Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്‌ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യത

ആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്‌ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യത

എം മനോജ് കുമാർ

തിരുവനന്തപുരം: അതാത് റവന്യൂ ജില്ലയിലെ ആധാരങ്ങൾ ജില്ലാ പരിധിയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം ഇന്നു മുതൽ പ്രാബല്യത്തിലായിരിക്കെ ഈ സംവിധാനത്തെപ്പറ്റി ഉയരുന്നത് ഒട്ടുവളരെ ആക്ഷേപങ്ങൾ. ജില്ലയ്ക്കുള്ളിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ വരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള അധികാരം എല്ലാ സബ് രജിസ്ട്രാർമാർക്കും അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. പൂർണമായും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ട് വേണം എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം കൊണ്ടുവരേണ്ടത്. ഓൺലൈൻ സംവിധാനംവന്നിട്ടുണ്ടെങ്കിലും പൂർണമായ ഓൺലൈൻ വന്നിട്ടില്ല. ആധാരത്തിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട രജിസ്‌ട്രേഷൻ ഓഫീസിലുള്ളവർക്ക് മാത്രമേ അറിയാൻ സാധിക്കൂ. ആ വിശദാംശങ്ങൾ പുതുതായി ആധാരം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസർക്ക് ലഭിക്കില്ല. ഈ രീതിയിലുള്ള ഓൺലൈൻ സംവിധാനത്തിന്റെ പിറകെ നടപ്പിലാക്കേണ്ട എനിവേയർ രജിസ്‌ട്രേഷൻ ആദ്യം തന്നെ നടപ്പിലാക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് കുരുക്കാകും. അഴിമതിക്ക് കളം ഒരുങ്ങുകയും ചെയ്യും. ഇതാണ് വേണ്ടത്ര മുന്നൊരുക്കം കൂടാതെ പദ്ധതി നടപ്പിലാക്കുമ്പോൾ ഉയരുന്ന പ്രധാന ആക്ഷേപങ്ങളിൽ ചിലത്.

നിലവിൽ വസ്തുവിന്റെ പരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യാനാകുമായിരുന്നുള്ളു. എനിവെയർ രജിസ്ട്രേഷൻവന്നതോടെ രജിസ്റ്റർ ചെയ്യുന്ന ഓഫീസർക്ക് ഭൂമി സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസറുടെ ഓൺലൈൻ കൺഫർമേഷന്മാത്രം മതി. ഈ ഓൺലൈൻ കൺഫർമേഷൻ ഒന്നാം തരം കുരുക്കായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വസ്തുവിലെ ബാധ്യതകൾ, ആധാരം രജിസ്റ്റർ ചെയ്യുന്ന ആളിന് വസ്തുവിൽ അവകാശമുണ്ടോ, വസ്തുവിൽ കോടതി ഇഞ്ചക്ഷൻ ഉണ്ടോ കോടതി അറ്റാച്ച്‌മെന്റ് ഉണ്ടോ എന്നൊക്കെ വിശദമായ പരിശോധന വേണ്ടിവരും. അല്ലാതെ ഓൺലൈൻ കൺഫർമേഷൻ നൽകിയാൽ അത് ആധാരം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർക്ക് കുരുക്കാകും. ഒപ്പം അഴിമതിക്കും കളം ഒരുങ്ങാനുള്ള സാധ്യതയും വരും.

ഈ രീതി നടപ്പിലാക്കുമ്പോൾ സ്മൂത്ത് ഫംഗ്ഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. സബ് രജിസ്ട്രാർക്ക് ആണ് ആധാരം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ സബ് രജിസ്ട്രാർ അവധിയിൽ ആയാൽ ആ സബ് രജിസ്ട്രാർ ഓഫീസിലെ മറ്റാർക്കും ആധാരം രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ല. അപ്പോൾ അനുമതിക്ക് വേണ്ടി ജില്ലാ രജിസ്ട്രാറെ കാണാൻ പോകേണ്ടി വരും. ഇത് ബന്ധപ്പെട്ട കക്ഷികൾക്ക് പ്രയാസം സൃഷ്ടിക്കും. സബ് രജിസ്ട്രാർമാർക്ക് താത്പര്യം വന്നാൽ എഴുത്തുകാരും സബ് രജിസ്ട്രാർമാരും അവിഹിത കൂട്ടുകെട്ടുകൾ ഉണ്ടാക്കും. ആധാരം എഴുത്തുകാർ തങ്ങൾക്ക് താത്പര്യമുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് ആധാരം രജിസ്റ്റർ ചെയ്യാൻ ആളുകളെ അയക്കും. ഈ രീതിയിൽ ഏർപ്പാട് വന്നാൽ പല സബ് രജിസ്ട്രാർ ഓഫീസിലും തിരക്ക് കുറയും. അതാത് സബ് രജിസ്ട്രാർ പരിധിയിൽ നിന്നും മാറ്റി മറ്റൊരു രജിസ്ട്രാർ വശം രജിസ്റ്റർ ചെയ്യുമ്പോൾ മെമോ അയക്കുന്നതും പ്രശ്‌നമാകും. നിലവിൽ ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലേക്ക് രേഖകൾ അയക്കണം. അവിടുത്തെ രജിസ്ട്രാരുടെ അനുമതി വാങ്ങണം. ഇത് കഴിഞ്ഞു മാത്രമേ രജിസ്‌ട്രേഷൻ നടക്കുകയുള്ളൂ. മെമോ അയക്കുമ്പോൾ ആദ്യത്തെ രജിസ്ട്രാർ ആ ഓഫീസിലെ പണികൾ കഴിഞ്ഞു മാത്രമേ ഈ മെയിൽ നോക്കുകയുള്ളൂ. അപ്പോഴും താമസം വരും.

നിലവിലെ നിയമം അനുസരിച്ച് മറ്റൊരു ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് മെമോ (സെറ്റിൽമെന്റ് രജിസ്റ്റർ) അത് പരിശോധിച്ചാണ് മെമോയ്ക്ക് മറുപടി നൽകുന്നത്. ബന്ധപ്പെട്ട കക്ഷിക്ക് സ്വത്തിലെ അവകാശമുണ്ടോ എന്നൊക്കെ പരിശോധിക്കണം. ഇത് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് വരുത്തി പരിശോധിക്കണം. എന്നിട്ട് വേണം ആധാരം രജിസ്റ്റർ ചെയ്യാൻ. ഫെയർ വാല്യു സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ കഴിയില്ല. ആധാരം രജിസ്‌ട്രേഷൻ നടപടി വന്നാൽ ബന്ധപ്പെട്ട ഓഫീസിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ബാധ്യതകൾ അപ്പോൾ തന്നെ രേഖയിൽ വരും. മറ്റൊരു ഓഫീസിലാണ് എങ്കിൽ ഇത് അപ്പോൾ രേഖയിലേക്ക് വരില്ല. സബ് രജിസ്ട്രാർ പുതിയ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട ഓഫീസിലേക്ക് മെമോ അയച്ച് അത് ആ ഓഫീസിൽ സ്വീകരിച്ചെങ്കിൽ മാത്രമേ പതിവുകൾ ചേർക്കാൻ കഴിയൂ. സ്വത്തുമായി ബന്ധപ്പെട്ടു എന്തെങ്കിലും ബാധ്യതകൾ ഉണ്ടെങ്കിൽ പുതിയ സബ് രജിസ്ട്രാർ ഓഫീസർക്ക് അറിയാൻ സാധിക്കില്ല.

ബാധ്യതകൾ നോക്കാതെ രജിസ്റ്റർ ചെയ്താൽ സബ് രജിസ്ട്രാർക്ക് വരെ പ്രശ്‌നങ്ങൾ വരും. കേസുകൾ വന്നാൽ അത് ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാറുടെ പിടലിക്ക് വരും. കേസുമായി ഉദ്യോഗസ്ഥൻ കോടതി കയറേണ്ടി വരും. വസ്തുവിൽ ഇഞ്ചക്ഷൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് സബ് രജിസ്ട്രാർക്ക് കൂടി ബാധ്യത വരും. കോടതി അറ്റാച്ച്‌മെന്റ് പ്രശ്‌നവും ഉദിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമെ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയൂ. ജോലിത്തിരക്ക് ഉള്ള ഓഫീസിൽ സമയത്തിനു മെമോ പോയിട്ടില്ലെങ്കിൽ അത് ബാധ്യത എടുക്കുന്ന അവസരത്തിൽ പിന്നീട് വിനയാകും. വേറൊരു സ്ഥലത്തുകൊണ്ട് വന്നു രജിസ്റ്റർ ചെയ്യുമ്പോൾ ഈ വസ്തുതകൾ എല്ലാം മുന്നിൽ വരും. ഇതെല്ലാം പരിഗണിക്കേണ്ടിയും വരും. ലോൺ എടുക്കുമ്പോൾ ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിൽ നിന്ന് ആദ്യത്തെ ഓഫീസിലേക്ക് പോകണം. അവിടെ നിന്ന് മറുപടി വരണം. അതുവരെ ലോൺ എടുത്ത ആൾ കാത്ത് നിൽക്കണം. അല്ലെങ്കിൽ പൂർണമായും ഓൺലൈൻ സംവിധാനം വരണം. അത് വന്നിട്ടുമില്ല. ഇതും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

അതുകൊണ്ട് തന്നെ ജില്ലയിൽ വേറെ ഒരു സ്ഥലത്തുള്ള ഓഫീസിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടും ഫലമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. . മറ്റൊരു രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ . ആധാരത്തിൽ നമ്പറും വസ്തുവും മാത്രമേ കാണുകയുള്ളൂ. ഏത് ഓഫീസ് എന്ന് പറയില്ല. ആധാരം പരിശോധനയ്ക്ക് നൽകിയാൽ അത് ബുദ്ധിമുട്ടാകും. ഏത് രജിസ്ട്രാർ ഓഫീസിലാണ്, ഏത് ജില്ലയിലാണ് ചെയ്തത് എന്ന് അറിയണം. ഇത് രണ്ടും നിലവിലെ രീതിയിൽ അറിയാൻ കഴിയില്ല. ഐഡന്റിഫിക്കെഷൻ നമ്പർ പോലുമില്ലാതെ ആധാരം വരുന്നത് ശരിയായ നടപടിയുമല്ല. മുന്നൊരുക്കങ്ങൾ ഇല്ലാതെ എനിവെയർ രജിസ്ട്രേഷൻ നടപ്പിലാക്കുമ്പോൾ സംഗതി പാളുമെന്നു തന്നെയാണ് ഉദ്യോഗസ്ഥർക്കിടയിൽ ഉള്ള സംസാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP