Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭരണഘടനാ വ്യവസ്ഥകൾക്ക് മുകളിൽ കക്ഷി രാഷ്ടീയ കണ്ണുമായി അന്വേഷണ ഏജൻസികൾ പരുന്തു പോലെ പറക്കുന്നത് അനുവദിക്കാനാവില്ല; ഒരു അന്വേഷണത്തിനും എതിരല്ല; ശരിയായ ദിശയ്ക്ക് പകരം തിരക്കഥകൾക്ക് അനുസരിച്ചുള്ള രീതി അനുവദിക്കില്ല; ഇവിടെ എന്തെങ്കിലും ആക്കിക്കളയാം എന്ന് കരുതുന്നവരുടെ താളത്തിനൊത്ത് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കരുത്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ഭരണഘടനാ വ്യവസ്ഥകൾക്ക് മുകളിൽ കക്ഷി രാഷ്ടീയ കണ്ണുമായി അന്വേഷണ ഏജൻസികൾ പരുന്തു പോലെ പറക്കുന്നത് അനുവദിക്കാനാവില്ല; ഒരു അന്വേഷണത്തിനും എതിരല്ല;  ശരിയായ ദിശയ്ക്ക് പകരം തിരക്കഥകൾക്ക് അനുസരിച്ചുള്ള രീതി അനുവദിക്കില്ല; ഇവിടെ എന്തെങ്കിലും ആക്കിക്കളയാം എന്ന് കരുതുന്നവരുടെ താളത്തിനൊത്ത് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കരുത്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ വ്യവസ്ഥക്കും ഫെഡറൽ സംവിധാനത്തിനും കത്തി വയ്ക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന് മുകളിൽ സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഈ ഏജൻസികൾ ധരിക്കരുത്. ന്യായമായ അന്വേഷണങ്ങൾക്ക് തങ്ങൾ എതിരല്ല. എന്നാൽ ഭരണഘടനാ വ്യവസ്ഥകൾക്ക് മുകളിൽ കക്ഷി രാഷ്ടീയ കണ്ണുമായി അന്വേഷണ ഏജൻസികൾ പരുന്തു പോലെ പറക്കുന്നത് ്അനുവദിക്കാനാവില്ല.. അംഗീകരിക്കാനാ മാവില്ല. കേരളത്തെ തകർക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.

''ഒരു അന്വേഷണത്തിനും ഞങ്ങൾ എതിരല്ല . അന്വേഷണം ശരിയായ ദിശയിൽ പോകണം.
പകരം തിരക്കഥ കൾക്ക് അനുസരിച്ചു പോകുന്ന രീതി ഒരു തരത്തിലും അനുവദിക്കില്ല .''
.
എന്തു തന്നെ സംഭവിച്ചാലും കെ ഫോൺ പദ്ധതി നടപ്പാക്കുമെന്നും പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഏജൻസികളല്ല. അവർ പരിധി ലംഘിക്കരുത്. ഇവിടെ എന്തെങ്കിലും ആക്കിക്കളയാം എന്ന് കരുതുന്നവരുടെ താളത്തിനൊത്ത്ഏജൻസികൾ പ്രവർത്തിക്കരുത്.
പരിധി വിടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത് എന്ന മുഖവുരയോടെ തുടങ്ങിയ മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നുവന്നപ്പോൾ തന്നെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന ആവർത്തിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നു കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സർക്കാരിനോട് ആദ്യഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. ഇവർക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സർക്കാരിനും ആ ഘട്ടത്തിൽ ഉണ്ടായിരുന്നത്.

തുടക്കത്തിൽ അന്വേഷണം അതിന്റേതായ രീതിയിൽ നല്ല രീതിയിൽ നടന്നു. എന്നാൽ ഏജൻസികളുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകൾ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണർത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോൾ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജൻസി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്.

ഏജൻസിക്ക് പുറത്തുള്ള ആളുകൾ അടുത്ത ഘട്ടത്തിൽ, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാൻ പോകുന്നത്, എങ്ങനെയാണ് ഏജൻസി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവർ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജൻസികൾ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങൾ ഓരോരുത്തരുടെ താല്പര്യങ്ങൾക്കനുസരിച്ച് സെലക്ടീവായി ചോർന്ന് മാധ്യമങ്ങളിൽ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പൊതുജനങ്ങളുടെ വിശ്വാസ്യത ആർജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിൽക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജൻസികൾ ആ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്. അന്വേഷണങ്ങൾ സത്യാവസ്ഥ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെളിവ് ശേഖരണ പ്രക്രിയയാണ്. അത് മുൻവിധിയുടെ അടിസ്ഥാനത്തിലാവരുത്. അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. പ്രൊഫഷണൽ അന്വേഷണം തുറന്ന മനസ്സോടെയുള്ള ഒന്നായിരിക്കണം. ഇന്നയാളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിർത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പ്രക്രിയ നടന്നാൽ അതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അത് ദുരുപദിഷ്ടമായ ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അതിന്റെ പേരിൽ ലൈഫ് മിഷൻ, ഇലക്ട്രിക് വെഹിക്കിൾ നയം എന്നിവയെല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണ ശരങ്ങൾ പൊതുമണ്ഡലത്തിൽ എയ്തുവിടപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ്, റെഡ്ക്രസന്റ് സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേററ്, സിബിഐ. മറ്റുചില വിഷയങ്ങളിൽ എൻ.ഐ.എ. എന്നിവയെല്ലാം സംസ്ഥാനത്ത് അന്വേഷണം നടത്തിവരികയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകൾ പരിശോധിക്കേണ്ടതായി വരും. എന്നാൽ ഇതിന് ഓരോ ഏജൻസികൾക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടൽ ശരിയായ ദിശയിലുള്ളതാണോ എന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഭരണത്തിനുള്ള അംഗീകാരം തുടർച്ചയായി കിട്ടുന്നു അതിന് കാരണം ഉദ്യോഗസ്ഥരാണ്. അവരെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത തരത്തിൽ, അവരെ ഭയാശങ്കരാക്കുന്ന തരത്തിൽ ചില അന്വേഷണ ഏജൻസികൾ പെരുമാറിയാൽ എന്തായിരിക്കും അവസ്ഥയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അന്വേഷണ ഏജൻസികളുടെ പ്രവർത്തനം പൂർണമായും കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ചായിരിക്കണമെന്നില്ല. ചിലർ ചില അജണ്ടകൾ നടപ്പിലാക്കാൻ നോക്കുന്നു. ചില അന്വേഷണ ഏജൻസികളിലെ ചില ഉദ്യോഗസ്ഥർ അതിനാണ് ശ്രമിക്കുന്നത്. അവർ അവരുടെ അധികാരപരിധി വിടുകയാണ്. അതല്ലാതെ അവർ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിന് എപ്പോഴും സംസ്ഥാന സർക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. പരിധിവിട്ടാൽ എല്ലാം സഹിക്കാനാണ് ഒരു സർക്കാർ ഇവിടെ നിൽക്കുന്നതെന്ന ധാരണ വേണ്ട.

സംസ്ഥാന സർക്കാരും അന്വേഷണ ഏജൻസികളും ഭരണഘടനയെ അനുസരിക്കണം. സർക്കാർ നടത്തുന്ന പദ്ധതികളിൽ ഇടപെടാൻ അന്വേഷണ ഏജൻസികൾക്ക് അധികാരമില്ല. അത് സർക്കാരിന്റെ പ്രവർത്തനത്തിലുള്ള കൈകടത്തലാണ്. ആ പദ്ധതിയെ തകർക്കാനുള്ള നീക്കമാണ്. അത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരാണ് അനാവശ്യമായ ഇടപെടലുകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP