Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടുംബ വേരുകൾ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിൽ; കേസരി ബാലകൃഷ്ണപിള്ളയുടെ മാടവനപ്പറമ്പ് കുടുംബത്തിലെ അംഗം; കേരളത്തിൽ പഠിച്ചിട്ടില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും; എഴുതാനും വായിക്കാനുമറിയില്ല; ഭർത്താവ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിച്ചഡ്‌സൺ; ന്യൂസിലാന്റിലെ മലയാളി മന്ത്രി പ്രിയങ്ക രാധാകൃഷ്ണനെ അറിയാം

കടുംബ വേരുകൾ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിൽ; കേസരി ബാലകൃഷ്ണപിള്ളയുടെ മാടവനപ്പറമ്പ് കുടുംബത്തിലെ അംഗം; കേരളത്തിൽ പഠിച്ചിട്ടില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും; എഴുതാനും വായിക്കാനുമറിയില്ല; ഭർത്താവ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിച്ചഡ്‌സൺ; ന്യൂസിലാന്റിലെ മലയാളി മന്ത്രി പ്രിയങ്ക രാധാകൃഷ്ണനെ അറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാന്റിൽ മന്ത്രിയായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എറണാകുളും ജില്ലയിലെ പറവൂരിൽ വേരുകളുള്ള പ്രിയങ്കയുടേത് ഇടതു പുരോഗമന പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്. രാഷ്ട്രീയം അവരെ സംബന്ധിച്ചിടത്തോളം രക്തത്തിൽ അലിഞ്ഞ കാര്യമാണ്. കേരള രൂപീകരണത്തിൽ അടക്കം പങ്കുവഹിച്ചയാളാണ് മുത്തച്ഛൻ. അങ്ങനെയുള്ള കുടുംബത്തിലെ അംഗം രാഷ്ട്രീയത്തിൽ കൈവെച്ചതിൽ അത്ഭുതമൊന്നുമില്ല. നിരവധി വൈവിധ്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ജെസിന്ത ആർഡേൻ തന്റെ മന്ത്രിസഭയ്ക്ക് രൂപം കൊടുത്തത്. ഇക്കൂട്ടത്തിലാണ് മലയാളിയായ പ്രിയങ്കയെയും അവർ തിരഞ്ഞെടുത്തത്.

ഓഗസ്റ്റ് അവസാനം ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അന്നാട്ടിലെ മലയാളികൾക്കു 'ഹാപ്പി ഓണം' ആശംസിച്ചപ്പോൾ തൊട്ടരികിൽ നിറചിരിയോടെ പ്രിയങ്ക രാധാകൃഷ്ണനുണ്ടായിരുന്നു. അന്ന് മലയാളികൾ പ്രിയങ്കയെയും ശ്രദ്ധിച്ചിരുന്നു. ഇംഗ്ലിഷിൽ ഓണത്തെക്കുറിച്ചു വിശദീകരിച്ച പ്രിയങ്ക ഒടുവിൽ ശുദ്ധ മലയാളത്തിൽ പറഞ്ഞു: ''നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.'' അന്ന്, മന്ത്രി ജെന്നി സെലിസയുടെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രിയങ്ക.

വിദേശ വിദ്യാർത്ഥിയായി വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിൽ എത്തിയ പ്രിയങ്കയുടെ പൊതു ജീവിതം ആരംഭിച്ചത് ഇന്റർനാഷനൽ സ്റ്റുഡന്റ് ഓഫിസർ എന്ന പദവിയോടെയായിരുന്നു. പിന്നീടു ലേബർ പാർട്ടിയുടെ നയരൂപീകരണ വേദികളിൽ ഉറച്ച ശബ്ദമായി.പ്രിയങ്കയുടെ പിതാവ് വടക്കൻ പറവൂർ മാടവനപ്പറമ്പ് ആർ.രാധാകൃഷ്ണൻ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനു ശേഷം കേരളം വിട്ടതാണ്. സിംഗപ്പൂരിലായിരുന്നു ജോലി. ഇപ്പോൾ, ചെന്നൈയിൽ എൻജിനീയറിങ് സ്ഥാപനം നടത്തുന്നു.

കേസരി ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന മാടവനപ്പറമ്പ് ആണ് രാധാകൃഷ്ണന്റെ തറവാട്. രാധാകൃഷ്ണന്റെ അമ്മയുടെ അമ്മ പങ്കജാക്ഷിയമ്മയുടെ സഹോദരി ഗൗരിയമ്മയാണു കേസരിയുടെ ഭാര്യ.പ്രിയങ്കയുടെ ചേച്ചി മാനവി കുടുംബത്തോടൊപ്പം കാനഡയിലാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിച്ചഡ്‌സണാണു പ്രിയങ്കയുടെ ഭർത്താവ്.'

ന്യൂസിലാന്റിൽ താമസിക്കുന്ന പ്രിയങ്കയ്ക്ക് മലയാളം സംസാരിക്കാൻ ശരിക്കുമറിയാം. എന്നാൽ, എഴുതാനും വായിക്കാനും അറിയില്ലെന്ന് മാത്രം. സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് മന്ത്രിസഭയിൽ പ്രിയങ്ക വഹിക്കുക. ന്യൂസിലാൻഡിലെ അധികാര പദവികളിലേക്ക് ഒരു മലയാളി വംശജ കടന്ന് വരുമ്പോൾ ശ്രദ്ധേയമാവുന്നത് പ്രിയങ്കയുടെ രാഷ്ട്രീയ പാരമ്പര്യം തന്നെയാണ്. അത് ബാലറ്റിലൂടെ ഏഷ്യയിൽ തന്നെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയ കേരളത്തിൽ നിന്നാവുമ്പോൾ ഇടതുപക്ഷ ബന്ധവും.

തനിക്ക് കേരളത്തിൽ രാഷ്ട്രീയ വേരുകളുണ്ടെന്നും രാഷ്ട്രീയം തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണെന്നും പ്രിയങ്ക നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2014 ജൂലായിൽ ദി ഇന്ത്യൻ വീക്കെൻഡർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 'എന്റെ മുതു മുത്തച്ഛൻ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്', എന്നാണ് പ്രിയങ്കയുടെ വാക്കുകൾ.

14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ് പ്രിയങ്ക. ലേബർ പാർട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാർട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു. വോട്ട് ശതമാനം കണക്കാക്കി ന്യൂസിലാൻഡിലെ പാർട്ടികളുടെ പ്രതിനിധി എന്ന നിലയിലാണ് പ്രിയങ്ക എംപി സ്ഥാനത്ത് എത്തുന്നത്. എംപിയായി രണ്ടാം തവണ തന്നെ മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവുമുള്ള പ്രതിനിധിയാവുക എന്ന പ്രത്യേകതയും പ്രിയങ്ക രാധാകൃഷ്ണനുണ്ട്.

ജെസിൻഡ ആർഡേനും പ്രിയങ്കയും ഒരേ വർഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. കൂടുതൽ ചുമതലയേറ്റെടുക്കാൻ ഒരുങ്ങിയിരിക്കണമെന്ന സൂചന കഴിഞ്ഞ ദിവസം ആർഡേൻ നൽകിയിരുന്നുവെന്നു പ്രിയങ്ക പറഞ്ഞിരുന്നു. മന്ത്രിയായി സമൂഹത്തെ സേവിക്കുകയെന്നതു വലിയൊരു അവസരമാണ്. പ്രിയങ്കയും അതിന്റെ ത്രില്ലിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണു പ്രിയങ്കയുടെ അമ്മ ഉഷ മരിച്ചത്. എല്ലാ പിന്തുണയും നൽകിയിരുന്ന അമ്മ കൂടെയില്ലാത്തതിന്റെ വലിയ സങ്കടമുണ്ട്, അവൾക്ക്.

ഓക്ലൻഡിലെ മൗൻഗാകിക്കി മണ്ഡലത്തിൽ മത്സരിച്ച പ്രിയങ്ക, രണ്ടായിരത്തോളം വോട്ടുകൾക്കു പരാജയപ്പെട്ടു. എന്നാൽ, പാർട്ടിക്കു ലഭിച്ച ആനുപാതിക വോട്ടിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു.ന്യൂസീലൻഡ് പാർലമെന്റിലെ ആകെയുള്ള 120 സീറ്റിൽ 71 എണ്ണത്തിൽ മാത്രമാണു നേരിട്ടുള്ള തിരഞ്ഞെടുപ്പ്. ബാക്കി സീറ്റുകൾ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിന് ആനുപാതികമായി വീതം വയ്ക്കും. ലിസ്റ്റ് സീറ്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP