Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന്റെ സ്വപ്നം സ്മാര്‍ട്ടാകാന്‍ ഇനി അഞ്ചര വര്‍ഷം; സ്മാര്‍ട് സിറ്റി നിര്‍മാണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടയില്‍ എംഡി ബാജു ജോര്‍ജ് മറുനാടന്‍ മലയാളിയോട്

കേരളത്തിന്റെ സ്വപ്നം സ്മാര്‍ട്ടാകാന്‍ ഇനി അഞ്ചര വര്‍ഷം; സ്മാര്‍ട് സിറ്റി നിര്‍മാണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടയില്‍ എംഡി ബാജു ജോര്‍ജ് മറുനാടന്‍ മലയാളിയോട്

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു പുതിയ വാതായനങ്ങള്‍ തുറന്നാണു സ്മാര്‍ട്‌സിറ്റി പദ്ധതി അവതരിച്ചത്. പതിവുപോലെ കേരളത്തിന്റെ കൂടപ്പിറപ്പായ വിവാദങ്ങളും. കടമ്പകള്‍ ചാടിക്കടന്ന് കൊച്ചിയിലെ എടച്ചിറ ഇതാ സ്വപ്നത്തിന്റെ പടിവാതില്‍ കടന്നുകയറി. ഓരോ അനിശ്ചിതത്വങ്ങളിലും ഒന്നും പ്രവചിക്കാനാവാതെ സ്മാര്‍ട്‌സിറ്റി ആടിക്കളിക്കുകയായിരുന്നു. ഇനി അഞ്ചര വര്‍ഷം, ഞാന്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യമാകാന്‍ അത്രമാത്രം... പറയുന്നത് സ്മാര്‍ട് സിറ്റി കൊച്ചിയുടെ മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ്. ദുബായ് ടീകോം കമ്പനിയുടെ പ്രതിനിധിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയ ബാജു ജോര്‍ജ് സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ പുരോഗമനത്തെക്കുറിച്ചു സംസാരിക്കുന്നു.

  • ആശങ്കകളുടെ പാലം കടന്ന് കൊച്ചി സ്മാര്‍ട്ടാകും


സ്മാര്‍ട്‌സിറ്റി ഒരു സ്വപ്നമാണ്. അതിലേറെ ഒരു വെല്ലുവിളി. ഏറെക്കാലമായി കേരളത്തിന്റെ സ്വപ്നത്താളുകളില്‍ മാത്രം ഉണ്ടായിരുന്ന പദ്ധതിക്ക് ഇപ്പോള്‍ ജീവന്‍ വച്ചിരിക്കുകയാണ്. പാരിസ്ഥിതികാനുമതി കിട്ടിയതോടെ ഓഗസ്റ്റ് ആദ്യവാരത്തില്‍ നിര്‍മാണം ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ കെട്ടിടത്തിന്റെ നിര്‍മാണമാണ് ഓഗസ്റ്റില്‍ ആരംഭിക്കുന്നത്. ഓരോ നിലയും ഒരു ലക്ഷം ചതുരശ്ര അടി വരും. ഇത് പൂര്‍ണമായും ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കു മാത്രമായി നല്‍കുന്നതായിരിക്കും. ഓഗസ്റ്റില്‍ ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞാല്‍ ആറു മാസത്തിനുള്ളില്‍ രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണവും ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റില്‍ നിര്‍മാണം തുടങ്ങുന്ന ആദ്യത്തെ കെട്ടിടം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതേ സമയത്തുതന്നെ സ്മാര്‍ട്‌സിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണു കരുതുന്നത്.


കെട്ടിടം പൂര്‍ത്തിയാകും മുമ്പേ കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കും. അതുകൊണ്ടു കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു പ്രവര്‍ത്തനം ആരംഭിക്കാന്‍ കാത്തിരിക്കേണ്ടിവരില്ല. അതാണ് എന്റെ മനസിലുള്ളത്. നിര്‍മാണം ഒരു ഘട്ടം കഴിയുമ്പോഴേ കമ്പനികള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് ഇന്റീരിയര്‍ ജോലികളും മറ്റ് ഒരുക്കങ്ങളും നടത്താനാകും. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കുതന്നെ കമ്പനികള്‍ക്ക് എല്ലാം അവരുടെ സ്ഥലം പൂര്‍ണ സജ്ജമാക്കാന്‍ കഴിയണമെന്നാണു മനസിലുള്ള സ്വപ്നം. അതു പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കാനേ ഉതകൂ. മാത്രമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം പദ്ധതി ആരംഭിക്കാന്‍ കഴിയുക എന്നതാണു പ്രധാനം. അതിനായുള്ള കര്‍മപദ്ധതിയാണ് ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി കമ്പനികള്‍ കേരളത്തിലെ സ്മാര്‍ട് വികസനത്തിന്റെ പങ്കാളിയാകാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തയാറാണ്. അതുകൊണ്ടുതന്നെ കെട്ടിടം കെട്ടിയിട്ടു കമ്പനികളെ കാത്തിരിക്കേണ്ട ആവശ്യം ഒരിക്കലും സ്മാര്‍ട്‌സിറ്റിക്കുണ്ടാകില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുബായ് ടീകോം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ഈ മാതൃകയിലാണു നടപ്പാക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്ന കൂടെത്തന്നെ ഓരോ കമ്പനിക്കും അവരുടെ സങ്കല്‍പത്തിന് അനുയോജ്യമായി അവരുടെ സ്ഥാപനങ്ങള്‍ ഒരുക്കാനാവുക എന്ന പ്രധാനപ്പെട്ട കാര്യത്തിനാണ് ഇതു വഴിയൊരുക്കുന്നത്. ഇതു കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാത്രമല്ല, അവരവര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാവുക എന്നതിനാല്‍ കമ്പനികള്‍ നേരത്തേ തന്നെ അവസരം നല്‍കിയാല്‍ അത് ഉപയോഗപ്പെടുത്തും. ഈ പദ്ധതി കമ്പനികളെയും അറിയിച്ചിട്ടുണ്ട്. അവരെല്ലാം അതിനോടു പൂര്‍ണമനസോടെയാണു പ്രതികരിച്ചത്.

  • മാറിയ സാഹചര്യം


കേരളത്തിലെ ഐടി മേഖലയില്‍ സാഹചര്യം മാറിയിട്ടുണ്ട്. പക്ഷേ, അതു ഭയാശങ്കകള്‍ നിറയ്ക്കുന്ന മാറ്റമാണെന്നു പറയുന്നതു വെറുതേയാണ്. കേരളം ഐടി മേഖലയില്‍ വികസിക്കാന്‍ തുടങ്ങിയിട്ടില്ലെന്നതാണു സത്യം. ഇവിടെ മറ്റൊരു കാര്യം കേട്ടാല്‍ നമ്മള്‍ ഇന്ത്യയില്‍ എത്ര പിന്നിലാണെന്നു നിസംശയം മനസിലാക്കാം. ഇന്ത്യയില്‍ ഐടി വികസനത്തിനു നാന്ദി കുറിച്ച കേരളം പിന്നീട് പിന്നില്‍ പോവുകയാണുണ്ടായത്. ഐടിയില്‍ കേരളത്തിന്റെ സാധ്യതകള്‍ വര്‍ശങ്ങള്‍ക്കു മുമ്പേ മനസിലായതാണ്. അതുകൊണ്ടാണു തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്ക് വന്നത്. ഇന്നും പലര്‍ക്കുമറിയില്ല ഇന്ത്യയിലെ പൂര്‍ണ സജ്ജമായ ആദ്യത്തെ ഐടി പാര്‍ക്ക് കേരളത്തിലെ ടെക്‌നോപാര്‍ക്കായിരുന്നുവെന്ന്. ബംഗളുരുവും ഹൈദരാബാദും പുനെയും ഗുഡ്ഗാവും പിന്നീട് ഐടി പാതയിലെത്തിയ നഗരങ്ങളാണ്. കേരളത്തിനു തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കു മാത്രമായി വര്‍ഷങ്ങള്‍ പിന്നിടേണ്ടിവന്നപ്പോള്‍ ഇപ്പോള്‍ പറഞ്ഞ മറ്റുനഗരങ്ങളൊക്കെ കേരളത്തെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ചു. ഇന്ത്യയിലെ ഐടി രംഗത്തെക്കുറിച്ചു ചിന്തിക്കുന്ന സാധാരണക്കാരന്റെ മനസില്‍ ഇപ്പോഴും ബംഗളുരുവിനും ഹൈദരാബാദിനും ഗുഡ്ഗാവിനുമൊക്കെയാണു പ്രാധാന്യം. എന്തിനു തമിഴ്‌നാട്ടിലെ ഐടി മേഖലയില്‍ പോലും വലിയ കുതിപ്പാണുണ്ടായത്. കേരളത്തിന് ഇന്നും പറയാന്‍ ഒരു ടെക്‌നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കും മാത്രം.

ഈ സാഹചര്യത്തില്‍ ബംഗളുരുവിനെയും പുനെയെയും ഗുഡ്ഗാവിനെയും മത്സരിച്ചു സ്മാര്‍ട്സിറ്റിക്കു മുന്നേറാനാവുമോ എന്നു സംശയിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ല. ഇനിയാണ് ഐടിയില്‍ സ്വപ്നതുല്യമായ വികസനം വരാന്‍ പോകുന്നത്. നാസ്‌കോമിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഐടി, ഐടിഇസ് വ്യവസായം രണ്ടായിത്തി ഇരുപത്, അതായത് ഏഴുവര്‍ഷം കഴിയുമ്പോള്‍ മൂന്നൂറു ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെയാകുമെന്നാണു പറയപ്പെടുന്നത്. ഇപ്പോള്‍ കേരളത്തിലെ ഐടി ബിസിനസ് വെറും നൂറു കോടിയുടേതാണ്. നാസ്‌കോം മുന്നൂറു കോടിയെന്നു പറയുമ്പോള്‍തന്നെ മറ്റു വിദഗ്ധര്‍ പറയുന്നത് 225 ബില്ല്യണ്‍ ഡോളറിന്റെ വികസന മേഖലയായി കേരളത്തിന്റെ ഐടി മേഖല മാറുമെന്നാണ്. ഇതും കുറഞ്ഞ ഒരു പ്രതീക്ഷയല്ല. ഏഴു കൊല്ലം കൊണ്ടാണ് ഇത്തരമൊരു കുതിപ്പുണ്ടാകുമെന്നു പ്രവചിക്കപ്പെടുന്നത്. അതു തന്നെ വലിയ കാര്യമാണ്.

ഇനിയാണു ഐടി രംഗത്തു കേരളത്തിന് ഏറ്റവും പ്രതീക്ഷാ ജനകമായ കാലം. രാജ്യത്ത് ഇപ്പോഴുള്ള ഐ ടി പശ്ചാത്തല സൗകര്യങ്ങള്‍ കൊണ്ട് ഒരിക്കലും 300 കോടിയുടെ ബിസിനസിലേക്ക് ഏഴു കൊല്ലം കൊണ്ടു വളരാനാകില്ല. ബംഗളുരുവിലെയും പുനെയിലെയും ഹൈദരാബാദിലെയും ഗുഡ്ഗാവിലെയും ഇപ്പോഴുള്ള സൗകര്യങ്ങളുടെ ഇരട്ടി ഒരുക്കിയാലേ ആ ലക്ഷ്യത്തിലേക്ക് എത്താനാകൂ. അതു കൊണ്ടുതന്നെ സ്മാര്‍ട്‌സിറ്റിയുടെ വിജയത്തെക്കുറിച്ചു യാതൊരു സംശയവും വേണ്ട. അഞ്ചര വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് സിറ്റി പൂര്‍ണ സജ്ജമായി വരുമ്പോഴേക്ക് ഇന്ത്യയിലെ ഐടി രംഗത്തെ മഹാനഗരമായി കൊച്ചി വളര്‍ന്നിരിക്കും. ഇക്കാലത്തിനുള്ളില്‍ കേരളത്തില്‍ സ്മാര്‍ട് സിറ്റിക്കു സമാനമായ വേറെയും പാര്‍ക്കുകളും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

  • ഇനിയുള്ള പദ്ധതി


രണ്ടര വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ കെട്ടിടം പൂര്‍ത്തിയാകും. ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ തുടങ്ങിക്കിട്ടുക എന്ന കടമ്പ കടക്കും. ആറുമാസത്തിനുള്ളില്‍ രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കണം. ഇപ്പോള്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ മാത്രമാണ് പാരിസ്ഥിതികാനുമതി കിട്ടിയിരിക്കുന്നത്. രണ്ടാമത്തെ കെട്ടിടം നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പു മുഴുവന്‍ പദ്ധതി പ്രദേശത്തെയും മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ രണ്ടാമത്തെ കെട്ടിടം നിര്‍മിക്കാനുള്ള പാരിസ്ഥിതികാനുമതി ലഭിക്കൂ. ആദ്യത്തെ കെട്ടിടത്തിന്റൈ പണി തുടങ്ങിയാലുടന്‍ പൂര്‍ണമായ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു പാരിസ്ഥിതികാനുമതി ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും.

പദ്ധതി പ്രദേശത്തിന്റെ 35 ശതമാനം സ്ഥലത്തു മാത്രമാണു കെട്ടിടം പണിയുന്നത്. കുറേ ചതുപ്പു പ്രദേശങ്ങളും നീര്‍ത്തടങ്ങളുമുണ്ട്. ഇത് അതേപടി സംരക്ഷിക്കും. ചതുപ്പു നികത്താന്‍ അനുമതി തേടും എന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ക്കു തീരെ അടിസ്ഥാനമില്ല. അതൊക്കെ പദ്ധതിക്കെതിരായവര്‍ ഒരു സമയത്തു പറഞ്ഞു പ്രചരിപ്പിച്ചതാണ്. പരിസ്ഥിതി സൗഹാര്‍ദപരമായിട്ടായിരിക്കും എല്ലാ പ്രവൃത്തികളും നടത്തുക. ടീകോമിന്റെ എല്ലാ പദ്ധതികളിലും പിന്തുടരുന്ന രീതിയതാണ്. ഇപ്പോള്‍ കെട്ടിടനിര്‍മാണം നടക്കാനിരിക്കുന്ന പ്രദേശത്തുണ്ടായിരുന്ന ഒരു മരം പോലും മുറിച്ചു കളയുന്നില്ല. എല്ലാം പറിച്ചു മാറ്റി വയ്ക്കുക മാത്രമാണു ചെയ്യുന്നത്. വ്യവസായം മാത്രം പോരാ പരിസ്ഥിതിയും വേണമെന്നതാണു സ്മാര്‍ട് സിറ്റി നിര്‍മാണത്തിലെടുക്കുന്ന നിലപാട്. മരങ്ങള്‍ പറിച്ചുനടുന്നതിനെ പലരും എതിര്‍ത്തിരുന്നു. എങ്കിലും റിസ്‌ക് എടുത്ത് ഒരു മരം പോലും നശിച്ചുപോകാത്ത രീതിയില്‍ അതീവ ശ്രദ്ധയോടെയാണ് ഇതു ചെയ്യുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികളായിരിക്കും സ്മാര്‍ട് സിറ്റിയിലുണ്ടാവുകയെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
(തുടരും)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP