Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേശ്യയുടെ ശവകുടീരത്തിലേക്ക് വീണ്ടും.. മുരളി തുമ്മാരുകുടി എഴുതുന്നു

വേശ്യയുടെ ശവകുടീരത്തിലേക്ക് വീണ്ടും.. മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

വേശ്യ എന്ന വാക്ക് ലൈംഗിക തൊഴിലാളികളെ സൂചിപ്പിക്കാൻ ഞാൻ ഒരിക്കലും ഉപയോഗിക്കാറില്ല. പേരിൽത്തന്നെ മൂല്യപരമായി ഒരു വിലയിരുത്തൽ ഉള്ളതുകൊണ്ടും സ്ത്രീലിംഗം മാത്രമായതു കൊണ്ടുമാണ് ഈ വാക്ക് മാറി, മൂല്യത്തിലും ലിംഗത്തിലും കൂടുതൽ നിഷ്പക്ഷമായ ലൈംഗിക തൊഴിലാളി എന്ന പേര് ഉപയോഗിക്കാറുള്ളത്. ഇവിടെ പക്ഷെ, വേശ്യ എന്ന വാക്ക് തന്നെ ഉപയോഗിക്കേണ്ടതുണ്ട്. കാരണം, ഇത് സമൂഹം ലൈംഗികതൊഴിലിനെ വേശ്യവൃത്തി (പ്രോസ്റ്റിട്യൂഷൻ) എന്ന് പറഞ്ഞാക്ഷേപിച്ചു നടന്ന കാലത്ത് വേശ്യയായി ജീവിച്ച - വേശ്യാവൃത്തി സ്വന്തം തീരുമാനമായും തൊഴിലായും അഭിമാനത്തോടെ കൊണ്ടുനടന്ന - എഴുത്തുകാരിയായി പേരും പ്രശസ്തിയും ഉണ്ടായിട്ടും വേശ്യാവൃത്തി ഉപേക്ഷിക്കാതിരുന്ന - സ്വന്തം ശവകുടീരത്തിനു മുകളിൽ വേശ്യ എന്നെഴുതിവെക്കണമെന്ന് ആവശ്യപ്പെട്ട വിപ്ലവകാരിയായ ഒരു സ്ത്രീയുടെ കഥയാണ്. അവരുടെ ചിന്തകളുടെയും അവർ ജീവിച്ച കാലത്തിന്റെയും കഥയാണ്. ഒരിക്കൽ ഞാനിവിടെ പറഞ്ഞിട്ടുണ്ട്, പക്ഷെ ഈ കോവിഡ് കാലത്ത് ഞാൻ വീണ്ടും അവരെപ്പറ്റി ഓർത്തു, അവരുടെ ശവകുടീരത്തിലെത്തി.

സ്വിറ്റ്സർലാൻഡിൽ തൊഴിൽ തേടി വരുന്നവർ മിക്കവരും തിരിച്ച് അവരുടെ രാജ്യത്തേക്ക് പോകാറില്ല. ചെറിയ രാജ്യമായ, സന്പന്നമായ, തൊഴിലില്ലായ്മ വളരെ കുറവായ, ക്രമസമാധാനമുള്ള, സർക്കാർ സംവിധാനങ്ങളിൽ അഴിമതി തീരെയില്ലാത്ത, ആളുകൾ നിയമങ്ങൾ പാലിക്കുന്ന, ലോകത്തെവിടെ നിന്നുമുള്ള ആളുകൾ ജീവിക്കുന്ന രാജ്യമായതിനാൽ വലിയ നഗരങ്ങളിൽ എങ്കിലും നമ്മൾ 'വരത്തനാണ്' എന്ന തോന്നൽ ഉണ്ടാകില്ല. എങ്കിലും ഇവിടെ ജീവിച്ച് രണ്ടു പതിറ്റാണ്ട് ആയിട്ടും ഇവിടുത്തെ പൗരത്വം സ്വീകരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. റിട്ടയറായി നാട്ടിൽ ജീവിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.
ആ തീരുമാനത്തിന് ചിലപ്പോഴെങ്കിലും ഒരു ചാഞ്ചാട്ടമുണ്ടാകുന്നത് ഇവിടുത്തെ സെമിത്തേരികൾ കാണുന്‌പോഴാണ്. നാട്ടിലാണെങ്കിൽ ശവക്കോട്ട എന്നാൽ പകൽ പോലും ആളുകൾ പോകാൻ മടിക്കുന്ന സ്ഥലമാണ്. ശവക്കോട്ടക്കും ശ്മാശാനത്തിനുമടുത്തുള്ള സ്ഥലത്തിന് വില തീരെ കുറവുമാണ്. എന്നാൽ ഇവിടുത്തെ ശ്മാശാനങ്ങളെല്ലാം പൂന്തോട്ടങ്ങളാണ്. സത്യത്തിൽ പൂന്തോട്ടത്തെക്കാൾ മനോഹരമാണ്. കുട്ടികളുമായി പിക്‌നിക്കിനും വെറുതെ മലർന്നുകിടന്ന് പുസ്തകം വായിക്കാനായും ആളുകൾ അവിടെയെത്തും. ആ ഹരിതാഭയും പച്ചപ്പും ശാന്തതയും വർണ്ണങ്ങളും ഒക്കെ കാണുന്‌പോൾ ചത്തു കഴിഞ്ഞാൽ ഇവിടെത്തന്നെ മതി എന്ന് തോന്നും.

സ്വിറ്റ്സർലാൻഡിൽ അനവധി സെമിത്തേരികളുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത് ജനീവയിലെ രാജാക്കന്മാരുടെ സെമിത്തേരി എന്നറിയപ്പെടുന്ന Cimetière des Rois ആണ്. ജനീവയിൽ രാജഭരണം ഒന്നും ഏറെക്കാലമായി ഇല്ലാത്തതിനാൽ ഇവിടെ രാജാക്കന്മാർ ഒന്നുമില്ല. പക്ഷെ ജനീവയിൽ ജീവിച്ച ഏറ്റവും പ്രശസ്തരായവർ ഒക്കെ ഇവിടെയാണ് അവസാന നിദ്രകൊള്ളുന്നത്. ക്രിസ്ത്യൻ നവോദ്ധാന നേതാവായ ജോൺ കാൽവിൻ, നോബൽ സമ്മാന ജേതാവായ ബോർഹേസ്, ഇറാക്കിൽ ബോംബാക്രമണത്തിൽ മരിച്ച സെർജിയോ ഡിമെല്ലോ, റെഡ്ക്രോസ് സ്ഥാപിച്ച ഹേന്റി ഡ്യൂനാൻഡ് സ്വിറ്റ്സർലാൻഡിലെ പ്രസിഡന്റായി വളർന്ന ജനീവക്കാർ ജനീവയിലെ മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ വി വി ഐ പി കളുടെ നിരയാണ്. മൊത്തം ഇരുന്നൂറു പേർക്കാണ് കഴിഞ്ഞ അഞ്ഞൂറ് വർഷത്തിൽ ഇവിടെ സ്ഥാനം കിട്ടിയിട്ടുള്ളത്. ഇതിന്റെ നടുക്ക് ലളിതവും പ്രസിദ്ധവുമായ ഒരു ശിലാഫലകത്തിനു താഴെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തയായ വേശ്യ ഉറങ്ങുന്നു.

അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്, 'Griselidis Real - writer, painter, prostitute,' റിയലിന്റെ ചരിത്രം ഞാൻ മുൻപൊരിക്കൽ എഴുതിയിട്ടുള്ളതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. അദ്ധ്യാപക ദന്പതികളുടെ മകളായി ജനീവയ്ക്കടുത്തുള്ള ലൊസാനിൽ ജനിച്ചു. ഈജിപ്തിലെ അലക്സാൻഡ്രിയയിലും ഗ്രീസിലും ജീവിച്ചു. വിവാഹം കഴിച്ചു, അദ്ധ്യാപികയായി, കുട്ടികളുണ്ടായി, വിവാഹമോചിതയായി. പുതിയ ബോയ്ഫ്രണ്ടിന്റെ കൂടെ യുദ്ധാനന്തര ബെർലിനിലെത്തി. അവിടെവച്ചാണ് അവർ വേശ്യാവൃത്തി ഒരു തൊഴിലായി സ്വീകരിക്കുന്നത്. ഇത്രയും കാര്യങ്ങൾ ലൈംഗിക തൊഴിലിൽ എത്തിപ്പെടുന്ന മിക്കവരുടെയും ചരിത്രമാണ്. റിയലിനെ ചരിത്രമാക്കുന്നത് ആ തൊഴിലിനെ അവർ എങ്ങനെ കണ്ടു എന്നതാണ്. മറ്റുള്ളവരുടെ സമ്മർദം മൂലം എത്തിപ്പെടുത്തന്നതും ചൂഷണങ്ങൾക്ക് വിധേയമാകുന്നതുമാണ് എല്ലാ ലൈംഗികത്തൊഴിലും എന്നതാണ് പൊതുവെ ആളുകളുടെ ചിന്ത. എന്നാൽ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കാമെന്നും അത് മാനുഷികമായ ഒരു പ്രവൃത്തിയാണെന്നും ഉച്ചത്തിൽ പറഞ്ഞത് റിയൽ ആണ്. ലൈംഗിക തൊഴിലിൽ ഏർപ്പെട്ട കാലത്ത് തന്നെ അവർ Black is a colour എന്ന പുസ്തകം എഴുതി, പണമുണ്ടാക്കി, പ്രശസ്തയായി. അവരെ പറ്റി സിനിമകളും ഡോക്കുമെന്ററിയും ഉണ്ടാക്കി. എന്നിട്ടും തൊഴിൽ ചെയ്തു ജീവിക്കാൻ പറ്റുന്നിടത്തോളം കാലം അവർ സ്വന്തം തൊഴിൽ ഉപേക്ഷിച്ചില്ല. അറുപത്തി ആറാം വയസ്സിലാണ് അവർ ലൈംഗിക തൊഴിൽ അവസാനിപ്പിക്കുന്നത്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിൽ. രണ്ടായിരത്തി ആറിൽ അവർ മരിക്കുകയും ചെയ്തു.

ഇഷ്ടപ്പെട്ട് നടത്തിക്കൊണ്ടിരുന്ന ലൈംഗികതൊഴിലിലും അവർക്ക് കക്ഷികളുടെ ഇടയിൽ പ്രശസ്തിയുണ്ടായി. ലൈംഗിക ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നവരുടെ വ്യത്യസ്ത താല്പര്യങ്ങളെയും സ്ഥിരമായി വന്നിരുന്ന കക്ഷികളെയും പറ്റി അവർ ഡയറിയിൽ മറയില്ലാതെ തുറന്നെഴുതി. അത് ഒരു പത്ര പ്രവർത്തകൻ പുസ്തകമാക്കി. ' The Little Black Book of Grisélidis Réal - Days and Nights of an Anarchist Whore'. സ്വന്തം സേവനങ്ങൾ അന്വേഷിച്ചു വരുന്നവരോട് കരുണയോടെ ആണ് അവർ പെരുമാറിയിരുന്നത്. മറ്റൊരിടത്തും, സ്വന്തം കുടുംബത്തിൽ പോലും അവർക്ക് ലഭിക്കാത്ത ലൈംഗിക സുഖങ്ങളും അനുഭവങ്ങളും തേടിയാണ് അവർ തന്റെ അടുത്തേക്ക് വരുന്നത് എന്നവർ വിശ്വസിച്ചു, അതുകൊണ്ട് തന്നെ അവരെ പരമാവധി സന്തോഷിപ്പിച്ചു വിടേണ്ടതാണ് സ്വന്തം തൊഴിലിന്റെ ഉത്തരവാദിത്തം എന്നതായിരുന്നു അവരുടെ തത്വ ശാസ്ത്രം. വരുന്നവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് റേറ്റ് കൂട്ടുകയോ കുറക്കുകയോ ചെയ്തിരുന്നു. വേശ്യാവൃത്തി ഒരു കലയും മാനുഷിക ശാസ്ത്രവും ആണെന്ന് അവർ അഭിപ്രായപ്പെട്ടു (an art, and a humanist science,'). ബുദ്ധികൊണ്ടും, ഹൃദയം കൊണ്ടും, ബഹുമാനം കൊണ്ടും ഇമാജിനേഷൻ കൊണ്ടും നടത്തേണ്ട ഒന്നാണ് വേശ്യാവൃത്തി എന്നവർ വിശ്വസിച്ചു. (the only authentic prostitution is that mastered by great technical artists...who practice this form of native craft with intelligence, respect, imagination, heart).

സ്വന്തം തൊഴിൽ നന്നായി ചെയ്യുക മാത്രമല്ല അവർ ചെയ്തത്. വേശ്യാവൃത്തിക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളിലും സമരങ്ങളിലും പങ്കാളിയാവുക എന്നത് കൂടിയാണ്. 1970 കളിൽ യൂറോപ്പിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതമായിരുന്നു. ലൈംഗികത്തൊഴിലാളി ആയിരിക്കുന്നത് നിയമവിരുദ്ധമായിരുന്നില്ല. എന്നാൽ അതിനായി കക്ഷികളെ സമീപിക്കുന്നതും ലൈംഗിക തൊഴിലിന്റെ ഏജന്റായിരിക്കുന്നതും നിയമവിരുദ്ധമായിരുന്നു. ഇതിന്റെ പേരിൽ പൊലീസുകാർ ലൈംഗികത്തൊഴിലാളികളെ ഏറെ ഉപദ്രവിച്ചു. അവരെ സംരക്ഷിക്കാനും കക്ഷികളെ പിടിച്ചു കൊടുക്കാനും ഇടനിലക്കാർ (പിമ്പുകൾ) ഉണ്ടായി, മറ്റെവിടെയും പോലെ ഇവിടെ കുറ്റവാളികൾ സ്ഥാനം പിടിച്ചു, വേശ്യകൾക്കെതിരെ അക്രമം ഉണ്ടായി, പലരും കൊല്ലപ്പെട്ടു.

ഇതിനെതിരെ യൂറോപ്പിലെങ്ങും ലൈംഗിക തൊഴിലാളികൾ സംഘടിച്ചു തുടങ്ങി. 1976 ൽ ജനീവക്കടുത്തുള്ള ലിയോൺ എന്ന ഫ്രഞ്ച് നഗരത്തിൽ ലൈംഗിക തൊഴിലാളികൾ പള്ളിയിൽ കയറി കുത്തിയിരുപ്പ് നടത്തി. പൊലീസുകാരെ പള്ളിയിൽ കയറാൻ വികാരി സമ്മതിച്ചില്ല. ആ നാട്ടിലെ സ്ത്രീകൾ ലൈംഗിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവുമായെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലിയോണിൽ നിന്നും കലാപം ഫ്രാന്‌സിലേക്കും പിന്നെ യൂറോപ്പിലെ മറ്റു നഗരങ്ങളിലേക്കും പടർന്നു. ലോകത്തെ ഏറ്റവും പ്രശസ്തയായ ഫെമിനിസ്റ്റായിരുന്ന Simone de Beauvoir പാരീസിൽ വേശ്യകളുടെ സമരപ്പന്തലിലെത്തി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. ആ കലാപത്തിന് മുൻനിരയിൽ റിയാലും ഉണ്ടായിരുന്നു. ഫ്രാൻസിൽ കലാപം അന്നത്തെ സർക്കാർ അടിച്ചൊതുക്കിയെങ്കിലും വേശ്യാവൃത്തിയെ പറ്റി സമൂഹത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായി, അവർക്ക് അനുകൂലമായ പൊതുജനാഭിപ്രായം ഉണ്ടായി, മിക്കവാറും ഇടങ്ങളിൽ നിയമങ്ങൾ മാറി. മിക്കവാറും രാജ്യങ്ങളിൽ ലൈംഗിക തൊഴിൽ ഒരു കുറ്റകൃത്യമല്ല. അത് കുറ്റകൃത്യമായിരിക്കുന്ന ചില രാജ്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നത് ലൈംഗിക തൊഴിലാളിയല്ല, അതിനെത്തുന്ന പുരുഷനാണ്. പൊലീസിനെ പേടിക്കാതെ, സമൂഹത്തിന് മുന്നിൽ തല താഴ്‌ത്താതെ ആളുകൾ (സ്ത്രീകളും പുരുഷന്മാരും) ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് റിയൽ ഒക്കെ നയിച്ച സമരത്തിന്റെ ഗുണഫലമാണ്.

ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി അവർ സ്ഥാപിച്ച അസോസിയേഷൻ (Aspasie) ജനീവയിൽ ഇപ്പോഴും പ്രവർത്തിക്കുന്നു. ലോകത്തെവിടെയുമുള്ള ലൈംഗിക തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഒരു പദ്ധതി അവർ സ്വന്തം വീട്ടിൽ ആരംഭിച്ചു. കൊറോണക്കാലമായതിനാൽ അതിപ്പോൾ അടഞ്ഞുകിടക്കുകയാണ്. കൊറോണയുടെ കാലഘട്ടത്തിൽ ലോകമെന്പാടും ലൈംഗിക തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. സോഷ്യൽ ഡിസ്റ്റൻസിങ്, മാസ്‌ക്ക്, തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചു നടത്താൻ ലൈംഗിക തൊഴിലിന് പരിമിതികളുണ്ടല്ലോ. മിക്കവാറും രാജ്യങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നതേ ഇല്ല. പക്ഷെ പല യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ ഈ തൊഴിലിൽ ഉള്ളവർക്ക് നൽകി, ചില രാജ്യങ്ങൾ സാമ്പത്തിക സഹായവും.

കൊറോണ നീണ്ടു നിന്നതോടെ മറ്റു രംഗങ്ങളിലേത് പോലെ റിമോട്ട് വർക്കിങ് ഈ രംഗത്തും വന്നിട്ടുണ്ട്. സ്വന്തം ബെഡ്റൂമിൽ വെബ്ക്യാം ലൈവ് ആക്കി വക്കുന്നത് മുതൽ ഉപയോഗിച്ച അടിവസ്ത്രം ആളുകൾക്ക് ഓൺലൈൻ ആയി വിൽക്കുന്നത് വരെ മറ്റിടങ്ങളിൽ നിന്നുള്ള ഓരോ ആശയങ്ങൾ അവരും ഉപയോഗിക്കുന്നു. അതേ സമയം നിർമ്മിതബുദ്ധിയും റോബോട്ടിക്സും ലൈംഗിക തൊഴിലുകളിലും വെല്ലുവിളി ഉയർത്തുന്നുണ്ട്. ബാഴ്സലോണയിൽ ഇപ്പോൾ തന്നെ റോബോട്ടുകൾ മാത്രമുള്ള ഒരു വേശ്യാലയം തുറന്നിട്ടുണ്ട്. കൊറോണക്കാലത്തെ മനസികോല്ലാസത്തിനുള്ള ഈ ആഴ്ചത്തെ എന്റെ യാത്ര ചെന്നുനിന്നത് രാജാക്കന്മാരുടെ ശ്മാശാനത്തിലെ റിയാലിന്റെ ശവകുടീരത്തിന് മുന്നിലാണ്. തൊട്ടടുത്ത പുൽത്തകിടിയിൽ വിശ്രമിക്കുന്ന ആളുകൾക്ക് ആശ്വാസമായി ഒരു ജലധാരയുമുണ്ട് ഇവിടെ.
''ലോകത്തിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്, ഇവിടെയാണ്'' എന്ന് പലരും പല സ്ഥലങ്ങളെ പറ്റിയും പറഞ്ഞിട്ടുണ്ട്. (ബാബർ കാബൂളിനെപ്പറ്റി, ജഹാന്ഗീർ കാശ്മീരിനെപ്പറ്റി, അമീർ ഖുസ്രുവാണ് ഈ വാചകങ്ങൾ എഴുതിയതെന്ന് മറ്റൊരു വാദം ഉണ്ട്).

പക്ഷെ, ജനീവയിലെ ശ്മശാനത്തിൽ ചാരുബെഞ്ചിൽ ഇരിക്കുമ്പോൾ എനിക്ക് ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്. അതീ സ്ഥലത്തിന്റെ മനോഹാരിത കൊണ്ട് മാത്രമല്ല ലൈംഗിക വൃത്തി തൊഴിലായി സ്വീകരിച്ച ഒരാളെ അവരും തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ച് സമൂഹത്തിലെ മറ്റുള്ള ഉന്നതരുടെ കൂടെ സ്ഥാനം കൊടുത്ത മനുഷ്യരുടെ ചിന്താഗതിയെപ്പറ്റി കൂടി ഓർത്തിട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP