു. ജനവിധി ട്രംപിനൊപ്പം നിന്നു.

എല്ലാ അഭിപ്രായ സർവേകളിലും പിന്നിട്ടുനിന്ന ട്രംപാണ് കയറിവന്നത് എന്നോർക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത് നോക്കണം. ക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിൽ ട്രംപിന് ഇപ്പോഴും ജയിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്ന് ബൈഡന്റെ പ്രചാരണ മാനേജർ ജെൻ ഒ മെല്ലി ധില്ലൻ തന്നെ സമ്മതിച്ചിരുന്നു. വിധി നിർണയിക്കാവുന്ന 14 സംസ്ഥാനങ്ങളിൽ ബൈഡന് ലീഡ് നേരിയതാണെന്നാണ് ഡെമൊക്രാറ്റുകളെ അസ്വസ്ഥപ്പെടുത്തുന്നത്.'അലസമായി ഇരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും', -ബൈഡന്റെ പ്രചരണ മാനേജർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട ചെയ്തു.അനിശ്ചിതത്വം നിലനിർത്തുന്ന സംസ്ഥാനങ്ങളാവും തെരഞ്ഞെടുപ്പ് വിധിയിൽ നിർണായകമാകുകയെന്ന് ട്രംപിന്റെ മാനേജർ പറഞ്ഞു. ന്യൂ കരോലിന, മിന്നോസെറ്റ, അരിസോണ, ഫ്‌ളോറിഡ, പെൻസൽവാലിയ, വിസ്‌കോസിൻ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമെന്ന് റിപ്പബ്ലിക്കൻ പാർട്ടി കരുതുന്നു.

പ്രവചനശാസ്ത്രത്തെ പൊളിച്ച ട്രംപ്

നാലു വർഷം മുൻപ്, ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനുശേഷം അമേരിക്കയിൽ തിരഞ്ഞെടുപ്പു പ്രവചനങ്ങൾ അത്ര എളുപ്പമല്ലാതായെന്നു വന്നിരിക്കുന്നു. കാരണം, അന്നു ഹിലറി ക്ലിന്റൻ ട്രംപിനോടു തോറ്റപ്പോൾ ഒപ്പം തോറ്റത് ഏതാണ്ട് എല്ലാ അഭിപ്രായ സർവേക്കാരും കൂടിയാണ്. ജനകീയ വോട്ടിലും ഇലക്ടറൽ വോട്ടിലും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയായി അഭിപ്രായ സർവേകളെല്ലാം ഉയർത്തിക്കാട്ടിയത് ഡമോക്രാറ്റുകാരിയായ ഹിലറിയെ. ആ സുന്ദരമായ ഉറപ്പിൽ, ഡമോക്രാറ്റ് പാർട്ടിയും ഹിലറിയും ആശ്വസിച്ചിരിക്കുമ്പോഴാണ്, ട്രംപ് അതാ പിന്നിൽനിന്ന് കുതിച്ചെത്തി പ്രസിഡന്റ് പദവി കൈക്കലാക്കി. ഒട്ടും വിചാരിക്കാതിരുന്ന ചില സംസ്ഥാനങ്ങളിൽ വിജയിച്ച്, ഇലക്ടറൽ വോട്ട് എന്ന ദിവ്യാസ്ത്രം നേടിയാണു ട്രംപ് ഹിലറിയെ തോൽപ്പിച്ചത്.

ഇന്നത്തെ ട്രംപ് - ജോ ബൈഡൻ പോരാട്ടത്തിന്റെ അനിശ്ചിതത്വവും പ്രവചനാതീത സ്വഭാവവും മനസ്സിലാക്കാൻ 2016 ലെ തിരഞ്ഞെടുപ്പു ഫലവിശകലനം അല്പമൊന്നു സഹായിച്ചേക്കും. സർവേകൾ പ്രവചിച്ചപോലെ കലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയ് തുടങ്ങിയ സംസ്ഥാനങ്ങൾ ഹിലറി പിടിച്ചു. എന്നാൽ, സർവേകൾ ഹിലറിക്കു സാധ്യത കൽപിച്ച ഫ്ലോറിഡയും മിഷിഗനും പെൻസിൽവേനിയയും വിസ്‌കോൻസിനും ട്രംപ് നേടി.

ആ നാലു സംസ്ഥാനങ്ങളിൽനിന്നുമായി ആകെ 75 ഇലക്ടറൽ വോട്ടുകളാണു ട്രംപിന്റെ കീശയിലായത്. 50 സംസ്ഥാനങ്ങളിൽ 30 എണ്ണവും ട്രംപ് നേടി, ഹിലറിക്കു ശേഷിച്ചത് 20 എണ്ണം മാത്രം. ഹിലറിക്ക് രാജ്യമെമ്പാടുമായി 65,853,625 ഇലക്ടറൽ വോട്ടുകൾ കിട്ടിയപ്പോൾ ട്രംപിന് 62,985,106 ജനകീയ വോട്ടുകൾ മാത്രം. പക്ഷേ, ഓരോരുത്തരും ജയിച്ച സംസ്ഥാനങ്ങളിൽനിന്നായി ലഭിച്ച ഇലക്ടറൽ വോട്ടുകൾ കൂട്ടി നോക്കിയപ്പോൾ 306. ഹിലറിക്ക് വെറും 232! ആകെയുള്ള 538 ഇല്ക്ടറൽ വോട്ടുകളിൽ 270 എന്ന കേവലഭൂരിപക്ഷം നേടാൻ അവർക്കു കഴിഞ്ഞില്ല. ഹിലറിക്ക് വോട്ടു ചെയ്യേണ്ടിയിരുന്ന 5 ഇലക്ടർമാരും ട്രംപിന്റെ പക്ഷത്തുണ്ടാകേണ്ടിയിരുന്ന 2 ഇലക്ടർമാരും കൂറുമാറിയതും സംസാരവിഷയമായി. ഇത്തവണ എന്തു സംഭവിക്കുമെന്ന് അറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP