Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മ്മടെ കോഴിക്കോടിന് പുതിയ മുഖച്ഛായ'; ഏറ്റവും തിരക്കേറിയ രാജാജി റോഡിന് കുറുകെ സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം തയ്യാർ; നടപ്പാലത്തിൽ ഒരേസമയം കയറാൻ കഴിയുക 300 പേർക്ക്; നാളെ ഉദ്ഘാടനം ചെയ്യുന്ന പാലത്തിന്റെ വിശേഷങ്ങൾ

'മ്മടെ കോഴിക്കോടിന് പുതിയ മുഖച്ഛായ'; ഏറ്റവും തിരക്കേറിയ രാജാജി റോഡിന് കുറുകെ സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം തയ്യാർ; നടപ്പാലത്തിൽ ഒരേസമയം കയറാൻ കഴിയുക 300 പേർക്ക്; നാളെ ഉദ്ഘാടനം ചെയ്യുന്ന പാലത്തിന്റെ വിശേഷങ്ങൾ

ജാസിം മൊയ്തീൻ

കോഴിക്കോട്; സംസ്ഥാനത്തെ പൊതുനിരത്തിലെ ആദ്യ എസ്‌കലേറ്റർ മേൽപാലം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം രാജാജി റോഡിലാണ് സംസ്ഥാനത്തെ പൊതുനിരത്തിലെ ആദ്യത്തെ ലിഫ്റ്റ്, എസ്‌കലേറ്റർ സൗകര്യമുള്ള മേൽ നടപാലം നിർമ്മിച്ചിട്ടുള്ളത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ രാജാജി റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന മേൽപാലം വഴി സ്പോർട്സ് കൗൺസിൽ ഹാളിന്റെ ഭാഗത്തു നിന്നും മൊഫ്യൂസൽ ബസ്റ്റാന്റിലേക്ക് ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.

ഇരുഭാഗങ്ങളിലും എക്സകേലറ്ററുകളും ലിഫ്റ്റുമുണ്ട്. കേന്ദ്ര സർക്കാറിന്റെ കൂടി സാമ്പത്തിക സഹായത്താൽ പതിനൊന്നര കോടി രൂപ ചെലവിട്ടാണ് മേൽപാലം നിർമ്മിച്ചിരിക്കുന്നത്. 50% കേന്ദ്രവും 30% സംസ്ഥാനവും ശേഷിക്കുന്ന തുക കോർപറേഷനുമാണ് ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയും കോർപറേഷന്റെ നഗരസൗന്ദര്യ വത്കരണ പദ്ധതിയും സംയോജിപ്പിച്ചാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. റോഡിൽ നിന്നും ആറര മീറ്റർ ഉയരമാണ് പാലത്തിനുള്ളത്. മൂന്ന് മീറ്റർ വീതിയും 25 മീറ്റർ നീളവുമുള്ള പാലത്തിന്റെ എല്ലാ പണികളും ഇന്നത്തോടെ പൂർത്തിയായി.

ഒരേ സമയം 13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാനാകും. നടപ്പാലത്തിൽ ഒരേ സമയം 300 പേർക്കാണ് കയറാൻ സാധിക്കുക. കെഎംആർഎല്ലിന് വേണ്ടി ഉരാലുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. നാളെ വീഡിയോ കോൺഫ്രൻസ് വഴിയായിരിക്കും മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുക. കോഴിക്കോട് ജില്ലയിലെ ജന പ്രതിനിധികളും കോഴിക്കോട് കോർപറേഷൻ ഭരണ സമിതി അംഗങ്ങളും നാളെ 12 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര നഗര കാര്യ മന്ത്രി ഹർദീപ് സിങ് പുരിയും ഓൺലൈനായി ഉദ്ഘാടനത്തിൽ പങ്കെടുക്കും.

കോഴിക്കോട് നഗരത്തിന്റെ മുഖഛായ മാറുന്ന തരത്തിലുള്ള വികസ പ്രവർത്തനങ്ങളിലൊന്നാണ് ഈ എസ്‌കലേറ്റർ മേൽപാലം. നേരത്തെ ഇവിടെയുണ്ടായിരുന്ന സാധാരണ മേൽപാലം കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റിയതിന് ശേഷമാണ് പുതിയ മേൽപാലം നിർമ്മിച്ചിരിക്കുന്നത്. കോവിഡ് വെല്ലുവിളിയെ അതിജീവിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പണി തീർക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം ചൈനയിൽനിന്ന് എത്തേണ്ടിയിരുന്ന എസ്‌കലേറ്റർ 6 മാസം വൈകി കഴിഞ്ഞ ജൂലൈയിലാണ് എത്തിക്കാനായത്. എസ്‌കലേറ്റർ നിർമ്മിക്കുന്ന കമ്പനി കോവിഡ് കാരണം അടച്ചുപൂട്ടിയത് പാലത്തിന്റെ നിർമ്മാണത്തെയും ബാധിച്ചിരുന്നു.പദ്ധതിയുടെ ഇരുവശത്തുമുള്ള 1140 ചതുരശ്രഅടി സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP