Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാനത്തെ ചാവേറിന്റെ കഥ

അവസാനത്തെ ചാവേറിന്റെ കഥ

ഷാജി ജേക്കബ്‌

ധ്യകാലകേരളത്തിന്റെ നാടുവാഴിസംസ്‌കാരത്തിൽ ചാവേറ്റുവീരന്മാർ ഉറുമികൊണ്ടെഴുതിയ രക്തേതിഹാസമാണ് മാമാങ്കം. ലോകചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത രാഷ്ട്രീയ അങ്കക്കലിയുടെ നരബലിഗാഥ. പന്ത്രണ്ടുവർഷത്തിലൊരിക്കൽ പൊന്നാനി താലൂക്കിലെ തിരുനാവായ ക്ഷേത്രമുറ്റത്തും ഭാരതപ്പുഴയുടെ മണപ്പുറത്തുമായി നടന്നുവന്ന ഇരുപത്തെട്ടുദിവസത്തെ മഹോത്സവമായിരുന്നു മാമാങ്കം. ചേരമാൻ പെരുമാളുടെ കാലം തൊട്ട് വള്ളുവനാടിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ഈ ഉത്സവത്തിന്റെ നായകത്വം ചതിയിലൂടെ സാമൂതിരി പിടിച്ചടക്കി എന്നാണൈതിഹ്യം. പിന്നീടിങ്ങോട്ട്, ഓരോ മാമാങ്കത്തിലും എഴുന്നള്ളിയെത്തുന്ന സാമൂതിരിയെ മാമാങ്കത്തറയിൽ കയറി വെട്ടിക്കൊന്ന് മാമാങ്കവും രാജ്യവും പിടിച്ചടക്കാൻ വള്ളുവനാടിന്റെ ചാവേറുകൾ രംഗത്തുവന്നു.

സംഘംകൃതികളിൽ പരാമർശിക്കപ്പെടുന്ന ചാവേറ്റുസംസ്‌കാരത്തിന്റെ തുടർച്ചയാണ് മാമാങ്കത്തിലെ ചാവേർ എന്നു കരുതപ്പെടുന്നു. പുറനാനൂറ് ചാവേറ്റുസൂചനകൾകൊണ്ട് സമൃദ്ധമാണ്. മധ്യകാലലോകചരിത്രം തന്നെയും ചാവേറുകളുടെ വീരകഥകൾ കൊണ്ട് സമ്പന്നമാണല്ലോ. 11-13 നൂറ്റാണ്ടുകളിൽ സിറിയയിലും പേർഷ്യയിലുമുണ്ടായിരുന്ന അസാസിനുകൾ, 12-19 നൂറ്റാണ്ടുകളിൽ ജപ്പാനിൽ വീരപരിവേഷമാർജ്ജിച്ച സമുറായ്മാർ തുടങ്ങിയവരൊക്കെ ഉദാഹരണം. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലം ഇസ്ലാമിക ചാവേർസംഘങ്ങൾ ലോകവ്യാപകമായി നടത്തുന്ന ആസൂത്രിതവും കിരാതവുമായ ആക്രമണങ്ങളുടെ കഥ പറയേണ്ടതില്ലല്ലോ. തമിഴ് ചാവേറ്റ്പാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ.യുടെ സമാനതകളില്ലാത്ത ഒളിപ്പോർചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. മാമാങ്കത്തിലേക്കു തിരിച്ചുവരാം.

പന്ത്രണ്ടുവർഷത്തിലധികം സിംഹാസനത്തിലിരിക്കാൻ അവകാശമില്ലാതിരുന്ന സാമൂതിരി അക്കാലത്തിനകം മരിച്ചില്ലെങ്കിൽ തന്റെ രാജ്യത്തെ പ്രഭുക്കന്മാരെയും പ്രമാണിമാരെയും ഒരു മഹാസദ്യക്കു ക്ഷണിച്ചുവരുത്തി അവർക്കു മുൻപിൽ സ്വന്തം കഴുത്തറുത്ത് ചാകുന്ന പതിവായിരുന്നുവത്രെ നിലവിലുണ്ടായിരുന്നത്. പിന്നീടാണ് മാമാങ്കം എന്ന ചടങ്ങ് നിലവിൽവരുന്നത്. തിരുനാവായയിൽ, മാമാങ്കത്തട്ടിലെ നിലപാടുതറയിൽ സന്നിഹിതനാകുന്ന സാമൂതിരിയെ, അദ്ദേഹത്തിന്റെ സംരക്ഷകരായ നാല്പതിനായിരം നായർഭടന്മാരുടെ വലയം ഭേദിച്ച് ശിരച്ഛേദം ചെയ്യാൻ ആർക്കെങ്കിലും കഴിഞ്ഞാൽ അയാളായിരിക്കും അടുത്ത സാമൂതിരി.

ജൊനാഥാൻ ഡങ്കൻ മാമാങ്കത്തെപ്പറ്റി നിരവധി പരാമർശങ്ങൾ നടത്തുന്നുണ്ട്. തിരുവിതാംകൂർ ഉൾപ്പെടെ മുഴുവൻ കേരളത്തിന്റെയും പരമാധികാര രാജശക്തിയെന്ന നിലയിൽ സാമൂതിരിയുടെ വാഴ്ച 1743ലെ അവസാന മാമാങ്കംവരെ തുടർന്നുവെന്നാണ് ചരിത്രരേഖകൾ പറയുന്നത്. 1683ലെ മാമാങ്കരേഖകൾ പരിശോധിച്ച വില്യം ലോഗൻ മലബാർ മാന്വലിൽ ഈ ആഘോഷത്തെപ്പറ്റി വിശദമായെഴുതുന്നുണ്ട് (പുറം 127-130). 1695ൽ നടന്ന മാമാങ്കത്തിലെ മൂന്നു ചാവേറുകളുടെ കഥ ഹാമിൽട്ടൺന്റെ 'ന്യൂ അക്കൗണ്ടി'ൽ നിന്ന് വില്യം ലോഗൻ ഉദ്ധരിക്കുന്നു.

'1695ൽ ഇങ്ങനെയുള്ള ഒരു ജൂബിലി (മാമാങ്കം) നടക്കുകയുണ്ടായി. സാമൂതിരിയുടെ അഴിമുഖ നഗരങ്ങളിൽ ഒന്നായ പൊന്നാനി(പൊന്നാനി)യിലാണ് സാമൂതിരി തമ്പടിച്ചത്. ഈ സ്ഥലം കോഴിക്കോടിന് ഏകദേശം 15 കാതം തെക്ക് മാറിയായിരുന്നു. സാമൂതിരിയുടെ ഭടന്മാരെ നേരിട്ട് സാമൂതിരിയുടെ തമ്പിലേക്ക് കടന്ന് തലവെട്ടാൻ സന്നദ്ധമായിട്ട് മുന്നോട്ടുവന്നത് മൂന്നുപേരായിരുന്നു. അവർ വാളും പരിചയുമായി സാമൂതിരിപ്പടയുടെ നടുവിലേക്കു ചാടിവീണു. മൂന്നുപേരും ഒട്ടേറെ സാമൂതിരി ഗാർഡുമാരെ അരിഞ്ഞുവീഴ്‌ത്തി. അവരും കൊല്ലപ്പെട്ടു. ഇങ്ങനെ സാമൂതിരിപ്പടയെ നേരിട്ട് രാജാവിന്റെ ശിരച്ഛേദം നടത്തി രാജ്യഭാരം ഏറ്റെടുക്കാനുള്ള സാഹസികത്വം കാണിച്ച് അങ്കത്തട്ടിലേക്ക് ചാടിയിറങ്ങി ലക്ഷ്യത്തിന്റെ അടുത്തൊന്നുമെത്താതെ കുറേപ്പേരെ കൊല്ലുകയും സ്വയം കൊല്ലപ്പെടുകയും ചെയ്ത സാഹസികരിൽ ഒരാൾക്ക് 15-16 ഓ വയസ്സ് മാത്രം പ്രായംചെന്ന ഒരു അനന്തിരവനുണ്ടായിരുന്നു. ഈ അനന്തിരവൻ തന്റെ മാതുലന് തുണയായി അങ്കത്തട്ടിൽ ഒപ്പമുണ്ടായിരുന്നു. അമ്മാവൻ വെട്ടേറ്റ് മരിച്ചുവീഴുന്നതിനിടയിൽ മരുമകൻ, ഗാർഡുമാരുടെ വലയത്തിലൂടെ കടന്നുചാടി സാമൂതിരിയുടെ തമ്പിലേക്കു കടന്ന് സാമൂതിരിയുടെ തല വാളുകൊണ്ട് ആഞ്ഞുവെട്ടി. പക്ഷേ സാമൂതിരിയുടെ തൊട്ടുപിറകിൽ കത്തിച്ചുവെച്ച കൂറ്റൻ നിലവിളക്കിനാണ് വെട്ടുകൊണ്ടത്. രണ്ടാമത് വെട്ടാൻ വാളുയർത്തിയതും സാമൂതിരിയുടെ രക്ഷാഭടന്മാർ യുവാവിനെ വെട്ടിവീഴ്‌ത്തിയതും ഒപ്പം കഴിഞ്ഞു. ഇങ്ങനെ രക്ഷപ്പെട്ട സാമൂതിരിയാണ് ഇപ്പോഴും നാടുവാഴുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പശ്ചിമതീരത്തൂടെ ഈ സംഭവം നടന്ന സമയത്ത് സഞ്ചരിക്കാൻ എനിക്കിടയായി. രണ്ടു മൂന്ന് ദിവസം രാവും പകലും ഇടതടവില്ലാതെ, വെടിയൊച്ചകൾ മുഴങ്ങുന്നത് ഞാൻ നേരിൽ കേട്ടതാണ് (ഹാമിൽട്ടന്റെ 'ന്യൂ എക്കൗണ്ട്' - പേജ് 306-308)'.

ഹാമിൽട്ടൺ വിവരിക്കുന്ന 1695ലെ മാമാങ്കത്തിൽ ചാവേറായിത്തീർന്ന മൂന്നു പേരുടെ കഥയാണ് സജീവ് പിള്ളയുടെ നോവൽ, 'മാമാങ്കം' പറയുന്നത്. അതിൽത്തന്നെ, അവസാനത്തെ ചാവേർ എന്നും, സാമൂതിരിയെ വധിക്കുന്ന ഘട്ടം വരെ പൊരുതിയെത്തിയ ഏക ചാവേർ എന്നും കേളികേട്ട, പതിമൂന്നുവയസ്സു മാത്രം പ്രായമുണ്ടായിരുന്ന ചന്ത്രോത്ത് തറവാട്ടിലെ ചന്തുണ്ണിയുടെ കഥയ്ക്കാണ് ഊന്നൽ. അതേസമയം, മുൻപൊരു ചാവേറിൽ സാമൂതിരിയെ നിലവറയിലേക്കു പായിച്ചശേഷം, നാടുവിട്ടുപോയ ചന്ത്രോത്ത് വലിയപണിക്കർ വേഷപ്രച്ഛന്നനായെത്തി ചന്തുണ്ണിയെ തുണയ്ക്കുന്നതിന്റെ കഥ പറയുന്ന നോവൽ കൂടിയാണിത്.

അവസാനത്തെ ചാവേറിന്റെ ഇതിഹാസം ഇങ്ങനെ സംഗ്രഹിക്കാം: വള്ളുവനാട്ടിലെ നിരവധി നായർ ചാവേർതറവാടുകളിലൊന്നായ ചന്ത്രോത്ത് കുടുംബത്തിലെ വലിയ പണിക്കർ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു മാമാങ്കത്തിൽ സാമൂതിരിയുടെ തൊട്ടടുത്തെത്തിയെങ്കിലും രാജാവ് ഭയന്ന് നിലവറയിൽ ഒളിച്ചതിനാൽ പണിക്കർക്ക് അദ്ദേഹത്തെ കൊല്ലാൻ കഴിഞ്ഞില്ല. പണിക്കരെ കൊല്ലാൻ ഭടന്മാർക്കും കഴിഞ്ഞില്ല. പക്ഷെ പിന്നീടാരും പണിക്കരെ കണ്ടിട്ടില്ല. നാടുവിട്ടുപോയ പണിക്കർ തറവാടിനുണ്ടാക്കിയ അപമാനത്തിൽനിന്നുയിർത്തെഴുന്നേറ്റ ചന്ത്രോത്ത് ചെറിയ പണിക്കർ 1695ലെ മാമാങ്കത്തിൽ ചാവേറാകാൻ തീരുമാനിക്കുന്നു. ഒപ്പം ആവേശഭരിതനായി അദ്ദേഹത്തിന്റെ അനന്തരവൻ പതിമൂന്നുകാരനായ ചന്തുണ്ണിയും. പിന്നീട് ഇവരുടെ കൂടെ, സാമൂതിരിയുടെ സേനയാൽ കൊല്ലപ്പെട്ട പോക്കറുടെ മകൻ മോയിനും ചേരുന്നു. വയങ്കരപണിക്കരുടെ കീഴിൽ കഠിനമായ ആയോധന, യോഗവിദ്യാ, ധ്യാനപരിശീലനങ്ങൾ കഴിഞ്ഞാണ് പണിക്കരും ചന്തുണ്ണിയും മാമാങ്കത്തിനു പുറപ്പെടുന്നത്. ഇരുപത്തെട്ടാം നാൾ, ജനസഹസ്രങ്ങളെ സാക്ഷിനിർത്തി, സാമൂതിരിയുടെ ഭടന്മാരെ മറികടന്ന് മാമാങ്കത്തട്ടിലേക്കു പറന്നുകയറിയ മൂന്നു ചാവേറുകളും വള്ളുവനാടിന്റെ വീറ് ഉറുമിയിലും വാളിലും ഇടിമിന്നൽപോലെ തെളിയിച്ചു. കരിഞ്ചേമ്പിൻ തണ്ടുമുറിക്കുംപോലെ ഭടന്മാരുടെ ഉടലുകൾ തലയറ്റുവീണു. ഒടുവിൽ സാമൂതിരിയുടെ തൊട്ടടുത്തെത്തിയ ചന്തുണ്ണി അദ്ദേഹത്തിന്റെ കഴുത്ത് ലക്ഷമാക്കി വീശിയ വാൾ, വലിയ നിലവിളക്കിൽ കൊണ്ട് ഉന്നം തെറ്റി. ആ മാത്രയിൽതന്നെ പടയാളികൾ ഉണ്ണിയെ വെട്ടിയും വെടിവച്ചും വീഴ്‌ത്തി. പണിക്കരും മോയിനും വീര്യമൃത്യു വരിച്ചുകഴിഞ്ഞിരുന്നു. മാമാങ്കചരിത്രത്തിലെ അവസാനത്തെ ചാവേർ എന്നു പിന്നീട് പാട്ടുകളിലും കഥകളിലും കേളികേട്ട ചന്തുണ്ണിയും മാമാങ്കത്തട്ടിൽ കണ്ണടച്ചു.

മാമാങ്കപ്പിറ്റേന്നാണ് കാലപരമായി നോവലിന്റെ ആഖ്യാനം തുടങ്ങുന്നത്. പല ശാഖകളായി പിരിയുന്ന ഭൂതകാലകഥകളുടെ ഒരു വടവൃക്ഷമായി നോവൽ വളരുന്നതവിടെനിന്നാണ്. സാമൂതിരിയുടെ സേനാനായകൻ തലച്ചെന്നോർ, തലേന്ന് കൊല്ലപ്പെട്ട പരദേശിവ്യാപാരി സമയുടെ ഘാതകരെ തേടിയിറങ്ങിയിരിക്കുകയാണ്. ഒരു വഴിയമ്പലത്തിലെത്തിയ തലച്ചെന്നോർ, ദേശവാഴിയുടെ ഉദ്യോഗസ്ഥരായ തലകാപ്പിനെയും നമ്പിടിയെയും മറ്റു ചുമതലക്കാരെയും പ്രമാണിമാരെയും വിളിച്ചുവരുത്തി വിചാരണചെയ്യുന്നു. സമ തമ്പടിച്ചിരുന്നത് നർത്തകിയും ദേവദാസിയുമായ ഉണ്ണിമായയുടെ മാളികയിലാണ്. അവളെയും അവളുടെ സഹോദരി ഉണ്ണിനീലിയെയും ഉണ്ണിമായയുടെ കാമുകൻ രാരിച്ചനെയും ചാരനായ പറങ്ങോടനെയും ഇട്ടിരാരിക്കുറുപ്പിനെയും സകലതിനും സാക്ഷിയായ ഒടിയനെയും പിടികൂടി ചോദ്യവും ഭേദ്യവും ചെയ്യുന്നു തലച്ചെന്നോർ. സമയെ കൊന്ന് ചാവേറുകളെ കാത്ത വലിയപണിക്കരെ മാത്രം അയാൾക്കു കിട്ടിയില്ല.

മൂന്നു താവഴികളിലാണ് 'മാമാങ്ക'ത്തിന്റെ ചാവേർമാഹാത്മ്യം സജീവ് പുനരാവിഷ്‌ക്കരിക്കുന്നത്. ഒന്ന്, തലച്ചെന്നോരിനോട് ഓരോരുത്തരും പറയുന്ന കഥകളുടെ വഴി. രണ്ട്, ചന്ത്രോത്ത് തറവാട്ടിലെ ചാവേറുകളുടെ പടപ്പുറപ്പാടിന്റെ കഥകൾ. മൂന്ന്, പണ്ട് ചാവേറ് പോയി സാമൂതിരിയെ നിലവറയിലേക്കു തുരത്തിയശേഷം രക്ഷപെട്ട് ചാവേറ്റിനോടു മടുപ്പുതോന്നി നാടുവിട്ട് രാജ്യങ്ങൾ ചുറ്റി തിരിച്ചുവന്ന് വേഷപ്രച്ഛന്നനായി ജീവിക്കുമ്പോൾതന്നെ ചന്തുണ്ണിയെയും മോയിനെയും സംരക്ഷിക്കുന്ന വലിയപണിക്കരുടെ കഥകൾ.

നോവലിലെ ഓരോ കഥാപാത്രത്തിനും രണ്ടു ജീവിതമുണ്ട്. സ്വന്തം ജീവിതവും മൂന്നും ഒന്ന് നാല് ചാവേറുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റൊരു ജീവിതവും. അതിലൂടെയാണവർ മാമാങ്കത്തിന്റെ ചരിത്രഭാഗധേയത്തിൽ പങ്കുപറ്റുന്നത്. അഥവാ ആ ഇരട്ടജീവിതങ്ങൾ തന്നെയാണ് മാമാങ്കത്തിന്റെ ഭാവലോകങ്ങളെ രൂപപ്പെടുത്തുന്നത്.

മാമാങ്കത്തറയിൽ വെട്ടേറ്റുവീണ ചന്തുണ്ണിയുടെ ജഡം ആരുമറിയാതെ കടത്തിക്കൊണ്ടുപോയി സ്വന്തം തറവാട്ടിലെത്തിക്കുന്ന അജ്ഞാതപുരുഷനിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. കഥയുടെയും നോവലിന്റെയും മുക്കാൽ ഭാഗവും അജ്ഞാതവാസം തുടരുന്ന ഇയാൾ യഥാർഥത്തിൽ ചന്ത്രോത്ത് വലിയപണിക്കർ തന്നെയായിരുന്നുവെന്നറിയുന്നത് അവസാനഭാഗത്തു മാത്രമാണ്. തലച്ചെന്നോർ നടത്തുന്ന അന്വേഷണങ്ങൾ കേന്ദ്രീകരിക്കുന്നതും പണിക്കരിലേക്കു തന്നെ. ചിത്രകാരൻ കുറുപ്പായി വേഷം മാറി സ്‌ത്രൈണഭാവം സ്വീകരിച്ച് ഉണ്ണിമായയുടെ മാളികയിൽ താമസിക്കുകയാണ് അക്കാലത്തദ്ദേഹം. മാമാങ്കത്തിനു പുറപ്പെട്ട് ചന്തുണ്ണിയും ചെറിയപണിക്കരും മോയിനും സമയുടെ തടവിലായെങ്കിലും വലിയപണിക്കർ അവരെ രക്ഷിച്ച് ചാവേറിനയക്കുന്നു. അതിനിടെയാണ് സമ കൊല്ലപ്പെടുന്നത്. സമയെക്കൊന്നതാര് എന്നന്വേഷിച്ചെത്തുന്ന തലച്ചെന്നോരുടെ വിചാരണയിൽ ചുരുൾനിവരുന്ന കഥാപാത്രങ്ങളായും ഇവർ മാറുന്നു.

ചാവേറുകളുടെ യാത്രാവഴിയിൽ വലിയപണിക്കരുടെ കഥവഴികൾ കൂടിച്ചേർന്നൊഴുകുന്ന മാമാങ്കത്തലേന്ന് രാത്രിയും തലച്ചെന്നോരുടെ വിചാരണ നടക്കുന്ന മാമാങ്കപ്പിറ്റേന്ന് രാത്രിയുമാണ് നോവലിലെ മുഖ്യ കഥനസന്ദർഭങ്ങൾ. ഇതിനപ്പുറവും ഇപ്പുറവും നടക്കുന്ന ചില സംഭവങ്ങളുടെ ആവിഷ്‌ക്കാരം നോവലിനെ പൂരിപ്പിക്കുകയും ചെയ്യുന്നു. കടമ്പഴി, ഉണ്ണിമായയുടെ മാളിക, ചന്ത്രോത്ത് തറവാട്, വയങ്കരപണിക്കരുടെ കളരി-യോഗവിദ്യാപരിശീലനങ്ങൾ, വഴിയമ്പലം, മാമാങ്കം തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

മിത്തും ചരിത്രവും കൂടിക്കലരുന്ന ആഖ്യാനമാണ് 'മാമാങ്ക'ത്തിന്റേത്. ഒടിയന്റെ മായികവിദ്യകൾ തൊട്ട് വയങ്കരപണിക്കരുടെ ആയോധനമുറകളും യോഗവിദ്യകളും ധ്യാനമാർഗവും വരെയുള്ളവ സൃഷ്ടിക്കുന്ന റിയലിസത്തിന്റെയും മാജിക്കൽ റിയലിസത്തിന്റെയും ഒരു സമ്മിശ്രാന്തരീക്ഷം നോവലിലുടനീളമുണ്ട്. സാമൂതിരിയും ഇതര രാജാക്കന്മാരും നാടുവാഴികളും അസന്നിഹിതരാണെങ്കിലും അവരുടെ ഉദ്യോഗസ്ഥർ നോവലിലെ ഒരു പകുതി കഥാപാത്രങ്ങൾ തന്നെയായി വളരുന്നു. പറങ്കികളും ബ്രിട്ടീഷുകാരും സാന്ദർഭികമായി സൂചിപ്പിക്കപ്പെടുക മാത്രം ചെയ്യുമ്പോൾ ലന്തക്കാർ (ഡച്ചുകാർ) മാമാങ്കത്തിന്റെ രാഷ്ട്രീയഭാഗധേയത്തിൽ നിർണായകമായി ഇടപെടുന്നു. എന്നുമാത്രവുമല്ല വലിയപണിക്കർ ചാവേർശ്രമത്തിനുശേഷം കപ്പലിൽ കയറി നെതർലാൻഡ്‌സിലെത്തി ഏറെനാളുകൾ അവിടെ ജീവിക്കുന്നുപോലുമുണ്ട്. ജീവിതത്തിനും മരണത്തിനുമിടയിൽ വാൾത്തലനൃത്തം ചെയ്യുന്ന ഭടജനങ്ങളും ചാരന്മാരും നോവലിൽ ആദ്യന്തം സജീവമാണ്. കളരിപ്പയറ്റും രസവിദ്യയും മുതൽ വൈദ്യവും ചിത്രമെഴുത്തും വരെയുള്ള ജ്ഞാനവ്യവഹാരങ്ങളുടെ നാടുവാഴി-കൊളോണിയൽ സംസ്‌കൃതി നോവലിന്റെ അടിസ്ഥാന ഭാവഭൂമികകളിലൊന്നാണ്. ഡച്ചുകപ്പലിൽ കയറിക്കൂടി യൂറോപ്പിലെത്തി തന്റെ ഗണിതജ്ഞാനവും ആയോധനവിദ്യയും കൊണ്ട് സ്വന്തം ആയുസ് നീട്ടിയെടുക്കുന്ന വലിയപണിക്കരുടെ വൈവിധ്യമാർന്ന ജീവിതമണ്ഡലങ്ങളാണ് നോവലിന്റെ അച്ചുതണ്ടായി നിലനിൽക്കുന്നത്. അതിനുചുറ്റും ഭ്രമണം ചെയ്യുന്ന മനുഷ്യരും ക്രിയകളുമാണ് 'മാമാങ്ക'ത്തിന്റെ ഭാവനാഭൂപടം പൂർത്തീകരിക്കുന്നത്.

നോവലിന്റെ ഭാഷയിലും ആഖ്യാനത്തിലും സി.വി. രാമൻപിള്ളയുടെ കൃതികൾ മുതൽ ചലച്ചിത്രതിരക്കഥ വരെയുള്ള രചനാപാഠങ്ങളെ സജീവ് നിരന്തരം പിന്തുടരുന്നു. ചരിത്രബോധത്തെ മിത്തിക്കൽ റിയലിസത്തോടും മായികഘടകങ്ങളോടും സാകൂതം ഇണക്കിനിർത്തും. വേണാട്, കൊച്ചി രാജ്യങ്ങളുമായുള്ള സാമൂതിരിയുടെ സംഘർഷങ്ങൾ മുതൽ കൊളോണിയൽ അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ വരെയുള്ളവ നോവലിൽ സദാ കടന്നുവരും. മണിപ്രവാളകാവ്യങ്ങളുടെ ഭാഷണവ്യവസ്ഥയിൽ നോവലിന്റെ വർണനാശൈലിയും കല്പനാലോകങ്ങളും പുനർവിന്യസിക്കപ്പെടുന്നു. അതിമാനുഷികീകരിക്കപ്പെട്ട ചരിത്രപുരുഷന്മാരെയും അലൗകികവൽക്കരിക്കപ്പെട്ട കാല്പനിക വനിതകളെയും നോവൽരൂപത്തിൽ കൂട്ടിയിണക്കുന്നു, സജീവ്. ചരിത്രാനുഭവങ്ങളെ ഭാവനകൊണ്ടു പൊലിപ്പിച്ചും ചരിത്രത്തിന്റെ രാഷ്ട്രീയം ഭാവനാത്മകമായി സ്വാംശീകരിച്ചും സജീവ് സൃഷ്ടിക്കുന്ന സാഹിതീയപാഠം, മലയാളനോവലിന്റെ കലാപദ്ധതിയിൽ തനതും മൗലികവുമായ ഒരു ആഖ്യാനമാതൃകക്കു രൂപം കൊടുക്കുന്നു. 'മാമാങ്ക'ത്തിന്റെ മൈത്തികലോകങ്ങളെ ചാവേറ്റിന്റെ രാഷ്ട്രീയ യാഥാർഥ്യങ്ങളുമായി ഇഴകലർത്തുന്നതിന്റെ സാധ്യതകൾ മുൻനിർത്തി വായിക്കുമ്പോൾ കേവലമൊരു ഡോക്യുഫിക്ഷൻ എന്ന നിലയിൽ നിന്ന് കൊളോണിയൽ നാടുവാഴികേരളത്തിന്റെ സാംസ്‌കാരിക വിമർശനപാഠമെന്ന നിലയിലേക്ക് നോവൽ പടർന്നുപന്തലിക്കുന്നു. കഥാഗതിയെയും കഥാപാത്രനിർമ്മിതിയെയും ആദ്യന്തം ചടുലവും ഏകാഗ്രവും രാഷ്ട്രീയനിർഭരവുമാക്കി നിലനിർത്തുന്നത് ഈ കലാദർശനമാണ്.

വിവരണകലയിലാണ് 'മാമാങ്ക'ത്തിന്റെ നോവൽസ്വഭാവം വ്യതിരിക്തമാകുന്നത്. പറങ്കികളെ തോല്പിച്ച് ഡച്ചുകാരോടൊപ്പം ചേർന്ന് സാമൂതിരി പിടിച്ചെടുക്കുന്ന കൊടുങ്ങല്ലൂർകോട്ടയുടെ വിവരണം നോക്കൂ.

'കൂറ്റൻ കരിങ്കൽ കോട്ടയുടെ വെള്ളത്താൽ ചുറ്റപ്പെട്ട മുൻഭാഗത്തിന് വിശാലമായ എടുപ്പുകളാണ്. മൂന്ന് വശത്തും കായലും പുഴയുമാണ്. അവയ്ക്ക് മേലേ, ചിറക് വിടർത്തിയ, അപ്രാപ്യമായ കൂറ്റൻ പക്ഷിയെപ്പോലെ, ഒന്നൊന്നായി വലിയ ഏഴ് കൊത്തളങ്ങൾക്കിടയിൽ ആകാശംമുട്ടി നിൽക്കുന്ന കാവൽക്കോട്ട. വെള്ളത്തിലേക്ക് തള്ളിനിന്ന ആ കുന്നിനെ ബലപ്പെടുത്തുന്ന കൂറ്റൻ കരിങ്കൽക്കെട്ടുകളും അവയ്ക്ക് ബലം വാർത്ത് തറനിരപ്പിൽ വീതി ചേർന്ന ചരിഞ്ഞ് പാകി പടുത്തുയർത്തിയ ബലഭിത്തികളും ചുറ്റുമതിൽ തൂൺകെട്ടുകളും ഒന്നിനും മെരുങ്ങാത്ത ഒരു അജയ്യമായ പ്രതീതി കോട്ടയ്ക്ക് കൊടുത്തു. അതിദൂരത്തിൽ പോലും പുഴയിലും കായലിലും ഏതൊരു ചലനവും അറിയാനും അമർച്ച ചെയ്യാനും പറ്റുന്ന വിധം എഴുന്നു നിന്ന ഭൂമിശാസ്ത്രപരമായ മേൽക്കൈയും കോട്ടയ്ക്ക് കിട്ടി. മതം മാറിയ പുത്തൻ കൂറ്റുകാരുടെ വേഷത്തിൽ തലകാപ്പും പാലിയത്തച്ചന്റെ ചാരന്മാരും അകത്തു കടന്നു. കോട്ടയ്ക്കകത്തുള്ള മലയാളി ഭടജനവുമായി രഹസ്യമായ ആശയവിനിമയത്തിൽ അവിടെയെല്ലാം ചുറ്റിക്കണ്ടു.

കൊത്തളങ്ങളിൽ വലിയ ഇരുമ്പ് പീരങ്കികളുടെ പട. പ്രബലമായ വീതിയും ഉയരവും വച്ച കൽമതിൽക്കെട്ടുകളിൽ ഇടവിട്ട് പോകുന്ന പീരങ്കിവിടവുകളിൽ അസംഖ്യം പിച്ചളപ്പീരങ്കികളും അരികിലായി തയാറാതി പട്ടാളവും. മതിൽമറഞ്ഞ്, നീണ്ട തോക്കുകാർ. കെട്ടുപിണയുന്ന ഇടനാഴികൾ താഴേക്കും മേലേക്കും വശങ്ങളിലേക്കുമെല്ലാം പോകുന്നു. പുറമേനിന്ന് ഒരു ആക്രമണമുണ്ടായാൽ പീരങ്കിയിൽനിന്ന് വരാവുന്ന തീയുണ്ടകൾ വീണേക്കാവുന്ന സ്ഥലങ്ങളെല്ലാം വിജനമായ മൈതാനം പോലെ ഒഴിപ്പിച്ചിട്ടിരിക്കുന്നു. അത്തരം നിരവധി മൈതാനവിതാനങ്ങൾ കാണാം. അതിനിടയിലൂടെ വലിയ ഉന്തുവണ്ടികളിൽ കൊത്തളങ്ങളിലേക്കും നിരത്തി സ്ഥാപിച്ചിരിക്കുന്ന വലിയ പീരങ്കികളിലേക്കും പറങ്കികളും നാടൻ പടയാളികളും വെടിമരുന്നും സാമഗ്രികളുമായി ഓടിയെത്തുന്നുണ്ട്. പീരങ്കികളിലേക്ക് പോകുന്ന ചെറുവഴികൾ പോലും കൽക്കമാനങ്ങളാൽ മറച്ചിരിക്കുന്നു. സുസജ്ജമായ കോട്ടയ്ക്കുള്ളിൽ, എന്തിനും അച്ചടക്കമാർന്ന, സുഘടിതമായ വിന്യാസങ്ങൾ. മറുകരയിലെ കാവൽക്കോട്ടയുമായി പടയാളികൾ കൊത്തളങ്ങളിൽ നിന്ന് സംവേദിക്കുന്നുമുണ്ട്. എല്ലാം നിയന്ത്രിച്ച് സേനാനായകൻ നടക്കുന്നു. അതിബൃഹത്തായ പള്ളി മുതൽ പട്ടാളക്കാരുടെ ഒഴിമുറികൾ വരെ എല്ലാം കരിങ്കല്ലിൽ തീർത്തതാണ്. നിരവധി സൗധങ്ങളും ഉണ്ട്. പലതിലും പച്ചയും മഞ്ഞയും ഉൾപ്പെടെ പല നിറത്തിലെ കല്ലുകൾ പാകിയിരിക്കുന്നു. നിറമുള്ള കണ്ണാടികൾ പതിച്ച ജനാലകളും ജാളികളും പിടിപ്പിച്ച കെട്ടിടങ്ങളുടെയൊക്കെ മച്ചും വിശേഷപ്പെട്ട ഓട് മേഞ്ഞ മേൽക്കൂരകളും അസാധാരണമായി ഉയരമുള്ളതാണ്. വിശാലമായ മുൻവിതാനത്തിന്റെ കരിങ്കൽക്കെട്ടുകൾക്ക് പിന്നിലെ പടയാളിപ്രദേശം കഴിഞ്ഞാൽ നാഴികകളോളം നീണ്ട പിന്നാമ്പുറമാണ്. കാതങ്ങൾ കഴിയുമ്പോൾ മൂന്ന് ഭാഗത്തുനിന്നും കൂറ്റൻ മൺമതിൽ. മതിലുകൾക്ക് വലിയ വീതിയും ചുറ്റുവരിത്തൂൺകെട്ടുകളുമുണ്ട്'.

മാമാങ്കോത്സവത്തിന്റെ വിവരണമാണ് മറ്റൊന്ന്. നാല്പതിലധികം പുറങ്ങൾ നീണ്ടുകിടക്കുന്ന സ്ഥലവർണന. ഒരുഭാഗം നോക്കുക:

'ആ മണിപ്പന്തൽ കണ്ടാൽ, കുറൈത്തെരുവിലെ ചീനക്കടയിൽ കണ്ട വെൺകളിവീട് വലുതാക്കി വച്ചതുപോലെ തോന്നും. ആകാശം ബിംബിക്കുന്ന ജലാശയത്തിൻ മുകളിലെ ദാരുവിന്റെ ശ്വേതചിത്രരൂപം. അറകൾ കൊണ്ട് മറയ്ക്കപ്പെടാതെ അഴികൾകൊണ്ട് എല്ലായിടവും തുറക്കപ്പെട്ട അപൂർവ്വമായ ഇരുനിലയും മച്ചും. പ്രകാശത്തിന് കളിക്കാനുള്ള ഒരു കളിവീട് പോലെ പലവിധം അഴികളും ജാലകങ്ങളും ചാലടികളും നീണ്ട ഇടനാഴിശൃംഖലകളും കോവണികളും. അപൂർവ്വമായ, മസൃണമായ ശില്പങ്ങൾപോലെ ഓരോന്നിനും ഓരോ കടച്ചിലുകളായിരുന്നു. ചിലയിടങ്ങളിൽ വെയിൽ മറയ്ക്കാനായി വെൺപട്ടുകൾ ഞാത്തിയിട്ടിരുന്നു. സുഗന്ധം പരത്താനായി കാറ്റ് കേറിപ്പോകുന്ന ചെറു അറകളിൽ ചന്ദനവും രാമച്ചവും ഒക്കെ പകുതി നിറച്ചിരിക്കുന്നു. ചുവരിൽ വിരിച്ച വീരാളിപ്പട്ടൊഴിച്ചാൽ എവിടെയും വെള്ളയും വെൺചായവും. ചിത്രങ്ങളൊക്കെയും ഇളം മഞ്ഞയും വെള്ളയിലലിയുന്ന ഇളംപാടലവും. മേലാപ്പിലെല്ലാം വെൺപട്ട്. നിലത്ത് നീരാളം പോലെ ചിത്രകമ്പളം. എല്ലാം സുതാര്യപ്രതീതിയെങ്കിലും ഉള്ളിൽ പലതും ഇരട്ടിപ്പുകൾക്കിടയിൽ പുറത്തേക്ക് കാണുകയേയില്ല. ഒന്നാം നിലയ്ക്ക് കീഴെ കടവും പടികളും. മേൽനില വാരിയിൽ കസവ് തോരണം. ചെമ്പുപാളിക്കോടിയിൽ വെൺപട്ടുതഴകൾ. താഴികക്കുടത്തിൽ ശാർദ്ദൂലാലേഖിതമായ തിളങ്ങുന്ന കൂറ്റൻ കൊടിക്കൂറ. വെളിച്ചപ്പാളികൾ വീശുന്ന വലിയ രത്‌നമാണ് മൃഗനേത്രം. മുകളിൽ മുകിലുകൾ വെള്ളിയിലലയുന്നു. താഴെ ശ്രാന്തപ്രവാഹത്തിൽ മെല്ലെ ഉലയുന്ന പ്രതിബിംബവും കാറ്റിലാടുന്ന തഴകളും തോരണമണ്ഡപവും. ചുറ്റും വെള്ളവും വെണ്ണലവും. അത് അവിശ്വസനീയമായ ഒരു കാഴ്ചപോലെ മൂവർക്കും തോന്നി. മോയീനും ഉണ്ണിയും ചന്ത്രോത്ത് പണിക്കരെ ചേർന്നുനിന്നു. ശരീരങ്ങൾ പരസ്പരം ചൂട് പകർന്നു. ചുറ്റുപാടും നോക്കി. നീരാട്ടുകുളിപ്പന്തലിന് ചുറ്റും, കൈത്തോക്കും വില്ലും കുന്തവുമായി അങ്ങിങ്ങായി കൊതുമ്പുവള്ളങ്ങളിൽ പതുങ്ങിക്കിടക്കുന്ന കാവൽജനത്തെ ആരും കാണുകകൂടിയില്ല.

ആൾക്കടലുകതളെ മുറിച്ച് ജാഗ്രതയോടെ നടുക്ക് ഒരു ആചാരത്തട്ട് പോലെ എല്ലാവർക്കും ദൃശ്യമാകുന്ന രീതിയിൽ നീരാട്ടുകുളിപ്പന്തലും പുഴമുറിച്ച് അപ്പുറം ഏറാൾപ്പാടിന്റെ നിലപാട് തറയും. നീരാട്ട് മണിപ്പന്തലിന് നേരേ എതിരേയാണ് തെക്കേക്കരയിൽ ഏറാൾപ്പാടിന്റെ നിലപാട് തറ. പിന്നിൽ കോവിലകവും പ്രഭുക്കളുടെ മാളികകളും. അവിടുന്ന് കിഴക്കോട്ട് നടുവിലെ പുഴയും അഴികളും വാണിഭത്തെരുവുകളും വ്യാപാരക്കുടിലുകളും അവസാനിക്കാത്ത അങ്ങാടികളും ഭാഷകളും വേഷങ്ങളും പിണഞ്ഞുപിണഞ്ഞ് ഒന്നുചേരുന്ന നദീതടം.

നേരേ വടക്കേക്കരയിൽ കോവിലകം സ്ത്രീജനങ്ങൾക്കു നിന്ന് നിലപാട് കാണാനുള്ള പെരുനിലപ്പന്തലും. വഴികളെല്ലാം തോരണങ്ങളും പൂക്കളും തൂക്കി അലങ്കരിച്ചിരിക്കുന്നു. പിന്നെ മൂന്നാം കൂറും നാലാം കൂറും അഞ്ചാം കൂറും നിലപാടു നിൽക്കുന്ന സ്ഥാനങ്ങൾ. അതിനും പടിഞ്ഞാറ് കൂരിയാൽ. പിന്നെ തിരുനാവായ മുരാരിയുടെ ദൈവസ്ഥാനം'.

പെരുഞ്ചന്തകൾ. ജനപദങ്ങൾ. പത്തനം. മേളപ്പെരുക്കം. കപ്പൽക്കലഹം. നെടുമ്പുരകൾ. മണിപ്പന്തൽ. നീരാട്ടുകുളം, ആനപ്പന്തി. രംഗശാലകൾ. സാമൂതിരിയുടെ എഴുന്നള്ളത്ത്. പെരുനില. അങ്കപ്പയറ്റ്... മാമാങ്കത്തിന്റെ ഐതിഹാസികത ഭാഷയിൽ പുനഃസൃഷ്ടിക്കുന്ന കലാവിദ്യ സജീവിന് നന്നായി വഴങ്ങുന്നു. ചാവേറ്റിനും കൊടിയിറക്കത്തിനും ശേഷം തലച്ചെന്നോരുമായി നടത്തുന്ന സംവാദത്തിൽ മാമാങ്കത്തിന്റെ ഒരു രാഷ്ട്രീയവിമർശനം വലിയപണിക്കർ നടത്തുന്നുണ്ട്. എഴുത്തച്ഛനായി വേഷം മാറിയാണ് ഇവിടെ പണിക്കരുടെ നില.

'എഴുത്തച്ഛൻ പറഞ്ഞു, 'താമൂരിക്കു വേണ്ടി വെട്ടിപ്പിടിച്ചും അടക്കിയും സ്വയം വളർന്ന കുലത്തിന്, പുരുഷാന്തരങ്ങൾക്ക് അവകാശി ഇല്ലാതെ ആയി അല്ലേ? അവസാനം ഉണ്ടായിരുന്ന രണ്ടിൽ ഒന്ന് ഉണ്ണിയുടെ വെട്ടിൽ പോയി. പിന്നൊന്നുണ്ടായിരുന്നതാണ് ചാവേറുകൾക്ക് കാവൽ നിന്ന പടയുടെ നേതാവ്. ചാവേറും പോയി പടനായകനെ കാണാനും ഇല്ല! പുരുഷാന്തരം പകരാൻ ആകെയുള്ള ഒരു അനന്തരവൻപോലും വെട്ടിപ്പോവുമ്പോൾ പിന്നെ പൗരുഷത്തിന് എന്താ അർത്ഥം അല്ലേ? ആ ശരീരം കൈകളിലെടുത്ത് ഒന്ന് തൊഴുത് വച്ചാലും മതിയായിരുന്നു, അല്ലേ? പക്ഷേ ഇപ്പോ, ആളിനെപ്പോലും കാണാനുമില്ല! ആള് പോയീന്ന് മാത്രം അല്ല, കളവുപോയ ചാവേറിന് കൂട്ടായത് തലച്ചെന്നോരുടെ അനന്തരവനാണോയെന്ന് തമ്പുരാന് സംശയവും! കുലവും കുടുംബവും താമൂരിക്കുവേണ്ടി വെട്ടിച്ചത്തെങ്കിലും, തമ്പുരാന് സംശയം. സംശേം ആയീന്നുവച്ചാ, പിന്നെ നിരന്തരം രാജസ്‌നേഹം തെളിയിച്ചോണ്ടിരിക്കണം. എങ്ങനെ സംശയിക്കാതിരിക്കും? തലയ്ക്ക് നേരേ തിരിയുന്ന തറക്കൽക്കാരുമായി തലച്ചെന്നോർക്ക് സംബന്ധം മാത്രമല്ല, നല്ല ചാർച്ചേം! നേരനന്തരവൻ അത്തരക്കാരനല്ലെന്ന് തെളിയിക്കേണം, അല്ലെങ്കിൽ തലമാത്രമല്ല, തറേം പോവും. തമ്പുരാന് ആരെയാ വിശ്വാസം. കോയേ? ആഴത്തിൽ നിരാസമായിരിക്കുന്നു. ദേശത്തിന്റെയും അഭിമാനത്തിന്റെയും സത്ത പോയിരിക്കുന്നു. അതുകൊണ്ട്, പൊള്ളയായതിൽ ഘോഷം മാത്രമേ ഉണ്ടാകൂ. ഇല്ലാത്ത ദേശാഭിമാനം ഉണ്ടെന്ന് തിര്യപ്പെടുത്താൻ തിടുക്കപ്പെടണം! തിരികെ വരികില്ലെന്നറിഞ്ഞിട്ടും മക്കളെയും മരുമക്കളെയും കാത്തിരുന്ന ഒരു പടനായരുണ്ടായിരുന്നല്ലോ അമ്മാവനായിട്ട്, എന്തു പറ്റി? എന്തിനാണ് തുറങ്കിലടച്ചത്? പ്രജകളെ വിശ്വാസമില്ലാത്ത രാജാവ്! രാജാവിനെ വിശ്വാസമില്ലാത്ത പ്രജകൾ! നാടുവാഴിയോടും ദേശവാഴിയോടും രാജാവിനോടും കൂറുമാറ്റി വെട്ടുന്ന പടയാളികൾ! എല്ലാറ്റിലും എല്ലായിടത്തും ചാരന്മാർ. ചാരന്മാർക്കു മേലും ചാരന്മാർ. ചെളിപോലെ മലിനവും പൂന്തിത്താഴുന്നതുമായ രാജഭക്തി! ചെളിമേലെങ്ങനെ മാളിക പണിയും? മഹാരാജ്യങ്ങളെല്ലാം പണിതുയർത്തിയത്, ഉറപ്പുള്ള കല്ലിലും അനങ്ങാത്ത തറയിലുമാണ്. കണ്ണ് മറച്ചാൽ, ലോകംതന്നെ മറയും! അല്ലാതെ അത് മറക്കുന്ന ഒരു തിരശ്ശീല തിരയേണ്ടതില്ല! സത്യം മറയുന്നില്ല'.'.

നാടുവാഴികൾ തമ്മിൽ നടക്കുന്ന കുടിപ്പകയുടെ അർഥശൂന്യത വെളിപ്പെടുത്തിക്കൊണ്ട്, തലച്ചെന്നോരും തലകാപ്പും നമ്പിടിയും പുലയപ്പടയും ലന്തക്കാരും തമ്മിൽ തമ്മിൽ പൊരുതിവീഴുന്നു. ചരിത്രം, ഇത്തരം ചോരപ്പുഴകളുടെയും കബന്ധനൃത്തങ്ങളുടെയും അസംബന്ധനാടകങ്ങളരങ്ങേറുന്ന ബലിക്കൽത്തറയാണെന്ന് അടിവരയിട്ടു പറയുകയാണ് നോവൽ. അതിലൂടെ ജനപ്രിയചരിത്രത്തിന്റെ കേവലമായ ഭാവനാരൂപം എന്ന തലത്തിൽ നിന്ന് മധ്യകാലകേരളത്തിന്റെ ആൺകോയ്മാരാഷ്ട്രീയങ്ങളുടെ സൂക്ഷ്മവിമർശനം നിർവഹിക്കുന്ന നോവൽ എന്ന തലത്തിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു, മാമാങ്കം.

നോവലിൽനിന്ന്:-

'എത്ര നിർണ്ണായകമാണ് ഓരോ നിമിഷവുമെന്ന് ചാവേറുകൾ തിരിച്ചറിഞ്ഞു; നിമിഷങ്ങൾക്കകം നൂറുകണക്കിന് പടയാളികൾ മലക്കം മറിഞ്ഞ് മുകളിലെത്തും. സാമൂതിരിയേംകൊണ്ട് ഇപ്പോൾത്തന്നെ തുരങ്കത്തിലേക്ക് മറിയും. എല്ലായിടത്തുംനിന്നും വെടിയും അമ്പും വേൽകുന്തങ്ങളും മലക്കത്തിലെത്തുന്ന പടയാളികളും തങ്ങളെ വളയും. ഏതാനും നിമിഷങ്ങളേ ഉള്ളൂ എന്ന് അറിയാവുന്ന ചാവേറുകൾ എല്ലാം മിന്നൽവേഗത്തിൽ തീർക്കാനുള്ള ആവേഗത്തിലായിരുന്നു.

മോയീൻ വെടിയേറ്റ് മുറിപ്പെട്ടെങ്കിലും തൂണ് പറ്റി നിന്ന്, മലക്കം മറിഞ്ഞ് മേലേക്കുവന്ന അകമ്പടിജനത്തെ ഒന്നൊന്നായി വെട്ടിയിട്ടു. മരണം ഉറപ്പിച്ച് നീങ്ങുന്ന ഒരാളുടെ അസാധാരണ വ്യക്തതയും സൂക്ഷ്മശ്രദ്ധയും ആയിരുന്നു ഓരോ നീക്കത്തിനും ഒഴിയലിനും. അവനു നേരേ വെടിയും അമ്പും വേലും പറ്റമായി വന്നു. തൂണും വലിയ വിളക്കും മറപറ്റി, അവനെല്ലാറ്റിൽനിന്നും ഒഴിഞ്ഞു മാറി. അവനൊഴിയുമ്പോൾ ഇടിവീഴുംപോലെ വെടിയുണ്ടകളും അമ്പും വേലും കുന്തവും ശബ്ദത്തോടെ മേൽക്കൂര തുളഞ്ഞു. മലക്കം മറിഞ്ഞ് വരുന്ന ഒരാളും നിലപാട് തറയിൽ കടക്കാതെ അവൻ കാത്തു.

അകമ്പടിക്കാരിൽ അഞ്ച് പേർ സാമൂതിരിയെ നടുക്കാക്കി, ചുറ്റും പരിചകൾ പരസ്പരം ചേർത്ത് മതിലുപോലെ വളഞ്ഞു നിന്നു. മറ്റ് മൂന്ന് പേർ ഉണ്ണിക്കും പണിക്കർക്കും നേരേ തിരിഞ്ഞു.

പെട്ടെന്ന്, തുളുനാട്ടിലെ കളരിയിൽ പോയി പഠിച്ച ധർമ്മോത്ത് പണിക്കരുടെ അനന്തിരവൻ വിക്കരനും പറനമ്പിയുടെ അനന്തിരവൻ ഇട്ടിയും സംഘമായി പെരുമലക്കം മറിഞ്ഞ് നിലപാട് തറയുടെ കിഴക്കേ വശത്ത്, മോയീൻ നിന്നതിന് നേരേ വിപരീതദിശയിൽ പൊങ്ങിവന്നു. പണിക്കർ വലതുവശത്ത് നിന്നു വന്ന വിക്കരനെയും കൂടെയുള്ള രണ്ടു പേരെയും ഒറ്റത്തിരിച്ചിലിൽ വെട്ടി. വിക്കരന്റെ കഴുത്തും രണ്ടാമന്റെ നെഞ്ചും മൂന്നാമന്റെ നാഭിയും അറ്റു. പിന്നിൽനിന്ന്, ഇട്ടിയും രണ്ട് പേരും കേറി വെട്ടി. പണിക്കർ ഇടതു കൈകൊണ്ട് പരിചപിടിച്ച് ഇട്ടിയുടെയും രണ്ടാളിന്റെയും വെട്ട് തടഞ്ഞ്, അമർന്ന് അതിവേഗത്തിൽ പകിരിതിരിഞ്ഞ് പൊന്തി പിന്നിൽ നിന്നുവന്ന രണ്ടു പേരെ ക്ഷിപ്രവേഗത്തിൽ വെട്ടി ഉയരുമ്പോൾ, മുമ്പിൽ ഇട്ടി മാത്രം ബാക്കി. ഏഴടി പൊക്കമുള്ള കൂറ്റൻ മനുഷ്യനാണ് അയാൾ. അയാളുടെ കാൽക്കീഴിൽ നിലപാട് തറ അമരുമ്പോൾ ഒരു മുഴക്കം കേൽക്കാം. ഇട്ടിയുടെ വെട്ട് താഴ്‌ന്നൊഴിഞ്ഞ് വലത്ത് മാറി, പണിക്കർ ഓതിരം വെട്ടി. വിദഗ്ദ്ധമായി തല തിരിച്ച ഇട്ടിക്ക് വാൾത്തലയല്ല, വാൾപ്പടമാണ് കൊണ്ടത്.

പണിക്കരുടെ വെട്ടായത്തിന്റെ ശക്തിയിൽ ഇട്ടിയുടെ തല തകർന്ന്, കണ്ണുകളിൽ ഇരുട്ട് കേറി തിരിച്ച്, കുലുങ്ങി കൂറ്റൻ ശരീരം വിറച്ചു നിന്ന് അയാൾ അനേകം പടയാളികളോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി നിന്ന ഉണ്ണിക്ക് നേരേ വാളുയർത്തി.

പണിക്കർക്ക് അതേവരെ ഇല്ലാതിരുന്ന രീതിയിൽ നാഭിയുടെ അടിയിലഗാധതയിൽ പേശികൾ വലിഞ്ഞു. എട്ടുപാടും തകർക്കുന്ന രീതിയിൽ അലറിക്കൊണ്ട് പണിക്കർ വാശിയിൽ തിരിഞ്ഞ് വെട്ടിയപ്പോൾ ഇട്ടിയുടെ തല രണ്ടായി, മേൽഭാഗം തീയടുപ്പിൽനിന്ന് അടപ്പുതെറിച്ച പോലെ ഉയർന്ന് തെറിച്ച്, രക്തം എങ്ങും പൂക്കുലപോലെ ചിതറി.

ഉണ്ണി തന്റെ മുന്നിലേക്ക് വന്നവരെ ഒറ്റ നീക്കത്തിൽത്തന്നെ ഇടം തിരിഞ്ഞ് കേറി, വലം തിരിഞ്ഞ് വെട്ടി കഴുത്തുകൾ തെറിപ്പിച്ചു. മുന്നോട്ട് വന്ന മൂന്നാമനെ ഇടനെഞ്ചിൽ വാൾ തറച്ച്, വാൾ വലിച്ച് തിരിഞ്ഞപ്പോൾ വായത്തല തട്ടിയ വശങ്ങളിലുള്ള തൂക്കു വിളക്കുകൾ താഴേക്ക് വീണു. വേഗതയിൽ വീഴ്ചപോലും അറിയാതിരുന്ന വിളക്കുതിരികൾ കെട്ടതേയില്ല!

നിലപാട് തറയുടെ പടിഞ്ഞാറ്, താഴെനിന്ന് കുതിച്ചുവരുന്ന പടയാളികൾ തറയിൽ കാലുറപ്പിച്ച് നിലപിടിക്കുന്നതിന് മുമ്പ് മോയീൻ വെട്ടിയും കുത്തിയും വീഴ്‌ത്തി. തന്റെ പ്രാണനും അവശേഷിക്കുന്ന ഊർജ്ജവും സവിശേഷമായി നിയന്ത്രിച്ച്, തൂണിന് മറഞ്ഞ്. താഴെ നിന്ന് വന്ന വെടി ഓരോ നിമിഷവും ഒഴിഞ്ഞ് മാറിയായിരുന്നു ഓരോ നീക്കവും.

നേരേ ചീറിവന്ന പടയാളികളിൽ ഒരാൾ ചാടി വെട്ടിയപ്പോൾ ഉണ്ണി ഒഴിഞ്ഞു മാറി അമർന്ന് വെട്ടി, ഒതച്ച് പൊന്തി പകിരിതിരിയുമ്പോൾ, അംഗരക്ഷകരിൽ ഒരാൾ, കഠാര ഊരി മോയീനെ എറിഞ്ഞ്, പിന്നിലൂടെ വന്ന്, വാൾ ഉണ്ണിയുടെ തലയ്ക്ക് മേലേ ഉയർത്തി മുന്നോട്ട് കേറി. പണിക്കർ ഇടതുകാൽ വലിച്ച് വച്ച് വാള് നിവർത്തിപ്പിടിച്ച് അയാളുടെ നാഭിയിൽ കുത്തി മേലേക്ക് വലിച്ചു. വാൾ വലിഞ്ഞ് കഴുത്ത് വരെയും ആഴത്തിൽ പൊന്തിപ്പോയി. ചീറിവരുന്ന ചോരയിൽ എല്ലാവരും നനഞ്ഞു. ഉണ്ണി തിരിയുമ്പോൾ പിന്നിൽ വന്ന മൂന്നാമനെയും പണിക്കർ വെട്ടിയിട്ടു. കഠാര കൊണ്ട് വീണുപോയ മോയീൻ നിന്ന ഭാഗത്ത് വന്നു നിലപിടിച്ച ഭടജനം കുന്തം എറിഞ്ഞു. അത് പണിക്കരുടെ തുടയടിയിലെ തൊടുമർമ്മം തുളച്ച്, തുടയെല്ല് തകർത്തു.

മോയീനെ വീഴ്‌ത്തി വന്ന മൂന്ന് കൈത്തോക്കുകൾ ഉണ്ണിയെ ചൂണ്ടുമ്പോഴേക്കും പണിക്കർ ഒറ്റ നീക്കമേ തനിക്കുള്ളൂ എന്നറിഞ്ഞിട്ടെന്നപോലെ, ഒരാളെ വലംപിരി തിരിഞ്ഞു വെട്ടി, രണ്ടാമനെ പരിചയെറിഞ്ഞു വീഴ്‌ത്തി, ഉണ്ണിക്ക് നേരേ ചൂണ്ടിയ മൂന്നാമന്റെ കൈത്തോക്ക് കാഞ്ചിവലിച്ചപ്പോൾ അവിശ്വസനീയമായ വേഗത്തിൽ ചാടി തടുത്തു. വെടിയുണ്ട് തുളഞ്ഞ് പണിക്കരുടെ തോളെല്ലുകൾ തകർത്തു. എങ്കിലും ഞൊടിയിടയിൽ അലർച്ചയോടെ അവന്റെ മുന്നിലേക്ക് തല കുനിച്ച്, ഇടം കൈകൊണ്ട് ആഞ്ഞ് അവന്റെ പടുമർമ്മത്തിലടിച്ച് തോളും കയ്യും കൊണ്ട് അരയോടെ പൊക്കി താഴേക്ക് എറിഞ്ഞു. നില പിടിച്ച് നിൽക്കാതെ മറിഞ്ഞുപോകുന്ന തന്റെ കാലുകൾ അമർത്തി നീക്കിച്ചവുട്ടി വാളും പരിചയും പണിക്കർ തിരികെ എടുത്തു. പക്ഷേ, ചോര ചീറ്റി ശരീരം തളർന്നു.

പണിക്കരുടെ ഇടനെഞ്ചിന് മുകളിലേറ്റ വെടിപ്പാടിൽനിന്നും തുളഞ്ഞുപോയ തുടകളിൽനിന്നും രക്തം അണപൊട്ടി ചീറ്റി. വലിയ മുറിവുകളാണ്, രക്തവും ചേതനയും ഒടുങ്ങുകയാണ്, തലയും ശരീരവും സ്തംഭിച്ചുപോകുന്നു. ഇരുള് കേറുന്നു. ഭാരമേറിയ ദേഹത്തിന് വാളെടുക്കാൻപോലും ആകുന്നില്ല. സാമൂതിരിക്ക് തൊട്ടടുത്തേക്ക് എത്തിയ ഉണ്ണിയുടെ മിന്നുന്ന വെട്ടുകൾ കണ്ട്, തന്നെ വിട്ടകലുന്ന പ്രാണനെയും ആയത്തെയും അയാൾ ഒന്നുകൂടി തിരികെ പിടിച്ചു. വേദനയും മരവിപ്പും കൊണ്ട് ഭാരം വന്ന് വിങ്ങിയ തന്റെ കൈകൾ പൊക്കി, ചാടിവരുന്ന പടക്കൂട്ടത്തിന് നേരേ വാൾ എറിഞ്ഞു, പണിക്കർ മുന്നോട്ട് വീണ് ഉണ്ണിയുടെ അമ്പരപ്പിക്കുന്ന നീക്കം കണ്ടു.

അസാധാരണമായ ഒരു ചുഴലിപ്പകിരി തിരിഞ്ഞ് മുന്നിൽ നിന്ന രാജാവിനെ കാത്തുരക്ഷിച്ച മൂന്ന് പടയാളികളെയും വെട്ടിക്കടന്ന്, ഉണ്ണി സാമൂതിരിക്ക് നേരേ ഉയർന്നു ചാടി. പിന്നിൽനിന്ന് പുളിക്കീഴ് പങ്ങൻ പൊന്തിച്ചാടി ഉണ്ണിയെ വെട്ടി. ഉണ്ണി വായുവിൽത്തന്നെ തച്ച് വളഞ്ഞ് വെട്ട് ഒഴിഞ്ഞു. ഉണ്ണി ഒഴിഞ്ഞ പങ്ങന്റെ വെട്ട് ആയം വിടാതെ തൂക്കുവിളക്കിന്റെ ചങ്ങലയെ ഭേദിച്ചു. ഉണ്ണി സാമൂതിരിയുടെ കഴുത്ത് നോക്കി സർവ്വശക്തിയിലും വെട്ടി. ചങ്ങല അറ്റു വീണ കൂറ്റൻ വിളക്ക് വാളിനും സാമൂതിരിക്കും ഇടയ്ക്ക് വന്നു. വിളക്കിനെ നടുവേ മുറിച്ച് സാമൂതിരിയുടെ കഴുത്തിലേക്കുതന്നെ ഉണ്ണിയുടെ വെട്ട് പോയ്. വാളു വീശാൻ ശ്രമിച്ചെങ്കിലും ഒന്നിനുമാകാതെ, സാമൂതിരി പിന്നോട്ട് തെറിച്ചുവീണു.

വേദനയിൽ പുളഞ്ഞ ചന്ത്രോത്ത് പണിക്കർ വന്നുമൂടിയ ഇരുളിലും കണ്ണുകളടയ്ക്കാതെ ഇമതുറന്നു പിടിച്ചു. വിട്ടുപോകാൻ കൂട്ടാക്കാതെ പ്രാണന്റെ അവസാന വായ്പ് തുടിച്ചുയർന്നു, ഉണ്ണിയെ വെട്ടാനായി വീണ്ടും വാളോങ്ങിയ പാങ്ങനെ, അവസാന ആയുധം, അരയിൽ തിരുകിയ പോക്കറിന്റെ തുർക്കിക്കത്തികൊണ്ട് എറിഞ്ഞു. പങ്ങൻ വീണു.

പങ്ങന് പിന്നിൽ നിന്ന മാടപ്പുറത്ത് ഉണ്ണിരാമൻ സാമൂതിരിക്ക് നേരേ ചീറിയുയർന്ന ഉണ്ണിയെ വെട്ടി. പിന്നുടലിന്റെ ഒരു ഭാഗം പിളർന്നു. ഉണ്ണി, വെട്ടേറ്റ ആയത്തിൽപോലും, ഉടൽ തിരിയാതെ, ഉണ്ണിരാമനെ പിൻകാലാൽ ചവിട്ടിവീഴ്‌ത്തി, ഇടതു കാലിൽ ആക്കമെടുത്ത്, മുന്നോട്ടു വന്ന മൂന്നാമത്തെ പടയാളിയെ കഴുത്തരിഞ്ഞ്, വലതു കാലിൽ തുള്ളി ഉയർന്ന്, വീണുപോയ സാമൂതിരിക്ക് നേരേ വാളോങ്ങിക്കുതിച്ചു. പെട്ടെന്ന് ഇടയ്ക്ക് ചാടിയ പടക്കൂട്ടം ഉണ്ണിയെ വലയത്തിലാക്കി. കണ്ണുകളിൽ ഇരുൾ കയറിത്തുടങ്ങി. ചെറുദേഹം ചോരയിൽ കുതിർന്നു. പിടഞ്ഞെങ്കിലും, ഉണ്ണി പ്രാണൻപിടിച്ചുനിറുത്തി. അവൻ മിന്നൽ വേഗത്തിൽ ഒതച്ച്, കുതിച്ചുയർന്ന് പമ്പരംപോലെ കറങ്ങി വലയത്തിൽ വന്ന എല്ലാറ്റിനെയും കഴുത്തരിഞ്ഞ് മേലേക്ക് പൊങ്ങി. മലക്കം മറിഞ്ഞ് മേൽ നിലയിൽ എത്തിയ കൈത്തോക്കുകാർ തുരുതുരെ വെടിവെച്ചു. ഉണ്ണി വീണു.

വലിയ മുറിവുകളിലൂടെ ചോര പൊട്ടിക്കുതിച്ച് ഒഴുകിവാർന്നപ്പോൾ ഉണ്ണിയെ വേദനകളും വിട്ടൊഴിഞ്ഞു. പ്രാണൻ മാത്രം അല്പാല്പമായി അലിയുമ്പോലെ തങ്ങി നിന്നു. ഭാരമില്ലാത്ത ഒരു അവസ്ഥയിൽ അവൻ അമ്മാമനെയും മോയീനെയും നോക്കി. ഉണ്ണിയുടെ അവസാനത്തെ കടാക്ഷം കാത്ത് ശിഥിലമായ പ്രാണനൊരല്പം അവരിലും തങ്ങിനിന്നു.

അവന്റെ കണ്ണോട്ടം തട്ടിയപ്പോൾ നേരമ്മാമൻ ശിഷ്ടമായ പ്രാണാംശത്തിന്റെ ഉയിർപ്പിൽ കണ്ണുകൾ പകുതി തുറന്ന് അവനെ നോക്കി, ഉൾപ്പുഞ്ചിരിയുടെ കുളിർമയിൽ ഇമകൾ കൂപ്പി.

ആ സ്‌നേഹവായ്പ് ഏറ്റ ഉണ്ണി, പുളകത്തോടെ, മുഖമൊന്നു മെല്ലെയനക്കി മോയീനെ നോക്കി. മായാതെ ബാക്കി നിന്ന അല്പചേതസ്സിൽ, കണ്ണുപോലും ഇളക്കാതെ മോയീൻ ഉണ്ണിയെ കണ്ടു. പേശികളനങ്ങാതെ, ജലത്തിൽ നിലാവുപോലെ, ഒരു ചിരിവെളിച്ചം ചോര കോറിയിരുന്ന മോയീന്റെ മുഖത്ത് നിറഞ്ഞു. അതുകണ്ട്, പകുതിയിൽ നിറുത്തിയ നറുചിരിയോടെ ഉണ്ണിയുടെ കണ്ണുകൾ പതുക്കെ അടഞ്ഞു'.

മാമാങ്കം
സജീവ്പിള്ള
ഡി.സി. ബുക്‌സ്, 2019
350 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP