Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രവാചകന്റെ കാർട്ടൂൺ വരക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി രണ്ടും കൽപിച്ച് ഇമ്മാനുവൽ മാക്രോൺ; പ്രവാചക നിന്ദയ്ക്ക് വിലകൊടുക്കേണ്ടി വരുമെന്ന് ലോകം എമ്പാടുമുള്ള മുസ്ലിം സമൂഹം; മുന്നറിയിപ്പുമായി മുംബൈയിലും ലണ്ടനിലും ആൾക്കൂട്ടം

പ്രവാചകന്റെ കാർട്ടൂൺ വരക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി രണ്ടും കൽപിച്ച് ഇമ്മാനുവൽ മാക്രോൺ; പ്രവാചക നിന്ദയ്ക്ക് വിലകൊടുക്കേണ്ടി വരുമെന്ന് ലോകം എമ്പാടുമുള്ള മുസ്ലിം സമൂഹം; മുന്നറിയിപ്പുമായി മുംബൈയിലും ലണ്ടനിലും ആൾക്കൂട്ടം

മറുനാടൻ മലയാളി ബ്യൂറോ

തതീവ്രവാദത്തിനെതിരെയുള്ള മുഖമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ഉദിച്ചുയരുമ്പോഴും ലണ്ടനടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിനെതിരെ പ്രതിഷേധവും ഉയരുന്നു. 'പ്രവാചക നിന്ദ സഹിക്കില്ല', 'മാക്രോൺ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി', 'മതനിന്ദ അഭിപ്രായ സ്വാതന്ത്ര്യമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലകാർഡുകൾ ഏന്തി നൂറുകണക്കിന് ആൾക്കാരാണ് ലണ്ടനിലെ ഫ്രഞ്ച് എംബസിക്ക് മുന്നിൽ തടിച്ചുകൂടിയത്.

കഴിഞ്ഞ ദിവസം പാരീസിൽ കൊലചെയ്യപ്പെട്ട അദ്ധ്യാപകന്റെ കൊലപാതകത്തിനു കാരണമായ പ്രവാചകന്റെ കാർട്ടൂണിനെ ന്യായീകരിച്ചതോടെ മാക്രോൺ മുസ്ലിം മതവിശ്വാസികളുടെ കോപത്തിന് ഇരയായിരുന്നു. പിന്നീട് മൂന്നു പേർ കൂടി തീവ്രവാദി ആക്രമണത്തിൽ കൊലചെയ്യപ്പെട്ടതോടെ മാക്രോൺ തന്റെ അഭിപ്രായത്തിൽ കൂടുതൽ ശക്തിയോടെ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാൻസിന്റെ സംസ്‌കാരവും മൂല്യവുംകൈവിടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്രഞ്ച് എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടതോടെ ഭൂരിഭാഗം പ്രതിഷേധക്കാരും പിരിഞ്ഞു പോയി. പിന്നെയും അവിടെ കൂടിനിന്ന ചുരുക്കം ചിലരെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഫ്രാൻസിനെ തീവ്രവാദികൾ ലക്ഷ്യം വച്ചിരിക്കുകയാണെന്ന് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം ഇതൊക്കെ ഫ്രാൻസിന്റെ മൂല്യങ്ങളുടെ ഭാഗമാണ്. അത് ഒരുകാരണവശാലുംഫ്രാൻസ് ബലികഴിക്കില്ല. മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫ്രാൻസ് എല്ലാവരും സഹവർത്തിത്തത്തോടെ സമാധാനപരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. പത്രക്കുറിപ്പ് തുടരുന്നു.

അതേസമയം വെള്ളിയാഴ്‌ച്ച പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിന് വിശ്വാസികൾ ഫ്രാൻസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിൽ ഫ്രാൻസിന്റെ ദേശീയ പതാക അഗ്‌നിക്കിരയാക്കിയപ്പോൾ ഇന്ത്യ, ബ്ംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും മാക്രോണിന്റെ കോലം കത്തിച്ചും മറ്റും പ്രതിഷേധങ്ങൾ തുടർന്നു. മോസ്‌കോയിലേയും കോപൻഹേഗനിലേയും ഫ്രഞ്ച് എംബസികൾക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി.

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദന്മാരോട് പെരുമാറിയിരുന്നതു പോലെയാണ് ഇപ്പോൾ യൂറോപ്പിൽ മുസ്ലീങ്ങളോട് പെരുമാറുന്നതെന്ന് ആരോപിച്ച് തുർക്കിയായിരുന്നു ഫ്രാൻസിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. മാക്രോണിന് മാനസിക ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ ടർക്കി പ്രസിഡണ്ട് എർദോഗന്റെ വാക്കുകൾ വിവാദമാവുകയും ചെയ്തു. അതേസമയം, യാതോരുവിധത്തിലുള്ള അക്രമത്തേയും തങ്ങൾ അനുകൂലിക്കുന്നില്ല എന്നും എന്നാൽ, തങ്ങളുടെ മതവിശ്വാസങ്ങളെ നിന്ദിക്കുന്നവരെ എതിർക്കുക തന്നെചെയ്യും എന്ന് പറഞ്ഞ് ടർക്കി പ്രസിഡണ്ടിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി.

ബംഗ്ലാദേശിൽ ഫ്രാൻസിനെ ബഹിഷ്‌കരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് വിവിധ മുസ്ലിം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. പാക്കിസ്ഥാനിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിശ്വാസികൾ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പടെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഫ്രാൻസിന്റെ ദേശീയ പതാക കത്തിച്ച് പ്രതിഷേധിച്ച അഫ്ഗാനിസ്ഥാനിൽ, ഫ്രാൻസിലെ സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നും അതിന് യൂറോപ്പായിരിക്കും ഉത്തരവാദി എന്നും ഗുൽബുദ്ധീൻ ഹെക്മത്യാർ പറഞ്ഞു. ഇന്ത്യയിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടായി. എന്നാൽ ഇന്ത്യൻ സർക്കാർ, ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ കടുത്ത വാക്കുകൾ ഉപയോഗിച്ച തുർക്കിക്കെതിരെയുള്ള പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

''എന്റെ കുട്ടികളോട് പറയണം, ഞാൻ അവരെ സ്നേഹിക്കുന്നു എന്ന്'' ഫ്രഞ്ച് ജനത നെഞ്ചേറ്റിയ വാക്കുകൾ

ബ്രസീലിൽ ജനിച്ച്, ഫ്രാൻസിലെത്തി ഒരു നർത്തകിയായി ജീവിതമാരംഭിച്ച്, അശരണരെ സഹായിക്കുവാൻ കെയർ ആയി ജോലി ഏറ്റെടുത്ത സിമ്മോൺ ബാരെറ്റോ സിൽവ എന്ന 44 കാരി ഇപ്പോൾ ഫ്രാൻസുകാരുടെ ധീര വനിതയായി മാറിയിരിക്കുകയാണ്. കത്തിയുമായി കലിതുള്ളി നിൽക്കുന്ന തീവ്രവാദിയോട് പൊരുതുക മാത്രമല്ല, തീവ്രവാദി ആക്രമണത്തെ കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുക കൂടി ചെയ്തിട്ടാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.

കുത്തേറ്റ മുറിവുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുമായി അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ അവർ അഭയം തേടിയെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെടാനായില്ല. ''എന്റെ കുട്ടികളോട് പറയണം, ഞാൻ അവരെ സ്നേഹിക്കുന്നു എന്ന്'' സിൽവയുടേ അവസാന വാക്കുകൾ ഇന്ന് ഫ്രഞ്ച് ജനത നെഞ്ചേറ്റിയിരിക്കുകയാണ്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വീര്യം പകരുന്ന ശക്തിമന്ത്രമായിരിക്കുകയാണ് ഇന്ന് ആ വാക്കുകൾ.

''സിൽവ, അവൾ ഒരു യോദ്ധാവാണ്, ഒരു പോരാളിയേപ്പോലെ തിന്മക്കെതിരെ യുദ്ധം ചെയ്താണ് അവൾ മരണമടഞ്ഞത്. ആ ധീരതയ്ക്ക് മുന്നിൽ രാഷ്ട്രം ആദരപൂർവ്വം തലകുനിക്കുന്നു'' സിൽവയുടെ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകി ആൻഡേഴ്സൺ ആർഗോളൊ എന്ന പുരോഹിതൻ പറഞ്ഞു. ഈശ്വരവിശ്വാസിയായ സിൽവ പ്രാർത്ഥനയ്ക്കയാണ് അവിടെ പോയതെന്നും അപ്പോഴാണ് ക്രിസ്തുമത വിരോധിയായ തീവ്രവാദി അവരെ കൊന്നതെന്നും ബ്രസീലിയൻ പ്രസിഡണ്ട് ജെയ്‌ര് ബൊൽസോനാരെ പ്രസ്താവിച്ചു. ക്രിസ്റ്റ്യനോഫോബിയയെ കുറിച്ച് തങ്ങൾ സംസാരിക്കുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതിനെതിരെ പോരാടേണ്ടത് പുഷ്പങ്ങൾ കൊണ്ടല്ലെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP