Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വോട്ടിനായി മാസ്‌ക് വിപ്ലവം; മാസ്‌ക്കും സാനിറ്റൈസറും സാമൂഹിക അകലവുമായി പ്രചരണം തുടങ്ങി; സുലഭമായി സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്ത മാസ്‌ക്കുകൾ; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചരണം വ്യത്യസ്തമാക്കി രാഷ്ട്രീയ പാർട്ടികൾ

വോട്ടിനായി മാസ്‌ക് വിപ്ലവം; മാസ്‌ക്കും സാനിറ്റൈസറും സാമൂഹിക അകലവുമായി പ്രചരണം തുടങ്ങി; സുലഭമായി സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്ത മാസ്‌ക്കുകൾ; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചരണം വ്യത്യസ്തമാക്കി രാഷ്ട്രീയ പാർട്ടികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് കാലത്ത് ആദ്യമായെത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വോട്ടിനായി മാസ്‌ക് വിപ്ലവം തന്നെയാണ് നടത്തുന്നത്. പ്രചരണത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത് ഇത്തവണ മാസ്‌ക്കുകൾ തന്നെയാണ്. മുഖത്തൊരു മാസ്‌കും കയ്യിൽ സാനിറ്റൈസറുമായാണ് സ്ഥാനാർത്ഥികൾ വീടുകൾ കയറിയിറങ്ങുന്നത്. സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്ത മാസ്‌ക്കണിഞ്ഞ് പ്രവർത്തകരടക്കം ഗോദയിലിറങ്ങിക്കഴിഞ്ഞു.

ലോക്ഡൗണും കോവിഡ് മാനദനണ്ഡങ്ങളും പാലിച്ചുകൊണ്ടു ഏതു രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്താമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങൾ തന്നെയാണിവയല്ലൊം. അതോടൊപ്പം തന്നെ മുഖം മറക്കാനുപയോഗിച്ചുന്ന ഫേസ് ഷിൽഡിലും സ്ഥാനാർത്ഥികളുടേയും പാർട്ടി ചിഹ്നവും അടക്കം ഉപയോഗിച്ചാണ് ച്രപരണം കൊഴുപ്പിക്കുന്നത്. മുന്നണികളിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർത്ഥി നിർണ്ണയവും അന്തിമ ഘട്ടത്തിലെത്തി നിൽക്കെ വാർഡുകൾ ചൂടേറിയ പ്രചാരണം തുടങ്ങി കഴിഞ്ഞു. കൊറോണ ഭീതിയിൽ ജനജീവിതം അപ്പാടെ മാറിമറിഞ്ഞ സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ട്. മുൻതെരഞ്ഞെടുപ്പുകളിൽ മാസ്‌ക്കും സാനിറ്റൈസറും സാമൂഹിക അകലവും പൊതുജനത്തിന് അജ്ഞാതമായിരുന്നു.

പലവാർഡുകളും കണ്ടെയ്ന്മെന്റെ സോണിലായതിനാൽ കടുത്ത നിയന്ത്രണത്തിനകത്താണ്. വീടുകൾ കേറി വോട്ടു ചോദിക്കുന്നത് ഇവിടെ സാധ്യമല്ല. മറ്റിടങ്ങളിൽ തന്നെ അഞ്ചിൽ കൂടുതൽ വോട്ടഭ്യർത്ഥകർ പാടില്ലെന്നാണ് നിഷ്‌ക്കർഷ. മുൻകാലങ്ങളിലെന്ന പോലെ പൊതുയോഗങ്ങൾ, കവല പ്രസംഗങ്ങൾ, കുടുംബ യോഗങ്ങൾ, പ്രകടനങ്ങൾ, കലാശക്കൊട്ട് എന്നിവ ഇത്തവണ ഉണ്ടാകില്ല. ഇതു സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇക്കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടിരുന്നു. ഇത് ഏറെ ഗുണം ചെയ്തതത് ചെറുപാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും സ്വതന്ത്രർക്കുമാണ്.

സ്ഥാനാർത്ഥികൾക്കും നേതൃത്വത്തിനും ഭീഷണിയാകുന്ന വിവിധ വിഷയങ്ങളിൽ ഇത്തവണ മറ്റൊന്നു കൂടിയുണ്ടായിരിക്കയാണ്. അതാണ് ക്വാറന്റൈൻ. സ്ഥാനാർത്ഥിയോ ബന്ധുക്കളോ എന്നു വേണ്ട പ്രവർത്തകരിലൊരാളെങ്കിലും കോവിഡ് പൊസിറ്റീവായാൽ പിന്നെ ക്വാറന്റൈനിലിരുന്നു വേണം സ്ഥാനാർത്ഥിയടക്കമുള്ളവരുടെ വോട്ടഭ്യർത്ഥന. മൊബൈൽ ഫോണുകളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം ഇതിന് ചെറിയൊരാശ്വാസം പകരുന്നുണ്ടെന്നത് മറച്ചുവെക്കുന്നില്ല. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണവും വാഗ്വാദങ്ങളും കൊഴുക്കുന്നത്. ഓരോ സ്ഥാനാർത്ഥികളും തങ്ങളുടെതായ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രചാരണത്തിന് ആക്കം കൂട്ടുന്നു. വ്യാജ പ്രചാരണങ്ങൾക്കും കുറവില്ല.

എതിർ സ്ഥാനാർത്ഥിയുടെ പ്രവർത്തകന് കോവിഡ് ബാധിച്ചുവെന്ന വ്യാജ പ്രചാരണവും എതിരാളികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നുമുള്ള പരാതികളും ഇത്തവണ വ്യാപകമാകും. മാസ്‌ക്കണിഞ്ഞു മുറ്റത്തു വന്നു കൈകൂപ്പുന്ന സ്ഥാനാർത്ഥിയെ തിരിച്ചറിയാൻ വോട്ടർമാർക്ക് അല്പം പ്രയാസപ്പെടേണ്ടി വരുന്നു. ഇതിന് പരിഹാരമായാണ് മാസ്‌കിൽ സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്യുന്നത്. വോട്ടഭ്യർഥനക്ക് മാസ്‌ക് നിർബന്ധമായതിനാൽ പ്രചാരണവും അതുവഴിയാക്കാനുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സീറ്റ് ഉറപ്പിച്ചവർ തങ്ങളുടെ പേരും ചിത്രവും ചിഹ്നവുമുള്ള മാസ്‌ക്കുകൾ ബുക്ക് ചെയ്തിരിക്കുകയാണ്. തുണി മാസ്‌ക്കുകളുടെ ഓർഡർ ലഭിച്ച സ്ഥാപനങ്ങൾ ഇതിനായി പുതിയ യന്ത്രങ്ങൾ വരെ എത്തിച്ചുകഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP