Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ 'സ്വാഗതംമുക്ക്' നോവൽ 'അശ്ലീലത്തിന്റെ' സൗന്ദര്യം

പാതിരാ പതിവ്രത, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, ചെതല്, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി...; ഇരട്ടപ്പേരുകളുമായി ഇരുട്ടിൽ ജീവിക്കുന്ന നമുക്കിടയിലെ അധോലോകത്തിന്റെ കഥ; എം ടി രഘുനാഥ് എഴുതിയ 'സ്വാഗതംമുക്ക്' നോവൽ 'അശ്ലീലത്തിന്റെ' സൗന്ദര്യം

എം മാധവദാസ്

'മാന്യമഹാജനങ്ങളെ, ഈ സ്വാഗതംമുക്കിന്റെ രോമാഞ്ചമായിരുന്ന, സൗന്ദര്യമായിരുന്ന പാതിരാ പതിവ്രതയെ, ചെതല് സംബന്ധം ചെയ്തു.... എം എക്കാരന്റെ ഉറക്കെയുള്ള വാർത്ത കേട്ട് ചായ ഉയർത്തി വീശിക്കൊണ്ടിരുന്ന വാൽമാക്രി വായ പൊളിച്ചുപോയി. അത് ഗ്ലാസിലെത്താതെ നിലത്തുവീണു. കാട്ടുകുളം പകുതിച്ചായ നിലത്ത് ഒഴിച്ചു. നാണുവും മൊയ്തുവും തങ്ങളുടെ സ്ഥാപനങ്ങളിൽനിന്ന് പുറത്തേക്കുവന്നു. എല്ലാവരും വിശ്വാസം വരാതെ എം എക്കാരനെ നോക്കി. അവൻ പറഞ്ഞു.

ഞാൻ പറഞ്ഞത് സത്യം. അവളുടെ കൈയിലെ കാശടിച്ചു മാറ്റുവാനുള്ള ചെതലിന്റെ സൂത്രം. .. കൂടുതൽ വിശദീകരിക്കാതെ എം എക്കാരൻ സ്റ്റേഷനിലേക്ക് മടങ്ങി. എല്ലാവർക്കും ജിജ്ഞാസ വിളമ്പിയിട്ട് ബാക്കി മടക്കിക്കൊണ്ടുപോയ അവനെ പലരും പുറകെ വിളിച്ചെങ്കിലും തിരിഞ്ഞു നിന്നില്ല.

പ്രകാശവേഗത്തിൽ ആ പരിണയ വാർത്ത നാടൊട്ടുക്ക് പരന്നു. പാതിരയെ നേരം വെളുത്തിട്ടും കാണാതിരുന്ന് വേവലാതിപ്പെട്ട സൈക്കിൾ മറിയം സംഗതിയുടെ കിടപ്പറിഞ്ഞ് നെഞ്ചത്തടിക്കാതെ വിലപിച്ചു. - എം ടി രഘുനാഥിന്റെ 'സ്വാഗതംമുക്ക്' എന്ന നോവലിലെ 'വെള്ളത്തിന് മധുരം' എന്ന പതിനഞ്ചാം അധ്യായം ഇങ്ങനെയാണ് തുടങ്ങുന്നത്.

പാതിരാ പതിവ്രത, ചെതല് ചെല്ലപ്പൻ, ഇരുട്ടുകുട്ടപ്പൻ, സൈക്കിൾ മറിയം, സഖാത്തി ഖദീജ, പളുങ്കുഗോമതി, കാട്ടുകുളം, എംഎക്കാരൻ, വാൽമാക്രി.... ഔദ്യോഗികമായ പേരോ മേൽവിലാസമോ ഒന്നും ഇല്ലാത്ത കുറേ കഥാപാത്രങ്ങൾ. വേശ്യകളും പിടിച്ചു പറിക്കാരും, കള്ളന്മാരും, കൂട്ടിക്കൊടുപ്പുകാരും, ചീട്ടുകളിക്കാരു, കള്ളുകുടിയന്മാരുമൊക്കെയായി, നമ്മുടെ നാട്ടിൽ നാം അറിയാത്ത കുറേ ഇരുട്ടിന്റെ സന്തതികളെ പരിചയപ്പെടുത്തുകയാണ് നോവലിസ്റ്റ്. കഥ ഭൂരിഭാഗവും നടക്കുന്ന രാത്രികളിലാണ്. ശരിക്കും ഒരു നിശാനിയമത്തിൽ ജീവിക്കുന്ന ബദൽ ലോകം. ഡാർക്ക് സിനിമകൾക്കായി പ്രമേയങ്ങൾ അന്വേഷിക്കുന്ന സംവിധായകർ ഒന്ന് വായിക്കേണ്ടതാണ് പൂർണ്ണ പബ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കിയ ഈ പുസ്തകം. ജയ്മോഹന്റെ 'നൂറു സിംഹാസനങ്ങളിൽ' അദ്ദേഹം കാണിച്ചുതരുന്ന ഒരു ജനതയുണ്ട്. ഓടകളിലും ചവുറകൂമ്പാരങ്ങൾക്കിടയിലും താമസിക്കുന്ന പകൽ പുറത്തറിങ്ങാത്ത ദലിത ദരിദ്ര ജീവിതങ്ങൾ. പക്ഷേ ഇവിടെ ആധുനിക കാലത്തെ അരികുചേർത്തവരെയാണ് നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. പലപ്പോഴും എസ്‌കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലും, ഒരു തെരുവിന്റെ കഥയിലും നാം വായിച്ച കഥാപാത്രങ്ങളെ ഈ നോവൽ ഓർമ്മിപ്പിക്കുന്നുണ്ട്.

സ്വാഗതംമുക്ക് റെയിൽവേ സ്റ്റേഷനും അതിനുചുറ്റുമുള്ള ലോകവുമാണ് നോവലിൽ വിഷയമാവുന്നത്. പുറ്റിങ്ങൽ ക്ഷേത്ര പരിസവരും പരവൂരിലുമായി നടക്കുന്ന 70കളിലെ ജീവിതമാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. 205 പേജുള്ള നോവൽ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാം. ഇത് കാശുകൊടുത്ത് വാങ്ങുന്ന ഒരു സാധാരണ വായനക്കാരന് ഒരു നഷ്ടവും വരില്ല എന്ന് ഉറപ്പിച്ച് പറയാം. ആദ്യത്തെ കുറച്ചു അധ്യായങ്ങളിൽ സ്വാഗതം മുക്കിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പോകുന്ന നോവൽ ചൂട്പിടിക്കുന്നത്, പാതിരാ പതിവ്രതയെന്ന ശരീരംവിറ്റ് ജീവിക്കുന്ന യുവതിയും, ചെതല് ചെല്ലപ്പൻ എന്ന ചീട്ടുകളിയും മറ്റുമായി നടക്കുന്ന തരികിടയും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ്. രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറിമറിയുന്നുവെന്ന് പറയുന്നപോലെ സ്വാഗതംമുക്കിലും വലിയ കൊടുങ്കാറ്റാവുകയാണ്, ലൈംഗികത്തൊഴിലാളിയെ പ്രണയിച്ച ചെതല് ചെല്ലപ്പന്റെ ജീവിതം.

പാതിരാ പതിവ്രതയും ചെതല് ചെല്ലപ്പനും

ഈ നോവലിന്റെ കേന്ദ്രം പാതിരാ പതിവ്രതയെന്ന ലൈംഗികത്തൊഴിലാളിയും, ചെതല് ചെല്ലപ്പൻ എന്ന, കൊടിയേറ്റത്തിലെ ഗോപിയെപ്പോലെ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന യുവാവുമാണ്. ഒരിക്കൽ ചീട്ടുമറിഞ്ഞ് കിട്ടിയ പണം കൊണ്ട് ചെതല് പാതിരയെ പ്രാപിക്കുന്നു. അപ്പോൾ അവർ അറിയാതെ അവർ പ്രണയത്തിലാവുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.

തന്റെ പേര് ചെതല് എന്നായതിനെപ്പറ്റി ചെല്ലപ്പൻ, പാതിരയോട് പറയുന്നത് ഇങ്ങനെയാണ്.'പണ്ടു ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത്, എനിക്കാണെങ്കില് പള്ളിക്കൂടത്തിൽ പോകുന്നതുതന്നെ ഇഷ്ടമല്ല. അമ്മച്ചീടെ കരച്ചിലും പിഴിച്ചിലും കാണുമ്പോൾ പോയതാണ്. പിന്നെ ഉപ്പുമാവ് കിട്ടുന്നതുകൊണ്ട് വിശപ്പും. പുസ്തകം വല്ല കയ്യാലയുടെ ഉള്ളിലോ, കാട്ടിലോ ഒളിച്ചുവെച്ചിട്ട് ചീട്ടുകളിക്കാൻ പോവും. പൈസക്കായിട്ട് കൊച്ചുകൊച്ചു കള്ളങ്ങളും ഉണ്ട്. ഒരിക്കൽ കയ്യാലക്കുള്ളിൽവെച്ച പുസ്തകം എടുക്കാൻ മറന്നു. രണ്ടു ദിവസം കഴിഞ്ഞ് അതെടുത്തപ്പോൾ പാതിയും ചെതല് തിന്ന് തീർത്തിരിക്കുന്നു. അതുമായി പഠിക്കാൻ ചെന്നപ്പോൾ സാറുവിളിച്ച പേരാണ് ചെതല്.'- അങ്ങനെയാണ് ചെല്ലപ്പൻ ചെതൽ ആവുന്നത്.

തനിക്ക് പാതിരാ പതിവ്രതയെന്ന് പേരുകിട്ടിയ കഥ അവൾ പറയുന്നത് ഇങ്ങനെ.'ഒരു രാത്രീല്, ഒരു രാത്രീല് നമ്മുടെ പഞ്ചായത്തോഫീസിന്റെ റോട്ടിലൂടെ ഞാമ്പോവയാണ്. അപ്പം കാണാം. കുറേ പയ്യന്മാർ. എല്ലാം നല്ല ഫിറ്റിലാണ്. അവന്മാർക്കെന്നെ കൊണ്ടുപോണം. ഞാമ്പേടിച്ചുപോയി. ഒന്നിനും ലവലേശോം ബോതോംല്ല. ചെലപ്പോ കൊന്നുകളയാനും മടിക്കത്തില്ലാന്ന് എനിക്ക് തോന്നി. ഞാനൊരടവെടുത്തു.'

മുഴുപ്പിക്കാതെ അവൾ നിർത്തി. ചെതലവളുടെ ശരീരത്തിലേക്ക് മണൽ വാരിയെറിഞ്ഞ് ചോദിച്ചു.

എന്താണ് നിർത്തിയത്?

അവൾ മുഖം പൊത്തിപ്പറഞ്ഞു.

ഞാൻവന്മാരെ തപ്പിക്കാൻ നെലോളിച്ച്. അയ്യോ എന്നെ മാനപംഗപ്പെടുത്തുന്നേ.. കടത്തിണ്ണയിൽ കിടന്നവരും മറ്റും ഓടിവന്നപ്പോൾ അവന്മാര് പോയി. പക്ഷേ അന്നുതൊട്ട് എല്ലാവരുമെന്നെ പാതിരാ പതി...' -

അങ്ങനെയാണ് അവൾ പാതിരാ പതിവ്രതയാവുന്നത്. ഇതുപോലുള്ള ഒരുപാട് ബ്ലാക്ക്ഹ്യൂമറിലുടെയാണ് നോവൽ നീങ്ങുന്നത്. ബ്രാ, ജാരസംസർഗം, വെള്ളത്തിന് മധുരം, സർക്കാറിന്റെ കിരീടം, പ്രേംനസീറിന്റെ പടം തുടങ്ങിയ വ്യത്യസ്തമായ അധ്യായ തലക്കെട്ടുകൾ തന്നെ ശ്രദ്ധേയമാണ്. പക്ഷേ തെളിമയാർന്ന ഭാഷയുടെ സൗന്ദര്യവും പലയിടത്തും നോവലിൽ ഉണ്ട്.

പാതിരയും ചെതലും തമ്മിലുള്ള പ്രണയത്തിന്റെ ഒരു സമയം ഇങ്ങനെയാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ' ഓളം വെട്ടുന്ന തണുത്ത കായൽ അവൾക്ക് കുളിർ കോരി. ചന്ദ്രൻ ഒരു കീറാകാശമായി ഇളം നീല നിറമുള്ള കായൽപ്പരപ്പിൽ വീണു കിടന്നു തിളങ്ങി. ആ കാഴ്ച അവൾ ആദ്യമായാണ് കാണുന്നത്. മുട്ടോളം ആഴത്തിലായിരുന്നു ആ സ്വർണ്ണനാണയം കിടന്നിരുന്നത്. മീൻചെതുമ്പലോളം പൊന്നുപോലുമില്ലാത്ത അവളാശിച്ചു. ഇതുകിട്ടിയിരുന്നെങ്കിൽ കുഴവച്ചു ചരടിൽ കോർത്ത് കഴുത്തിൽ കെട്ടാമായിരുന്നു.'

'അശ്ലീലത്തിന്റെ' സൗന്ദര്യം

മ്ലേഛവും അശ്ളീലവുമെന്ന് നമ്മുടെ കുലപുരഷ സമൂഹം കരുതിയ വിഷയങ്ങളിലുടെയാണ് ഈ നോവൽ കടന്നുപോകുന്നത്. എസ് കെ പൊറ്റക്കാടിന്റെ സൃഷ്ടികളെ ഓർമ്മിപ്പിക്കുന്ന ഇരുട്ടുകുട്ടപ്പൻ ഈ റെയിൽവേ സ്റ്റേഷൻ പരിസരത്തെ അന്ധനായ യാചകനാണ്. അന്ധന്റെ ലൈംഗികത മനോഹരമായി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. പെണ്ണുങ്ങളെ കാണുമ്പോൾ മൂക്കം വിടർത്തി മണം പിടിച്ച് തിരിച്ചറിയാനുള്ള അയാളുടെ കഴിവ്, റെയിൽവേസ്റ്റേഷനിലെ ജീവനക്കാരനായ എം എക്കാരൻ എന്ന കഥാപാത്രം തിരിച്ചറിയുന്നുണ്ട്. ഇരുട്ടുകുട്ടപ്പന്റെ ലൈംഗിക ഗുരു കൂടിയാണ് എം എക്കാരൻ. ഒരിക്കൽ കുട്ടപ്പൻ തന്റെ കാലിനിടയിൽ തലതാഴ്‌ത്തി ഇരിക്കുന്നതുകണ്ട വന്ന എം എക്കാരൻ പറയുന്നത് ഇങ്ങനെ.

' അതുപോട്ട്, നീ കാലിന്റെിടെ തലകേറ്റിയിരുന്നത് വായവിടെ എത്ത്വോന്ന് നോക്കാനാ?

ഒന്നും മനസ്സിലാവാതെ ഇരുട്ട് ചോദിച്ചു.

എവിടണ്ണാ

ലവിടെത്തന്നെ... ഇപ്പം പുരിഞ്ചിതാ?....

ച്ചീ, പോക്കണക്കേട് പറയാതണ്ണാ....

എം എക്കാരൻ തന്റെ തത്വജ്ഞാനത്തിൽനിന്നും ശരീര സംബദ്ധിയായ സൃഷ്ടികർത്താവിന്റെ കരവിരുതിനെക്കുറിച്ച് പറഞ്ഞു.

എടാ ഇരുട്ടേ, ചക്കരേ.. നീയല്ല ആരു ശ്രമിച്ചാലും അതു നടക്കത്തില്ല. ദൈവം മനുഷ്യനെ പണിഞ്ഞത്, തിരിച്ചും, മറിച്ചും, ഗുണിച്ചും, ഹരിച്ചും കണക്കുക്യൂട്ട്യാ, പട്ടിക്കും പൂച്ചക്കും പാമ്പിനും... എല്ലാ നാൽക്കാലികൾക്കും അതിന് കഴിയും. പക്ഷേ മനുഷ്യന് മാത്രം....

ഇരുട്ട് ജിജ്ഞാസയോടെ, അതെന്തണ്ണാ?

മനുഷ്യന്റെ ബുദ്ധി കെട്ടുപോകും. പെണ്ണുങ്ങളുടെ വെലയില്ലാതാവും. പയ്യെ പയ്യെ നമ്മളും നാൽക്കാലികളാവും.'

-ഇത്തരത്തിലുള്ള 'അശ്ളീലത്തിന്റെ സൗന്ദര്യമെന്ന്' മുമ്പ് എം കൃഷണൻ നായർ വി കെ എന്നിനെക്കുറിച്ച് പറഞ്ഞപോലെയുള്ള ഒരു പാട് സംഭാഷണ ശകലങ്ങൾ നോവലിൽ ചൂണ്ടിക്കാട്ടാനാവും. കാലിൽ ആണിരോഗം ബാധിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചാടിച്ചടി നടക്കുന്ന കോൺസ്റ്റബിൾ നെപ്പോളിയൻ, സഖാത്തി ഖദീജയും പളുങ്കുഗോമതിയും പാതിരാപതിവ്രതയുമടക്കമുള്ള ലൈംഗിക തൊഴിലാളികൾ, നല്ല തറവാട്ടിൽ ജനിച്ച് കൈയിലിരപ്പുകൊണ്ട് കള്ളനായിപ്പോയ കാട്ടുകുളം, മുസ്ലീമായിട്ടും വിഗ്രഹാരാധന നടത്തുന്ന വാൽമാക്രിയെന്ന ചായക്കടക്കാരൻ... പരന്ന് കിടക്കുന്ന കായലും, ചീറിപ്പായുന്ന പാതിരാവണ്ടികളും, എല്ലാറ്റിനും സാക്ഷിയായി പുറ്റിങ്ങൽ ഭഗവതിയും. ഇന്നത്തെ തലമുറക്ക് പരിചയമില്ലാത്ത തീർത്തും ഡൗൺ ടു എർത്തായ ഒരുപാട് കഥാപാത്രങ്ങളെ മുൻനിർത്തിയാണ് നോവൽ കടന്നുപോകുന്നത്.

പൊതുവഴക്കങ്ങളെ ഭേദിക്കുന്നു

സ്വാഗതം മുക്ക് നോവലിന്റെ അവതാരികയിൽ ഡോ കെ എസ് രവികുമാർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'സമകാലീന നോവലിന്റെ പൊതുവായ വഴക്കങ്ങളെ ഭേദിക്കുന്ന കൃതിയാണ് ഇത്. മിക്കവാറും സാമൂഹിക ജീവിതത്തിന്റെ മധ്യവർത്തി തലത്തിൽ ചുവടുറപ്പിക്കയാണ് മലയാള നോവലിന്റെ പതിവുശീലം. ജീവിതത്തിന്റെ അധ:സ്ഥിത തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംഭവങ്ങൾ കുറവ്'.

2005 ൽ ചെറുകഥക്കുള്ള അറ്റ്ലസ്- കൈരളി പുരസ്‌ക്കാരം നേടിയ, കൊല്ലം സ്വദേശിയായ എം ടി രഘുനാഥിന്റെ ആദ്യ നോവലാണ് ഇത്. നോവലിന്റെ ആമുഖക്കുറിപ്പിൽ രഘുനാഥ് ഇങ്ങനെ എഴുതുന്നു. ' സൈനികാശുപത്രിയിലെ മാനസിക രോഗ വിഭാഗത്തിൽ മാസങ്ങളോളം കിടന്നപ്പോൾ തോന്നിയ വെളിപാടാണ് എഴുത്ത്. അതൊക്കെ വായിച്ചുകേട്ട പലരും പറഞ്ഞു. നിനക്ക് പറ്റിയ തൊഴിൽ എഴുത്താണ്. അന്നുമുതലിന്നുവരെ എഴുതിക്കൂട്ടിയ കടലാസുകൾ തുന്നിക്കൂട്ടിയാൽ, ഭൂമിദേവിക്ക് നഗ്നത മറയ്ക്കാമായിരുന്നു! കാര്യമായിട്ടൊന്നും അച്ചടിമഷി പുരണ്ടിട്ടില്ല. എഴുതുക എന്ന കർമ്മം സുരതംപോലെ സുഖകരവും പ്രസവം പോലെ വേദനാജനകവുമാണ്. അത് വായിക്കുവാൻ ആളുണ്ടോ ഇല്ലയോ എന്നത് പ്രശ്നമേയല്ല. ഞാൻ തന്നെയാണ് എന്റെ വായനക്കാരൻ എന്ന് പറഞ്ഞാൽ അത് ഒരുതരം സ്വയംഭോഗമാണ്.'

എന്തായാലും ഈ പുസ്തകം ഒരാവർത്തി വായിക്കുന്ന ആർക്കും പറയാൻ പറ്റും രഘുനാഥിന്റെ ശ്രമങ്ങൾ പാഴായിട്ടില്ല എന്നത്. ഗബ്രിയൽ ഗാർസിയ മാർേക്വസിന്റെ വിഖ്യാതമായ 'കോളറക്കാലത്തെ പ്രണയത്തെ' ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സ്വാഗതംമുക്കിന്റെ കൈമാക്സ്. ഭൂമിക്ക് ഭാരമായി രണ്ട് നിരാലംബ ജന്മങ്ങളായ പാതിരാ പതിവ്രതയും, ചെതലും, വഞ്ചിയിൽ അങ്ങ് യാത്രയാവുകയാണ്. നോവൽ അവസാനിക്കുന്നത് ഇങ്ങനെ.

'ഓളങ്ങൾ തൊട്ടിലാട്ടുന്ന ചന്ദ്രനെയും പ്രത്യുപകാരമായി തങ്കവർണ്ണം പൂശുന്നതും നോക്കിയവൾ മൗനിയായി. കരയോട് ചേർന്ന വീടുകളിലെ, പൂമുഖ വെളിച്ചങ്ങൾ കാറ്റുനെയ്യുന്ന ഓളപ്പുടവയ്്ക്കു കസവുകര ചേർത്തു. നാൽക്കാലികളുടെ കരച്ചിൽ, നായ്ക്കളുടെ കുര, റേഡിയോയിലെ പാട്ടുകൾ, കുട്ടികളുടെ കരച്ചിൽ, മുതിർന്നവരുടെ വർത്തമാനങ്ങളും...... ഇതിലൊന്നിലും പെടാതെ തങ്ങൾ മറ്റൊരു ലോകത്താണെന്ന് അവൾക്കുതോന്നി. ചെതലു പറഞ്ഞു.

ഈ വള്ളംപോയിപ്പോയി കടലിലെത്തും കേട്ടോ?

അണ്ണാ, നമ്മക്കു വീട്ടി പോം...

ചെതലു പറഞ്ഞു. എടീ, ഇപ്പം വേലിയേറ്റമാണ്, വള്ളം കടലിലോട്ടൊന്നും പോവത്തില്ല....

അവൾക്കു വീട്ടിലെത്താൻ ധൃതിയായി. എന്നാലും നമ്മക്കു....ഇത് ഏതെങ്കിലും കരേലടുക്കട്ട്...

വള്ളത്തിന്റെ അമരത്തിലെ നെടുംപടിയിൽ അവൻ നീണ്ടു നിവർന്ന് കിടന്നു. ആ നെഞ്ചിൽ തലവെച്ച് അവളും. തുഴയാത്ത വള്ളം ചാഞ്ചാടി തൊട്ടിലാടി. ഇളം കാറ്റ് താരാട്ടുപാടി ആകാശത്ത് മഴനാരുകളിട്ട അസംഖ്യം ഓട്ടകളിലൂടെ സ്വർഗത്തെ സ്വർണ്ണനിറം കാണാമായിരുന്നു. ഓട്ടുരുളിയോളം പോന്ന ഓട്ടയിലൂടെ വന്ന തങ്ക രശ്മികൾ അവളുടെ കവിളിൽ കള്ളക്കാമുകനെപ്പോലെ ഉമ്മവെച്ചു. അത് ചെതലറഞ്ഞില്ല.

വാൽക്കഷ്ണം: പിന്നീട് ചലച്ചിത്രമായി മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ 'രതിനിർവേദം' എന്ന നോവലിന് പത്മരാജൻ ആദ്യം തലക്കെട്ട് ഇട്ടത് പാമ്പ് എന്നായിരുന്നു. അത് വെട്ടി രതിനിർവേദം എന്നാക്കിയത് കങ്കുമം വാരികയിലെ ഒരു  സബ് എഡിറ്റർ ആണെന്ന് വായിച്ചിട്ടുണ്ട്. അതുപോലെ സാഹിത്യത്തെ മാറ്റിമറിക്കാൻ കഴിയുന്ന ലിറ്ററി എഡിറ്റർമാരുടെ അഭാവം ഈ നോവലിനെ തുറിച്ചുനോക്കുന്നുണ്ട്. 'സ്വാഗതംമുക്ക്' എന്നപേരിന് പകരം 'പാതിരാ പതിവ്രത' എന്നോ മറ്റോ ആയിരുന്നെങ്കിൽ ഈ നോവലിന്റെ ജാതകം മാറിയേനെ. എഡിറ്റിങ്ങിലും ക്രാഫ്റ്റിങ്ങിലും അൽപ്പം ജാഗ്രത കാട്ടിയിരുന്നെങ്കിൽ കുറേക്കുടി മികച്ച വായനാനുഭവം ആവുമായിരുന്നു ഈ നോവലെന്ന് നിസ്സംശയം പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP