Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാൾ ദൂരം; അമേരിക്കൻ പ്രസിഡന്റാകുക ഡൊണാൾഡ് ട്രംപോ അതോ ജോ ബൈഡനോ; അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കി ഇന്ത്യയും

ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാൾ ദൂരം; അമേരിക്കൻ പ്രസിഡന്റാകുക ഡൊണാൾഡ് ട്രംപോ അതോ ജോ ബൈഡനോ; അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കി ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

വാഷിം​ഗ്ടൺ: ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാൾ ദൂരം മാത്രം. നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം എട്ടുകോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ തോത് രാജ്യത്ത് ഉയർന്നതാണ്. രാജ്യത്തെ ഏറ്റവും നിർണായക തെരഞ്ഞടുപ്പാണിചെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും ജോ ബൈഡനും തുറന്ന് സമ്മതിക്കുന്നുണ്ട്. അതേ സമയം, ലോകം ഉറ്റുനോക്കുന്നത് അടുത്ത നാല് വർഷം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാൻ ആരെത്തും എന്നതാണ്. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപും ഇഞ്ചോടിച്ച് പോരാട്ടമാണ് നടത്തുന്നത്.

ഇപ്‌സോസ്-റോയിട്ടേഴ്‌സ്, സിഎൻഎൻ-എസ്എസ്ആർഎസ്, യുഗവ്-ഇക്കോണമിസ്റ്റ്, ഫ്രാങ്ക്‌ലിൻ പിയഴ്‌സ് യൂണിവേഴ്‌സിറ്റി-ബോസ്റ്റൺ ഹെറൾഡ് സർവേകൾ പ്രകാരം ജോ ബൈഡനാണ് മുൻതൂക്കം. യുഎസിലെ 50 സംസ്ഥാനങ്ങളിലും ഫെഡറൽ ഡിസ്ട്രിക്ട് ആയ കൊളംബിയയിലും ഉൾപ്പെടെ ആകെ 538 ഇലക്ടറൽ വോട്ടുകൾ. ഇതിൽ കുറഞ്ഞത് 270 എണ്ണമെങ്കിലും ലഭിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയാണു വിജയി. വലിയ തോതിൽ ഇലക്ടറൽ വോട്ടുള്ള സംസ്ഥാനത്ത് നേരിയ വ്യത്യാസത്തിനു ജനകീയ വോട്ടിൽ തോൽക്കുന്ന സ്ഥാനാർത്ഥിയുടെ കാര്യം കഷ്ടമാകും.

ഓരോ സംസ്ഥാനത്തിനും പാർലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തിനു സമാനമാണ് അവിടെ അനുവദിക്കപ്പെട്ട ഇലക്ടറൽ വോട്ടുകളും. ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതൽ ജനകീയ വോട്ടു നേടുന്ന സ്ഥാനാർത്ഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ വോട്ടുകളും ലഭിക്കും. എന്നാൽ, മയ്ൻ, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളിൽ മാത്രം, അവിടെയുള്ള നിയോജക മണ്ഡലങ്ങളിൽ ഓരോന്നിലും ആർക്കാണോ ജനകീയ വോട്ടിൽ മുൻതൂക്കം, അവിടത്തെ ഇലക്ടറൽ വോട്ട് അനുവദിച്ചു നൽകുന്ന സമ്പ്രദായമാണുള്ളത്. ഇലക്ടറൽ വോട്ടെണ്ണം തുച്ഛമാണെങ്കിലും സ്ഥാനാർത്ഥിക്ക് ദേശീയ തലത്തിൽ വിജയഭാഗ്യത്തിന് ചിലപ്പോൾ അതുമതിയാകും.

കഴിഞ്ഞതവണ ട്രംപിന്‌ ഹിലരി ക്ലിന്റനേക്കാൾ 29 ലക്ഷത്തോളം വോട്ട്‌ കുറവാണ്‌ കിട്ടിയത്‌. എന്നാൽ, ഇലക്ടറൽ കോളേജിലേക്ക്‌ ട്രംപിന്‌ 306 അംഗങ്ങളെ കിട്ടിയപ്പോൾ 237 ആയിരുന്നു ഹിലരിയുടെ സമ്പാദ്യം. യുഎസ്‌ ഭരണഘടന പ്രകാരം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിൽ 270 അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടത്‌. വാശിയേറിയ മത്സരം നടക്കുന്ന ‘പോർക്കള’ സംസ്ഥാനങ്ങളിൽ ട്രംപും ബൈഡനും ഒപ്പത്തിനൊപ്പമാണ്‌. ട്രംപ്‌ പറയുന്നതെന്തും വിശ്വസിക്കുന്ന മതയാഥാസ്ഥിതികർക്കിടയിൽ അദ്ദേഹത്തിന്റെ പിന്തുണയിൽ കാര്യമായ കുറവില്ല.

അമേരിക്കൻ പ്രസിഡന്റ്: തെരഞ്ഞെടുപ്പ് ഇങ്ങനെ

യുഎസിൽ ജനിച്ച അമേരിക്കൻ പൗരന്മാർക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത. ഇവർ കുറഞ്ഞത് 14 വർഷമെങ്കിലും രാജ്യത്ത് താമസിക്കുന്നവരും 35 വയസ് പൂർത്തിയാക്കിയവരുമായിരിക്കണം. തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഓരോ പാർട്ടിയും ഓരോ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കും. നാലുവർഷമാണ് പ്രസിഡന്റിന്റെ ഭരണകാലാവധി. ഒരാൾക്ക് പരമാവധി രണ്ടുതവണ പ്രസിഡന്റാകാം. ഒബാമ രണ്ടുതവണത്തെ ഭരണം പൂർത്തിയാക്കിയതാണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടുകക്ഷികളാണുള്ളത്. റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികൾ. ഈ പാർട്ടികൾ സംസ്ഥാനങ്ങളിൽ മൽസരങ്ങൾ നടത്തി സ്വന്തം നോമിനികളെ തിരഞ്ഞെടുക്കുന്നു. പരമ്പരാഗതമായി ഫെബ്രുവരിയിൽ ഇയോവ, ന്യൂഹാംപ്‌ഷെയർ സംസ്ഥാനങ്ങളിലാണ് ഇതിനു തുടക്കം. ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ തെരിഞ്ഞെടുത്തു കഴിഞ്ഞാൽ നവംബറിലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങും.

പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടികൾ സ്വീകരിക്കുന്ന വ്യത്യസ്തരീതികളാണ് കോക്കസും പ്രൈമറിയും. ആരു നടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തെരഞ്ഞെടുപ്പാണ് കോക്കസ്. സംസ്ഥാന ഭരണകൂടമാണ് നടത്തുന്നതെങ്കിൽ പേര് പ്രൈമറി എന്നാകും.

പ്രൈമറി: പൊതുതിരഞ്ഞെടുപ്പുമായി സാമ്യമുള്ള ഒന്നാണ് പ്രൈമറികൾ. വോട്ടർമാർ രഹസ്യമായി വോട്ട് ചെയ്യുന്നു. പിന്നീട് ഇവ എണ്ണുന്നു. ഓപ്പൺ, ക്ലോസ്ഡ് എന്നിങ്ങനെ രണ്ടുതരം പ്രൈമറികളുണ്ട്. ഓപ്പൺ പ്രൈമറികളിൽ പാർട്ടിവ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാം. ക്ലോസ്ഡ് പ്രൈമറികളിൽ ഏതു പാർട്ടിക്കു വേണ്ടിയാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആ പാർട്ടിയുടെ സ്ഥാനാർത്ഥിക്കു മാത്രമേ വോട്ട് ചെയ്യാനാകൂ.

കോക്കസ്: സംസ്ഥാനങ്ങൾ പല തരത്തിലാണ് കോക്കസ് നടപ്പാക്കുക. പൊതുവെ രജിസ്റ്റർ ചെയ്തിട്ടുള്ള പാർട്ടി അംഗങ്ങൾ ഒരുമിച്ചു കൂടി സ്ഥാനാർത്ഥികളെപ്പറ്റി ചർച്ച ചെയ്യുകയും പാർട്ടി കൺവൻഷനുകളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാണ് പതിവ്. സംസ്ഥാനത്തിനു താൽപര്യമുള്ള ദേശീയ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കേണ്ട പ്രതിനിധിയാണ് ഇങ്ങന തെരഞ്ഞെടുക്കപ്പെടുക.

എല്ലാ സ്ഥാനാർത്ഥികളുടെയും പിന്തുണക്കാർക്ക് സംസാരിക്കാനും തന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ തേടാനും ഒരേ പോലെ അവസരം ലഭിക്കും. ജനപ്രിയതയിൽ പിന്നിൽ നിൽക്കുന്ന സ്ഥാനാർത്ഥികളുടെ അനുയായികളുടെ വോട്ടുകൂടി നേടാൻ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് കോക്കസ് അവസരം നൽകുന്നു.

ഇയോവയും ന്യൂഹാംപ്‌ഷെയറും

ഇയോവയിലെ കോക്കസ് മുതലാണ് പ്രചാരണം തുടങ്ങുന്നത്. അതിനുശേഷം ന്യൂഹാംപ്‌ഷെയർ പ്രൈമറികൾ നടക്കും. രണ്ടിടത്തും പിന്നിലാകുന്നത് സ്ഥാനാർത്ഥിയുടെ നില പരുങ്ങലിലാക്കും. രണ്ടും വിജയിച്ചാൽ നോമിനേഷൻ ഉറപ്പിക്കാം. രണ്ടു സംസ്ഥാനങ്ങളിലെയും ഫലം സ്ഥാനാർത്ഥികളുടെ ജനപ്രീതി, സംഘടനാപാടവം, മുന്നോട്ടുള്ള ഗതി എന്നിവയുടെ അളവെടുപ്പാണ്. രണ്ടുസംസ്ഥാനങ്ങളിലും ജയിക്കുകയോ മുന്നിലുള്ള മൂന്നുപേരിൽ ഒരാളാകുകയോ ചെയ്യുക എന്നത് സ്ഥാനാർത്ഥിത്വത്തിന് പ്രധാനമാണ്.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മാർച്ചിലെ ആദ്യചൊവ്വാഴ്ചയാണ് പ്രൈമറികളും കോക്കസുകളും നടക്കുക. സൂപ്പർ ട്യൂസ്‌ഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ഇയോവയിൽ നേടിയ മുൻതൂക്കം ഇല്ലാതാകാനും സൂപ്പർ ട്യൂസ്‌ഡേയിലെ ഫലങ്ങൾ കാരണമായേക്കാം. സ്വന്തം സ്ഥാനാർത്ഥിയുടെ വിജയസാധ്യതയെപ്പറ്റി പാർട്ടികൾക്ക് ധാരണയും ഉണ്ടാകും.

ജൂലൈയിൽ നടക്കുന്ന നാഷനൽ പാർട്ടി കൺവൻഷനിലാണ് പാർട്ടികൾ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. ഇരുപാർട്ടികളും എല്ലാ നാലുവർഷത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വൻ ദേശീയ കൺവൻഷനുകൾ നടത്തുന്നു. ഇതിൽ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. ഓരോ സംസ്ഥാനത്തിനും താൽപര്യമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനാണ് പാർട്ടിസംസ്ഥാന പ്രതിനിധികൾ വരുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നാലുവർഷം കൂടുമ്പോൾ നവംബറിൽ ആദ്യത്തെ തിങ്കളാഴ്ചയ്ക്കു ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാജ്യമെമ്പാടുമുള്ള ജനങ്ങൾ വോട്ട് ചെയ്യുന്നു. 'പോപ്പുലർ വോട്ട്' എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും മറ്റൊരു സംവിധാനം കൂടി തെരഞ്ഞെടുപ്പിലുണ്ട്. അതാണ് ഇലക്ടറൽ കോളജ്. വ്യത്യസ്ത സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്യാനെത്തുന്ന ഒരു സംഘം വോട്ടർമാരാണ് ഇലക്ടറൽ കോളജ്. 538 പേരാണ് ഇപ്പോൾ ഉള്ളത്. പ്രസിഡന്റിനെ തീരുമാനിക്കാൻ 270 പേർ മതിയാകും. യുഎസ് കോൺഗ്രസ് പ്രതിനിധികളുടെയും സെനറ്റർമാരുടെയും എണ്ണമനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ കോളജ് പ്രതിനിധികളെ അയയ്ക്കാം. സാധാരണ പൗരന്മാർ വോട്ട് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ അവർ ഇലക്ടർമാർക്കാണ് വോട്ട് ചെയ്യുന്നത്. ഇലക്ടർമാർ പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നു.

ഓരോ സംസ്ഥാനത്തും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിക്കാണ് ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടർമാരുടെ മുഴുവൻ വോട്ടുകളും ലഭിക്കുക. ഉദാഹരണത്തിന് ഒരു സംസ്ഥാനത്തിന് മൂന്ന് ഇലക്ടറൽ വോട്ടുണ്ടെങ്കിൽ മൂന്നും സംസ്ഥാനത്തുനിന്ന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർത്ഥിക്കാകും ലഭിക്കുക. ഇലക്ടറൽ വോട്ടുകളെല്ലാം എണ്ണുമ്പോൾ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർത്ഥി പ്രസിഡന്റാകും. മിക്കപ്പോഴും കൂടുതൽ ' പോപ്പുലർ വോട്ട്' നേടുന്നവർക്കു തന്നെയാകും ഇലക്ടറൽ കോളജിലും ഭൂരിപക്ഷം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്കും ഡെമോക്രാറ്റും ശക്തമായ പ്രചാരണമാണ് കാഴ്ചവെക്കുന്നത്. മുൻ വർഷങ്ങളെക്കൊൾ ഇന്ത്യയും ഇത്തവണ വളരെ ആകാംഷയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. കാരണം അമേരിക്കയിലെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി കമല ഹാരിസ് ഒരു ഇന്ത്യൻ വംശജയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP