Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈത്തിരി റിസോർട്ടിൽ സിപി.ജലീലിനെ പിന്നിൽ നിന്ന് വെടിവച്ചപ്പോൾ വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി; മഞ്ചക്കണ്ടി-നിലമ്പൂർ വെടിവെപ്പുകളിലും മാവോയിസ്റ്റ് ആക്രമണത്തിന് ദൃക്‌സാക്ഷികൾ പൊലീസും തണ്ടർബോൾട്ടും മാത്രം; വയനാട്ടിൽ ബപ്പനമലയിൽ കബനിദളം നേതാവ് കൊല്ലപ്പെട്ട ഏറ്റുമുട്ടലിലും ആദ്യ വെടിപൊട്ടിച്ചത് ആരെന്ന തർക്കം വീണ്ടും

വൈത്തിരി റിസോർട്ടിൽ സിപി.ജലീലിനെ പിന്നിൽ നിന്ന് വെടിവച്ചപ്പോൾ വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി; മഞ്ചക്കണ്ടി-നിലമ്പൂർ വെടിവെപ്പുകളിലും മാവോയിസ്റ്റ് ആക്രമണത്തിന് ദൃക്‌സാക്ഷികൾ പൊലീസും തണ്ടർബോൾട്ടും മാത്രം; വയനാട്ടിൽ ബപ്പനമലയിൽ കബനിദളം നേതാവ് കൊല്ലപ്പെട്ട ഏറ്റുമുട്ടലിലും ആദ്യ വെടിപൊട്ടിച്ചത് ആരെന്ന തർക്കം വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

വെള്ളമുണ്ട: വയനാട്ടിൽ മാവോവായിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായത് മഞ്ചക്കണ്ടി ഏറ്റമുട്ടൽ കൊലയുടെ വാർഷികത്തോട് അനുബന്ധിച്ച്. മാവോയിസ്റ്റുകളുടെ ആക്രമണനീക്കത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബപ്പനമല ആദിവാസി കോളനിമേഖലയിൽ തിരച്ചിൽ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാൾ മാവോയിസ്റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്നാണ് സൂചന. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വച്ചാണ് വെടിവെയ്‌പ്പ് നടന്നത്. കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട അഞ്ചുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

അട്ടപ്പാടിയിലെ മാവോവാദികൾ ഭവാനി ദളമെന്നും വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്നവർ കബനി ദളമെന്നും നിലമ്പൂർ വനത്തിലുള്ളവർ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്. പുറമേ കർണാടകയിലും തമിഴ്‌നാട്ടിലും വേറെയും ഓരോ ദളങ്ങളുണ്ട്. 2014 മുതൽ ഭവാനി ദളത്തിന് കീഴിൽ അട്ടപ്പാടി വനത്തിൽ നിലയുറപ്പിച്ച മാവോവാദികൾ ശിരുവാണി മേഖലയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അട്ടപ്പാടിയിൽ ആകെയുള്ള 192 ആദിവാസി ഊരുകളിൽ കേവലം 19 ഊരുകൾ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഭവാനിദളത്തിന്റെ പ്രവർത്തനം. വയനാട് തിരുനെല്ലി സ്വദേശി സോമനാണ് ഈ ദളത്തിന്റെ അമരത്ത്. ഇവരുടെ അംഗബലം ഇപ്പോൾ 18ൽ നിന്ന് 7ായി ചുരുങ്ങിയിട്ടുണ്ട്.

ഇന്ന് രാവിലെ 9.15നാണ് ഏറ്റുമുട്ടൽ നടന്നത്. മാനന്തവാടി എസ്ഐ ബിജു ആന്റണിക്കും തണ്ടർബോൾട്ട് അംഗങ്ങൾക്കും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. യൂണിഫോം ധരിച്ച അഞ്ചിൽ അധികം ആളുകൾ സംഘത്തിലുണ്ടായിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു.

ഏറ്റുമുട്ടലിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. വാളയാറിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല.സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങളെയും കടത്തിവിടുന്നില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് സംഘവും എത്തിയിട്ടുണ്ട്. അതേസമയം വെടിയൊച്ചയൊന്നും കേട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആദ്യം വെടിവച്ചത് ആര്? തുടരുന്ന തർക്കങ്ങൾ

കഴിഞ്ഞ വർഷം വൈത്തിരിയിൽ പൊലീസ് വെടിവയ്‌പ്പിൽ മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവം വിവാദമായിരുന്നു. 2019 മാർച്ച് ആറിനാണ് വൈത്തിരിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും സി പി ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഫോറൻസിക് റിപ്പോർട്ടുംഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു. സി.പി ജലീലിൽ നിന്ന് കണ്ടെടുത്ത തോക്കിൽ നിന്ന് വെടി ഉതിർത്തിട്ടില്ലെന്നയിരുന്നു ഫോറൻസിക് റിപ്പോർട്ട്. ജലീലിന്റെ വലതു കൈയിൽ നിന്നും വെടിമരുന്നിന്റെ അംശവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പൊലീസ് റിവോൾവറിലേതാണെന്നും ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയതോടെ വൈത്തിരിയിലേത് വ്യാജഏറ്റുമുട്ടൽ ആണെന്ന് ജലീലിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

മാവോയിസ്റ്റുകൾ വെടിയുതിർത്തതിന് പ്രതികരണമായാണ് പൊലീസ് സംഘം വെടിയുതിർത്തതെന്ന പൊലീസ് ഭാഷ്യത്തെ തള്ളിക്കളയുന്നതായിരുന്നു ഫോറൻസിക് റിപ്പോർട്ട്.

പൊലീസ് ഭാഷ്യം

2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോടു പണം ആവശ്യപ്പെട്ടുവെന്നും ഇതു വാക്കുതർക്കത്തിൽ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നുമാണ് പൊലീസ്ഭാഷ്യം.

മഞ്ചക്കണ്ടി വെടിവെപ്പ്

2019 ഒക്ടോബർ 28 ന് അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി ഊരിന് സമീപം തണ്ടർബോൾട്ടിന്റെ വെടിവെയ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കർണാടക ചിക്കമംഗളുരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശികളായ കാർത്തിക്, മണിവാസകം എന്നിവരാണ് വെടിയേറ്റുമരിച്ചത്. ഒരു വർഷത്തിലേറെയായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു സിപിഐ മാവോയിസ്റ്റ് കബനിദളം ഘടകം നേതാവായിരുന്നു. ദീർഘനാളായി പ്രമേഹരോഗിയും.

മാവോയിസ്റ്റ് ആക്രമണത്തിന് പൊലീസും തണ്ടർബോൾട്ടുമല്ലാതെ ദൃക്‌സാക്ഷികൾ ആരും ഇല്ലായിരുന്നു. ഏകപക്ഷീയമായ വെടിവയ്‌പ്പാണ് നടത്തതെന്നും അല്ലെന്നും വാദങ്ങളുണ്ട്. സ്വയ രക്ഷയ്ക്കായാണ് തണ്ടർബോൾ്ട്ട് വെടിവച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ കീഴടങ്ങാൻ മാവോയിസ്റ്റുകൾ തയ്യാറായിരുന്നവെന്നും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും മധ്യസ്ഥ ചർച്ചകൾക്ക് നേൃത്വം നൽകിയ ആദിവാസി നേതാക്കൾ പറഞ്ഞതോടെ രണ്ടുപക്ഷമായി.

നിലമ്പൂർ വെടിവെപ്പ്

2016 നവംബർ 24ന് നിലമ്പൂരിലെ കരുളായി വനത്തിൽ വെടിയേറ്റു മരിച്ചത് കുപ്പുരാജ്, അജിത, മീര എന്ന ലത എന്നിവരായിരുന്നു. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വൻ വിവാദച്ചുഴിയിലാക്കിയ വെടിവയ്പും മരണവുമായിരുന്നു മാവോയിസ്റ്റുകളുടേത്.

പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മൂവരും മരിച്ചതെന്നാണ് ഔദ്യോഗികമായി പുറത്തുവന്നതെങ്കിലും അതല്ല സത്യമെന്നും പൊലീസ് മാവോയിസ്റ്റ് താവളം വളഞ്ഞ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും വിമർശനം ഉയർന്നു. എതിർശബ്ദങ്ങളെ വെടിവച്ച് കൊന്ന് നിശ്ശബ്ദമാക്കുന്നത് ഇടതു സർക്കാരിന്റെ നയമല്ല എന്ന് എൽഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിക്കുകയും ചെയ്തിരുന്നു.കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം നടത്തിയിരുന്നു.

കണ്ണിന് കണ്ണ് പല്ലിന് പല്ല് ശൈലിക്ക് എന്നും വിമർശനം

ഉത്തരേന്ത്യൻ സംസ്്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ കാര്യമായ ഒരു ആക്രമണങ്ങളും മാവോയിസ്റ്റുകൾ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ രീതിയിലാണോ അവരെ നേരിടേണ്ടത് എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. പക്ഷേ ആന്ധ്രമുതൽ ജാർഖണ്ഡ് വരെ നീളുന്ന തങ്ങളുടെ വിഹാര ഭൂമികയായ ദണ്ഡകാരണ്യകത്തിൽ, ട്രെയിനുകൾ ബോംബുവെച്ച് തകർത്തും, പട്ടാളവാഹനങ്ങളെ മൈൻ വെച്ചുതകർത്തും മാവോയിസ്റ്റുകൾ നടത്തുന്ന കൂട്ടക്കുരുതിക്ക് യാതൊരു ന്യായീകരണവുമില്ല. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയാണോ, അതോ രാഷ്ട്രീയ പരിഹാരമാണോ ഈ വിഷയത്തിൽ വേണ്ടത് എന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കയാണ്. പക്ഷേ പൊലീസ് പറയുന്നപോലെ കേരളം ഒരിക്കലും നക്‌സലിസത്തിന്റെ ഹബ്ബ് അല്ലെന്നും, മനുഷ്യവകാശ പ്രവർത്തകരെയും, ആക്റ്റീവിസ്റ്റുകളെയും, ആദിവാസി-ദലിത് പ്രവർത്തകരെയും വേട്ടയാടാനുള്ള ഒരു മറമാത്രമാണിതെന്നുമാണ്, വ്യാപകമായി വിമർശനം ഉയരുന്നത്.

കേരളത്തിൽ കുറ്റിയറ്റുപോയ മവോയിസം പിന്നെ തിരിച്ചുവരുന്നത് 2011-ന് ശേഷമാണ്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ ഭൂസമരം അടക്കമുള്ള വിഷയങ്ങൾ സജീവമായി ഉയർത്തിക്കൊണ്ടുവന്നാണ് ഇവർ ഒരു ചെറിയ വിഭാഗം യുവാക്കളിൽ പിന്തുണ നേടിയെടുത്തത്. ഈ വ്യാപകമായ അസമത്വങ്ങൾ മാവോയിസ്റ്റുകൾക്ക് സമൂഹത്തിൽ വേരുപിടിക്കാനുള്ള അവസ്ഥയുണ്ടാക്കിക്കൊടുതെന്ന് മുൻ നക്‌സൽ നേതാവു ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസു പ്രതികരിച്ചിരുന്നു. പിന്നീട് ഏതാനും ചില വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു മാവോയിസ്റ്റ് പ്രവർത്തനങ്ങൾ. രൂപേഷ്-ഷൈമ ദമ്പതികൾ, കഴിഞ്ഞ തവണ വയനാട്ടിൽ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട പോരാട്ടം ജലീൽ, മുരളി കണ്ണമ്പള്ളിയുടെ ചില അനുയായികൾ തുടങ്ങിയവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലെ നവ നക്‌സലുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP