Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സമൂഹത്തിന്റെ സ്വാധീന ശക്തിയിൽ ഞങ്ങളുടെ മക്കൾ തെറ്റ് ചെയ്‌തെന്ന് വരും; ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരം പറയണം; തെറ്റു ചെയ്ത ആരേയും സംരക്ഷിക്കില്ല; തെളിവുകൾ ഹാജരാക്കട്ടെ, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ; ശിവശങ്കറിന്റെ കാര്യത്തിൽ പ്രധാനമന്ത്രിക്കും ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള

സമൂഹത്തിന്റെ സ്വാധീന ശക്തിയിൽ ഞങ്ങളുടെ മക്കൾ തെറ്റ് ചെയ്‌തെന്ന് വരും; ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരം പറയണം; തെറ്റു ചെയ്ത ആരേയും സംരക്ഷിക്കില്ല; തെളിവുകൾ ഹാജരാക്കട്ടെ, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ; ശിവശങ്കറിന്റെ കാര്യത്തിൽ പ്രധാനമന്ത്രിക്കും ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തിൽ പ്രധാനമന്ത്രിക്കും ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ശിവശങ്കർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്ക് ഉള്ളതുപോലുള്ള ധാർമിക ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുമുണ്ട്. അദ്ദേഹത്തിന്റെ കീഴിലാണ് എല്ലാ ഐഎഎസ് ഉദ്യോഗസ്ഥരും. അതിലൊന്നും കാര്യമില്ല. ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള നടപടി എടുത്തിട്ടുണ്ട്.- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിനീഷ് കോടിയേരിയുടെയും ശിവശങ്കറിന്റെയും വിഷയം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ചർച്ചയായിട്ടില്ല. അന്വേണങ്ങളിൽ കിട്ടുന്ന രഹസ്യ വിവരങ്ങൾ അന്വേഷണ ഏജൻസികൾ ഓരോ മണിക്കൂറും ബിജെപിക്ക് ചോർത്തി നൽകുന്നു. ഇത് അങ്ങേയറ്റത്തെ നിയമവിരുദ്ധ പ്രവർത്തനമാണ്. ജനാധിപത്യത്തിന് അപകടമാണ്. ജനങ്ങളെ അണിനിരത്തി കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരം പറയണം. തെറ്റു ചെയ്ത ആരേയും സംരക്ഷിക്കില്ല. തെളിവുകൾ ഹാജരാക്കട്ടെ, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ. ഞങ്ങളുടെ മക്കൾ നല്ലതു ചെയ്യുന്നവരുണ്ടാകും. ചിലപ്പോൾ ഇന്നത്തെ സമൂഹത്തിന്റെ സമ്മർദ്ദത്തിന്റെയും സ്വാധീന ശക്തിയുടെയും അടിസ്ഥാനത്തിൽ തെറ്റ് ചെയ്തെന്നുവരും. തെറ്റ് ചെയ്ത ആരേയും ഞങ്ങൾ സംരക്ഷിക്കുന്നില്ല. എല്ലാ വൃത്തികേടുമുള്ള സമൂഹത്തിന്റെ സ്വാധീന ശക്തി ഏറിയും കുറഞ്ഞും ഞങ്ങളിലും ഞങ്ങളുടെ കുടുംബാംഗങ്ങളിലും സ്വാധീനം ചെലുത്തിയെന്ന് വരാം. അത് ശ്രദ്ധയിൽപ്പെടുത്തുമ്പോൾ തിരുത്താൻ ശ്രമിക്കും.'- അദ്ദേഹം പറഞ്ഞു.

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബിനീഷ് തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാടാണ് വാർത്താസമ്മേളനത്തിൽ സ്വീകരിച്ചത്.മകൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ പ്രതിയായതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കേണ്ട കാര്യമെന്താണെന്ന്, ചോദ്യത്തിനു മറുപടിയായി യെച്ചൂരി പ്രതികരിച്ചു. ഇക്കാര്യത്തിൽ കോടിയേരി നേരത്തെ തന്നെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. സ്വർണക്കടത്തിലും കുറ്റം ചെയ്തവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. എം ശിവശങ്കറിനെ നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നീക്കം ചെയ്തതാണെന്ന് യെച്ചൂരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP