Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് കെണിയാകുമെന്ന് കരുതിയില്ല; നെഞ്ചിടിപ്പു കൂടുക ആർക്കാണെന്ന് നോക്കാം എന്നു പറഞ്ഞ് വെല്ലുവിളിയും; ഒടുവിൽ ശിവശങ്കരന്റെ അറസ്‌റ്റോടെ സ്വന്തം നെഞ്ചിടിപ്പു കൂടി ഹൃദയാഘാതം വന്ന അവസ്ഥയിൽ; മയക്കുമരുന്നു കേസിൽ ബിനീഷും കുടുങ്ങിയത് ഇരട്ടപ്രഹരമായി; മുഖ്യമന്ത്രി പിണറായി ചെയ്യുന്നതെല്ലാം ബൂമറാങ് ആകുന്ന വിധം!

കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് കെണിയാകുമെന്ന് കരുതിയില്ല; നെഞ്ചിടിപ്പു കൂടുക ആർക്കാണെന്ന് നോക്കാം എന്നു പറഞ്ഞ് വെല്ലുവിളിയും; ഒടുവിൽ ശിവശങ്കരന്റെ അറസ്‌റ്റോടെ സ്വന്തം നെഞ്ചിടിപ്പു കൂടി ഹൃദയാഘാതം വന്ന അവസ്ഥയിൽ; മയക്കുമരുന്നു കേസിൽ ബിനീഷും കുടുങ്ങിയത് ഇരട്ടപ്രഹരമായി; മുഖ്യമന്ത്രി പിണറായി ചെയ്യുന്നതെല്ലാം ബൂമറാങ് ആകുന്ന വിധം!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കണിയാനെ കണ്ട് സ്വന്തം ജാതകം നോക്കേണ്ട സമയമാണോ? ജൂലൈ മാസത്തിൽ രാജയോഗം ആവർത്തിക്കുമെന്നാണ് സർവേകൾ പ്രവചിച്ചത് എങ്കിൽ ഇപ്പോൾ തൊട്ടതെല്ലാം പൊള്ളുന്ന അവസ്ഥിലാണ് മുഖ്യമന്ത്രിക്ക്. എന്തൊക്കെ കാര്യങ്ങൾ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ചെയ്യുന്നോ അതെല്ലാം തിരിച്ചടിക്കുന്ന വിചിത്രമായ അവസ്ഥ. ഈഴവ വോട്ടുകൾ ലക്ഷ്യമിട്ടു ശ്രീനാരായണ സർവ്വകലാശാല സ്ഥാപിച്ചപ്പോൾ കിട്ടിയ കയ്യടി വിസിയെ നിയമിച്ചതോടെ തീർന്നു. പിന്നാലെ മുന്നോക്ക സംവരണം ഏർപ്പെടുത്തിയതോടെ എല്ലാ സമുദായവും പിണങ്ങിയ അവസ്ഥ. ഇക്കാലമത്രയും ഒപ്പം നിന്ന എ പി വിഭാഗം മുസ്ലിംങ്ങളും എസ്എൻഡിപിയും എതിരായി. സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ എൻഎസ്എസ് ആകട്ടെ അതു പോരെന്ന് പറഞ്ഞു രംഗത്തെത്തിയ അവസ്ഥയും.

എല്ലാം കൂടി കഷ്ടകാലം തലയിൽ കയറി നിൽക്കുമ്പോഴാണ് അടുത്ത ഇടിവെട്ട് പണി കൂടി മുഖ്യമന്ത്രിക്ക് കിട്ടിയത്. സ്വർണ്ണക്കടത്തു കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടി എം ശിവശങ്കരനെ അറസ്റ്റു ചെയ്തതാണ് മുഖ്യമന്ത്രിക്ക് വിനയായത്. അതുവരെ ശിവശങ്കരനെ തള്ളിപ്പറയാത്ത പിണറായിക്ക് ഇന്നലെ പൂർണമായും അദ്ദേഹത്തെ കൈവിടേണ്ടി വന്നു. അറസ്റ്റിന്റെ ആഘാതം കഴിയും മുമ്പാണ് ഇന്നലെ മറ്റൊരു പണി കൂടി സിപിഎമ്മിനും സർക്കാറിനും കിട്ടിയത്. അതായിരുന്നു പാർട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ്.

പാർട്ടിയുടെ രണ്ട് ഉന്നത നേതാക്കളാണ് അറസ്റ്റിനെത്തുടർന്ന് ആരോപണം നേരിടുന്നത്. ശിവശങ്കർ കേസിൽ മുഖ്യമന്ത്രിയും മകന്റെ അറസ്റ്റിന്റെ പേരിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അന്വേഷണം പൂർത്തിയാകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് ഉയരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരിഞ്ഞു കൊത്തുകയാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു. കേന്ദ്ര ഏജൻസികളെ അന്വേഷണത്തിന് ക്ഷണിച്ചു വരുത്തിയ മുഖ്യമന്ത്രിക്ക് ഇപ്പോൾ ആ തീരുമാനം തന്നെ ബൂമറാങ്ങായി മാറി.

വിവാദങ്ങൾക്ക് സർക്കാരുമായും പാർട്ടിയുമായും ബന്ധമില്ലെന്നു പറയുമ്പോഴും ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടേയും കേസുകൾ തിരഞ്ഞെടുപ്പിൽ വിശദീകരിക്കേണ്ട ബാധ്യത പാർട്ടിയിലേക്കെത്തുകയാണ്. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി അടുത്ത അവസ്ഥയിൽ. സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവാദങ്ങളിൽ മുങ്ങിയ അവസ്ഥ. പാർട്ടിക്കാര്യങ്ങൾ ജനത്തോട്ടു നേരിട്ടു വിശദീകരിക്കേണ്ട കീഴ്ഘടകങ്ങളിൽ പുതിയ വിവാദങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. സർക്കാരിന്റെയും നേതാക്കളുടേയും ജാഗ്രതക്കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അവർ പറയുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളിലെ ശരിതെറ്റുകൾ ജനത്തെ ബോധ്യപ്പെടുത്താൻ പ്രയാസമാണെന്നും കീഴ്ഘടകങ്ങൾക്ക് അഭിപ്രായമുണ്ട്. പൂർണമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും മക്കൾ വിഷയത്തിൽ കോടിയേരിക്കു തെറ്റുപറ്റിയതായി പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നു. ബിനീഷിന്റെയും ബിനോയിയുടേയും പേരിലുയർന്ന നിരവധി വിവാദങ്ങൾ ജനത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. മക്കൾ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾക്കു പാർട്ടി സഹായം ലഭിക്കുന്നുവെന്ന പ്രതീതിയുണ്ടായെന്നും അതിനെ തടയാൻ കോടിയേരി പരാജയപ്പെട്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ബിനീഷിന്റെ അറസ്റ്റ് പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. അറസ്റ്റിനെത്തുടർന്ന് പരിഹാസശരങ്ങളുമായി എത്തിയ പ്രതിപക്ഷം, പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാക്കിയ സെക്രട്ടറിയാണ് കോടിയേരിയെന്ന വിമർശനവും ഉന്നയിച്ചു. വിവാദങ്ങളിൽ വലിയ പ്രതിഷേധ സമരങ്ങൾക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മറുവശത്ത്, വിവാദങ്ങൾ സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും എല്ലാം രാഷ്ട്രീയ വിവാദങ്ങളാണെന്നും ചൂണ്ടിക്കാട്ടി പ്രതിരോധത്തിനൊരുങ്ങാനാണ് സിപിഎം ശ്രമം.

ശിവശങ്കർ വിഷയത്തിൽ പാർട്ടിക്കു പ്രതിസന്ധിയില്ലെന്ന സീതാറാം യച്ചൂരിയുടെ വാക്കുകൾ നേതൃത്വത്തിനു ആശ്വാസമാണ്. വിവാദങ്ങളിൽ പാർട്ടിക്ക് ഉത്തരവാദമില്ലെന്നു എൽഡിഎഫ് കൺവീനർ വിജയരാഘവനും വ്യക്തമാക്കി. ബിനീഷ് സിപിഎം നേതാവല്ലെന്നും മകന്റെ തെറ്റ് അച്ഛനിൽ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം നിലപാടെടുത്തു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും തെറ്റുചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്നുമുള്ള കോടിയേരിയുടെ മുൻ നിലപാടും നേതാക്കൾ ഉദ്ധരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP