Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ലക്ഷം രൂപ പിഴയിൽ നിന്നും സരിത ഒഴിവായതെങ്ങനെ? ബാലിശമായ ഹർജി നൽകിയതിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞെങ്കിലും ഉത്തരവിൽ പിഴയെ കുറിച്ച് പരാമർശമില്ല; രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയിട്ടും ട്വിസ്റ്റ്

ഒരു ലക്ഷം രൂപ പിഴയിൽ നിന്നും സരിത ഒഴിവായതെങ്ങനെ? ബാലിശമായ ഹർജി നൽകിയതിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞെങ്കിലും ഉത്തരവിൽ പിഴയെ കുറിച്ച് പരാമർശമില്ല; രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയിട്ടും ട്വിസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹർജിക്ക് പിഴ ഇല്ല. ഒരു ലക്ഷം രൂപ പിഴ ഈടാക്കും എന്ന് ഹർജി തള്ളിയ കോടതിപറഞ്ഞിരുന്നു എങ്കിലും ഉത്തരവിൽ അത് രേഖപെടുത്തിയിട്ടില്ല. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായർ നൽകിയ ഹർജിയാണ് ഇന്ന് സുപ്രീം കോടതി തള്ളിയത്. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, വിധിയുടെ പകർപ്പിൽ പിഴ തുകയായ ഒരു ലക്ഷം രൂപയുടെ കാര്യം പരാമർശിക്കുന്നില്ല.

സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജർ ആകാത്തതിനെ തുടർന്ന് ആണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജർ ആയിരുന്നില്ല. സോളാർ കേസ് പ്രതി സരിത എസ് നായരാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ചീഫ്‌ ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തി‌ൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളാം. സോളാർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സരിത എസ് നായർ നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ ആണ് സരിത സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ശിക്ഷ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നെന്നും അതിനാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും സരിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP