Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്‌നയ്ക്ക് സന്തോഷ് ഈപ്പൻ വാങ്ങി കൊടുത്ത ഐഫോണിലെ ഒന്ന് കിട്ടിയത് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്; വടക്കാഞ്ചേരിയിലെ വിദേശ ഫണ്ടിന്റെ വിഹിതം സെക്രട്ടറിയേറ്റിൽ എത്തിയതിന് തെളിവ് കണ്ടെത്തിയത് ഇഡിയുടെ ചോദ്യം ചെയ്യൽ; ഐ ഫോൺ വാങ്ങിയതും അഴിമതി; ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയായേക്കും; എല്ലാം ബോധിപ്പിക്കാൻ കേന്ദ്ര ഏജൻസി; സെക്രട്ടറിയേറ്റിൽ സിബിഐ എത്താൻ സാധ്യത കൂടി

സ്വപ്‌നയ്ക്ക് സന്തോഷ് ഈപ്പൻ വാങ്ങി കൊടുത്ത ഐഫോണിലെ ഒന്ന് കിട്ടിയത് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്; വടക്കാഞ്ചേരിയിലെ വിദേശ ഫണ്ടിന്റെ വിഹിതം സെക്രട്ടറിയേറ്റിൽ എത്തിയതിന് തെളിവ് കണ്ടെത്തിയത് ഇഡിയുടെ ചോദ്യം ചെയ്യൽ; ഐ ഫോൺ വാങ്ങിയതും അഴിമതി; ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയായേക്കും; എല്ലാം ബോധിപ്പിക്കാൻ കേന്ദ്ര ഏജൻസി; സെക്രട്ടറിയേറ്റിൽ സിബിഐ എത്താൻ സാധ്യത കൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് മിഷൻ ഇടപാടിലും എം ശിവശങ്കർ കുടുങ്ങി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോഴ കിട്ടിയെന്നതിന് തെളിവ് കേന്ദ്ര ഏജൻസി കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ ഇനി കേസിൽ നിർണ്ണായകമാകും. ലൈഫ് മിഷൻ പദ്ധതിക്ക് കമ്മീഷൻ നൽകുന്നതിനായി കരാറുകാരൻ യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങിയ ആറ് ഐ ഫോണുകളിൽ ഒന്ന് ശിശവങ്കറിന് നൽകിയിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

സന്തോഷ് ഈപ്പൻ ഐ ഫോൺ വാങ്ങിയത് അഴിമതിയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ലൈഫ് മിഷൻ ഇടപാടിലെ വിദേശ സഹായത്തിന്റെ പങ്കിൽ ഒരു ഭാഗം ശിവശങ്കറിന് കിട്ടിയെന്ന് വ്യക്തി. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ നിർദ്ദേശപ്രകാരമാണ് സന്തോഷ് ഈപ്പൻ ഫോൺ വാങ്ങി നൽകിയത്. ഇത് ശരിവയ്ക്കുന്ന തരത്തിൽ ഇഡിക്ക് ശിവശങ്കർ മൊഴിയും നൽകി. സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഇൻവോയിസും ഇതിന് തെളിവാണ്. ഇതുപ്രകാരം ആറ് ഫോണുകൾ വാങ്ങിയെന്നും അഞ്ചെണ്ണം സ്വപ്നയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്.

ഈ ഫോണുകളുടെ കോഡ് നമ്പർ പരിശോധിച്ചാൽ ഫോൺ ഇപ്പോൾ ഉപയോഗിക്കുന്നത് ആരെന്ന് മനസ്സിലാക്കാനാകും. നേരത്തെ ഈ ഫോണുകളിൽ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്ന വാദം ചർച്ചയായിരുന്നു. ഇതോടെ മൊബൈൽ ആരുടെ കൈയിലാണെന്ന് ശാസ്ത്രീയമായി കണ്ടെത്തണമെന്ന് ചെന്നിത്തല ഡിജിപിയോട് അവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അന്വേഷണം ഒന്നും നടന്നില്ല. ഇതിനിടെയാണ് ഈ ഫോണിൽ ഒന്ന് ശിവശങ്കറിന് കിട്ടിയെന്ന നിർണ്ണായക വിവരം പുറത്തു വരുന്നത്.

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ ഭാഗിക വിലക്ക് നീങ്ങിയാൽ സിബിഐയുടെ അന്വേഷണം ശിവശങ്കറിലേക്കും എത്തും. ഇക്കാര്യം ഹൈക്കോടതിയെ സിബിഐ അറിയിക്കാനും സാധ്യതയുണ്ട്. സന്തോഷ് ഈപ്പനെതിരായ അന്വേഷണം സിബിഐ തുടരുകയാണ്. എന്നാൽ ലൈഫ് മിഷൻ സിഇഒ യു.വി ജോസ് നൽകിയ ഹർജിയിൽ സർക്കാരിനെതിരായ അന്വേഷണം ഹൈക്കോടതി താത്ക്കാലികമായി വിലക്കിയിരുന്നു. ഇത് നീക്കാൻ സിബിഐയുടെ ഭാഗത്തുനിന്ന് നീക്കം തുടരുകയാണ്.

ഇ.ഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. കോടതി നിർദ്ദേശം പാലിച്ച് രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ. കോടതി ഏഴ് ദിവസത്തേക്ക് ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ലൈഫ് മിഷനിൽ സിബിഐയ്ക്ക് വേണ്ടിയും ഇഡിയുടെ ചോദ്യങ്ങൾ ശിവശങ്കറിന് മറുപടി പറയാനായെത്തും. ഇതിലെ മൊഴികളും ലൈഫ് മിഷൻ കേസിൽ നിർണ്ണായകമാകും.

സ്വപ്ന സുരേഷ് നടത്തിയ കുറ്റകൃത്യങ്ങൾ ശിവശങ്കറിന്റെ അറിവോടെയെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കറിനു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്ന് ഇ.ഡി. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവശങ്കറിനെ ഏഴുദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ സംബന്ധിച്ച ചോദ്യംചെയ്യലിൽ ശിവശങ്കർ ഒഴിഞ്ഞുമാറിയെന്നും സഹകരിച്ചില്ലെന്നും ഇ.ഡി. കോടതിയിൽ ബോധിപ്പിച്ചു. അനധികൃതപണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്വപ്നയെ ശിവശങ്കർ സഹായിച്ചതിനു തെളിവുണ്ട്. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങൾ ശിവശങ്കറുടെ അറിവോടെയാണെന്ന് ഇതിൽനിന്നു വ്യക്തം.

സ്വപ്ന നേടിയ കള്ളപ്പണത്തിൽ ശിവശങ്കറിനു പ്രത്യേകതാത്പര്യമുണ്ടായിരുന്നെന്നും തെളിവുകൾ വ്യക്തമാക്കുന്നു. സ്വപ്നയെ സഹായിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞതും തെളിവാണ്. കുറ്റകൃത്യത്തിൽനിന്നു നേടിയ പണം ശിവശങ്കറിന്റേതാവാനും സാധ്യതയുണ്ട്. സ്വർണമൊളിപ്പിച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസുമായി ബന്ധപ്പെട്ടെന്നു ശിവശങ്കർ സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കറിനെ ഇന്നലെ രാവിലെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. ആവശ്യപ്പെട്ടതെങ്കിലും ഏഴുദിവസമേ അനുവദിച്ചുള്ളൂ.

പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർക്കു പിന്നാലെ, കേസിലെ അഞ്ചാംപ്രതിയാണു ശിവശങ്കർ. രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെയേ ചോദ്യംചെയ്യാവൂ, ആയുർവേദചികിത്സ നൽകണം, തുടർച്ചയായി മൂന്നുമണിക്കൂർ ചോദ്യംചെയ്താൽ ഒരുമണിക്കൂർ വിശ്രമം അനുവദിക്കണം, ബന്ധുക്കളെയും അഭിഭാഷകനെയും കാണാൻ അനുവദിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു കസ്റ്റഡി അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP