Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഓൺലൈൻ സാധ്യതയൊന്നുമില്ലാത്ത ലൈംഗിക തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്; മറ്റൊരു തൊഴിലും ഇവർക്ക് കിട്ടില്ല; സദാചര പ്രശ്നത്താൽ സഹായിക്കാൻ മനസ്സുള്ളവർക്കും മടി; ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച് റേഷനരിയും പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്'; കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികളുടെ ദുരിതം തുറന്നുപറഞ്ഞ് നളിനി ജമീല

'ഓൺലൈൻ സാധ്യതയൊന്നുമില്ലാത്ത ലൈംഗിക തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്; മറ്റൊരു തൊഴിലും ഇവർക്ക് കിട്ടില്ല; സദാചര പ്രശ്നത്താൽ സഹായിക്കാൻ മനസ്സുള്ളവർക്കും മടി; ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച് റേഷനരിയും പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്'; കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികളുടെ ദുരിതം തുറന്നുപറഞ്ഞ് നളിനി ജമീല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളിയുടെ കപട സദാചാരത്തിനുനേരെ വിരൽചൂണ്ടുകയും, ലൈംഗികതൊഴിലാളികൾക്കുനേരെയുള്ള പീഡനങ്ങൾക്കുനേരെ കേരളീയ മനസാക്ഷി തിരിച്ചുവിടുകയും ചെയത് വ്യക്തിയാണ് നളിനി ജമീല. മുൻ ലൈംഗികത്തൊഴിലാളിയായിരുന്നു അവരുടെ ആത്മകഥ വൻ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ ഈ കോവിഡ് കാലത്ത് ലൈഗിക തൊഴിലാളികളുടെ ദുരിതം എടുത്തു പറഞ്ഞ് അവർ രംഗത്ത് എത്തിയിരിക്കയാണ്. മറ്റൊരു തൊഴിൽ ഇവർക്ക് കണ്ടുപിടിക്കാൻ ആവില്ലെന്നും, എയ്ഡ്സ് ബോധവത്ക്കരണം പോലെ ഭാവിയിൽ കോവിഡ് ബോധവത്ക്കരണത്തിലും ലൈംഗികത്തൊഴിലാളികൾക്ക് പങ്കു വഹിക്കാൻ കഴിയുമെന്നും അവർ പറയുന്നു. ഡി.സി ബുക്‌സിനുവേണ്ടി ഡോ. ടി സി മറിയം തോമസ് എഡിറ്റ് ചെയ്യുന്ന കോവിഡുകാലത്തെ ലിംഗവിചാരങ്ങൾ എന്ന പുസ്തകത്തിലാണ് നളിനി ജമീല ഇക്കാര്യം വ്യക്തമാക്കിയത്. പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങൾ അടങ്ങുന്ന അഭിമുഖം പ്രസിദ്ധീകരിച്ചത് ട്രൂ കോപ്പി ഓൺലെൻ മാഗസിനാണ്.

മറ്റൊരു തൊഴിലും കിട്ടാതെ ലൈംഗിക തൊഴിലാളികൾ

'കോവിഡ് എല്ലാ മേഖലയെയും വ്യത്യസ്ത രീതികളിൽ ബാധിച്ചിട്ടുണ്ട്. അതിജീവനം പഠിച്ച മനുഷ്യന്റെ, എല്ലാത്തിനും ഒരു ബദൽ മാർഗം കാണുവാനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചു എന്നത് ആശ്വാസമാണ്. പക്ഷേ മറ്റു തൊഴിൽ മേഖലയിൽ ഓൺലൈൻ സാധ്യത നിലനിൽക്കുമ്പോൾ അതൊന്നും ഇല്ലാത്ത ലൈംഗിക തൊഴിയിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്. ലൈംഗികത ആസ്വദിക്കുന്നത് രണ്ടു വ്യക്തികൾ ഒന്നിച്ചു ചേർന്നിരുന്നുകൊണ്ടാണ്. അതിനായി രണ്ട് ഇടങ്ങളിൽ നിന്നുള്ള അപരിചിതരായ ആ രണ്ടു വ്യക്തികൾ ഒരുമിച്ചു വരേണ്ട സാഹചര്യം അവിടെയുണ്ട്. വ്യത്യസ്ത സ്ഥലങ്ങളും വ്യക്തികളും ഒന്നിച്ചു ചേരുന്നത് ഏറെ കോവിഡ് സാധ്യത നിലനിർത്തുന്ന ഒന്നാണ്.ഇക്കാരണങ്ങളാൽ പലരും ഇന്ന് ലൈംഗിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ സമീപിക്കാൻ ഭയപ്പെടുന്നു. അതുമാത്രമല്ല, യാത്ര ചെയ്യേണ്ട ആവശ്യകത ഈ മേഖലയ്ക്ക് ഉള്ളതിനാൽ വീണ്ടും പ്രതിസന്ധി കൂടുകയാണ്. ലോക്ക്ഡൗൺ മൂലം വാഹനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ക്്ളയൻസിനെ നേരിൽ കണ്ടെത്തുന്നതിനു ഒരുപാട് ബുദ്ധിമുട്ടുണ്ട്, അല്ല, കണ്ടെത്താനേ കഴിയുന്നില്ല എന്നു തന്നെ പറയണം.'- നളിനി ജമീല പറയുന്നു.

'ലൈംഗികതയെ തുറന്നുപറയാൻ പോലും ഇത്രയും ഉന്നതിയിൽ എത്തിയെന്നു വാദിക്കുന്ന നമ്മുടെ സമൂഹം എന്തുകൊണ്ടാണെന്ന് മടിക്കുന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുവെ ലൈംഗികതയെ മറ്റു തൊഴിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ മാറ്റിവെക്കേണ്ട ഒന്നായിട്ടാണല്ലോ നമ്മളിൽ പലരും കണക്കാക്കുന്നത്. ഇക്കാരണങ്ങൾ കൂട്ടി ചേർത്ത് വായിക്കുമ്പോൾ എല്ലാവർക്കും മനസിലാകുന്നപോലെ, ഒരു പരസ്യമായ സത്യം പോലെ, ലൈംഗിക തൊഴിലാളികൾ ഏറെ അവശനിലയിൽ തങ്ങളുടെ ജീവിതം ഈ മഹാമാരിയോടൊപ്പം തള്ളി നീക്കുകയാണ്. കോവിഡ് കാലഘട്ടത്തിൽ ലൈംഗിക തൊഴിലാളികൾക്ക് മറ്റൊരു തൊഴിൽ കിട്ടുമെന്ന പ്രതീക്ഷ പോലും പാടില്ല. സാധാരണ സാഹചര്യങ്ങളിൽ പോലും ലൈംഗിക തൊഴിലാളി ആണെന്നുള്ള ഒറ്റ കാരണം കൊണ്ട് തന്നെ വീട്ടുജോലിക്കോ ഹോം നേഴ്‌സിങ്ങിനോ അല്ലെങ്കിൽ മറ്റൊരു ജോലിക്കു പോലും ആരും അവരെ പരിഗണിക്കുന്നില്ല. നിലവിലെ സാഹചര്യങ്ങളിൽ, അവരെ കൂടുതൽ കോവിഡ് റിസ്‌ക് ഉള്ളവരായിട്ടാണ് കണക്കാക്കുന്നത്. അവർക്ക് ഒരുതരത്തിലും മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഏറെ ദുരിതങ്ങൾ അവർ ഇതുവരെ അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. പ്രതീക്ഷയില്ലാത്തതിനാൽ തന്നെ, മറ്റൊരു തൊഴിൽ തേടിയവരെയും എനിക്കു പരിചയവുമില്ല.

അതെ, പരസ്പര സഹായങ്ങൾ മാത്രമാണ് എവിടെയും ആശ്വാസമാകുന്നത്. പക്ഷേ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. സഹായങ്ങളായി ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച് റേഷനരിയും, അയൽപക്കങ്ങളിലുള്ളവർ കൊടുക്കുന്ന പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്. ('അവർ' എന്ന് പറയാൻ കാരണം ഞാൻ ഈ ഫീൽഡിൽ ഇപ്പോൾ ഇല്ലാത്തതുകൊണ്ടാണ്). പക്ഷേ വിതരണം ചെയ്യുമ്പോൾ അതുപോലും ലൈംഗിക തൊഴിലാളി താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്കിലും എത്തിച്ചു കൊടുക്കാൻ ആളുകൾക്ക് മടിയാണ്.'- നളിനി ജമീല ചൂണ്ടാക്കാട്ടി.

സാദാചാര സംരക്ഷകർ ഇപ്പോഴും പ്രശ്നമാവുന്നു

അടുത്ത കാലത്ത് എന്റെ രണ്ടു പെൺസുഹൃത്തുക്കൾക്ക് മരുന്നിന് ആവശ്യം വന്നപ്പോൾ ഞാൻ എന്റെ ഒരു ഉത്തമ പുരുഷസുഹൃത്തിനെ ബന്ധപ്പെടുകയും, അദ്ദേഹം വഴി മരുന്ന് അവരുടെ താമസസ്ഥലത്ത് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ പലരെയും പേടിച്ചിട്ടു എന്റെ സ്ത്രീ സുഹൃത്തുകൾ മറ്റൊരു സ്ഥലം പറയുകയും, ശേഷം ഇവർ അവിടെ എത്തിയാണ് മരുന്ന് വാങ്ങികൊണ്ടുപോയത്. അത് എന്നെ ഏറെ വേദനപ്പെടുത്തി.ഈ സന്നിഹിത ഘട്ടത്തിൽ പോലും ഇവരുടെ വീട്ടിലേക്ക് ഒരു പുരുഷൻ കടന്നുവന്നാൽ, സാദാചാര സംരക്ഷകർ വിചാരിക്കുന്നത്, ഈ സമയത്തുപോലും അവൻ എന്തിനു വേണ്ടി അവളെ തേടി എന്നാണ്. ഇത് ആക്രമണങ്ങളിലേക്ക് വരെ കൊണ്ടെത്തിക്കുമോ എന്ന് ഭയക്കുന്നു. കാരണം എത്തിയ വ്യക്തിക്ക് കോവിഡ് ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഇവരെ ആക്രമിച്ചു എന്നുവരെ ന്യായം പറയാം. ഇവർക്ക് കോവിഡ് ഒരു വടി പോലെയാണ്.

ഇത്രയും ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഞാൻ എന്റെ സാഹിത്യ ലോകത്തെ സുഹൃത്തുക്കളോട് സഹായം ചോദിക്കാറുണ്ട്. അവരിൽ പലരും ആവശ്യകരുടെ അക്കൗണ്ട് നമ്പർ ചോദിക്കുകയും, അതിലേക്ക് പണം അയക്കാം, നേരിൽ അവിടെ പോകുന്നതിൽ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട് എന്നാണ് മറുപടി പറയുന്നത്. പക്ഷെ പലർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അടുത്തുള്ളവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടാണ് സഹായം വാങ്ങുന്നത്.

കോവിഡിനുശേഷവും ഏറെ വെല്ലുവിളി നിലനിൽക്കുന്നുണ്ട്. ഈ മഹാമാരി വിട്ടുപോയ ശേഷം മറ്റൊരു ബോധവൽകരണത്തെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഈ പകർച്ചവ്യാധി വിട്ടുപോയെന്നും ലൈംഗിക തൊഴിലാളിയിൽ നിന്ന് ഇനി മറ്റാരിലേക്കും ഈ അസുഖം പകരില്ലയെന്നും എല്ലാവർക്കും തിരിച്ചറിവ് ഉണ്ടാകണം. ഒപ്പം ഇവർക്ക് കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് കൂടെ കൊണ്ടുനടക്കണമോ എന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം പ്രശ്‌നങ്ങൾ ഇതുകഴിഞ്ഞും ഇവർ നേരിടേണ്ടി വരും. വല്ലാത്തൊരു വിവേചനം തന്നെയാണ് നിലനിൽക്കുന്നത്. ഈ കാലയളവിൽ ഇന്ത്യക്കാർ സൗകര്യ പൂർവ്വം മറക്കുന്ന ഒരു ചരിത്രമുണ്ട്. ഞങ്ങൾ ഈ സമൂഹത്തിനുവേണ്ടി ചെയ്ത ഒരു വലിയ സേവനത്തിന്റെ ചരിത്രം.

എച്ച്ഐവി ബോധവത്ക്കരണംപോലെ കോവിഡിലും വേണം

1995-96 കാലഘട്ടത്തിലാണ് ലൈംഗിക തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആദ്യമായി ചർച്ച വരുന്നത്. എച്ചച്ച്ഐവി ന്ന അസുഖമായി ബന്ധപെട്ടാണത് തുടങ്ങുന്നത്. എന്നാൽ അത് ഒരിക്കലും ലൈംഗിക തൊഴിലാളികളുടെ ആരോഗ്യത്തിനു മുൻഗണന കൊടുക്കുന്നതല്ലായിരുന്നു. ബോധവൽക്കരണവും കോൺഡം വിതരണവും ഒന്നിച്ചുവന്നപ്പോൾ ആരോഗ്യ മേഖലയിലുള്ള പുരുഷന്മാരെല്ലാവരും പറഞ്ഞത്, ഇത് ലൈംഗിക അവയവവുമായി ബന്ധമുള്ളതിനാൽ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടെന്നാണ്. ശേഷം ഇത് സന്നദ്ധ സംഘടനകൾ എറ്റെടുത്തു.അവിടെയും സമാന പ്രശ്‌നം. പിന്നീട് ഇവർ ബോധവൽകരണം എന്ന ആശയത്തിൽ പുരുഷ്യനോട് പറഞ്ഞതെന്തന്നാൽ എച്ചഐവി നിനക്ക് ലൈംഗിക തൊഴിലാളിയിൽ നിന്ന് കിട്ടുമെന്നും അത് നീ ഭാര്യക്ക് കൊണ്ടുപോയി കൊടുക്കുമെന്നുമാണ്. പക്ഷെ ലൈംഗിക തൊഴിലാളികൾ ഒരു പരിധിക്കപ്പുറം യാത്ര ചെയ്യാത്തവരായതിനാൽ ഒകഢ ആദ്യം കിട്ടിയിട്ടുണ്ടാവുക പുരുഷ്യനിൽ നിന്നായിരിക്കുമെന്നാണ് എന്റെ നിഗമനം. ലൈംഗിക തൊഴിലാളി എന്ന സർട്ടിഫിക്കറ്റുമായി ഇന്ത്യക്കുവെളിയിൽ പോയിട്ടുള്ളത് ഞാൻ ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്.

പുരുഷൻ എച്ച്ഐവി കൊണ്ടുവന്ന് ലൈംഗിക തൊഴിലാളിക്ക് കൊടുത്തുവെന്നും അതുവഴി മറ്റു പുരുഷന്മാർ അവരുടെ ഭാര്യമാർക്ക് കൊടുത്തു എന്നൊന്നും ആരും ചിന്തിക്കുകയോ പറയുകയോ ചെയ്തില്ല. മറിച്ച്, ഞങ്ങൾ വഴി ഇതു പടരാൻ സാധ്യയുള്ളതുകൊണ്ട് ഞങ്ങൾ പുരുഷന്മാർക്ക് ബോധവൽക്കരണം നടത്തണം എന്നു ഒരു ഉത്തരവാദിത്തം പോലെയാണ് ഈ പ്രൊജക്റ്റ് ഞങ്ങൾക്ക് കിട്ടുന്നത്. ഇതിലെ പ്രശ്‌നം എന്താന്നെന്നാൽ ഞങ്ങൾ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുകയും ആയതുകൊണ്ട് ഇത് ഏറ്റുറ്റെടുക്കാൻ ബാധ്യസ്ഥരാണെന്നു വരുത്തിതീർക്കുകയും ചെയ്തു.പക്ഷെ ഞങ്ങൾ ചിന്തിച്ചത് മറിച്ചാണ്. ഞങ്ങളുടെ ഇടപാടുകാരൻ ആരോഗ്യവാനായിരിക്കുക എന്നത് ഞങ്ങൾക്കും ഞങ്ങളുടെ തൊഴിലിനും ഒരേപോലെ ആവശ്യമയതുകൊണ്ട് ഞങ്ങൾ എച്ച്ഐവി ബോധവൽക്കരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ലൈംഗികത സംസാരിക്കാൻ തക്ക തരത്തിൽ തങ്ങളുടെ നാവ് വളർന്നിട്ടില്ല എന്ന മട്ടിലാണ് ഞങ്ങളെ പോലെ തന്നെ സംസാരശേഷിയുള്ള ബാക്കി മനുഷ്യരുടെ ചിന്ത.

അതെന്തുമായികൊള്ളട്ടെ, ചരിത്രം പരിശോധിച്ചാൽ മനസിലാകും, ഞങ്ങൾ ബോധവൽകരണം നടത്തിയ മേഖലകളിൽ എല്ലാം എച്ച്ഐവി കുറഞ്ഞുവെന്നു. അതുപോലെ തന്നെ ഞങ്ങൾ ലൈംഗിക തൊഴിലാളികളുടെ ഇടയിലാണ് ഇത് ഏറ്റവും കുറവും. ഇത് മനസ്സിലാക്കി കോവിഡ് ബോധവൽക്കരണത്തിനും ഞങ്ങളെയും ഉപയോഗിക്കാവുന്നതിന്റെ സാധ്യത എന്തുകൊണ്ട് ഈ ഗവണ്മെന്റ് ചിന്തിക്കുന്നില്ല. ഞങ്ങൾ കോവിഡ് ബോധവൽക്കരണ രംഗത്തേക്ക് വരുന്നത് വഴി ഞങ്ങളുടെ ദാരിദ്ര്യവും മാറിക്കിട്ടും, ഒപ്പം താനൊരു ലൈഗിക തൊഴിലാളിയാണെന്ന് പുറത്തുപറയാൻ മടിക്കുന്നവരും അഭിമാനത്തോടെ തുറന്നു പറയുന്ന നിലയിലേക്ക് എത്തുകയും ചെയ്യും.- നളിനി ജമീല ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP