Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

12 മാസവും നല്ല കാറ്റു ലഭിക്കുന്ന നാഗർകോവിലിൽ കാറ്റാടിക്ക് 7 വർഷം കൊണ്ടു ലാഭം; ജർമൻ സംരഭത്തിൽ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽ മുടക്ക്; ശിവശങ്കറിനും ബെനാമി നിക്ഷേപം; വൈദ്യുത ബോർഡ് ചെയർമാനായിരിക്കെ തുടങ്ങിയ 'കാറ്റാടി' ബന്ധവും പുറത്ത്; ശിവശങ്കറിനെ പൂട്ടാൻ കൈമനത്തുള്ള അഞ്ചാം ഫോണും; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച് മുമ്പോട്ട്

12 മാസവും നല്ല കാറ്റു ലഭിക്കുന്ന നാഗർകോവിലിൽ കാറ്റാടിക്ക് 7 വർഷം കൊണ്ടു ലാഭം; ജർമൻ സംരഭത്തിൽ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽ മുടക്ക്; ശിവശങ്കറിനും ബെനാമി നിക്ഷേപം; വൈദ്യുത ബോർഡ് ചെയർമാനായിരിക്കെ തുടങ്ങിയ 'കാറ്റാടി' ബന്ധവും പുറത്ത്; ശിവശങ്കറിനെ പൂട്ടാൻ കൈമനത്തുള്ള അഞ്ചാം ഫോണും; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച് മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് കുരുക്ക് മുറുകുന്നു. തമിഴ്‌നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്തു കോടികളുടെ ബെനാമി നിക്ഷേപം ശിവശങ്കർ നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിൽ നിന്നാണ് ആദ്യ സൂചനകൾ ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കർ വിവരങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ, കുറച്ചുകാലം നാഗർകോവിലിലേക്കു മാറിനിൽക്കാൻ വേണുഗോപാലിനോടു ശിവശങ്കർ നിർദേശിക്കുന്ന വാട്‌സാപ് ചാറ്റുകൾ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ഈ അന്വേഷണവും കാറ്റാടി പാടത്ത് എത്തുകയായിരുന്നു.

ഇഡി അന്വേഷണം ഇതോടെ നാഗർകോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന നാഗർകോവിലിലെ കമ്പനികളുമായി ശിവശങ്കർ അടുത്ത ബന്ധം സ്ഥാപിച്ചത്. അദ്ദേഹം വഴി സംസ്ഥാനത്തെ ചില ഉന്നതരും ഇവിടെ കള്ളപ്പണം നിക്ഷേപിച്ചതായി ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്. നാഗർകോവിലിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ജർമൻ കമ്പനിയിൽ തിരുവനന്തപുരത്തെ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽമുടക്കുണ്ടെന്നാണ് സൂചന.

ജമാൽ അൽ സാബിയുടെ ബിസിനസ് വിവരങ്ങൾ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികളോടു വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുമ്പോൾ ജർമൻ വ്യവസായ സംരംഭത്തിൽ പങ്കാളിയാക്കാമെന്നു കോൺസൽ ജനറൽ പറഞ്ഞിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്. 12 മാസവും നല്ല കാറ്റു ലഭിക്കുന്ന നാഗർകോവിൽ പ്രദേശത്ത് കാറ്റാടി കമ്പനികൾക്ക് 7 വർഷം കൊണ്ടു മുടക്കുമുതൽ തിരികെ ലഭിക്കും. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ഇതിനു 10 വർഷം വരെ വേണ്ടിവരും. ഒരു കാറ്റാടി സ്ഥാപിക്കാൻ 15 കോടി രൂപ ചെലവാകും. ഓഹരികളായും നിക്ഷേപിക്കാം. ഇന്ത്യൻ കമ്പനികൾക്കു പുറമേ ജർമൻ, ഡാനിഷ്, സ്പാനിഷ് കമ്പനികളുമുണ്ട്.

യൂണിടാക് നൽകിയ ഐ-ഫോണുകളിൽ ഒന്നിന്റെ ഉടമയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരുലക്ഷത്തിലധികം വിലയുള്ള ഐ-ഫോൺ ആണിത്. ഇതിനെക്കാൾ വിലകുറഞ്ഞ ഐ-ഫോണാണ് എം. ശിവശങ്കറിന് നൽകിയത്. ശിവശങ്കറിനെക്കാൾ പ്രധാനപ്പെട്ട ആ 'വി.ഐ.പി.' പുറത്തുവരുന്നതോടെ സർക്കാരിന്റെയും സിപിഎമ്മിന്റെയും നെഞ്ചിടിപ്പ് കൂടുമെന്നാണ് ബിജെപി.- യു.ഡി.എഫ്. നേതാക്കളുടെ വാദം. ഈ ഫോൺ കൈമനത്തെ ഒരു വീട്ടിലുണ്ടെന്നാണ് സൂചന. ഈ വീട്ടിൽ നിന്ന് ഫോൺ കണ്ടെത്തിയാൽ അത് ശിവശങ്കറിന് കൂടുതൽ വെല്ലുവിളിയാകും. അഴിമതിയിലെ തൊണ്ടു മുതലാണ് ഈ മൊബൈൽ ഫോണുകൾ എന്നാണ് സിബിഐ നിലപാട്. അതുകൊണ്ട് തന്നെ ഈ ഫോൺ ഉപയോഗിക്കുന്ന ആളിനെ ഉടൻ സിബിഐ പൊക്കുമെന്നാണ് സൂചന.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനൊപ്പമിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ ക്യാബിനിൽ വച്ചാണ് യു.വി. ജോസിനെ പരിചയപ്പെട്ടത് എന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതേസമയം, സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ എം.ശിവശങ്കറിനൊപ്പം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിട്ടുമുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി കമ്മിഷൻ നൽകുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്ത് ഒരാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെ ഓഫിസിൽ വച്ചു കണ്ടുവെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇഡിക്കു നൽകിയ മൊഴി. ലൈഫ് മിഷൻ സിഇഒ ആയ യു.വി. ജോസിനെ ക്യാബിനിലേക്കു വിളിച്ചു വരുത്തി എം.ശിവശങ്കർ പരിചയപ്പെടുത്തി. വടക്കാഞ്ചേരിയിലെ നിർമ്മാണപദ്ധതിയെക്കുറിച്ച് ജോസിനോട് ശിവശങ്കറിന്റെ ക്യാബിനിൽ വച്ച് സംസാരിച്ചുവെന്നും സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്. ലൈഫ് മിഷനിൽ എം.ശിവശങ്കറിന്റെ പങ്ക് എന്താണ് എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു സന്തോഷ് ഈപ്പൻ പറഞ്ഞത്.

2019 ഏപ്രിലിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വിട്ടു കിട്ടാൻ എം. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ഇഡിക്കു വിവരമുണ്ട്. എന്നാൽ ഇത് സ്വർണമടങ്ങിയ ബാഗേജ് ആണോ അതോ സ്വർണക്കടത്തിന് മുന്നോടിയായ ഡമ്മി ബാഗേജ് ആണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് സ്വപ്നയെയും സംഘത്തിനെയും ചോദ്യം ചെയ്യുക. ഇവരെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനും നീക്കമുണ്ട്.

അതിനിടെ ശിവശങ്കർ ചോദ്യം ചെയ്യലിനോട് നിസഹകരണം തുടർന്നാൽ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് കോടതിയിൽ മടക്കി നൽകി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെടാനും ഇഡി ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP