Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശോഭാ സുരേന്ദ്രനെ ഒപ്പം കൂട്ടാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് ഒകെ വാസുമാഷിനെ; വിമതരിൽ സ്വാധീനമുള്ള തൃശൂരിലെ പ്രവാസിയെ കൂടെ കൂട്ടി നേട്ടമുണ്ടക്കാൻ യുഡിഎഫും; ബിജെപിയിലെ വിമതരെ റാഞ്ചാൻ ഇടതു വലതും മത്സരത്തിൽ; തിരുത്തൽവാദികളുടെ നേതാവാകാൻ വിസമ്മതിച്ച് പിപി മുകുന്ദനും; ഇടപെടേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസും; പരിവാറിൽ കലഹം തുടരുമ്പോൾ

ശോഭാ സുരേന്ദ്രനെ ഒപ്പം കൂട്ടാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് ഒകെ വാസുമാഷിനെ; വിമതരിൽ സ്വാധീനമുള്ള തൃശൂരിലെ പ്രവാസിയെ കൂടെ കൂട്ടി നേട്ടമുണ്ടക്കാൻ യുഡിഎഫും; ബിജെപിയിലെ വിമതരെ റാഞ്ചാൻ ഇടതു വലതും മത്സരത്തിൽ; തിരുത്തൽവാദികളുടെ നേതാവാകാൻ വിസമ്മതിച്ച് പിപി മുകുന്ദനും; ഇടപെടേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസും; പരിവാറിൽ കലഹം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപിയിലെ വിഭാഗിയതയെ പരമാവധി മുതലാക്കാൻ സിപിഎം തീരുമാനം. ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയ ഒകെ വാസു മാഷിനെയാണ് ഇതിന് വേണ്ടി സിപിഎം നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വലിയശാല പ്രവീൺ എന്ന ജില്ലാ നേതാവ് സിപിഎമ്മിൽ എത്തിയതിരുന്നു. ഇതേ മാതൃകയിൽ ഇടപെടാനാണ് വാസു മാഷിന് നൽകിയിരിക്കുന്ന നിർദ്ദേശം. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരുമായി വാസുമാഷ് ബന്ധപ്പെടും. ശോഭാ സുരേന്ദ്രനെ ഏതു വിധേനയും അടുപ്പിക്കാനാണ് ആലോചന. ഇതിനൊപ്പം മറ്റ് നേതാക്കളേയും. ബിജെപിയിലെ ഭിന്നത മുതലെടുക്കാൻ കോൺഗ്രസിനും ആഗ്രമുണ്ട്. അതിനും അവർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

ബിജെപിയുടെ മുതിർന്ന നേതാവ് പിപി മുകുന്ദനെ ലക്ഷ്യമിട്ടും നീക്കങ്ങളുണ്ട്. എന്നാൽ പരിവാർ രാഷ്ട്രീയം വിട്ടൊന്ന് ചിന്തിക്കുന്നില്ലെന്ന് മുകുന്ദൻ ഏല്ലാവരേയും അറിയിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രവർത്തകരെ നിരാശരാക്കുന്നതൊന്നും ചെയ്യില്ലെന്നാണ് മുകുന്ദന്റെ നിലപാട്. അതിനിടെ വിഷയത്തിൽ ഇനി ആർഎസ്എസ് ഇടപെടില്ല. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. അതിനിടെ തൃശൂരിലെ വ്യവസായിയെ ചാക്കിട്ട് ബിജെപി വിഭാഗീയതയിൽ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇപ്പോൾ കേരളത്തിലുള്ള ഈ പ്രവാസിയുമായി കോൺഗ്രസിലെ പ്രമുഖർ ചർച്ച തുടങ്ങിയിട്ടുണ്ട്. ബിജെപി വിട്ടു വരുന്നവർക്ക് ഉചിതമായ സ്ഥാനം കോൺഗ്രസും നൽകും. ബിജെപിയിലെ തിരുത്തൽ വാദികളുടെ നേതാവാകാൻ ഇല്ലെന്ന മുകുന്ദന്റെ തീരുമാനം കോൺഗ്രസിനും തിരിച്ചടിയാണ്. തിരുവനന്തപുരത്ത് മുകുന്ദനെ മുൻനിർത്തി കളിക്കാനുള്ള നീക്കങ്ങൾ ഇതോടെ പൊളിഞ്ഞു.

സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി മറനീക്കി പുറത്ത് വരുന്നുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതിയുമായി പാർട്ടിക്കുള്ളിൽ നിന്നും കൂടുതൽ നേതാക്കൾ രംഗത്തെത്തി. ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി ദേശീയ കൗൺസിൽ അംഗം പി എം വേലായുധനാണ് കെ സുരേന്ദ്രൻ വഞ്ചിച്ചെന്നാരോപിച്ച് പരസ്യപ്രതികരണം നടത്തിയത്. പ്രസിഡണ്ടിനെ കണ്ടെത്താൻ നേതാക്കൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ സ്ഥാനം ഉറപ്പിക്കാൻ സുരേന്ദ്രൻ പദവികൾ വാഗ്ദാനം ചെയ്തുവെന്നാണ് വേലായുധന്റെ വെളിപ്പെടുത്തൽ. ഇതോടെ വിഭീഗീയതയ്ക്ക് പുതുമാനം വരികയാണ്.

'പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള0 ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല. സുരേന്ദ്രൻ നേതൃത്വത്തിലേക്ക് ഉയർന്നതിനെ പിന്തുണച്ചയാളാണ് താൻ'. തന്നെയും ശ്രീശനെയും തൽസ്ഥാനത്ത് നില നിർത്താം എന്ന് വാക്ക് തന്ന സുരേന്ദ്രൻ വാക്ക് പാലിക്കാതെ വഞ്ചിച്ചെന്നും വേലായുധൻ ആരോപിച്ചു. ഇതിനെ ഗൗരവത്തോടെയാണ് ആർ എസ് എസും കാണുന്നത്. പൊട്ടിത്തെറി പരസ്യമായ സാഹചര്യത്തിൽ ഇനി അവർ ഇടപെടില്ല. ബിജെപി കേന്ദ്ര നേതൃത്വും വിഭാഗിയതയിൽ മൗനം തുടരുകയാണ്. ഏതറ്റം വരെ പോകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേന്ദ്ര നേതൃത്വം.

'ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണ്. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല. മറ്റു പാർട്ടികളിൽ സുഖലോലുപ ജീവിത സാഹചര്യങ്ങൾ അനുഭവിച്ച് വന്നവരാണ് ഈയിടെ ബിജെപിയിൽ എത്തിയത്. പുതിയ ആളുകൾ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ പാർട്ടി പരിഗണിച്ചില്ല'. സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുന്നുവെന്നും വേലായുധൻ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരായ സമരം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്.

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നുമൊക്കെ ശോഭ വിട്ടുനിൽക്കുകയാണ്. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്‌നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ കേന്ദ്രം വിഷയത്തിൽ ഇനിയും ഇടപെട്ടിട്ടില്ല. ഇതോടെയാണ് വിഭാഗിയ പ്രശ്‌നങ്ങളിൽ പൊട്ടിത്തെറി സജീവമാകുന്നത്. ഇത് മനസ്സിലാക്കിയാണ് സിപിഎമ്മും കോൺഗ്രസും ഇടപെടൽ നടത്തുന്നതും.

തൽകാലം തന്റെ പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ശോഭ സുരേന്ദ്രന്റെ തീരുമാനം. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് ശോഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അനിശ്ചിതമായി കാത്തിരിപ്പ് നീട്ടിക്കൊണ്ടു പോകാനും വനിതാ നേതാവിന് താൽപ്പര്യമില്ല. സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാർത്തകൾ ശോഭ നിഷേധിച്ചു. കോൺഗ്രസിൽ പോകുമെന്നും അഭ്യൂഹമുണ്ടായി. തൽക്കാലം കാത്തിരിക്കാനാണു മുതിർന്ന നേതാക്കൾ ശോഭയ്ക്കു നൽകിയ ഉപദേശം. ഇതിനു തുടർച്ചയായി, ശോഭയുടെ പരാതികൾ പാർട്ടി ചർച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന കോർ കമ്മറ്റി യോഗം നിർണ്ണായകമാകും. ഇതിന് ശേഷം കൂടുതൽ പ്രതികരണങ്ങളിലേക്ക് ശോഭ കടക്കും.

അതിനിടെ ശോഭയെ സിപിഎമ്മിൽ എത്തിക്കാൻ അതിശക്തമായ നീക്കം നടക്കുന്നുണ്ട്. ബിജെപിയിൽ നിന്നെത്തിയാൽ മുന്തിയ പരിഗണന നൽകാമെന്ന് സിപിഎം കേന്ദ്രങ്ങൾ ശോഭയ്ക്ക് സൂചന നൽകിയിട്ടുണ്ട്. അതിനിടെയാണ് കോൺഗ്രസും ശോഭയെ പാർട്ടിയിലെത്തിക്കാൻ നീക്കം നടത്തുന്നത്. സംസ്ഥാന അധ്യക്ഷൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നൽകിയ പരാതിയിൽ ശോഭ സുരേന്ദ്രൻ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താൻ തുടരുമ്പോഴാണ് കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കെ. സുരേന്ദന് ഭീഷണിയാകുമെന്ന് കരുതിയാണ് തന്നെ തഴഞ്ഞതെന്നും, കോർകമ്മിറ്റിയിൽ നിന്നൊഴിവാക്കി 2004ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അപമാനിച്ച് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദ്ദേശിക്കുന്നവർ തന്നെ ഗ്രൂപ്പിലുള്ളവരെ കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നുവെന്നും കേന്ദ്രനേതൃത്വത്തിന് നൽകിയ പരാതിയിൽ ശോഭ സുരേന്ദ്രൻ പറയുന്നു. ഈഴവ-പിന്നാക്ക സമുദായത്തിൽനിന്ന് കുട്ടിയായിരിക്കുമ്പോൾത്തന്നെ പരിവാർപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നിൽ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP