Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ എതിർത്ത് യുഡിഎഫിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേർന്ന് മതേതര മുന്നണി രൂപീകരിക്കുന്നു; മുക്കം നഗരസഭയിലും കൊടിയത്തൂർ-കാരശ്ശേരി പഞ്ചായത്തുകളിലും ആലോചനകൾ; വിവിധ മുജാഹിദ്‌സുന്നി സംഘടനകളുടെ പിന്തുണയും പുതിയ സഖ്യത്തിന്

വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ എതിർത്ത് യുഡിഎഫിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേർന്ന് മതേതര മുന്നണി രൂപീകരിക്കുന്നു; മുക്കം നഗരസഭയിലും കൊടിയത്തൂർ-കാരശ്ശേരി പഞ്ചായത്തുകളിലും ആലോചനകൾ; വിവിധ മുജാഹിദ്‌സുന്നി സംഘടനകളുടെ പിന്തുണയും പുതിയ സഖ്യത്തിന്

ജാസിം മൊയ്ദീൻ

കോഴിക്കോട്; വെൽഫെയർ പാർട്ടിയുമായി വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിലെ ഒരു വിഭാഗം സിപിഐഎമ്മുമായി ചേർന്ന് മതേതര മുന്നണി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തു തന്നെ വെൽഫെയർപാർട്ടിക്ക് ചെറുതെങ്കിലും സ്വാധീനമുള്ള കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പാരമ്പര്യമായി യുഡിഎഫിനൊപ്പം നിന്നിരുന്ന വിവിധ സുന്നി, മുജാഹിദ് സംഘടനകൾ സിപിഐഎമ്മുമായി ചേർന്ന് മതേതര മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.

മുക്കം നഗരസഭയിൽ ചേന്ദമംഗല്ലൂർ ഉൾപ്പെടെ മൂന്ന് വാർഡുകളിലാണ് യുഡിഎഫ് പിന്തുണയോടു കൂടി വെൽഫയർപാർട്ടി മത്സരിക്കുക. സംസ്ഥാനത്ത് ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രാധനപ്പെട്ട ഇടമാണ് ചേന്ദമംഗല്ലൂർ. ജമാഅത്തെ ഇസ്ലാമിയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം. എന്നാൽ ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ മറ്റു മുസ്ലിം സംഘടനകൾക്കും ഈ പ്രദേശത്ത് വ്യക്തമായ സ്വാധീനമുണ്ട്. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളിലെല്ലാം ഇവിടങ്ങളിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെയും വെൽഫയർപാർട്ടിയെയും വിമർശിക്കുകയും ചെയ്തിരുന്നു.

അതു കൊണ്ട് ഒരു സുപ്രഭാതത്തിൽ വെൽെഫയർ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് നേതൃത്വം പറഞ്ഞാൽ യുഡിഎഫ് അണികൾക്ക് അനുസരിക്കാൻ സാധിക്കില്ല. ഇത് മനസ്സിലാക്കിയാണ് വെൽഫയർപാർട്ടിയുമായ യോജിച്ചുപോകാനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുള്ള അണികളെ സിപിഐഎം ലക്ഷ്യമിടുന്നത്. ഇവരെ കൂടെനിർത്തി മതേതരമുന്നണി രൂപീകരിച്ച് വാർഡ് തലത്തിൽ മത്സരിക്കാനാണ് തീരുമാനം. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വങ്ങളുടെ മൗനസമ്മതവും ഈ നീക്കത്തിനുണ്ടെന്നാണ് വിവരം.

കാലങ്ങളായി മുസ്ലിം ലീഗനൊപ്പം നിൽക്കുന്ന മുജാഹിദ്, സുന്നി പ്രവർത്തകർ പുതിയ നീക്കത്തിന് കൂടെ നിൽക്കും.വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിൽ അവരെ പരാജയപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ മുസ്ലിം സംഘടനകൾ അണികൾക്ക് നിർദ്ദേശം നൽകിട്ടുണ്ട്. വിവിധ സുന്നി മുജാഹിദ് സംഘടനകൾ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങള്ൾ അണികൾക്ക് നൽകിയിട്ടുണ്ട്. കെഎൻഎം സംസ്ഥാന സെക്രട്ടറി എഐ അബ്ദുൽ അസീസ് പരസ്യമായി വെൽഫയർപാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തെ എതിർക്കുകയും ചെയ്തിട്ടുണ്ട്. ഇകെ, എപി സുന്നി നേതാക്കളും പരസ്യമായി വെൽഫയർപാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.

കാരശ്ശേരി പഞ്ചായത്തിൽ ഒരു വാർഡിൽ മാത്രമാണ് വെൽഫയർപാർട്ടി സ്ഥാനാർത്ഥി യുഡിഎഫിന് വേണ്ടി മത്സരിക്കുക. കറുത്തപറമ്പ് വാർഡാണ് നിലവിൽ യുഡിഎഫ് വെൽഫയർപാർട്ടിക്ക് നൽകിയിട്ടുള്ളത്. തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിൽ രണ്ട് വാർഡുകളിലാണ് യുഡിഎഫ് സഖ്യത്തിന് വേണ്ടി വെൽഫയർപാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഒന്നാം വാർഡായ കുമാരനെല്ലൂർ, പതിനാലാം വാർഡായ കക്കാട് എന്നിവയാണ് കൊടിയത്തൂർ പഞ്ചായത്തിൽ വെൽഫയർപാർട്ടി മത്സരിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഈ രണ്ട് പഞ്ചായത്തുകളും ജമാഅത്തെ ഇസ്ലാമിയെ പോലെ ത്ന്നെ മുജാഹിദ്, സുന്നി സംഘടനകൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും സ്വാധീനമുള്ള മേഖലകളാണ്. അതു കൊണ്ട് തന്നെ ഇവരുടെ വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഇത് മുന്നിൽ കണ്ടാണ് സിപിഐഎം ഈ സംഘടകലെ കൂടെനിർത്തി പുതിയ സഖ്യത്തിന് പ്രാദേശിക തലത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇവിടങ്ങളിൽ പൊതു സ്വീകാര്യനായ സ്വതന്ത്രരെ നിർത്തി ജമാഅത്തെ ഇസ്ലാമി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

സംസ്ഥാന തലത്തിൽ തന്നെ വെൽഫയർപാർ്ട്ടി മത്സരിക്കുന്ന വാർഡുകളിൽ ഇത്തത്തിലുള്ള ഫോർമുല പരീക്ഷിക്കാന്ള്ള സാധ്യതയുമുണ്ട്. അതിനുള്ള തുടക്കം മുക്കം നഗരസഭയിൽ നിന്നും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ നിന്നുമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. വിവിധ മുജാഹിദ്, സുന്നി സംഘടനകൾ യോഗം ചേർന്ന് വെൽഫയർപാർട്ടിയുമായുള്ള യുഡിഎഫ് സംഖ്യത്തെ പരസ്യമായി എതിർത്തതും ഇടതുമുന്നണി പ്രാദേശിക തലത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP