Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് കോർപ്പറേഷന്റേത് സമാനതകളില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി; മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കിയെന്നും പിണറായി വിജയൻ

കോഴിക്കോട് കോർപ്പറേഷന്റേത് സമാനതകളില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി; മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കിയെന്നും പിണറായി വിജയൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രാദേശിക വികസന രംഗത്ത് കോഴിക്കോട് കോർപ്പറേഷന്റേത് സമാനതകളില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊഫ്യൂസൽ ബസ് സ്റ്റാന്റിന് സമീപത്തെ എസ്കലേറ്റർ കം എലിവേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് ഫൂട്ട് പാത്ത് നവീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കാൻ നഗരസഭയ്ക്ക് സാധ്യമായിട്ടുണ്ട്. നഗരസഭയിലെ ഏക കോളനിയായ കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിർമ്മിച്ച് പുനരധിവസിപ്പിക്കാൻ സാധിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. ഞെളിയൻ പറമ്പിൽ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവിൽ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന മാലിന്യസംസ്കരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി കഴിഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പൂരി സന്ദേശം നൽകി.

നഗരസഭാ പരിധിയിൽ പരമ്പരാഗതരീതിയിലുള്ള എല്ലാ തെരുവ് വിളക്കുകളും മാറ്റി എൽഇഡി ആക്കി. തെരുവുനായശല്യം പരിഹരിക്കുന്നതിനായി എ ബി സി സെൻറർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ പദ്ധതി വിഹിതം മികച്ച രീതിയിൽ ഉപയോഗിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തിന് ഒത്ത രീതിയിലുള്ള വികസനവും ഭരണ നിർവഹണവും സേവനവുമാണ് ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ബജറ്റിൽ 35% തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവിനായി മാറ്റിവെച്ചതടക്കം ഒമ്പതാം പദ്ധതിക്കാലത്ത് സർക്കാർ സ്വീകരിച്ച സമാനതകളില്ലാത്ത നടപടികളിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുത്തനുണർവ് ഉണ്ടാവുകയാണ്. ഗ്രാമീണ തലങ്ങളിലെ വികസനവും വരുമാനവും ഇതുവഴി ഉയർന്നു. നേട്ടങ്ങളുടെ നട്ടെല്ലായി നിലകൊണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരള നിർമ്മാണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർദ്രം, ലൈഫ്, ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൃത്യമായ ഇടപെടലുകൾ കാരണമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇപ്പോൾ 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി കാർഷിക രംഗത്ത് സജീവമായ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങൾ നടത്തി വരുന്നു. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും നടത്തി വന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. ലോക് ഡൗൺ കാലത്ത് ഏവർക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തിയ കമ്മ്യൂണിറ്റി കിച്ചൻ, അതിഥി തൊഴിലാളികളുടെയും അശരണരുടെയും കിടപ്പുരോഗികളുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളെല്ലാം തന്നെ തദ്ദേശ സ്ഥാപനങ്ങൾ വിജയകരമായി നടത്തി. ലോകത്താകെ വ്യാപിക്കുന്ന കൊറോണയെ ഒരു പരിധിവരെ പിടിച്ചുകെട്ടാൻ സാധിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവർത്തനം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ജാഗ്രത ഒരു കാരണവശാലും കൈ വിടരുതെന്നും കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇതുപോലുള്ള ഘട്ടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്നതിലൂടെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. നടപടിക്രമങ്ങളിലും തീരുമാനം എടുക്കുന്നതിലുമുള്ള സുതാര്യതയുമാണ് ജനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുമടയിലായാണ് 11.5 കോടി രൂപ ചെലവിട്ട് ആധുനിക മേൽപ്പാലം ഒരുക്കിയത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വാഹന തിരക്കിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് ഉള്ളത്. അപകട സാധ്യതയുള്ള ഇവിടെ നേരത്തെ ഒരു മേൽപ്പാലം ഉണ്ടായിരുന്നെങ്കിലും ഉപയോഗ്യമല്ലാത്തതായിരുന്നു. കേന്ദ്ര സർക്കാറിന്റെ നഗരവികസന മന്ത്രാലയത്തിന് കീഴിൽ ആവിഷ്കരിച്ച പദ്ധതികളിൽ ഒന്നാണ് അമൃത് അടൽ മിഷൻ ഫോർ അർബൻ റജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ എന്ന പദ്ധതിയിലെ അർബൻ ട്രാൻസ്പോർട്ട് മേഖലയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി പൂർത്തീകരിച്ചത്.

റോഡിൽ നിന്ന് ആറര മീറ്റർ ഉയരത്തിലാണ് മേൽപ്പാലം. മൂന്ന് മീറ്റർ വീതിയുള്ള പാലത്തിന്റെ നീളം 25.37 മീറ്ററാണ്. ഇരുവശങ്ങളിലുമായി 1,140 ചതുരശ്ര അടി സ്ഥലം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഒരേസമയം 13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാം. എസ്കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലത്തിൽ ഒരേ സമയം 300 പേർക്കും കയറാം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് നിർമ്മാണം പൂർത്തീകരിച്ചത്. പാലം ഉപയോഗിക്കാതെ ആളുകൾ റോഡിലൂടെ മറുവശത്തേക്ക് കടക്കുന്നത് ഒഴിവാക്കാൻ റോഡിൽ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.

എം.കെ.രാഘവൻ എംപി, എ.പ്രദീപ് കുമാർ എംഎൽഎ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ, അമൃത് മിഷൻ ഡയറക്ടർ ഡോ.രേണു രാജ്, ഡെപ്യൂട്ടി മേയർ മീര ദർശക്, സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി.രാജൻ, അനിത രാജൻ, കെ.വി.ബാബുരാജ്, ടി.വി.ലളിത പ്രഭ, എം.സി.അനിൽകുമാർ, ആശ ശശാങ്കൻ, എം.രാധാകൃഷ്ണൻ മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ, കൗൺസിലർമാരായ പി.എം.സുരേഷ് ബാബു, സി.അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, ജയശ്രീ കീർത്തി, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. സൂപ്രണ്ടിങ് എൻജിനീയർ കെ.ജി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP